ന്യൂയോര്‍ക്ക്: കാലാവസ്ഥാമാറ്റത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ ആഗോളതലത്തില്‍ 2030-ഓടെ വായുമലിനീകരണം കൊണ്ട് മരിക്കുന്നവരുടെ എണ്ണം 60,000 ആകുമെന്ന് പഠനം. വായു അനിയന്ത്രിതമായി ചൂടുപിടിച്ച് അന്തരീക്ഷത്തിലെ രാസപദാര്‍ഥങ്ങളുമായി ചേര്‍ന്നുണ്ടാകുന്ന പ്രതിപ്രവര്‍ത്തനമായിരിക്കും മരണസംഖ്യ വര്‍ധിക്കാനിടയാക്കുക.

യു.എസിലെ നോര്‍ത്ത് കരോലൈന യൂണിവേഴ്‌സിറ്റി ഗവേഷകരുടേതാണ് മുന്നറിയിപ്പ്. വായുമലിനീകരണം ഇന്നത്തെരീതിയില്‍ തുടര്‍ന്നാല്‍ 2100 ആകുമ്പോഴക്കും മരണസംഖ്യ 2,60,000 ആയി ഉയരുമെന്നും പഠനം പറയുന്നു.

വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലായിരിക്കും വായുമലിനീകരണംകൊണ്ടുള്ള മരണം കൂടുതലുണ്ടാകുക. കാറ്റിലൂടെയെത്തുന്ന പൊടിയും സൂക്ഷ്മകണികകളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന അസോസിയേറ്റ് പ്രൊഫസര്‍ ജാസണ്‍ വെസ്റ്റ് പറഞ്ഞു. നേച്ചര്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനവും അനുബന്ധ വായുമലിനീകരണവുംകാരണം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ലോകം നേരിടാന്‍ പോകുന്നതെന്നും വെസ്റ്റ് പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും അകാലമരണങ്ങളും വിലയിരുത്തിയായിരുന്നു പഠനം. കാലാവസ്ഥാ വ്യതിയാനം കുടിവെള്ളത്തെയും ഭക്ഷണത്തെയും പ്രതികൂലമായി ബാധിക്കും. പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചേക്കാം.