രുനൂറു രാജ്യങ്ങളില്‍നിന്നുള്ള ഇരുപത്തയ്യായിരം പ്രതിനിധികള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിങ്ങനെ നൂറ്റി ഇരുപതോളം രാജ്യങ്ങളിലെ തലവന്മാര്‍, ഡേവിഡ് ആറ്റന്‍ബറോയെപ്പോലെയുള്ള ശാസ്ത്രപ്രചാരകരും ശാസ്ത്രജ്ഞരും എന്നിങ്ങനെ കാലാവസ്ഥാവ്യതിയാനമെന്ന നിര്‍ണായക വിഷയത്തെ അഭിസംബോധനചെയ്ത ഗ്ലാസ്ഗോ ഉച്ചകോടിക്ക് തിരശ്ശീല വീണു. ഒക്ടോബര്‍ 31-ന് തുടങ്ങി മുന്‍ നിശ്ചിത സമാപനദിവസം രാത്രിയും ചര്‍ച്ചകള്‍ തുടരുകയായിരുന്നു. സമ്മേളനത്തിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊപ്പം ഗ്ലാസ്ഗോ തെരുവുകളില്‍ വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ആയിരക്കണക്കിന് ആളുകളാണ് സമ്മേളനത്തിന്റെ തീര്‍പ്പുകളെ സ്വാധീനിക്കാനായി റാലികള്‍ നടത്തിയത്. അവരാകട്ടെ ബ്രിട്ടനുപുറത്തു നൂറിലേറെ രാജ്യങ്ങളിലെ തെരുവുകളിലേക്ക് പടരുകയും ചെയ്തു.

എന്തിനായിരുന്നു ഈകാലാവസ്ഥാ ഉച്ചകോടി? എന്താണവിടെ ചര്‍ച്ചചെയ്തത്? ഏതേതു തീരുമാനങ്ങളാണെടുത്തത്? ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മലയാളികള്‍ക്ക് പ്രധാനമാണ്. കാരണം, കേരളമിപ്പോള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ നേരിട്ടുള്ള ഇരയാണ് .

പൊതുസമ്മതിയിലെത്താത്ത ഉച്ചകോടി

രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍മുതല്‍ നിലനില്‍ക്കുന്ന വഴക്ക് വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ളതാണ്. ലോകജനസംഖ്യയുടെ 12 ശതമാനംമാത്രം ജീവിക്കുന്ന വികസിത രാജ്യങ്ങളായ അമേരിക്ക, കാനഡ, ജപ്പാന്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ എന്നിവ ചേര്‍ന്നാണ് കഴിഞ്ഞ 170 വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ താപനില വര്‍ധിക്കാന്‍ കാരണമായ ഹരിതഗൃഹവാതകങ്ങളുടെ 50 ശതമാനം ബഹിര്‍ഗമനത്തിനും കാരണമായത്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടതും പണം മുടക്കേണ്ടതും വികസിത രാജ്യങ്ങളാണ് എന്നാണ് ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളുടെ നിലപാട്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഇനിയും എത്തിപ്പിടിക്കാനായിട്ടില്ലാത്ത തങ്ങളുടെ വികസനലക്ഷ്യങ്ങളെ തകിടംമറിക്കുമെന്നും വികസ്വര രാജ്യങ്ങള്‍ ഭയപ്പെടുന്നു. ഗ്ലാസ്ഗോ ഉച്ചകോടിയിലെ ചര്‍ച്ചകളുടെ സ്വഭാവവും വ്യത്യസ്തമായിരുന്നില്ല. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യു.എ.ഇ., കുവൈത്ത് മുതലായ പ്രധാനമായും എണ്ണയെ ആശ്രയിച്ച സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളും ആഗോളതലത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് മേലുണ്ടാകുന്ന നിയന്ത്രണങ്ങളെ ഭയത്തോടെയാണ് കാണുന്നത്.

ഗ്രെറ്റ ത്യുന്‍ബെയെപ്പോലെയുള്ള പുതുതലമുറയിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഇതുവരെ നടന്ന ചര്‍ച്ചയില്‍ അസന്തുഷ്ടരാണ്. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാതെ പ്രസംഗങ്ങള്‍ നടത്തിയിട്ട് കാര്യമില്ല എന്നതാണ് ആക്ഷേപം. ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഗ്ലാസ്ഗോ ഉച്ചകോടി ജീവന്മരണപ്രശ്‌നമാണ്. 1990 മുതലിങ്ങോട്ട് ആഗോള താപനത്താല്‍ കടല്‍ കയറിയത് 0.3 മീറ്ററാണ്. തുവാളു എന്ന ദ്വീപ് രാജ്യത്തിന്റെ ധനമന്ത്രി സെവെ പെന്യു പറയുന്നു: ''ഞങ്ങള്‍ മുങ്ങുകയാണ്.'' നമ്മുടെ അയല്‍രാജ്യമായ മാലദ്വീപിലെ ജനങ്ങളും ബംഗാളിലെ സുന്ദര്‍ബനിലെ ജനങ്ങളും പറയുന്നത് ഇതുതന്നെയാണ്. ഇതുതന്നെയാവും സമുദ്രനിരപ്പിനെക്കാള്‍ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ നാളെ പറയാന്‍പോകുന്നതും.

ആ രണ്ടു വാക്കുകള്‍

ഒരുവര്‍ഷം നീട്ടിവെക്കപ്പെട്ടിട്ടാണ് ഇപ്പോള്‍ ഈ ഉച്ചകോടി നടന്നത്. ഇക്കാലയളവില്‍ ട്രംപിനുപകരം ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയതുകൊണ്ട് അമേരിക്കന്‍ നിലപാടുകള്‍ ഇക്കുറി സൗഹൃദപരമായിരിക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. ചരിത്രപരമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വികസ്വരരാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഏറ്റവും തടസ്സംനില്‍ക്കുന്ന രാജ്യമായി അമേരിക്ക മാറി. എന്നാല്‍, സ്‌കോട്ട്ലന്‍ഡ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് 2.6 ദശലക്ഷം ഡോളര്‍ നീക്കിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്തരത്തില്‍ തീരുമാനമെടുക്കുന്ന ആദ്യരാജ്യമായി സ്‌കോട്ട്ലന്‍ഡ്. കല്‍ക്കരി ഉപയോഗത്തില്‍നിന്നു പിന്‍വലിയുമെന്ന് 190 രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ 46 രാജ്യങ്ങള്‍ ഒപ്പിട്ടു. എന്നാല്‍, ഈ രാജ്യങ്ങളുടെ കല്‍ക്കരി ഉപയോഗം ആഗോള ഉപഭോഗത്തിന്റെ 15 ശതമാനം മാത്രമേ വരൂ. ഏറ്റവുംവലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഒപ്പിട്ടില്ല.

രാഷ്ട്രങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെ വെട്ടിക്കുറയ്ക്കലുകള്‍ അതേപടി നടപ്പാക്കിയാല്‍പ്പോലും താപവര്‍ധന 2.4 ഡിഗ്രി വരെയെത്തുമെന്ന് കണക്കുകൂട്ടലുകള്‍ പറയുന്നു. ഗ്ലാസ്ഗോ ഉച്ചകോടിയുടെ ഏറ്റവും പ്രധാന തീരുമാനങ്ങളിലൊന്നാകേണ്ടിയിരുന്ന നെറ്റ് സീറോ ലക്ഷ്യത്തിലെത്താന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 130 ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കായി സ്വകാര്യബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഗ്ലാസ്ഗോ ഫിനാന്‍സ് അലയന്‍സ് ഫോര്‍ നെറ്റ് സീറോ രൂപവത്കരണമാണ്. എന്നാല്‍, ഇതിലേക്ക് ദക്ഷിണാര്‍ധഗോള രാജ്യങ്ങളുടെ പ്രവേശനവും പങ്കാളിത്തവും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.

ഈ സന്ദര്‍ഭത്തില്‍ രണ്ടുവാക്കുകള്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ഒന്ന് ചര്‍ച്ചകളില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട വാക്കാണ്, മറ്റൊന്ന് ഒഴിവാക്കപ്പെട്ടതും. ഉള്‍ച്ചേര്‍ക്കപ്പെട്ടത് 'ഫോസില്‍ ഇന്ധനം' എന്നതാണ്. ഇതുവരെയുള്ള ചര്‍ച്ചകളില്‍ നേരിട്ട് പരാമര്‍ശമാകാത്ത, എന്നാല്‍ മൂലകാരണമായ വസ്തുത ഇക്കുറി ഇഴകീറി ചര്‍ച്ചചെയ്യപ്പെട്ടു. ഫോസില്‍ ഇന്ധന വ്യാപാരവും സബ്‌സിഡിയും ചോദ്യംചെയ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട വാക്ക് 'മുതലാളിത്തം' എന്നതാണ്.

ലാഭത്തില്‍നിന്ന് അമിതലാഭത്തിലേക്കും ആവശ്യത്തില്‍നിന്ന് അനാവശ്യത്തിലേക്കും ധൂര്‍ത്തിലേക്കും നീങ്ങാന്‍ ആഗോള മുതലാളിത്തവ്യവസ്ഥ ഇടയാക്കിയെന്നത് ചര്‍ച്ചയായതേയില്ല. ഐന്‍സ്‌റ്റൈന്‍ പറഞ്ഞതുപോലെ, ഒരു പ്രശ്‌നത്തെ സൃഷ്ടിച്ച അതേ ചിന്തയെ ഉപയോഗിച്ചുകൊണ്ട് ആ പ്രശ്‌നത്തെ പരിഹരിക്കാനാവില്ല എന്നത് എല്ലാവരും സൗകര്യപൂര്‍വം മറന്നു.

Content Highlights: about cop 26 climate climate summit