ലോസ് ആഞ്ജലിസ്:  കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്ന 59,000 കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം കാലവസ്ഥാ വ്യതിയാനമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന്റെ പേരിലാണ് ഇത്രയും പേര്‍ ആത്മഹത്യ ചെയ്തതെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

അന്തരീക്ഷ താപം വര്‍ധിക്കുന്നതിന് സമാന്തരമായി ഇന്ത്യയിലെ കാര്‍ഷിക ആത്മഹത്യകളും വര്‍ധിച്ചുവരുന്നതായും പഠനം പറയുന്നു. പ്രധാനമായും കാര്‍ഷിക മേഖലയിലെ പരാജയമാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന പ്രധാനപ്പെട്ട ഘടകമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനത്തില്‍ ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളും താപനത്തിന്റെ തോതും തമ്മില്‍ അത്ഭുതകരമായ അനുപാതം കണ്ടെത്തുന്നുണ്ട്. കാര്‍ഷിക വിളകളുടെ വളര്‍ച്ചാ-വിളവെടുപ്പ് കാലത്ത് 20 ഡിഗ്രിക്ക് മേലെ ചൂടുള്ള ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന ഒരു ഡിഗ്രി ചൂടിന്റെ വര്‍ധന പോലും രാജ്യത്ത് 65 ആത്മഹത്യയ്ക്ക് കാരണമാകുന്നു. അഞ്ച് ഡിഗ്രി ചൂട് വര്‍ധിക്കുന്ന ദിവസം ആത്മഹത്യാ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിക്കുന്നതായും പഠനം പറയുന്നു.

കാര്‍ഷിക വിളകളുടെ വളര്‍ച്ചാ കാലത്ത് മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്നത് വാര്‍ഷിക ആത്മഹത്യാ നിരക്കില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. മറ്റു കാലങ്ങളില്‍ ഈ പ്രവണത ദൃശ്യമാകാത്തതും ആത്മഹത്യകളും കൃഷിനാശവുമായുള്ള ബന്ധം വ്യക്തമാക്കുന്നു. 1980ന് ശേഷമാണ് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യാ നിരക്കില്‍ വര്‍ധന ദൃശ്യമായിത്തുടങ്ങിയതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ആയിരക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകള്‍ നശിപ്പിക്കുകയും അവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുകയും ചെയ്യുന്ന  വേദനാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഗവേഷകനായ താമ കാള്‍ട്ടണ്‍ പറയുന്നു. കര്‍ഷക ആത്മഹത്യകള്‍ക്കു പിന്നില്‍ സാമ്പത്തികമായ കാരണങ്ങളാണുള്ളതെന്ന് തിരിച്ചറിഞ്ഞ്, ശരിയായ നയങ്ങള്‍ സ്വീകരിച്ചാല്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയില്‍ കര്‍ഷകര്‍ നേരിടുന്ന വലിയ സാമ്പത്തിക അരക്ഷിതത്വമാണ് കര്‍ഷക ആത്മഹത്യാ നിരക്ക് ഉയര്‍ന്നിരിക്കാന്‍ കാരണം. മാത്രമല്ല, ഇന്ത്യയിലെ കര്‍ഷകരില്‍ പകുതി പേരും മഴയെ ആശ്രയിച്ചുള്ള കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെടുന്നത്. ഇന്നത്തെ നിലിയില്‍ ആഗോള താപനം തുടര്‍ന്നാല്‍ 2050ഓടുകൂടി ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.