ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകത്തിലെ 14 ശതമാനം പവിഴപ്പുറ്റുകളും ഇല്ലാതായെന്ന് പഠനം. പവിഴപ്പുറ്റുകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വാര്‍ത്തകളുള്ളത്. 2009നും 2018നുമിടക്ക് ഏതാണ്ട് 11,700 ചതുരശ്ര കിലോമീറ്റര്‍ പവിഴപ്പുറ്റുകള്‍ ലോകത്താകമാനം ഇല്ലാതായെന്നും പഠനം പറയുന്നു.

പവിഴപ്പുറ്റുകളുടെ അതിജീവനം സംഘര്‍ഷഭരിതമാകുമ്പോഴാണ് അവയെ ആശ്രയിച്ചു കഴിയുന്ന പായലുകള്‍ കൂടുതലായി വളരുന്നത്. ഇത്തരത്തില്‍ 2010നും 2019നുമിടയില്‍ ആല്‍ഗെകളുടെ വളര്‍ച്ച 20ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

73 രാജ്യങ്ങളിലെ 300ലധികം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 40വര്‍ഷം കൊണ്ട് നടത്തിയ വിവരശേഖരണത്തിലെ കണ്ടെത്തലുകളാണ് പഠനത്തിനുപയോഗിച്ചത് . 20 ലക്ഷത്തോളം വ്യക്തികളുടെ നിരീക്ഷണങ്ങളും ഈ പഠനത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

പവിഴപ്പുറ്റുകളുള്ള 10 പ്രധാന പ്രദേശങ്ങള്‍ വിശകലനം ചെയ്താണ് പഠനം പുറത്തിറക്കിയിരിക്കുന്നത്. സമുദ്രത്തിന്റെ ഉപരിതല താപനില ഉയരുന്നത് മൂലം പവിഴപ്പുറ്റുകള്‍ക്കുണ്ടാകുന്ന ബ്ലീച്ചിംഗ് പ്രതിഭാസമാണ് പവിഴപ്പുറ്റുകളുടെ നാശനഷ്ടത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകമെന്നാണ് പഠനം വ്യക്തമാകുന്നത്. 1998 ല്‍ ഇത്തരത്തിലുള്ള ഒരു വന്‍ ബ്ലീച്ചിംഗ് സംഭവം ലോകത്തിലെ പവിഴപ്പുറ്റിന്റെ എട്ട് ശതമാനം( ഏകദേശം 6,500 ചതുരശ്ര കിലോമീറ്റര്‍) നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രം, ജപ്പാന്‍, കരീബിയന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ആഘാതം ഉണ്ടായതെന്നും പഠനം പറയുന്നു.

കടലിലെ ഉപരിതല താപനില തുടര്‍ച്ചയായി ഉയരുന്നതിനിടയിലാണ് പവിഴപ്പുറ്റ് സമ്പത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് ലോകത്തിലെ പവിഴപ്പുറ്റ് സമ്പത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും അവര്‍ പറഞ്ഞു. എന്നിരുന്നാലും ആഗോളതാപനത്തിന് അറുതി വരുത്താനായാല്‍ പല മേഖലയിലെയും പവിഴപ്പുറ്റ് സമ്പത്തിനെ വീണ്ടെടുക്കാനാവുമെന്നും പഠനം പറയുന്നു.

സമുദ്രത്തട്ടിന്റെ 0.2% മാത്രമേ പവിഴപ്പുറ്റുകള്‍ ഉള്‍ക്കൊള്ളുന്നുള്ളൂവെങ്കിലും സമുദ്രജീവികളുടെ നാലിലൊന്നിന്റെയും വാസസ്ഥലമാണ് പവിഴപ്പുറ്റുകള്‍. ജീവികള്‍ക്ക് ആവാസം നല്‍കുക മാത്രമല്ല പ്രോട്ടീന്‍, മരുന്നുകള്‍, ഭക്ഷണം, എന്നിവയുടെ പ്രധാന സ്രോതസ്സു കൂടിയാണ് ഇവ. കോടിക്കണക്കിന് ആളുകള്‍ക്ക് കൊടുങ്കാറ്റില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും ഇവ സംരക്ഷണവും നല്‍കി വരുന്നു.

കഴിഞ്ഞ ദശകത്തില്‍ മാസ് ബ്ലീച്ചിംഗ് സംഭവങ്ങള്‍ ധാരാളമായുണ്ടായി. 2019 ല്‍ ല്‍ രണ്ട് ശതമാനം പവിഴപ്പുറ്റുകള്‍ പുനരുജ്ജീവിച്ചു. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഘടകങ്ങള്‍ ലഘൂകരിച്ചാല്‍, 1998-ന് മുമ്പുള്ള നിലയിലേക്ക്  ഒരു ദശാബ്ദത്തിനുള്ളില്‍ പവിഴപ്പുറ്റുകളുടെ സമ്പത്തിനെ എത്തിക്കാനാവുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

1950 കള്‍ക്ക് ശേഷം ലോകത്തിലെ പവിഴപ്പുറ്റു സമ്പത്ത് പകുതിയായി കുറഞ്ഞതായി അടുത്തിടെ ഒരു പഠനം പുറത്തുവന്നിരുന്നു.

content highlights: 14% of world’s coral lost happened in less than a decade, study