കാലവര്‍ഷത്തില്‍ ശക്തമായ തിരമാലകള്‍ കടല്‍ തീരത്ത് എത്തിച്ച മാലിന്യങ്ങള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷദ്വീപിലെ ഒരുകൂട്ടം യുവ കലാകാരന്‍മാര്‍. കടല്‍തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവ വേര്‍തിരിച്ച് അതുപയോഗിച്ച് ആമ, ഡോള്‍ഫിന്‍ തുടങ്ങി വിവിധതരം കടല്‍ ജീവികളുടെ രൂപങ്ങള്‍ ഉണ്ടാക്കി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇവര്‍.

യുവ കലാകാരനും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ റമീര്‍ തസ്ലിം, ഡിസൈനര്‍ ഹര്‍മത്ത്  ഖാന്‍, പോലീസ് കോണ്‍സ്റ്റബിള്‍ അഹമ്മദ് കബീര്‍ എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തെ കലാരൂപങ്ങളാക്കിമാറ്റുന്നത്. ലക്ഷദ്വീപിലെ ചെത്ത്‌ലത് ദ്വീപ് സ്വദേശികളാണ് ഇവര്‍. നാം പലപ്പോഴായി കടലിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും തിരിച്ചു തീരത്തണയുന്നത് കാലവര്‍ഷത്തിലാണ്. ഈ മാലിന്യങ്ങളാണ് ഇവരുടെ അസംസ്കൃതവസ്തു. 

തീര ശൂചീകരണത്തിനു പുതുവഴി കാണിച്ച ഇവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുമോദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപിനകത്തും പുറത്തും നിന്നുള്ള പല സന്നദ്ധ സംഘടനകളും  വ്യക്തികളും അവരോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുവാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യങ് എന്‍വയോണ്‍മെന്റലിസ്റ്റ് പ്രോഗ്രാം എന്ന സന്നദ്ധ സംഘടന ഇവരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതോടൊപ്പം അവരുടെ ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കുകയും ചെയ്തു.   

മണ്ണില്‍ അലിഞ്ഞു ചേരാത്ത മാലിന്യങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമല്ല കടല്‍ ജീവികള്‍ക്കും അവയുടെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കടല്‍ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലെക്ക് വലിച്ചെറിയുന്നതിന്റെ ഭവിഷത്തും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ഒരുങ്ങുകയാണ് ഈ മൂന്നംഗസംഘം. ഇതിന്റെ ഭാഗമായി 'ട്രാഷ് ടു  ട്രഷര്‍' എന്ന പേരില്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ തീര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാക്കള്‍.

Content Highlights: Youths makes different structures out of plastic waste, plastic waste management