കോഴിക്കോട്: പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങളും സംസ്‌കാരങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിക്കേണ്ടതുണ്ടെന്ന് മാതാ അമൃതാനന്ദമയീ ദേവി. ആഗോളതാപനവും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും കുറയ്ക്കാന്‍ അത് സഹായകരമാകുമെന്നും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ അമൃതാനന്ദമയീ ദേവി പറഞ്ഞു.

ഓരോ വര്‍ഷം ചെല്ലുംതോറും, ഭൂമീ മാതാവിനോടു നാം ചെയ്തുപോരുന്ന ദ്രോഹവും ഏറിവരികയാണ്. കാന്‍സറിന്റെ മൂന്നാം ഘട്ടത്തിയതുപോലെയായിരിക്കുന്നു ഭൂമിയിന്ന്. മനുഷ്യന്റെ സ്വാര്‍ത്ഥതയും അത്യാഗ്രഹവുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരുകയും ഭൂമിയുടെ പൂര്‍ണാരോഗ്യം വീണ്ടെടുക്കല്‍ ദുഷ്‌കരമായിത്തീരുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ നമുക്കെത്രകാലം മുന്നോട്ട് പോകാന്‍ കഴിയും? നാം ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്. ലോകരാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും പരിശ്രമങ്ങള്‍ ഒത്തുചേര്‍ന്നാല്‍, ഒരു പരിധിവരെയെങ്കിലും നമുക്ക് ഭൂമിയെ തിരിച്ചു പിടിക്കാനാകും. ഒരു പത്ത് ശതമാനമെങ്കിലും സാധിച്ചാല്‍, അത്രയുമെങ്കിലും സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ നമുക്ക് സാധിക്കുമെന്നും അമൃതാനന്ദമയീ ദേവി പറഞ്ഞു.

പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത്. ഭൂമി നിലനില്‍ക്കണമെങ്കില്‍ മനുഷ്യന്‍ ഇല്ലാതെയാകണമെന്ന സ്ഥിതി വരാതിരിയ്ക്കട്ടെ. കയ്യടക്കലിന്റെ സംസ്‌കാരത്തില്‍ നിന്നും  പങ്കുവെയ്ക്കലിന്റെ സംസ്‌കാരത്തിലേക്ക് നാം നമ്മെത്തന്നെ ഉയര്‍ത്തുവാന്‍ തയ്യാറാകണം.
ഈ പശ്ചാത്തലത്തില്‍, ലോകമെമ്പാടുമുള്ള മത-ആദ്ധ്യാത്മിക ആചാര്യന്മാരോട് അമ്മയ്ക്ക് ഒരു അപേക്ഷയുണ്ട്. അനുയായികളോട്, കര്‍മ്മങ്ങളെല്ലാം പ്രകൃതിസംരക്ഷണ അവബോധത്തോടെ ചെയ്യുവാന്‍ ആവശ്യപ്പെടുകയും, കുറഞ്ഞത് ഏതെങ്കിലുമൊരു വാര്‍ഷിക ഉത്സവത്തിലോ, വിശേഷ ദിവസത്തിലോ പ്രകൃതിസംരക്ഷണ സന്ദേശമുള്‍ക്കൊള്ളുന്ന പുതിയ ആചാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുകയും വേണം.

ഈ ലോക പരിസ്ഥിതി ദിനത്തില്‍, മരങ്ങള്‍ നട്ടുപിടിപിച്ചും മിതവ്യയം, പുനരുപയോഗം എന്നിവ ഉറപ്പാക്കിയും കൂടുതല്‍ പ്രകൃതി അവബോധത്തോടെ പ്രവര്‍ത്തിക്കുമെന്നു നമുക്കെല്ലാം പ്രതിജ്ഞ ചെയ്യാം. പ്രകൃതിസംരക്ഷണത്തിനുതകുന്ന ആചാരങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും രൂപം നല്‍കുന്നതിനായി ലോകത്തെ വിവിധ മത, സാംസ്‌കാരിക നേതാക്കളെ കൃപ പ്രചോദിപ്പിക്കട്ടെ. അത്തരം ആചാരങ്ങള്‍ ലോകമെമ്പാടും പ്രചരിയ്ക്കപ്പെടട്ടെ- മാതാ അമൃതാനന്ദമയി പറഞ്ഞു.

Content highlights: World Environment Day 2019, Matha Amrithanandamayi devi, Air pollution