ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഏവര്‍ക്കും ലഭ്യമാക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും സുസ്ഥിരമായ വികസനത്തിനും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്.  ജനങ്ങളും ഉത്തരവാദിത്തപ്പെട്ട അധികാരികളും ഇന്ന് ഏറ്റവും അധികം ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയം ആണ് സുരക്ഷിതമായ കുടിവെള്ളവും അതിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും. ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉള്ളതാണോ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന കുടിവെള്ളം, എന്തെല്ലാം രാസ പരിശോധനകളാണ് നാം ചെയ്യേണ്ടത്, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഏത് തരത്തിലുള്ള ജല ശുദ്ധീകരണ സംവിധാനം ആണ് നമ്മള്‍ തിരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് ഒരു അവബോധം സൃഷ്ടിക്കാനാണ് ഈ ലേഖനം.

നമ്മള്‍ കുടിക്കുന്ന വെള്ളം ശുദ്ധമാണോ?

നിറമോ മണമോ രുചിഭേദമോ ഇല്ല എന്ന കാരണം ഒന്നുകൊണ്ടു മാത്രം വെള്ളം ശുദ്ധമാണെന്നും അത് കുടിക്കുവാന്‍ അനുയോജ്യമാണെന്നും ആരും തെറ്റിധരിക്കരുത്. സോഷ്യല്‍ മീഡിയയിലും മറ്റും സാധാരണ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന ഇത്തരം ധാരാളം വീഡിയോകളും, മെസ്സേജുകളും പ്രചരിക്കാറുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന വെളളം ആവശ്യമായ ഗുണനിലവാരം ഇല്ലാത്തത് ആണെങ്കില്‍ അത് പലതരത്തിലുള്ള ജലജന്യ രോഗങ്ങള്‍ക്ക് കാരണം ആവുകയും ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം ആവുകയുംചെയ്യാം.

drinking water
പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരന്‍/മാതൃഭൂമി

കുടിവെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത്, അതിന്റെ ഭൗതിക, രാസ, ജൈവ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. ഒരു രാസപരിശേധനയില്‍ കൂടി മാത്രമേ കുടിവെള്ളത്തിലോ അതിന്റെ സ്രോതസ്സിലോ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ്  നിര്‍ണ്ണയിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉള്ള ജല അതോറിട്ടിയുടെ ലാബുകളില്‍ ഈ പരിശോധനാ സൗകര്യം ഉണ്ട്.

കിണര്‍ വെള്ളം ശുദ്ധമാണോ?

സ്വന്തം വീട്ടിലെ കിണര്‍വെള്ളം ഏറ്റവും ശുദ്ധമാണെന്നും അത് ജല അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിനേക്കാളും ഗുണമേന്മയുള്ളതാണെന്നും ഒരു ധാരണ എല്ലാവരിലും ഉണ്ട്. എന്നാല്‍ നമ്മുടെ ഭൂരിഭാഗം കിണര്‍ വെള്ളത്തിലും ഇ-കോളി പോലുള്ള ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്നാണ് പല സര്‍വ്വേകളും വ്യക്തമാക്കുന്നത്. അതിനു പ്രധാന കാരണം കിണറുമായി ശരിയായ അകലം പാലിക്കാതെയുള്ള സെപ്റ്റിക് ടാങ്കും അവയ്ക്ക് ശാസ്ത്രീയമായ സോക്ക് പിറ്റ് ഇല്ലാത്തതും ആണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മൂന്ന് കംപാര്‍ട്ട്‌മെന്റുള്ള സെപ്റ്റിക് ടാങ്ക് കിണറുമായി ശരിയായ അകലം പാലിച്ച് നിര്‍മിച്ചാല്‍ കിണര്‍ വെള്ളത്തില്‍ ഇ-കോളി പോലുള്ള ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാതാക്കാം.

കുടിവെള്ള സ്രോതസ്സുകളും അവയുടെ ഗുണനിലവാരവും 

കേരളത്തില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പ്രധാനമായും കിണര്‍, ബോര്‍വെല്‍, കുളം, ടാങ്കര്‍ സപ്ലൈ, ജല അതോറിട്ടി വഴി ലഭിക്കുന്ന ശുദ്ധീകരിച്ച ജലം, കുപ്പി വെള്ളം എന്നിവയെ ആണ്. മലയോരങ്ങളില്‍ നീരുറവകളില്‍ നിന്നും ഉള്ള വെള്ളവും കുടിവെള്ളത്തിനായി ഉപയോഗിക്കാറുണ്ട്.

drinking water
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ

ജലത്തിന്റെ ശ്രോതസ്സ് അനുസരിച്ചും ഭൂപ്രദേശം അനുസരിച്ചും ജലത്തില്‍ അടങ്ങിയിരിക്കുന്ന ഭൗതിക, രാസഘടകങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണാറുണ്ട്. ഉദാഹരണത്തിന് തീരപ്രദേശങ്ങളില്‍ ഭൂഗര്‍ഭജലത്തില്‍ ഉപ്പിന്റെ അംശം കൂടുതലായി കാണപ്പെടുന്നു എങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ഇരുമ്പിന്റെ അംശം, രാസവസ്തുക്കള്‍, ഫ്‌ലൂറൈഡ് എന്നിവ ആയിരിക്കാം കൂടുതലായി കാണപ്പെടുന്നത്. ബോര്‍വെല്ലില്‍ നിന്നും കിട്ടുന്ന വെള്ളത്തില്‍ സാധാരണ കിണറ്റിലെ വെള്ളത്തിനേക്കാളും കൂടുതല്‍ ഇരുമ്പിന്റെ അംശം, കടുപ്പം അഥവാ ഹാര്‍ഡ്‌നെസ്സ് എന്നിവ കാണപ്പെടുന്നു. കൃഷിസ്ഥലങ്ങളോട് ചേര്‍ന്ന കുളം, കിണര്‍ എന്നിവയില്‍ നൈട്രൈറ്റ്, കീടനാശിനി, അമോണിയ എന്നിവ കൂടുതലായി കാണുന്നതായി പലപഠനങ്ങളും തെളിയിക്കുന്നു. 

ശക്തമായ മണ്‍സൂണ്‍ കാലങ്ങളില്‍ പുഴയിലെ വെള്ളത്തില്‍ 'കലക്കല്‍' അഥവാ ടര്‍ബിഡിറ്റി കൂടുതല്‍ ഉണ്ടാവുകയും അത് ശുദ്ധീകരണ ശാലയുടെ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നത് സാധാരണ കണ്ടുവരാറുണ്ട്. വേനല്‍ കാലത്ത് പുഴയില്‍ നിന്നും കടലിലേക്ക് ഒഴുക്ക് കുറയുന്ന പക്ഷം ഉപ്പു വെള്ളം പുഴയിലേക്ക് കയറുകയും ക്ലോറൈഡ്‌ന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ച് കുടിക്കുന്നതിനോ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുവാന്‍ പറ്റാത്തതായി മാറുന്നു. 

ജല പരിശോധന

വീട്ടിലെ കിണറില്‍ നിന്നോ ബോര്‍വെലില്‍ നിന്നോ, സ്വകാര്യ ടാങ്കര്‍വഴിയോ ആണ് വീട്ടിലേക്ക് ആവശ്യമായ വെള്ളം ഉപയോഗിക്കുന്നതെങ്കില്‍ ആദ്യമായി വെള്ളത്തിന്റെ രാസ പരിശോധന നടത്തി, ഗുണനിലവാരം നിര്‍ണയിച്ചിരിക്കണം. ജല അതോറിട്ടി വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണ നിലവാരം കൃത്യമായ ഇടവേളകളില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പരിശോധിച്ച് ഇറപ്പാക്കുന്നുണ്ട്.

എന്തെല്ലാം പരിശോധിക്കണം?

കുടിവെള്ളത്തിന്റെ ഗുണനിലവാരം അളക്കുന്നതിനായി സാധാരണയായി ലാബുകളില്‍ പരിശോധിക്കേണ്ടത് പി.എച്ച് മൂല്യം, നിറം, മണം, കലക്കല്‍ അഥവാ ടര്‍ബിഡിറ്റി, ലയിച്ചു ചേര്‍ന്നിരിക്കുന്ന രാസവസ്തുക്കള്‍ അഥവാ ടി ഡി എസ് (TDS), ഇലക്ട്രിക്കല്‍ കണ്‍ഡക്ടിവിറ്റി, അസിഡിറ്റി, ആല്‍ക്കലിനിറ്റി, കാഠിന്യം അഥവാ ഹാര്‍ഡ്‌നെസ്സ്, ഇരുമ്പിന്റെയും ഫ്‌ലൂറൈഡിന്റെയും അംശം, നൈട്രൈറ്റ്, ഉപ്പുരസം (ക്ലോറൈഡ്), കോളിഫോം, ഇ- കോളി, അവക്ഷിപ്ത ക്ലോറിന്‍ (റെസിഡുവല്‍ ക്ലോറിന്‍) എന്നിവ എല്ലാം ആണ്. ഇതു കൂടാതെ ഹെവി മെറ്റല്‍സ്, കീടനാശിനിയുടെ അംശം, റേഡിയേഷന്‍ എന്നിങ്ങനെ പല ഘടകങ്ങളും കുടിവെള്ളത്തിന്റെ പരിശോധനയില്‍ ഉള്‍പ്പെടുത്താറുണ്ട്. 

drinking water
പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖില്‍ ഇ.എസ്./മാതൃഭൂമി

എല്ലാ രാജ്യങ്ങളിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായി പ്രത്യേകം വാട്ടര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് രൂപീകരിച്ചിരിക്കും. ഇന്‍ഡ്യയില്‍, ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BlS) ആണ് കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിന്റെ പരിധി നിര്‍ണ്ണയിച്ചിരിക്കുന്നത്. കൂടാതെ യൂറോപ്പ്യന്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ സ്റ്റാന്‍ഡേര്‍ഡ്, യുഎസ് ഇപിഎ (US EPA) സ്റ്റാന്‍ഡേര്‍ഡ്, അന്താരാഷ്ട്ര സംഘടനയായ WHO നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എന്നിവഎല്ലാം തന്നെ പല രാജ്യങ്ങളിലും കുടിവെള്ളത്തിന്റെ ഗുണനിലവാര സ്റ്റാന്‍ഡേര്‍ഡായി സ്വീകരിച്ചിട്ടുണ്ട്.

വെള്ളം എങ്ങിനെ ശുദ്ധീകരിക്കാം?

ജലശുദ്ധീകരണത്തിന്റെ പ്രധാന ലക്ഷ്യം എന്നത് അതില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ ശാസ്ത്രീയമായ രീതിയില്‍ വേര്‍തിരിച്ച്, അണുവിമുക്തമാക്കി നിഷ്‌കര്‍ഷിക്കുന്ന ഗുണ നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ്. പ്രധാനമായും ജലപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുദ്ധീകരണം ആവശ്യമുണ്ടോ അഥവാ എന്ത് തരത്തിലുള്ള ശുദ്ധീകരണ സംവിധാനം ആണ് നമുക്ക് ആവശ്യം എന്ന് തീരുമാനിക്കാന്‍ സാധിക്കൂ.

ജല ശുദ്ധീകരണത്തിന് പല തരത്തിലുള്ള വാട്ടര്‍ പ്യൂരിഫിക്കേഷന്‍ യൂണിറ്റുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. പൈപ്പ് ലൈനില്‍ ഫിറ്റ് ചെയ്യാവുന്ന തരത്തിലുള്ള ചെറിയ യൂണിറ്റുമുതല്‍, ഒരു വീടിന്റെ മൊത്തം ആവശ്യത്തിനായി രൂപകല്‍പന ചെയ്‌തെടുക്കാവുന്നതും ആയ യൂണിറ്റുകള്‍വരെ ലഭ്യമാണ്. 

ഇതില്‍ പ്രധാനപ്പെട്ടതാണ് സാന്‍ഡ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, അള്‍ട്രാ ഫില്‍ട്രേഷന്‍, മൈക്രോ ഫില്‍ട്രേഷന്‍, RO, അള്‍ട്രാ വയലറ്റ് (UV), അയണ്‍ റിമൂവല്‍ ഫില്‍ട്ടര്‍, സോഫ്റ്റനര്‍ മുതലായവ. സാധാരണയായി ഒരു വീട്ടിലേക്ക്, പല ഫില്‍ട്ടറുകളുടെ അനുയോജ്യമായ ഒരു കോമ്പിനേഷന്‍ ആണ് ആവശ്യമായി വരുക. ഇക്കാരണം കൊണ്ട് ഏത് തരത്തിലുള്ള ഒരു വാട്ടര്‍ പ്യൂരിഫിക്കേഷല്‍ സിസ്റ്റം  തിരഞ്ഞെടുക്കണം എന്ന ഒരു ആശയക്കുഴപ്പം ജനങ്ങളുടെ ഇടയില്‍ ഉണ്ടാകുന്നത് സാധാരണമാണ്. 

drinking water
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ

പൊതുവെ താഴെ പറയുന്ന വിവിധ മാര്‍ഗങ്ങളില്‍ കൂടി വെളളം ശുദ്ധീകരിച്ച്  വേണ്ടത്ര ഗുണനിലവാരമുള്ളതാക്കാന്‍ സാധിക്കും. 

1. ജല പരിശോധനയില്‍ കലക്കല്‍ അഥവാ ടര്‍ബിഡിറ്റി, ഗന്ധം എന്നിവ കൂടുതല്‍ ഉണ്ടെങ്കില്‍ ഒരു സാധാരണ സാന്‍ഡ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, അള്‍ട്രാ ഫില്‍ട്രേഷന്‍ (UF) വഴി ഇത് നീക്കം ചെയ്യാവുന്നതാണ്. 
2. ടി ഡി എസ്, ഹാര്‍ഡ്‌നെസ്സ്, ക്ലോറൈഡ്, ഫ്‌ലൂറൈഡ്, നൈട്രൈറ്റ്, ഹെവി മെറ്റല്‍സ് എന്നിന്നിവ കൂടുതല്‍ ഉണ്ടെങ്കില്‍ റിവേഴ്‌സ് ഓസ്‌മോസിസ് (RO) സംവിധാനം വേണ്ടി വരും. 
3. ഇരുമ്പിന്റെ അംശം കൂടുതലായി ഉണ്ടെങ്കില്‍ ബാത്‌റൂം ഫിറ്റിംഗ്‌സിലും, ടൈല്‍സിലും, കഴുകിയ വസ്ത്രങ്ങളിലും മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറത്തില്‍ നിറപ്പാടുകള്‍ കാണുവാന്‍ സാധിക്കും. ഇരുമ്പിന്റെ അംശം മാറ്റുവാന്‍ പറ്റിയ അയണ്‍ റിമൂവല്‍ ഫില്‍ട്ടര്‍ യൂണിറ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
4. കോളിഫോം ബാക്ടീരിയ പരിധിയില്‍ കൂടുതല്‍ ആണെങ്കില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉള്ള UV ഫില്‍ട്ടറുകള്‍ അണു നശീകരണത്തിന് ഉപയോഗിക്കാം.

പൈപ്പ്ജലം ശുദ്ധീകരിക്കണമോ?

ജല അതോറിട്ടി പുഴയില്‍ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് രാസ പരിശോധനക്ക് വിധേയമാക്കി ഗുണനിലവാരം ഉറപ്പാക്കിയ ശേഷം ആണ് പൈപ്പ് ലൈന്‍ വഴി നമ്മുടെ വീടുകളില്‍ എത്തിക്കുന്നത്. ആയതിനാല്‍  സുരക്ഷിതമായ കുടിവെള്ള സ്രോതസ്സ് ആയിട്ട് നമുക്ക് ആശ്രയിക്കാവുന്നതാണ് പൈപ്പ് വെള്ളം. എന്നാല്‍ വെള്ളപ്പൊക്കം, സിസ്ട്രിബൂഷന്‍ ലൈനില്‍ വിള്ളല്‍ അഥവാ ലീക്ക് എന്നീ കാരണങ്ങളാല്‍ സ്വീവേജ് ലൈന്‍ വഴി കോളിഫോം പോലുള്ള ബാക്ടീരിയ കുടിവെള്ളത്തില്‍ എത്തിച്ചേരുവാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ ക്ലോറിനേഷനോ, തിളപ്പിച്ച് ആറ്റിയ വെള്ളമോ ഉപയോഗിക്കുന്നത് ആയിരിക്കും അഭികാമ്യം. 

ജല അതോറിട്ടി ടാപ്പില്‍ നിന്നും കിട്ടുന്ന വെള്ളത്തില്‍ ആവശ്യമായ അവക്ഷിപ്ത ക്ലോറിന്‍ (റെസിഡുവല്‍ ക്ലോറിന്‍) ഉണ്ടെങ്കില്‍ മാത്രമേ അത് അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തുവാന്‍ സാദ്ധിക്കൂ. ക്ലോറിനേഷന്‍ ഉറപ്പു വരുത്തുന്നതുവഴിയാണ് പല ജലജന്യ രോഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നത് എന്നതാണ് വസ്തുത.

ജലശുദ്ധീകരണം- ചില നിര്‍ദേശങ്ങള്‍

1. നമ്മള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം അറിയുവാന്‍ അനലറ്റിക്കല്‍ ലാബുകളിലെ പരിശോധന അനിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വെള്ളം കുടിക്കുവാന്‍ പര്യാപ്തമാണോ എന്നും ഒരു ശുദ്ധീകരണ സംവിധാനത്തിന്റെ ആവശ്യം ഉണ്ടോ എന്നും തീരുമാനിക്കാനാകൂ.
2. വെള്ളത്തിന്റെ പരിശോധനാ ഫലം സുരക്ഷിതമായ പരിധിയില്‍ ആണെങ്കില്‍ ശുദ്ധീകരണ യൂണിറ്റിന്റെ ആവശ്യം ഇല്ലെന്ന് പൊതുവെ പറയാം. എന്നാല്‍ ജലത്തിന്റെ ഗുണനിലവാരം പരിധിക്കു പുറത്താണെങ്കില്‍ അതനുസരിച്ച് ആവശ്യമായ ശുദ്ധീകരണ രീതികള്‍ തിരഞ്ഞെടുക്കണം. 
3. വീട്ടിലേക്ക് ദിവസേന ആവശ്യമായിവരുന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തിയിരിക്കണം. കൂടാതെ കുടിവെള്ളത്തിന് മാത്രമാണോ അതോ മാറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുകൂടിയാണോ ജലം ശുദ്ധീകരിക്കുന്നത് എന്ന് തീരുമാനിച്ചിരിക്കണം. എന്നാല്‍ മാത്രമേ ശുദ്ധീകരണ രീതിയും അതിന്റെ പ്രാപ്തിയും തിരഞ്ഞെടുക്കാനാകൂ.
4. വാട്ടര്‍ അതോറിട്ടി പൈപ്പ്‌ലൈന്‍ വഴിയെത്തുന്ന വെള്ളം മുന്‍പേ തന്നെ ശുദ്ധീകരിച്ച്, ക്ലോറിനേറ്റ് ചെയ്തിരിക്കുന്നതിനാല്‍ വീണ്ടും കഠിനമായ ശുദ്ധീകരണ പ്രക്രിയയുടെയോ, RO യൂണിറ്റിന്റെയോ ആവശ്യം ഇല്ല.
5. വെള്ളം അണു വിമുക്തമാകുവാന്‍ ചെലവുകുറഞ്ഞ എളുപ്പമാര്‍ഗം ക്ലോറിനേറ്റ് ചെയ്യുക, പിന്നെ 1-2 മിനുട്ട് തിളപ്പിക്കുക എന്നതാണ്. 
6. തീര്‍ത്തും ശുദ്ധമല്ലാത്ത വെളളമാണെങ്കില്‍ അനുയോജ്യമായ ശുദ്ധീകരണ രീതികള്‍ തിരഞ്ഞെടുക്കാം.
7. ഫില്‍ട്രേഷന്‍ യൂണിറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഗുണനിലവാരവും അംഗീകാരവും ഉറപ്പാക്കായിരിക്കണം
8. Reverse Osmosis പോലുള്ള സിസ്റ്റത്തിന് കൂടുതല്‍ മെയ്ന്റനസ് ചെലവും വൈദ്യുതി ചെലവും കൂടുതല്‍ ഉണ്ടാകും എന്ന കാര്യം ഓര്‍ത്തിരിക്കണം.
9. നമ്മുടെ ജലസ്രോതസ്സുകള്‍ എല്ലാം ശുദ്ധമായി സംരക്ഷിക്കുന്നതിലൂടെ മാത്രമേ കുടിവെള്ള പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം കണ്ടെത്താന്‍ സാധിക്കൂ.
10. ജലം അമൂല്ല്യമാണെന്നും അത് സംരക്ഷിച്ച് ശ്രദ്ധിച്ച് ഉപയോഗിക്കാനുള്ളതാണെന്നുമുള്ള അവബോധം നമ്മുടെ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകണം.

(പരിസ്ഥിതി രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള എന്‍ജിനീയര്‍ ആണ് ലേഖകന്‍. ഇപ്പോള്‍ സൗദി അറേബ്യയില്‍ ഫെര്‍ട്ടിലൈസര്‍ & മൈനിംഗ് മേഘലയില്‍ പരിസ്ഥിതി വിഭാഗം തലവനായി ജോലി ചെയ്യുന്നു)

Content Highlights: drinking water, water pollution