സോവിയറ്റ് യൂണിയന്റെ അഭിമാനസ്തംഭമായിരുന്നു ചെര്‍ണോബില്‍ ആണവനിലയം. കാരണം, ലോകത്ത് മറ്റെവിടെയും ഉപയോഗിക്കാത്ത അവരുടെ തനത് സാങ്കേതികവിദ്യ-ലൈറ്റ് വാട്ടര്‍ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകള്‍ (Reaktor Bolshoy Moshchnosti Kanalnyy (RBMK))- ഉപയോഗിച്ചിരുന്ന ആണവനിലയമായിരുന്നു അത്. ഇപ്പോഴത്തെ യുക്രൈനിന്റെ ഭാഗമണ് ചെര്‍ണോബില്‍.
മറ്റ് അമേരിക്കന്‍/യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായി സമ്പുഷ്ട യുറേനിയത്തിന്റെ ആവശ്യമില്ലാത്ത, ഖനജലം ഉപയോഗിക്കേണ്ടാത്ത, താരതമ്യേന നിര്‍മ്മാണ/പരിപാലനച്ചെലവുകള്‍ കുറഞ്ഞ ആണവോര്‍ജ്ജ സാങ്കേതികിദ്യയായിരുന്നു RBMK റിയാക്റ്ററുകള്‍. റഷ്യയുടെ ആണവോര്‍ജ്ജ മേഖലയിലെ പടക്കുതിരകള്‍!
ചെര്‍ണോബില്‍ റിയാക്റ്ററില്‍ 1986 ഏപ്രില്‍ 25 ന് അര്‍ദ്ധരാത്രിയില്‍ തുടങ്ങി ഏപ്രില്‍ 26 ന് പുലര്‍ച്ച വരെ നീണ്ട ഒരു പരീക്ഷണം ലോകത്തെമ്പാടുമുള്ള ആണവ റിയാക്റ്ററുകളുടെ തലക്കുറി മാറ്റി എഴുതുന്നതായിരുന്നു. അന്ന് ചെര്‍ണോബിലിലെ നാലാംനമ്പര്‍ റിയാക്റ്റര്‍ കണ്ട്രോള്‍ റൂമില്‍ എന്തായിരിക്കാം നടന്നിട്ടുണ്ടാവുക?
ആ കണ്ട്രോള്‍ റൂമിലേക്ക് പോകുന്നതിനു മുന്‍പ് ആണവനിലയങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങള്‍ അറിയേണ്ടതുണ്ട്.
അതിനെക്കുറിച്ച് ധാരണയുള്ളവര്‍ക്ക് അടുത്ത രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കി നേരേ കണ്ട്രോള്‍ റൂമില്‍ കടക്കാം!
സാധാരണ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി, ഡീസല്‍, ഗ്യാസ് തുടങ്ങിയവ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കി, ഉന്നതമര്‍ദ്ദത്തിലുള്ള നീരാവിയുടെ ശക്തിയാല്‍ ടര്‍ബൈന്‍ കറക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉണ്ടാക്കുകയാണ് ചെയ്യുക. എന്നാല്‍, ആണവ വൈദ്യുതനിലയങ്ങളില്‍ വെള്ളം നീരാവിയാക്കുന്നത് അണുവിഭജനം (ന്യൂക്ലിയര്‍ ഫിഷന്‍) വഴി ലഭിക്കുന്ന താപോര്‍ജ്ജത്തിലൂടെയാണ്. ഇങ്ങനെ അണുവിഭജനത്തിലൂടെ താപോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനത്തെ ആണവ റിയാക്റ്റര്‍ എന്നു വിളിക്കുന്നു. ഒരു കിലോഗ്രാം യുറേനിയം-235 ആണവ ഇന്ധനത്തിന് അണുവിഭജനത്തിലൂടെ നല്‍കാന്‍ കഴിയുന്ന ഊര്‍ജ്ജം, ഏകദേശം മുപ്പതുലക്ഷം ടണ്‍ കല്‍ക്കരി കത്തിച്ചുണ്ടാക്കുന്ന ഊര്‍ജ്ജത്തിനു സമമാണെന്ന് അറിയുക. അതുകൊണ്ടു തന്നെ താരതമ്യേന ചെലവുകുറഞ്ഞ, എന്നാല്‍ ക്ഷമത കൂടിയ ഊര്‍ജ്ജസ്രോതസ്സ് എന്ന നിലയില്‍ ആണവനിലയങ്ങള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു.
ഒരു യുറേനിയം ആറ്റത്തിലേക്ക് നിശ്ചിത വേഗത്തില്‍ ഒരു ന്യൂട്രോണ്‍ പായിപ്പിച്ചാല്‍ പ്രസ്തുത യുറേനിയം ആറ്റം രണ്ടായി വിഭജിക്കപ്പെടുകയും ഈ അവസരത്തില്‍ നഷ്ടമാകുന്ന ദ്രവ്യത്തിനു സമമായ ഊര്‍ജ്ജം താപത്തിന്റെ രൂപത്തില്‍ പുറത്തു വരികയും ചെയ്യുന്നു. ഇതോടൊപ്പം മൂന്നു ന്യൂട്രോണുകള്‍ കൂടി പുറത്തു വരും. ആ മൂന്നു ന്യൂട്രോണുകളും തൊട്ടടുത്തുള്ള മൂന്നു യുറേനിയം ആറ്റങ്ങളെ പിളര്‍ത്തി കൂടുതല്‍ ഊര്‍ജ്ജവും അതോടൊപ്പം ഓരോ ആറ്റത്തില്‍നിന്നും മൂന്ന് ന്യൂട്രോണുകള്‍ വച്ച് മൊത്തം ഒന്‍പത് ന്യൂട്രോണുകളും പുറത്തു വന്ന് മറ്റ് ആറ്റങ്ങളെ പിളര്‍ത്തുന്ന പ്രക്രിയ ഒരു ചങ്ങല പോലെ തുടരുന്നു. ഇതിനു പറയുന്ന പേരാണ് 'ചെയിന്‍ റിയാക്ഷന്‍'.
നിയന്ത്രിതമായ രീതിയിലല്ല ചെയന്‍ റിയാക്ഷന്‍ നടക്കുന്നതെങ്കില്‍, ചുരുങ്ങിയ നേരം കൊണ്ട് അതിഭീമമായ അളവില്‍ ഊര്‍ജ്ജം പുറത്തു വന്ന് വന്‍സ്‌ഫോടനത്തിന് വഴി വെയ്ക്കും. ഈ രീതിയിലുള്ള ചെയിന്‍ റിയാക്ഷനെ നിയന്ത്രണ വിധേയമാക്കി ആവശ്യമായ അളവില്‍ ഊര്‍ജ്ജം ആവശ്യമായ അവസരങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ആണവ റിയാക്റ്റര്‍. നിയന്ത്രണ സംവിധാനമില്ലാത്ത ചെയിന്‍ റിയാക്ഷന്‍ ആണ് അണുബോംബ്. അതായത് ഒരു ന്യൂക്ലിയര്‍ റിയാക്റ്ററില്‍ നിന്ന് നിയന്ത്രണ സംവിധാനങ്ങള്‍ എടുത്തുമാറ്റിയാല്‍ അതിനെ മാരകമായ ഒരു ബോംബ് ആയി കണക്കാക്കാം.
ചെയിന്‍ റിയാക്ഷന്റെ നിയന്ത്രണം എങ്ങിനെ സാദ്ധ്യമാകുന്നു എന്നു നോക്കാം. ആണവ ഇന്ധനത്തിന്റെ ആറ്റങ്ങളെ പിളര്‍ക്കാന്‍ ശേഷിയുള്ള ന്യൂട്രോണുകളുടെ വേഗവും അവയുടെ എണ്ണവും നിയന്ത്രിച്ച് ചെയിന്‍ റിയാക്ഷനെ നിയന്ത്രണ വിധേയമാക്കാം. അതായത് ചെയിന്‍ റിയാക്ഷന്‍ തുടങ്ങി ആറ്റങ്ങള്‍ വിഭജിക്കപ്പെടുമ്പോഴുണ്ടാകുന്ന പുതിയ ന്യൂട്രോണുകളുടെ വേഗം കുറച്ചു കൊണ്ടുവന്നും പുതിയതായുണ്ടാകുന്ന അധിക ന്യൂട്രോണുകളെ ആഗിരണം ചെയ്തുമാണ് നിയന്ത്രണം സാദ്ധ്യമാക്കുന്നത്. ഇതിനായി ന്യൂട്രോണുകളുടെ വേഗം കുറയ്ക്കുന്നതും ആഗിരണം ചെയ്യുന്നതുമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നു.
ആണവ റിയാക്റ്ററുകളില്‍ ഇത്തരത്തില്‍ ന്യൂട്രോണുകളുടെ വേഗം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെ മോഡറേറ്ററുകള്‍ എന്ന് വിളിക്കുന്നു. സാധാരണ ജലം, ഖന ജലം, ഗ്രാഫൈറ്റ് തുടങ്ങിയവ മോഡറേറ്ററുകള്‍ ആയി ഉപയോഗിക്കുന്ന പദാര്‍ഥങ്ങളാണ്. ന്യൂട്രോണുകളെ ആഗിരണം ചെയ്യാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ചെയിന്‍ റിയാക്ഷന്‍ പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിയുന്നു. അതായത് ന്യൂട്രോണുകളെ പൂര്‍ണ്ണമായും ആഗിരണം ചെയ്ത് പുതിയ ആറ്റങ്ങളെ പിളര്‍ക്കാന്‍ ആവശ്യമായ ന്യൂട്രോണുകള്‍ ഇല്ലാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കാന്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക് കഴിയുന്നു. ആണവ റിയാക്റ്ററുകളൂടെ ഓഫ് സ്വിച്ച് ആയി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ സജ്ജീകരണം കണ്‍ട്രോള്‍ റോഡുകള്‍ എന്നറിയപ്പെടുന്നു.
ബോറോണ്‍, കാഡ്മിയം, ഇന്‍ഡിയം എന്നിങ്ങനെയുള്ള ന്യൂട്രോണ്‍ ആഗിരണശേഷിയുള്ള പദാര്‍ത്ഥങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. റിയാക്റ്ററിലെ അണുവിഭജനം നടക്കുന്ന അറയായ കോര്‍ ചേമ്പറിലേക്ക് ഇറക്കി വയ്ക്കാനും പുറത്തേക്ക് നീക്കാനും കഴിയുന്ന രീതിയിലുള്ള സജ്ജീകരണമാണ് കണ്ട്രോള്‍ റോഡുകള്‍ക്കുള്ളത്. ഇന്ധന അറയില്‍ കണ്ട്രോള്‍ റോഡുകള്‍ പൂര്‍ണ്ണമായും ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ന്യൂട്രോണുകള്‍ മുഴുവനായും ആഗിരണം ചെയ്യപ്പെട്ട് തുടര്‍ അണുവിഭജനത്തിനായി ഒട്ടും തന്നെ ന്യൂട്രോണുകള്‍ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവുകയും ഊര്‍ജ്ജോത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാന്‍ കഴിയുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ കണ്ട്രോള്‍ റോഡുകള്‍ സ്വയമേവ ഇന്ധന അറയിലേക്ക് കയറി പ്രവര്‍ത്തനം നിര്‍ത്തുന്നത് എല്ലാ ആണവ റിയാക്റ്ററുകളുടേയും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.

റിയാക്റ്റര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ഇന്ധന അറ തുടര്‍ച്ചയായി തണുപ്പിക്കേണ്ടതുണ്ട്. ഇതിനായി ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെ വിളിക്കുന്ന പേരാണ് കൂളന്റ്. ജലം, ഉരുകിയ ലോഹങ്ങള്‍, വാതകങ്ങള്‍ തുടങ്ങി വിവിധ പദാര്‍ത്ഥങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഏറ്റവും ചെലവു കുറഞ്ഞതും സുലഭവുമായ ജലം ആണ് കൂളന്റ് ആയി വിവിധ തരം റിയാകറുകളില്‍ പൊതുവേ ഉപയോഗപ്പെടുത്തുന്നത്. ന്യൂട്രോണുകളുടെ വേഗം നിയന്ത്രിക്കാനുള്ള ജലത്തിന്റെ കഴിവ് മുന്‍നിര്‍ത്തി ഒരേ സമയം മോഡറേറ്റര്‍ ആയും കൂളന്റ് ആയും വിവിധ റിയാക്റ്ററുകളില്‍ ജലം ഉപയോഗപ്പെടുത്തുന്നു. നിയന്ത്രണ സംവിധാനങ്ങളുടെ പരാജയം ആണവറിയാക്റ്ററുകളെ അണുബോംബുകള്‍ക്ക് തുല്ല്യമാക്കുന്നതിനാല്‍ എല്ലാ ഘട്ടങ്ങളിലും ഒന്നിലധികം സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തുക എന്നത് പ്രരമ പ്രധാനമാണ്.
1986 ഏപ്രില്‍ 25 രാത്രി പത്തുമണി. ചെര്‍ണോബില്‍ റിയാക്റ്റര്‍ നമ്പര്‍ 4 ന്റെ കണ്ട്രോള്‍ റൂം
'ഇന്ന് രാത്രി ഒരു മിനിട്ട് കണ്ണടയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആ കെഴങ്ങന്‍ ദൈതലോവിന് ഇന്ന് തന്നെ ഈ ടെസ്റ്റ് നടത്തണമെന്ന് എന്താണിത്ര വാശി?' ലിയോനിഡ് ടപ്റ്റുണോവ് എന്ന ചെറുപ്പക്കാരന്‍ എഞ്ചിനീയറുടെ പിറുപിറുപ്പ് അല്പം ഉച്ചത്തിലായിരുന്നു.
'ഏയ് ടപ്റ്റുണോവ്.. പതുക്കെപ്പറ. നിനക്ക് ഇന്‍ഡിപ്പെന്‍ഡന്റ് ആയി ചാര്‍ജ് കിട്ടിയിട്ട് മൂന്നു മാസമല്ലേ ആയുള്ളൂ. അങ്ങേരു ഇതെങ്ങാന്‍ കേട്ടാല്‍ നിന്നെ വല്ല സൈബീരിയയിലേക്കും തട്ടും. ഈ പ്ലാന്റിന്റെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറാണെന്ന് മാത്രമല്ല അങ്ങേര്‍ക്ക് മോസ്‌കോയില്‍ വലിയ പിടിപാടുകളുണ്ട്. അല്ലെങ്കില്‍ മുങ്ങിക്കപ്പലിലെ റിയാക്റ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് നടന്ന പരിചയം മാത്രം ഉള്ള ഒരാളെ ആരെങ്കിലും ഇത്ര വലിയൊരു ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്റെ തലപ്പത്തിരുത്തുമോ? നിനക്ക് ആ കണ്ട്രോള്‍ റോഡുകള്‍ പൊക്കുകേം താഴ്ത്തുകേം ചെയ്താല്‍ പോരേ? ഞാനും സഹായിക്കാം വിശ്രമം ആവശ്യമുള്ളപ്പോള്‍ പറഞ്ഞാല്‍ മതി', ഏവര്‍ക്കും പ്രിയങ്കരനായ ഷിഫ്റ്റ് സൂപ്പര്‍ വൈസര്‍ അനാറ്റലി അകിമോവിന്റെ സ്‌നേഹത്തോടെയുള്ള ശകാരം.
'ഞാനൊന്നും മിണ്ടുന്നില്ലേയ്.. ഇവിടെ ആഫ്റ്റര്‍ നൂണ്‍ ഷിഫ്റ്റിലുള്ളവര്‍ക്ക് വരെ വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. ദേ ഒരുത്തന്‍ മുള്ളിനു മുകളില്‍ നില്‍ക്കുന്നത് കണ്ടില്ലേ? ഇന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ കെട്ടിയോളുടെ വക കണക്കിനു കിട്ടിക്കോളും', ആഫ്റ്റര്‍ നൂണ്‍ ഷിഫ്റ്റ് കഴിഞ്ഞിട്ടും വീട്ടില്‍ പോകാന്‍ പറ്റാതെ അണ്ടിപോയ അണ്ണാനെപ്പോലെ ഇരിക്കുന്ന യുറി ട്രഗബ്ബിനെ നോക്കി ടപ്റ്റുണോവിന്റെ തമാശ.
'നിനക്ക് തമാശ. ദേ ഇപ്പോ തുടങ്ങും. ഇപ്പോ തുടങ്ങും എന്ന് പറഞ്ഞ് മോണിംഗ് ഷിഫ്റ്റ് തൊട്ട് തുടങ്ങിയതാ ഈ പരിപാടി. ഇന്നലത്തെ നൈറ്റ് ഷിഫ്റ്റുകാര്‍ തന്നെ 3200 മെഗാവാട്ടില്‍നിന്നു പവര്‍ കുറച്ച് കുറച്ച് 1500 ലേക്ക് എത്തിച്ചിരുന്നു. ഇന്ന് വൈകീട്ടോടെ ഞങ്ങളുടെ ഷിഫ്റ്റ് കഴിയുന്നതിനും മുന്‍പേ പവര്‍ കുറച്ച് പരീക്ഷണം തുടങ്ങാന്‍ പോയപ്പോഴേക്കും മറ്റേ ഗ്രിഡ് കണ്ടോളറുടെ ഫോണ്‍- അയ്യോ നിര്‍ത്തല്ലേ നിങ്ങള്‍ നിര്‍ത്തിയാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ മുഴുവന്‍ ഇരുട്ടീലാകും. വേറേ ഏതോ ഒരു പവര്‍ സ്റ്റേഷന്‍ തകരാറിലാണെന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ നമ്മടെ ഡയറക്റ്റര്‍ സഖാവ് പരീക്ഷണം രാത്രിയിലേക്ക് മാറ്റിയതാ. ഉച്ചവരെ സ്ഥലത്തുണ്ടായിരുന്ന കോട്ടും സൂട്ടും ഇട്ട വല്യ പരീക്ഷണ ഏമാന്മാര്‍ ഇതൊക്കെ നമ്മടെ തലേല്‍ വച്ച് സ്ഥലം വിടുകേം ചെയ്തു', ട്രഗബ്ബിന്റെ സ്വരത്തില്‍ അതൃപ്തി നിഴലിക്കുന്നുണ്ടായിരുന്നു.
'റിയാക്റ്ററിനു പ്രശ്‌നങ്ങളൊന്നുമില്ലല്ലോ പിന്നെന്തിനാണിവന്മാര്‍ക്ക് ഈ ടെസ്റ്റ് ഇന്ന് തന്നെ നടത്തണമെന്നിത്ര വാശി?'
'ടപ്റ്റുണോവ്.. നീ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്തതുപോലെ സംസാരിക്കരുത്. ഒരു ആണവ റിയാക്റ്ററിനെ സംബന്ധിച്ചിടത്തോളം അതിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് ട്രയിനിംഗ് ക്ലാസുകളിലെ അടിസ്ഥാന പാഠഭാഗമാണെന്നറിയില്ലേ? നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു റിയാക്റ്റര്‍ അണുബോംബിനു തുല്ല്യം. നമ്മുടെ ഈ നാലാം നമ്പര്‍ റിയാക്റ്റര്‍ പുതിയതാണെങ്കിലും ഇതില്‍ കാര്യമായ ഒരു സുരക്ഷാപഴുതുണ്ട്. റിയാക്റ്റര്‍ എമര്‍ജന്‍സ് ഷട്ട്ഡൗണ്‍ ചെയ്താലും ഇന്ധനഅറയിലെ ചൂട് തണുപ്പിക്കാനായി വെള്ളം പമ്പ് ചെയ്യുന്ന എമര്‍ജന്‍സി പമ്പുകള്‍ക്ക് പവര്‍ നല്‍കുന്ന ജനറേറ്ററുകള്‍ അതിന്റെ മുഴുവന്‍ കപാസിറ്റിയില്‍ എത്താന്‍ ഒന്നര മിനിട്ട് എടുക്കുന്നു. പരമാവധി മുപ്പത് സെക്കന്റിനകത്ത് ഓണ്‍ ആകേണ്ട സ്ഥാനത്താണിവിടെ ഒന്നര മിനിട്ട് എടുക്കുന്നതെന്ന് ഓര്‍മ്മ വേണം. സോവിയറ്റ് യൂണിയന്റെ അഭിമാനസ്തംഭമായ ഒരു റിയാക്റ്ററില്‍ ഇത്ര വലിയ സുരക്ഷാപഴുത് എല്ലാവര്‍ക്കും ഒരു തലവേദന തന്നെയാണ്'.
'സംഗതിയൊക്കെ ശരി തന്നെ. റിയാക്റ്റര്‍ എന്തെങ്കിലും കാരണവശാല്‍ ഓഫ് ചെയ്യേണ്ടി വരുമ്പൊഴും ടര്‍ബൈന്‍ കുറച്ചു നേരംകൂടി കറങ്ങുമെന്നും ആ കറക്കത്തില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം ഒരു മിനിട്ട് നേരത്തേക്ക് പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പവര്‍ നല്‍കും അപ്പോഴേക്കും ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാകും. അങ്ങനെ ഒന്നര മിനിട്ട് എന്നത് മുപ്പത് സെക്കന്റ് ആക്കി കുറയ്ക്കാം എന്നുമൊക്കെയല്ലേ ഇവരുടെ അനുമാനം. ഇവന്മാര്‍ ഇതിനു മുന്‍പും ഇതേ പരീക്ഷണം നടത്തിനോക്കി പരാജയപ്പെട്ടതല്ലേ? പിന്നെന്താ ഇപ്പോള്‍ വീണ്ടും?'
'ശരിയാണ്, ഇതിനു മുന്‍പും ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇത്തവണ ആള്‍ട്ടര്‍നേറ്ററിലും സ്വിച്ചിംഗ് സ്വീക്വന്‍സിലുമൊക്കെ എന്തൊക്കെയോ മോഡിഫിക്കേഷനുകള്‍ നടത്തിയിട്ടുണ്ടെന്നാണു പറയുന്നത്. എന്തായാലും അതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. ഇന്ന് നമുക്ക് പവര്‍ 700 മെഗാവാട്ടിലേക്ക് കുറച്ച് കൊണ്ടു വന്ന് റിയാക്റ്റര്‍ അവര്‍ക്ക് പരീക്ഷണം നടത്താന്‍ നല്‍കണം. അതിനുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തിക്കഴിഞ്ഞിട്ടുണ്ട്. സേഫ്റ്റി അലാമുകളും ഓട്ടോമാറ്റിക് ഷട്ട് ഡൗണുമൊക്കെ ഡിസേബിള്‍ ചെയ്തിട്ടുള്ളതു കാരണം മാന്വല്‍ കണ്ട്രോള്‍ സിസ്റ്റത്തില്‍ ഒന്ന് ശ്രദ്ധ വച്ചേക്കണം കേട്ടോ'.
'ഹേയ് കോമ്രേഡ്‌സ്.. സമയം 11: 04. ഗ്രിഡ്ഡിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിരിക്കുന്നു. എത്രയുംവേഗം നമുക്ക് പരീക്ഷണത്തിനായി
റിയാക്റ്റര്‍ പവര്‍ കുറച്ച് കൊണ്ടുവരണം. എല്ലാരും അത്താഴമൊക്കെ കഴിച്ച് ഉഷാറല്ലേ?', പ്ലാന്റ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അനാറ്റലി ദൈത്തലോവിന്റെ പരുക്കന്‍ ശബ്ദം.
'ടപ്റ്റുണോവ്... കണ്ട്രോള്‍ റോഡുകള്‍ താഴ്ത്തിക്കൊണ്ട് പവര്‍ ലെവല്‍ കുറയ്ക്കൂ'.
ടപ്റ്റുണോവ് പണി തുടങ്ങി. കണ്ട്രോള്‍ റോഡുകള്‍ റിയാക്റ്ററിലേക്ക് ഇറക്കുന്ന സ്വിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ റിയാക്റ്റര്‍ പവര്‍ പരീക്ഷണം തുടങ്ങാനാവശ്യമായ കുറഞ്ഞ ഊര്‍ജ്ജനിലയായ 700 മെഗാവാട്ടില്‍ എത്തി. അവിടം കൊണ്ട് നില്‍ക്കേണ്ടതാണ്. പക്ഷേ പവര്‍ലെവല്‍ തനിയേ ക്രമമായി കുറഞ്ഞ്‌കൊണ്ടിരിക്കുന്നു.
'സഖാവേ പവര്‍ നമ്മളുദ്ദേശിക്കുന്നിടത്ത് നില്‍ക്കുന്നില്ലല്ലോ. അഞ്ഞൂറിലും കുറഞ്ഞുവരുന്നു. ഇത് റിയാക്റ്റര്‍ പോയ്‌സണിംഗ് ആണോ എന്ന് സംശയമുണ്ട്'.
ന്യൂക്ലിയര്‍ റിയാക്റ്ററുകളില്‍ ഉണ്ടാകുന്ന ഉപോല്പന്നമായ സെനോണ്‍-135 എന്ന വാതകത്തിനൊരു പ്രത്യേകതയുണ്ട്. അത് ന്യൂട്രോണുകളെ ആഗിരണം ചെയ്ത് ഫിഷന്‍ പ്രവര്‍ത്തനത്തിന്റെ വേഗം കുറയ്ക്കുന്നു. സാധാരണ അവസ്ഥയില്‍ സെനോണ്‍ വാതകങ്ങള്‍ വളരെ എളുപ്പത്തില്‍ കത്തിയെരിഞ്ഞ് പോകുന്നതിനാല്‍ അത് റിയാക്റ്ററിന്റെ പ്രവര്‍ത്തനത്തെ അത്രകണ്ട് സ്വാധീനിക്കാറില്ല. പക്ഷേ പവര്‍ കുറയുന്ന അവസരങ്ങളില്‍ ഇതിന്റെ പ്രഭാവം കൂടുതലാണ്. ഇത് റിയാക്റ്ററിന്റെ പ്രവര്‍ത്തനത്തെ ശക്തമായി സ്വാധീനിച്ച് പവര്‍ ക്രമാതീതമായി കുറയ്ക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് റിയാക്റ്റര്‍ പോയ്‌സണിംഗ് എന്നത്.
'ടപ്റ്റുണോവ് നിനക്കറിയില്ലേ ലോ പവര്‍ കട്ട് ഓഫ് സര്‍ക്കീട്ടറി ഡിസേബിള്‍ ചെയ്തു വച്ചിരിക്കുകയാണ്. അത് കട്ട് ഓഫ് ചെയ്യാതെ ഈ പരീക്ഷണം നടത്താന്‍ പറ്റില്ല. നീ പറഞ്ഞതുപോലെ റിയാക്റ്റര്‍ പോയ്‌സണിംഗിന്റെ സാദ്ധ്യതയുണ്ട്. പക്ഷേ നീ ഈ അവസ്ഥയിലും കണ്ട്രോള്‍ റോഡുകള്‍ ഇത്രയും അധികം ഇറക്കി വച്ചിരിക്കുന്നതെന്തുകൊണ്ടാണ്? ഉടന്‍ അത് ശരിയാക്ക്'.
'ഒരു രക്ഷയുമില്ല അകിമോവ് സഖാവേ... ഈ നിലയില്‍ തുടരുന്നത് അപകടമാണ്. നിങ്ങള്‍ ദൈതലോവിനെ വിവരം ധരിപ്പിക്കൂ'.
അപ്പോഴേക്കും റീയാക്റ്റര്‍ പവര്‍ വെറും 30 മെഗാവാട്ടിലേക്ക് എത്തിയിരുന്നു. ഈ സ്ഥിതിയില്‍ റിയാക്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടകരമാണെന്നും ഉടന്‍ റിയാക്റ്റര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കുന്നതായിരിക്കും സുരക്ഷിതമെന്നും അകിമോവ് ദൈതലോവിന് മുന്നറിയിപ്പ് നല്‍കി.
'റിയാക്റ്റര്‍ ഓഫ് ചെയ്യാന്‍ ഒരു തരത്തിലും പറ്റില്ല. ഇവിടെ കുഴപ്പം റീയാക്റ്ററിന്റേതല്ല, നിങ്ങളുടേതാണ്. എനിക്കൊന്നും കേള്‍ക്കേണ്ടതില്ല. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മഠയന്മാര്‍. പവര്‍ ലെവല്‍ ഉയര്‍ത്താന്‍ വേണ്ട പണി ചെയ്യാന്‍ നോക്ക്. പരീക്ഷണം ഇന്നുതന്നെ ചെയ്യേണ്ടതുണ്ട്'.
'ഏയ് ടപ്റ്റണോവ്.. കണ്ട്രോള്‍ റോഡുകള്‍ ഉയര്‍ത്തി പവര്‍ കൂട്ടുക. റിയാക്റ്റര്‍ ഓഫ് ചെയ്യാന്‍ പറ്റില്ല. ഓട്ടോമാറ്റിക് ഷട് ഡൗണ്‍ സിസ്റ്റം ഞാന്‍ ഡിസേബിള്‍ ചെയ്തു കഴിഞ്ഞു'.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും ടപ്റ്റണോവിന് മേലധികാരികളുടെ ഉത്തരവ് അനുസരിക്കേണ്ടി വന്നു. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയതിനാല്‍ കണ്ട്രോള്‍ റോഡുകളെ മാന്വല്‍ ആയിത്തന്നെ ഉയര്‍ത്താന്‍ തുടങ്ങി. പവര്‍ ക്രമേണ ഉയര്‍ന്ന് 200 മെഗാവാട്ടില്‍ എത്തിച്ചു. എത്ര ശ്രമിച്ചിട്ടും അതിലും കൂടുതല്‍ പവര്‍ ലെവല്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
'ശരി.. ഇപ്പോള്‍ ഇത്രയും മതി. ഈ ലെവലില്‍ തന്നെ പരീക്ഷണം തുടങ്ങാം', അക്ഷമനായ ദൈതലോവിന്റെ പുതിയ ഉത്തരവ്.
'ഇയാള്‍ എന്ത് വിഡ്ഡിത്തമാണീ പറയുന്നത്. ഈ റീയാക്റ്ററിന്റെ ഓപ്പറേറ്റിംഗ് മാന്വലില്‍ തന്നെ പറയുന്നുണ്ട്. 700 മെഗാവാട്ടില്‍ കുറവ് ഊര്‍ജ്ജനിലയില്‍ ഒരിക്കലും പ്രവര്‍ത്തിപ്പിക്കരുതെന്ന്. സാറും പഠിച്ചിട്ടില്ലേ RBMK റിയാക്റ്ററുകള്‍ കുറഞ്ഞ ഊര്‍ജ്ജനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അസ്ഥിരമാകുമെന്നും നിയന്ത്രിക്കാന്‍ വിഷമമാണെന്നുമൊക്കെ. ഇപ്പോള്‍ ഇങ്ങനെ പവര്‍ ലെവല്‍ ഉയര്‍ത്തി പ്രവര്‍ത്തിപ്പിക്കുന്നത് ഹാന്‍ഡ് ബ്രേക്ക് ഇട്ട് കാര്‍ ഓടിക്കുന്നതുപോലെയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ എന്നെ കിട്ടില്ല'.
RBMK റിയാക്റ്ററുകളുടെ വളരെ പ്രധാനപ്പെട്ട ഒരു ന്യൂനതയാണ് ടപ്റ്റണോവ് അവിടെ ചൂണ്ടിക്കാണിച്ചത്. ഇതര റിയാക്ടറുകളില്‍ നിന്ന് വ്യത്യസ്തമായി RBMK റിയാക്ടറുകള്‍ക്ക് ഘടനാപരമായിത്തന്നെ ചില ന്യൂനതകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പോസിറ്റീവ് വോയ്ഡ് കോയിഫിഷ്യന്റ് മൂലമുണ്ടാകുന്ന അപകടകരമായ തെര്‍മ്മല്‍ റണ്ണവേ എന്ന അവസ്ഥ. റിയാക്റ്ററിന്റെ കോര്‍ തണുപ്പിക്കാനുള്ള കൂളന്റ് ആയി ഈ റിയാക്റ്ററുകളില്‍ ഉപയോഗിക്കുന്നത് ജലം ആണ്. മറ്റു റിയാക്റ്ററുകളില്‍ ഇതേ ജലം തന്നെ മോഡറേറ്റര്‍ ആയും പ്രവര്‍ത്തിക്കുമ്പോള്‍ RBMK റിയാക്റ്ററുകളില്‍ മോഡറേറ്ററിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത് ഗ്രാഫൈറ്റ് ആണ്. ഇവിടെ ജലത്തിന്റെ ന്യൂട്രോണ്‍ മോഡറേഷന്‍ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ കൂളന്റ് ആയി ഉപയോഗിക്കുന്ന ജലം റിയാക്റ്റര്‍ പവറിനെ സ്വാധീനിക്കുന്ന മോഡറേറ്റര്‍ ആയും പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഇതുകൂടി കണക്കിലെടുത്തുകൊണ്ടുള്ള അതിസൂഷ്മമവും സങ്കീര്‍ണ്ണവുമായ നിയന്ത്രണ സംവിധാനങ്ങള്‍ ഇത്തരം റിയാക്റ്ററുകള്‍ക്ക് അത്യാവശ്യമാകുന്നു.
റിയാക്റ്ററിലെ കൂളന്റ് ആയി ഉപയോഗിക്കുന്ന ജലത്തിന്റെ ന്യൂട്രോണ്‍ ആഗിരണശേഷി ഊഷ്മാവ് കൂടുന്തോറും കുറഞ്ഞ് കുറഞ്ഞ് വരുന്നു. ഇത്തരത്തില്‍ ജലം നീരാവി ആകുമ്പോള്‍ ന്യൂട്രോണ്‍ ആഗിരണശേഷി വളരെ കുറയുകയും ചെയിന്‍ റിയാക്ള്‍ഷന്‍ വേഗത കൂടി കൂടുതല്‍ ഊര്‍ജ്ജം പുറത്ത് വരുന്നു. ഇത്തരത്തില്‍ കൂടുതലായി ഉണ്ടാകുന്ന ഊര്‍ജ്ജം കൂടുതല്‍ നീരാവി ഉണ്ടാക്കുകയും കൂടുതല്‍ ഫിഷന്‍ ന്യൂട്രോണുകള്‍ ഉണ്ടാവുകയും അതു വഴി വീണ്ടും ഊര്‍ജ്ജ നില ഉയരുകയും ചെയ്യുന്ന ഒരു ചാക്രിക പ്രതിഭാസം അനിയന്ത്രിതമായി സ്‌ഫോടനാത്മകമായ നിലയിലേക്ക് എത്തുന്നു. ഇതിനെ വിളിക്കുന്ന പേരാണ് തെര്‍മ്മല്‍ റണ്ണവേ.
RBMK റിയാക്റ്ററുകളില്‍ ഇത്തരത്തില്‍ തെര്‍മ്മല്‍ റണ്ണവേ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. പ്രത്യേകിച്ച് റിയാക്റ്റര്‍ അതിന്റെ സ്ഥാപിതശേഷിയിലും വളരെ താഴ്ന്ന ഊര്‍ജ്ജ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അസ്ഥിരമാകുന്നതിനാല്‍ നിയന്ത്രണം വളരെ ശ്രമകരമായതിനാല്‍ ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഈ അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. അത്തരം സാഹചര്യങ്ങളില്‍ വളരെ പരിചയ സമ്പന്നരായവര്‍ക്ക് മാത്രമേ പമ്പുകളുടേയും കണ്ട്രോള്‍ റോഡുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് റിയാക്റ്ററിനെ
നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ.
'ടപ്റ്റണോവ് നീ പറയുന്നതൊക്കെ ശരിതന്നെ. പക്ഷേ ആ ദൈതലോവിന് ഈ പരീക്ഷണം ഇന്നുതന്നെ തീര്‍ക്കണമെന്നത് എന്തോ അഭിമാന പ്രശ്‌നമാക്കി എടുത്തിരിക്കുകയാണ്. എന്തായാലും ഞാന്‍ ഒന്നു കൂടി സംസാരിച്ച് നോക്കട്ടെ'.
'കോമ്രേഡ് ദൈതലോവ് -നമ്മൂടെ പരീക്ഷണം നടത്തേണ്ടത് 700 മെഗാവാട്ട് പരിധിയിലാണെന്ന് മാന്വലില്‍ പറയുന്നുണ്ട്. ഇതിപ്പോള്‍ ഇരുനൂറു മെഗാവാട്ടേ ഉള്ളൂ. ഈ നിലയില്‍ പരീക്ഷണം നടത്തുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമായിരിക്കും. ഞാന്‍ പരീക്ഷണം നടത്താം, പക്ഷേ താങ്കള്‍ ലോഗ്ബുക്കില്‍ ഈ വിവരം രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം'.
'അകിമോവ്, തനിക്കറിയാമോ ഞാനാരാണെന്ന്? ഈ പ്ലാന്റിന്റെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും ഈ പരീക്ഷണം നടത്താന്‍ പരമാധികാരമുള്ള ആളും. ആ നിലയ്ക്ക് പരീക്ഷണം 700 മെഗാ വാട്ടില്‍ നടത്തണോ 200 മെഗാ വാട്ടില്‍ നടത്തണമോ എന്നൊക്കെ ഞാന്‍ തീരുമാനിക്കും. എനിക്ക് അതിനുള്ള നിയമപരമായ അധികാരമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ 200 മെഗാവാട്ടില്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ പറയുക. ഞാന്‍ മറ്റാരെയെങ്കിലും കോണ്ട് ചെയ്യിച്ചോളാം. പക്ഷേ നാളെ മുതല്‍ ജോലി വേറെ എവിടെയെങ്കിലും അന്വേഷിച്ചുകൊള്ളുക'.
ദൈതലോവിന്റെ ഭീഷണിക്ക് മുന്നില്‍ അകിമോവ് നിശബ്ദനായി.
പരീക്ഷണം ആരംഭിച്ചു
ടര്‍ബൈനിലേക്കുള്ള നീരാവിയുടെ പ്രവാഹം നിര്‍ത്തി വച്ചു. ഈ സമയത്തും കുറച്ച് നേരം ടര്‍ബൈന്‍ കറങ്ങുമ്പോള്‍ ആ ഊര്‍ജ്ജം ഒരു മിനിട്ട് നേരത്തേക്ക് കൂളന്റ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മതിയാകുമോ എന്നതാണ് പ്രധാന പരീക്ഷണ ലക്ഷ്യം. തികഞ്ഞ അസ്ഥിരാവസ്ഥയിലുള്ള റിയാക്റ്ററിന്റെ പവര്‍ ലെവല്‍ കൂട്ടുന്നതിന്റെ ഭാഗമായി ഈ സമയംകൊണ്ട് കണ്ട്രോള്‍ റോഡുകളില്‍ ഭൂരിഭാഗവും റിയാക്റ്റര്‍ കോറില്‍ നിന്നും പിന്‍വലിക്കപ്പെട്ട് കഴിഞ്ഞിരുന്നു.
പരീക്ഷണത്തിന്റെ ഭാഗമായി ടര്‍ബൈനുകളുടെ വേഗത കുറഞ്ഞതോടെ കൂളന്റ് പമ്പുകളുടെ പമ്പിംഗ് ശേഷി കുറഞ്ഞു. റിയാക്റ്ററിനകത്തേക്ക് പമ്പ് ചെയ്യപ്പെടുന്ന ജലത്തിന്റെ അളവ് കുറഞ്ഞു. ഇത് റിയാക്റ്ററിനകത്തെ ചൂട് വര്‍ദ്ധിപ്പിച്ചു. റിയാക്റ്ററിനകത്തെ ജലം കൂടുതല്‍ നീരാവിയായി മാറാന്‍ തുടങ്ങി. നീരാവിയുടെ അളവ് കൂടിയതോടെ ന്യൂട്രോണ്‍ ആഗിരണ ശേഷി കുറയുകയും കൂടുതല്‍ ന്യൂട്രോണുകള്‍ ഫിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തുടങ്ങുകയും ചെയ്തു. സെക്കന്റുകള്‍ക്കകം തന്നെ ഈ ചാക്രിക പ്രതിഭാസം വിസ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. പവര്‍ ക്രമാനുഗതമായി ഉയരാന്‍ തുടങ്ങി!

ഓരോ സെക്കന്റിലും റിയാക്റ്റര്‍ പവര്‍ കുതിച്ചുയരുന്നത് കണ്ട അകിമോവ് അലറി വിളിച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കി. ഇനി കാത്തുനില്‍ക്കാനാകില്ല റിയാക്റ്റര്‍ എത്രയും പെട്ടന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചേ പറ്റൂ. ഒട്ടും ആലോചിക്കാതെ എമര്‍ജന്‍സി ഷട്ട്ഡൗണ്‍ ബട്ടന്‍ അമര്‍ത്തി. കണ്ട്രോള്‍ റൂമില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. അകിമോവ് പമ്പ് ഓപ്പറേറ്റര്‍മ്മാര്‍ക്കും കണ്ട്രോള്‍ റോഡ് ഓപ്പറേറ്റര്‍മ്മാര്‍ക്കും ഇടയിലൂടെ ഓടി നടന്ന് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നു. ദൈതലോവിന്റെ തൊണ്ടയിലെ വെള്ളം വറ്റിയതുകൊണ്ടോ എന്തോ ശബ്ദമൊന്നും പുറത്ത് വരുന്നില്ല.
ഷട് ഡൗണ്‍ ബട്ടന്‍ അമര്‍ത്തിയതിനു ശേഷവും പവര്‍ ലെവല്‍ കൂടുന്നതേ ഉള്ളൂ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിത്വാനിയയിലെ ഇഗ്‌നാലിന എന്ന പവര്‍ പ്ലാന്റില്‍ ഇതുപോലെ ഒരു സാഹചര്യമുണ്ടായതായും കണ്ട്രോള്‍ റോഡിന്റെ ഡിസൈനിലുള്ള പ്രത്യേകതമൂലം എമര്‍ജന്‍സി ഷട് ഡൗണ്‍ ചെയ്യുന്ന അവസരത്തില്‍ തുടക്കത്തില്‍ പവര്‍ വലിയ തോതില്‍ കൂടുന്നു എന്നും അതിനാല്‍ കണ്ട്രോള്‍ റോഡുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യകതയും വിശദീകരിച്ചുകൊണ്ട് ലഭിച്ച സര്‍ക്കുലര്‍ ഒരു നിമിഷത്തേക്ക് അകിമോവിന്റെ മനസ്സിലേക്ക് ഓടിയെത്തി. ഇഗ്‌നാലിന പവര്‍ പ്ലാന്റില്‍ ഇതുപോലെ ഷട്ട്ഡൗണ്‍ ചെയ്തപ്പോള്‍ പവര്‍ കൂടി, എങ്കിലും ക്രമേണ കുറഞ്ഞ് ഓഫ് ആയി എന്നതിനാല്‍ അതുപോലെത്തന്നെ ഇവിടെയും സംഭവിക്കും എന്ന് അകിമോവ് ഉറച്ച് വിശ്വസിച്ചു.
പക്ഷേ, ആ വിശ്വാസം അസ്ഥാനത്തായിരുന്നു
കണ്ട്രോള്‍ റോഡുകള്‍ മുഴുവനായും റിയാക്റ്റര്‍ കോറിനു വെളിയില്‍ ആയിരുന്നതിനാല്‍ അവയ്ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നു. ഇതോടൊപ്പം റിയാക്റ്റര്‍ കോറിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ജലത്തെ പിന്‍തള്ളി വേണമായിരുന്നു കണ്ട്രോള്‍ റോഡുകള്‍ക്ക് റിയാക്റ്റര്‍ കോറിലേക്ക് കയറേണ്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ ന്യൂട്രോണുകള്‍ ആഗിരണം ചെയ്തുകൊണ്ടിരിക്കുന്ന ജലത്തെ മാറ്റി അതിനു പകരം ന്യൂട്രോണുകളുടെ വേഗത കുറയ്ക്കുക മാത്രം ചെയ്യുന്ന ഗ്രാഫൈറ്റ് കയറിച്ചെല്ലുന്നതോടെ റിയാക്റ്ററിന്റെ ഈ ഭാഗത്തെ ന്യൂട്രോണ്‍ ആഗിരണ ശേഷി കുറയുകയും ഫിഷന്‍ പ്രവര്‍ത്തനത്തിന്റെ ആക്കം കൂടുകയുമാണുണ്ടായത് (ഇത് RBMK റിയാക്റ്ററുകളിലെ കണ്ട്രോള്‍ റോഡുകളുടെ രൂപകല്‍പ്പനയിലുള്ള വലിയ പിഴവായും ചെര്‍ണോബില്‍ ദുരന്തത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായും പിന്നീട് വിലയിരുത്തപ്പെട്ടു).
എമര്‍ജന്‍സി ഷട്ട്ഡൗണ്‍ ബട്ടന്‍ അമര്‍ത്തുന്നതിനു മുന്‍പേ തന്നെ ഉന്നതമര്‍ദ്ദത്താല്‍ റിയാക്റ്റര്‍ കോറിലെ ഫ്യുവല്‍ റോഡുകളില്‍ ചിലത് പൊട്ടിത്തകര്‍ന്നിരുന്നു. ഇത് കണ്ട്രോള്‍ റോഡുകളുടെ ചലനത്തെ തടസ്സപ്പെടുത്തി. കണ്ട്രോള്‍ റോഡുകള്‍ എവിടെയോ തടഞ്ഞിരിക്കുകയാണെന്ന് മനസ്സിലാക്കിയ അകിമോവ് മനുഷ്യശേഷികൊണ്ട് അവയെ താഴ്ത്താനായി രണ്ട് ജൂനിയര്‍ ടെക്‌നീഷ്യന്മാരെ മുകളിലേക്ക് അയച്ചു.
ഓരോ സെക്കന്റിലും പവര്‍ ഇരട്ടിയായിക്കൊണ്ടിരിക്കുന്നു. റിയാക്റ്റര്‍ കോറിലൂടെ ഒട്ടും തന്നെ വെള്ളം ഒഴുകുന്നില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന അലാറം തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ശരാശരി പ്രവര്‍ത്തനശേഷിയായ 3000 മെഗാവാട്ടും കഴിഞ്ഞ് പവര്‍ മുന്നോട്ട് കുതിക്കുന്നു. പവര്‍ മീറ്ററിലേക്ക് നോക്കിയ അകിമോവിനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല പവര്‍ 10000 മെഗാവാട്ടോട് അടുക്കുന്നു. അതായത് പ്രവര്‍ത്തന ശേഷിയുടെ മൂന്നു മടങ്ങ്!
കെട്ടിടം മൊത്തം കുലുക്കിക്കൊണ്ട് അതിശക്തമായ ഒരു പൊട്ടിത്തെറി ശബ്ദം. മൂന്നു സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കൂടുതല്‍ ശക്തമായ മറ്റൊരു പൊട്ടിത്തെറി കൂടി. കണ്ട്രോള്‍ റൂമില്‍ ഇരുട്ട് മൂടി. എല്ലാ മീറ്ററുകളും ലൈറ്റുകളും പ്രവര്‍ത്തനരഹിതമായി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ലൈറ്റുകളുടെ അരണ്ട വെളിച്ചം മാത്രം.
നൂറു ഹിരോഷിമകള്‍ക്ക് തുല്ല്യമായ ഒരു ആണവസ്‌ഫോടനമാണ് തങ്ങളുടെ തലയ്ക്ക് മുകളില്‍ നടന്നതെന്ന് അപ്പോഴും കണ്ട്രോള്‍ റൂമിലുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞില്ല. ടര്‍ബൈനുകള്‍ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ മര്‍ദ്ദവ്യത്യാസം മൂലമുണ്ടാകുന്ന വാട്ടര്‍ ഹാമര്‍ എഫക്റ്റ് ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. ഉയര്‍ന്ന നീരാവിമര്‍ദ്ദം താങ്ങാനാകാതെ റിയാക്റ്റര്‍ കോര്‍ പൊട്ടിത്തെറിച്ചതാണ് ആദ്യ സ്‌ഫോടനം. രണ്ടാമത്തേത് റിയാക്റ്റര്‍ കോറില്‍ ഉന്നത ഊഷ്മാവില്‍ സൃഷ്ടിക്കപ്പെട്ട ഹൈഡ്രജന്‍ മൂലം ഉണ്ടായ ശക്തമായ ഹൈഡ്രജന്‍ എക്‌സ്‌പ്ലോഷന്‍. അത് റിയാക്റ്ററിന്റെ ഉരുക്ക് മേല്‍മൂടി തകര്‍ത്ത് ടണ്‍ കണക്കിനു റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് പ്രവഹിപ്പിച്ചു.
റിയാക്റ്ററില്‍ പൊട്ടിത്തെറി ഉണ്ടായെന്ന വിവരം കണ്ട്രോള്‍ റൂമില്‍ ലഭിച്ചതിനെത്തുടര്‍ന്ന് അകിമോവ്, ടപ്റ്റുണോവ്, ദൈതലോവ് എന്നിവര്‍ ടര്‍ബൈന്‍ റൂമിലേക്ക് എത്തി പരിശോധന നടത്തി. ഉടന്‍ തന്നെ അഗ്‌നിശമനാ വിഭാഗത്തെ വിവരമറിയിച്ചു. അപ്പോഴും അവര്‍ കരുതിയിരുന്നത് റിയാക്റ്ററിനു കേടുപാടുകള്‍ ഒന്നും പറ്റിയിട്ടില്ല എന്നാണ്. ഓക്‌സിലറി പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിക്കാഞ്ഞതു കാരണമുണ്ടായ എന്തോ അപകടമാണെന്നും സ്‌പോടനം ഉണ്ടായത് എമര്‍ജന്‍സി ടാങ്കില്‍ ആണെന്ന് തെറ്റിദ്ധരിച്ച ദൈതലോവ് തന്റെ മേലധികാരികളെ റിയാക്റ്റര്‍ സുരക്ഷിതമാണെന്ന വിവരം തന്നെയാണു ധരിപ്പിച്ചത്.
ദൈതലോവിന്റെ നിര്‍ദ്ദേശപ്രകാരം എമര്‍ജന്‍സി കൂളിംഗ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അകിമോവും സംഘവും ശ്രമിച്ചെങ്കിലും വയറിംഗ് മുഴുവന്‍ താറുമാറായതിനാല്‍ അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങളില്‍ റിയാക്റ്ററിലേക്ക് വെള്ളം ഒഴുക്കാനുള്ള എമര്‍ജന്‍സി ടാങ്കിലെ വാല്‍വുകള്‍ തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈ സമയത്തൊന്നും അനുവദനീയമായതിലും നൂറു മടങ്ങ് റേഡിയേഷന്‍ ഏറ്റുകൊണ്ടിരിക്കുകയായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. റേഡിയേഷന്‍ അളക്കുന്ന ഉപകരണമായ ഡോസിമീറ്ററുകള്‍ അതിന്റെ പരിധിയും കഴിഞ്ഞ് ഓവര്‍ ഷൂട്ട് ചെയ്യുന്നത് കണ്ട് അത് മീറ്ററിന്റെ തകരാറായിരിക്കും എന്നാണവര്‍ വിശ്വസിച്ചത്.
നേരം പുലര്‍ന്നപ്പോഴേയ്ക്കും ശക്തമായ റേഡിയേഷന്‍ ഏറ്റതിനെത്തുടര്‍ന്നുണ്ടായ ശാരീക അസ്വസ്ഥതകള്‍ അകിമോവിനേയും കൂട്ടരേയും ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് ആഴ്ച്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞ് അവസാനം മരണത്തിനു കീഴടങ്ങുമ്പോഴും അകിമോവ് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിലും ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ടപ്റ്റണോവും വിധിക്ക് കീഴടങ്ങി. കഥയിലെ വില്ലന്‍ കഥാപാത്രമായ ദൈതലോവ് ആകട്ടെ കഷ്ടിച്ച് രക്ഷപ്പെട്ടു. എങ്കിലും ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന്റെ പ്രധാന കാരണക്കാരനായി പ്രതിചേര്‍ക്കപ്പെട്ട് ആരാലും വെറുക്കപ്പെട്ടവനായി ജീവിക്കാന്‍ വിധിക്കപ്പെട്ടു.
RBMK റിയാക്റ്ററിന്റെ രൂപകല്പനയിലുള്ള തകരാറുകളും ഓപ്പറേറ്റര്‍മ്മാരുടെ പിഴവുകളും ഒത്തുചേര്‍ന്നതാണ് ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തത്തിനു വഴിവച്ചതെന്ന് എല്ലാ സ്വന്തന്ത്ര അന്വേഷണ ഏജന്‍സികളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ചെര്‍ണോബില്‍ ദുരന്ത സമയത്ത് പരീക്ഷണത്തിനു നേതൃത്വം നല്‍കിയ അനാറ്റലി ദൈതലോവിനെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. കീഴുദ്യോഗസ്ഥര്‍ റിയാക്റ്ററിന്റെ അപകടകരമായ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ചുവെങ്കിലും അത് അവഗണിക്കുകയും പരീക്ഷണം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ദൈതലോവിനെ പ്രധാന ഉത്തരവാദിയായിക്കണ്ട് പത്തു വര്‍ഷത്തെ ജയില്‍വാസം ശിക്ഷയായി നല്‍കുകയുണ്ടായി.
അഞ്ചു വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങിയ ദൈതലോവ് ചെര്‍ണോബില്‍ ദുരന്തത്തിനാസ്പദമായ സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് തന്റെ നിരപരാധിത്വം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഇതില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് റിയാക്ടറിന്റെ രൂപകല്പനയിലുള്ള ഗുരുതരമായ പിഴവുകളെയാണ്. ചെര്‍ണോബില്‍ റിയാക്റ്ററിന്റെ രൂപകല്പനയില്‍ സുവ്യക്തമായ പിഴവുകള്‍ ഉണ്ടെങ്കിലും അതിന്റെ പേരില്‍ ആരും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. എങ്കിലും ദുരന്താനന്തരം റഷ്യയിലെ എല്ലാ RBMK റിയാക്റ്ററുകളും തിടുക്കത്തില്‍ തന്നെ അടച്ചുപൂട്ടപ്പെടുകയോ പിഴവുകളടച്ച് പുതുക്കപ്പെടുകയോ ചെയ്തു.
RBMK റിയാക്റ്ററുകളുടെ കണ്ട്രൊള്‍ റോഡുകളുടെ രൂപകല്പനയില്‍ മാറ്റങ്ങള്‍ വരുത്തി, റിയാക്റ്ററില്‍ തെര്‍മ്മല്‍ റണ്ണവേയ്ക്ക് കാരണമാകുന്ന പോസിറ്റീവ് വോയ്ഡ് കോയിഫിഷ്യന്റ് പൂജ്യത്തിനടുത്തേയ്ക്ക് കുറച്ച് കൊണ്ടുവന്നു, സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കഴിയാത്ത രീതിയിലാക്കി.
ഇത്ര വലിയൊരു ദുരന്തം ഉണ്ടായിട്ടും. ഏറ്റവും അപകടകരമായ രീതിയില്‍ റേഡിയേഷന്‍ ലീക്കേജ് ഉണ്ടായിട്ടും അത് തിരിച്ചറിയുന്നതിനും അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ചെര്‍ണോബില്‍ പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ അതി ദയനീയമായി പരാജയപ്പെട്ടു. അടിസ്ഥാനപരമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും എടുക്കാതെയാണ് അവര്‍ ആദ്യഘട്ടങ്ങളില്‍ ദുരന്താനന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ച അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് ഇതിനെക്കുറിച്ച് യാതൊരു മുന്നറിയിപ്പുകളും നല്‍കാതിരുന്നതിനാല്‍ ആ ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ ആയത് അവര്‍ തന്നെ ആയിരുന്നു. തീയണയ്ക്കാന്‍ വെള്ളം പമ്പു ചെയ്യുക എന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാനില്ലായിരുന്നു.
ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയുന്ന വസ്തുക്കള്‍ സൈനിക ഹെലിക്കോപ്റ്ററുകളുടെ സഹായത്താല്‍ റിയാക്റ്ററിനു മുകളിലേക്ക് ചൊരിയാന്‍ തുടങ്ങി. ഇത്തരത്തില്‍ അയ്യായിരം ടണ്ണോളം ബോറോണ്‍, ഡോളോമൈറ്റ്, മണല്‍, ലെഡ് സംയുക്തങ്ങള്‍ ഇതിനായി ആവശ്യമായി വന്നു.
റിയാക്റ്ററിനു ചുറ്റുമുള്ള പ്രിപിയത് നഗരം അതിഭീകരമായ തോതില്‍ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ജനങ്ങളെ ഒന്നാകെ ഒഴിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനത്തിലെത്താന്‍ അധികൃതര്‍ ഒരു ദിവസം എടുത്തു. അപ്പോഴേയ്ക്കും അവരെല്ലാം അനുവദനീയമായതിലും എത്രയോ മടങ്ങ് അധികം റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്നു. ചെര്‍ണോബില്‍ പ്ലാന്റില്‍ ചെറിയൊരു അപകടമുണ്ടായതിനെത്തുടര്‍ന്നുള്ള റേഡിയേഷന്‍ ഭീഷണി ഒഴിവാക്കാനായി രണ്ടു ദിവസത്തേക്ക് എല്ലാവരേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് ഉടുതുണിക്ക് മറുതുണി പോലും എടുക്കാതെ വണ്ടി കയറിയ പ്രിപിയത്തുകാര്‍ അത് ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത ഒരു യാത്രയായിരിക്കും എന്ന് തിരിച്ചറിഞ്ഞില്ല. മൂന്നു മണിക്കൂറുകള്‍ക്കകം അമ്പതിനായിരത്തിലധികം പേര്‍ അധിവസിച്ചിരുന്ന പ്രിപിയത്ത് എന്ന മനോഹരമായ കൊച്ചു നഗരം ആളൊഴിഞ്ഞ പ്രേതഭൂമിയായി മാറി.

ആദ്യഘട്ടത്തില്‍ പത്തു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഉള്ളവരെ മാത്രമായിരുന്നു ഒഴിപ്പിച്ചത്. എങ്കിലും റേഡിയേഷന്‍ തോത് അതി ഭീകരമായ തോതില്‍ വര്‍ദ്ധിച്ചതിനാല്‍ റിയാക്ടറിനു മുപ്പത് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാവരേയും ഒഴിപ്പിക്കേണ്ടി വന്നു. ഇത് ചെര്‍ണോബില്‍ എക്‌സ്‌ക്ലൂഷന്‍ സോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ചെര്‍ണോബില്‍ ദുരന്തത്തെക്കുറിച്ച് റഷ്യക്കാര്‍ അറിയുന്നതിനും മുന്‍പേ തന്നെ ആ വാര്‍ത്ത പുറത്തു വിട്ടത് സ്വീഡിഷ് മാദ്ധ്യമങ്ങളാണ്. സ്വീഡനിലെ ആണവശാസ്ത്രജ്ഞര്‍ ചെര്‍ണോബില്‍ ദുരന്തത്തിനു ശേഷം അന്തരീക്ഷത്തില്‍ റേഡിയേഷന്റെ തോത് വളരെ അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചതായി കണ്ടെത്തി. സ്വന്തം ആണവനിലയങ്ങളെല്ലാം വിശദമായി പരിശോധിച്ചിട്ടും കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. അപ്പോഴാണ് യുക്രൈനിന്റെ ദിശയില്‍നിന്നു വരുന്ന കാറ്റിലാണ് റേഡിയേഷന്‍ തോത് കൂടുതലായി കാണുന്നതെന്ന് മനസ്സിലാക്കിയത്. അങ്ങിനെയാണ് സോവിയറ്റ് യൂണിയനില്‍ എവിടെയോ അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന നിഗമനത്തിലെത്തിയത്.
രണ്ടാഴ്ച്ചകള്‍ക്ക് ശേഷം മെയ് 14 നാണ് മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതായി സമ്മതിച്ചത് തന്നെ.
ഈ ദുരന്തത്തിന്റെ കഷ്ടപ്പാട് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നവരില്‍ സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളും ഉണ്ടായിരുന്നു. അപകടം ഉണ്ടായ സമയത്ത് സ്‌ഫോടനത്തില്‍ വെറും രണ്ടുപേര്‍ മാത്രമേ മരിച്ചുള്ളൂ എങ്കിലും സ്വതന്ത്ര ഏജന്‍സികളുടെ കണക്കുകൂട്ടല്‍ പ്രകാരം കുറഞ്ഞത് 4000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. 93000 ക്യാന്‍സര്‍ രോഗികള്‍ വേറെയും. ചെര്‍ണോബില്‍ യൂണിയന്‍ ഓഫ് യുക്രൈന്‍ എന്ന NGO യുടെ കണക്കുകള്‍ പ്രകാരം ഇതുവരെ ഈ അപകടം എട്ടു ലക്ഷത്തിലധികം മരണങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണമായിട്ടുണ്ട്. അതിശക്തമായ റേഡിയേഷന്‍ നേരിട്ട് ഏറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ റേഡിയേഷന്‍ തടയുന്ന ഗ്രാഫൈറ്റ് ശവപ്പെട്ടികളില്‍ ആണ് അടക്കം ചെയ്തിരിക്കുന്നത്.
200 ടണ്ണില്‍ അധികം ആണവ ഇന്ധനം ദുരന്തശേഷവും ചെര്‍ണോബില്‍ റിയാക്റ്ററില്‍ അവശേഷിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം നാല്പതിനായിരം ടണ്ണിലധികം വരുന്ന റേഡിയോ ആക്റ്റീവ് സംയുക്തങ്ങളും. ഇവയില്‍നിന്നെല്ലാമുള്ള റേഡിയേഷന്‍ പുറത്തേക്ക് വ്യാപിക്കാതിരിക്കാന്‍ വേണ്ടി ആദ്യപടിയായി ഒരു താല്കാലിക കവചം ഉണ്ടാക്കിയെടുത്തു. Sarcophagus എന്നറിയപ്പെടുന്ന ഈ കവചത്തിന്റെ ആയുസ്സ് മുപ്പത് വര്‍ഷം ആയിരുന്നു കണക്കാക്കപ്പെട്ടത്. റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ ഭൂഗര്‍ഭ ജലവുമായി കലരാതിരിക്കാന്‍ റിയാക്റ്ററിനടിയിലായി കനത്ത കോണ്‍ക്രീറ്റ് പാളികള്‍ നിര്‍മ്മിച്ചെടുത്തു. ഇതിനായി കല്‍ക്കരി ഖനനയന്ത്രങ്ങളും പരിചയ സമ്പന്നരായ ഖനിത്തൊഴിലാളികളെയും ആണുപയോഗിച്ചത്.

ഇപ്പോള്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരമുള്ള - റീയാക്റ്റര്‍ നമ്പര്‍ 4 നെയും അതിന്റെ പഴയ കവചത്തെയും ഒന്നാകെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന-നൂറു വര്‍ഷത്തിലധികം ആയുസ്സ് കണക്കാക്കപ്പെടുന്ന ഒരു പടുകൂറ്റന്‍ റേഡിയോ ആക്റ്റീവ് സംരക്ഷണ കവചം അന്താരാഷ്ട്ര സാമ്പത്തിക സാങ്കേതിക സഹായത്തോടെ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ട്. നാലാം നമ്പര്‍ റിയാക്ടറില്‍നിന്നു മുന്നൂറു മീറ്റര്‍ അകലെ നിരക്കി നീക്കാന്‍ കഴിയുന്ന തരത്തില്‍ റയിലുകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച ഈ പടുകൂറ്റന്‍ നിര്‍മ്മിതി 2016 നവംബറില്‍ ദുരന്തം നടന്ന റിയാക്റ്റര്‍ നമ്പര്‍ 4 നു മുകളിലേക്ക് നിരക്കി നീക്കി. ഇതൊരു ലോക റെക്കോഡ് കൂടിയാണ്. ഇത്രയും വലിയൊരു മനുഷ്യ നിര്‍മ്മിതി ഇതിനുമുന്‍പ് ഇത്തരത്തില്‍ നിരക്കി നീക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
ഉയര്‍ന്ന റേഡിയേഷന്‍ ഭീഷണി മൂലം നിര്‍മ്മാണ ജോലികള്‍ വളരെ മന്ദഗതിയില്‍ ആയതിനാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു മനുഷ്യന് ഒരു വര്‍ഷത്തില്‍ അനുവദനീയമായ റേഡിയോ വികിരണ പരിധി ഈ റിയാക്റ്ററിനകത്ത് പത്തു മിനിട്ട് ചെലവഴിച്ചാല്‍ തന്നെ കഴിയും എന്നറിയുന്നതിലൂടെ ജോലിക്കാര്‍ക്ക് എത്ര
നേരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും എന്ന് മനസ്സിലാക്കാവുന്നതാണല്ലോ. ദുരന്തം നടന്ന് മൂന്നു ദശാബ്ദങ്ങള്‍ക്ക് ശേഷവും ഇതാണു സ്ഥിതി എങ്കില്‍ ആദ്യകാല സംരക്ഷണകവചങ്ങള്‍ വളരെ അപകടകരമായ സാഹചര്യത്തില്‍ നിര്‍മ്മിച്ചവരെയും റിയാക്റ്ററിലെ തീ അണയ്ക്കാന്‍ പ്രയത്‌നിച്ച അഗ്‌നിശമന സേനാംഗങ്ങളെയും സൈനികരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് കോടാനുകോടി ജനങ്ങളുടെ ജീവന്‍ രക്ഷിച്ച ആ ചെര്‍ണോബില്‍ ഹീറോസിനു ലോകം കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍.
ചെര്‍ണോബില്‍ എക്‌സ്‌ക്ലൂഷന്‍ സോണ്‍ ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. റേഡിയേഷന്‍ ഭീഷണിയില്ലാത്ത ഇടങ്ങളില്‍ വിനോദ സഞ്ചാരികളെ അനുവദിക്കുന്നുണ്ട് എങ്കിലും കെട്ടിടങ്ങളിലും മറ്റും പ്രവേശിക്കാന്‍ അനുമതിയില്ല. ദുരന്തസമയത്ത് ഒഴിഞ്ഞ് പോയവര്‍ക്ക് അവരുടെ വീടുകളും സ്ഥലവും സന്ദര്‍ശിക്കാനുള്ള അനുമതിയും ഉണ്ട്. എല്ലാ വിധ എതിര്‍പ്പുകളേയും അവഗണിച്ച് റേഡിയേഷനെ ഭയക്കാതെ ജനിച്ചു വളര്‍ന്ന നാട് വിട്ടു പോകാന്‍ ഇഷ്ടമില്ലാത്ത കുറച്ചു പേര്‍ ചെര്‍ണോബില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ചെര്‍ണോബില്‍ എക്‌സ്‌ക്ലൂസീവ് സോണില്‍ സ്ഥിരതാമസക്കാരായുമുണ്ട്. ഇവര്‍ക്ക് കൂട്ടായി ഇപ്പോഴും ഉള്ളില്‍ കനലെരിയുന്ന ചെര്‍ണോബിലിനെ പരിപാലിക്കുന്ന കുറേ ജീവനക്കാരും സൈനികരും വേറെയും.
അവലംബം -
https://www.youtube.com/watch?v=ITEXGdht3y8
https://en.wikipedia.org/wiki/Chernobyl_disaster