ഗരത്തിലെ 24 നീർത്തടങ്ങളിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള മാസ്റ്റർ പ്ലാൻ ഒരുങ്ങി. ഒട്ടുമിക്ക ഭാഗങ്ങളിലേയും ജലസ്രോതസ്സുകൾ മലിനമാണ്. ഈ സാഹചര്യത്തിൽ അവയിൽ ശുദ്ധജലം നിലനിർത്തുന്നതിനാവശ്യമായ പദ്ധതികളാണ് മാസ്റ്റർ പ്ലാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.

ഹരിതകേരളം മിഷന്റെ ഭാഗമായി കോർപ്പറേഷൻ ജില്ലാതല സാങ്കേതികസമിതിയാണ് നീർത്തടങ്ങളിലെ വിവരശേഖരണം നടത്തിയത്. ജലസേചനം, കൃഷി, തൊഴിലുറപ്പ്, തദ്ദേശവകുപ്പ്, ഭൂജലവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണീസമിതി. 2018 നവംബറിൽ കരട് പ്ലാനിന് അംഗീകാരം കിട്ടിയിരുന്നു. അതിന്റെ അസൽ റിപ്പോർട്ടിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ജലാശയങ്ങളിൽ തെളിനീർ നിറയട്ടെ

ജലസേചന വകുപ്പിന് ചെയ്യാവുന്നതും തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കാവുന്നതും കോർപ്പറേഷൻ ചെയ്യേണ്ടതുമായ പ്രവർത്തനങ്ങളാണ് മാസ്റ്റർ പ്ളാനിലുള്ളത്. കോടികളുടെ പദ്ധതികളാണവ. ഇതിനുപുറമെ ബി.കെ. കനാലിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ഫ്ളഡ് കൺട്രോൾ ഗേറ്റ്, കനോലി കനാൽ വികസനത്തിനുള്ള ആശയങ്ങൾ, കൃഷ്ണക്കടവ്-മാളിക്കടവ് ബണ്ട് നിർമാണം, പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവയുമെല്ലാം കോർപ്പറേഷൻ സമഗ്രവികസനത്തിനായി നിർദേശിക്കുന്നു. ഒരുപാട് നിർദേശങ്ങൾ മാസ്റ്റർപ്ലാനിൽ വെച്ചിട്ടുണ്ടെന്നും അതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.

പ്രധാന നിർദേശങ്ങൾ

* അടിഞ്ഞുകൂടിയ മണ്ണ്, ചെളി, പായൽ എന്നിവ നീക്കുക.

* കിണറുകളുടെയും കുളങ്ങളുടെയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുക. ഇടിഞ്ഞുകിടക്കുന്ന ഭിത്തി പുനഃസ്ഥാപിക്കുക.

* സംഭരണശേഷി കൂട്ടുക

* തോടുകളുടെ ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കുക. മാലിന്യം തള്ളാതിരിക്കാൻ വല കെട്ടുക

* മഴവെള്ളച്ചാലുകൾ കൃത്യമായി നിർമിക്കുക

* അഴുക്കുചാലുകളിൽനിന്നുള്ള മലിനജലം കുടിവെള്ള സ്രോതസ്സുകളിലേക്ക് എത്തുന്നത് തടയുക. ഓടകളുടെ ആഴം കൂട്ടുക.

* ശാസ്ത്രീയമായ മലിനജല സംസ്കരണം ഒരുക്കുക

* പാടശേഖരങ്ങൾ, ചിറ മണ്ണിട്ട് നികത്താതിരിക്കുക

* നീർവാർച്ചയുള്ള പ്രദേശത്ത് കുളം നിർമിക്കണം

75 വാർഡുകൾ - 24 നീർത്തടങ്ങൾ

ബേപ്പൂർ, കണ്ണാടിക്കൽ, കോട്ടൂളി, കോവൂർ, കുറുമ്പക്കാട്ടുശ്ശേരി, കുറ്റിച്ചിറ, കുറ്റിയിൽ, മാങ്കുനിത്തോട്, നടക്കാവ്, ഒടുമ്പ്ര, പാറക്കടവ്, പെരുന്തുരുത്തി, പുതിയങ്ങാടി ഒന്ന്, പുതിയങ്ങാടി രണ്ട്, പുതിയങ്ങാടി മൂന്ന്, പുഴമ്പ്രം, വളയനാട് ഒന്ന്, വളയനാട് രണ്ട്, വേങ്ങേരി, വിരിപ്പിൽ, മാമ്പുഴ, പൂളക്കടവ്, ബേപ്പൂർ രണ്ട്, മാറാട് എന്നിവയാണ് നീർത്തടങ്ങൾ.

പൊതു-സ്വകാര്യ കുളം, കിണർ, തോടുകൾ, ചിറ, കനാൽ, വയൽ തുടങ്ങിയ ജലസ്രോതസ്സുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. പ്രദേശത്തെ കുടിവെള്ള പ്രശ്നം, ജലലഭ്യത, മണ്ണ്, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം പഠനത്തിന്റെ ഭാഗമായി.

60 ശതമാനം ആളുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കിണറുകളെയാണ്. 56,748 കുടുംബങ്ങൾ വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്നു. 2030 ആവുമ്പോഴേക്കും ഇത് പത്തിരട്ടിയോളം കൂടുമെന്നാണ് കണക്കാക്കുന്നത്.

മലിനമായ ജലാശയങ്ങൾ

നീർത്തടങ്ങളിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ജലസ്രോതസ്സുകൾ മലിനമായിട്ടും ഉപയോഗശൂന്യമായിട്ടുമുണ്ട്. കുളം, തോടുകൾ എന്നിവയെല്ലാം ചെളി നിറഞ്ഞുകിടക്കുകയാണ്. 32 ഇടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഭൂഗർഭജലം പോലും പലയിടത്തും കുടിവെള്ള യോഗ്യമല്ല.

കോട്ടൂളി തണ്ണീർത്തടത്തിൽ ഉള്ളത് രണ്ട് തോടും 13 കുളങ്ങളുമാണ് ആകെ 29 ജലസ്രോതസ്സുകളുണ്ട്. ഇവ പൊതുവെ മലിനമായി കിടക്കുകയാണ്. കുന്നും കനാലും കണ്ടലും ഉൾപ്പെടുന്നതാണ് ഈ നീർത്തടപ്രദേശം. മുന്നൂറിനം പുഷ്പിത സസ്യങ്ങൾ, കണ്ടലിന്റെ ഏഴ് സ്പീഷീസ്, ഏഴിനം ആൽമരം എന്നിവയും ഉണ്ട്. പരിസ്ഥിതി അതിലോലപ്രദേശമായതിനാൽ നിർമാണപ്രവർത്തനം പാടില്ലെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം പലതരം മാലിന്യംനിറഞ്ഞും ചെളിയടിഞ്ഞും കിടക്കുകയാണ്.

ആവിക്കൽ തോടുൾപ്പെടെയുള്ള ഭാഗമാണ് കുറുമ്പക്കാട്ടുശ്ശേരി നീർത്തടം. കാമ്പുറം തോടും ഇവിടെയാണ്. ഒൻപത് കുളങ്ങളുമുണ്ട്. എന്നാൽ തോടുകളിലുൾപ്പെടെ മാലിന്യം നിറഞ്ഞിരിക്കുന്നു. കുറ്റിച്ചിറ നീർത്തടത്തിലെ മിക്ക കുളങ്ങളും ഉപയോഗിക്കുന്നത് കുളിക്കാൻ മാത്രമാണ്. മാനാഞ്ചിറ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുണ്ട്.

മായനാട്, മെഡിക്കൽ കോളേജ് ഭാഗങ്ങളുൾപ്പെട്ട കുറ്റിയിൽ നീർത്തട പരിധിയിൽ മെഡിക്കൽ കോളേജിൽ നിന്നുള്ള മലിനജലം ജലസ്രോതസ്സുകളിൽ എത്തുന്നുണ്ട്. നാല് വാർഡുകൾ ഉൾപ്പെടുന്ന നടക്കാവ് നീർത്തടത്തിൽ തിരുത്തിയാട് ഭാഗത്തെ വെള്ളക്കെട്ടാണ് പ്രധാന പ്രശ്നം. പുതിയങ്ങാടിയിലെ രണ്ട് നീർത്തട മേഖലകളിൽ ഗാർഹിക-വ്യവസായ മാലിന്യമുണ്ട്. അത് പോലെ അഴുക്കുചാലിൽനിന്നുള്ള വെള്ളം നിലവിൽ ഉപയോഗിക്കുന്ന കുളത്തിലേക്ക് വരെ എത്തുന്നുണ്ട്.

വേണ്ടത്ര ഓവുചാലുകൾ ഇല്ലാത്തതും മാലിന്യനിർമാർജനത്തിന്റെ അപര്യാപ്തതയുമാണ് ഭൂഗഗർഭജലം മലിനമാകാൻ കാരണം. അശാസ്ത്രീയമായ നഗരവളർച്ച കാരണം മഴവെള്ളച്ചാലുകൾ നികത്തപ്പെടുന്നു. നിലവിൽ 12.05 ശതമാനം മാത്രമേ മഴവെള്ളച്ചാലുകളുള്ളൂ. ഓവുചാലുകളുടെ കുറവ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. നിലംനികത്തൽ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. മഴവെള്ളം ഒഴുകിയിറങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കും.

Content Highlights:  wetland conservation kozhikode