ചെറായി : ചെറായി ബീച്ചിലെ ചില റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് കായലിലെ മത്സ്യങ്ങള്‍ക്ക് കടുത്ത നാശമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ജൈവസമ്പത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനൊപ്പം മത്സബന്ധനം ഉപജീവനമാക്കിയ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗവും പ്രതിസന്ധിയിലായി.

പള്ളിപ്പുറം പഞ്ചായത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ ബീച്ചിനോടു ചേര്‍ന്നുള്ള കായലില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം പുലര്‍ത്തുന്നത് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ്. ചെറായി ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചില റിസോര്‍ട്ടുകളില്‍ സെപ്ടിക് ടാങ്ക് ക്ലീനിങ് സംവിധാനം ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാതെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ രാത്രിസമയങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് ബീച്ച് കായലിലേക്ക് തള്ളുകയാണ്.

ഇതുമൂലം കരയോടുചേര്‍ന്ന കായല്‍ഭാഗത്തുള്ള വെള്ളത്തിന് കരിനിറമാണ്. ഓരോ വര്‍ഷം കഴിയുംതോറും കായലിലെ മത്സ്യസമ്പത്തിന്റെ അളവ് ഗണ്യമായി കുറയുകയാണ്. കക്ക ഉള്‍പ്പെടെയുള്ള ജീവികള്‍ ചത്തൊടുങ്ങുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കും, കക്ക വാരല്‍ തൊഴിലാളികള്‍ക്കും ത്വക്ക് രോഗങ്ങള്‍ പടരുന്നതായും പരാതിയുണ്ട്.

അതിനാല്‍ കായല്‍ മലിനമാക്കുന്ന റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗവും മത്സ്യകാപ്പ് തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി. സെക്രട്ടറിയുമായ ഇ.സി. ശിവദാസ് ആവശ്യപ്പെട്ടു. വര്‍ഷംതോറും ഈ കായല്‍ ലേലം നടത്തിക്കൊടുക്കുന്നതിലൂടെ ലക്ഷങ്ങളാണ് പഞ്ചായത്തിന് ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുന്‍വര്‍ഷങ്ങളിലെ ലേലത്തുകയ്ക്കുപോലും ലേലം ചെയ്യാന്‍ ആരും തയ്യാറാകാത്തതിനാല്‍ പലപ്പോഴും പുനര്‍ലേലം നടത്തേണ്ടിവന്നിട്ടുണ്ട്. വളരെ ശ്രമകരമായ ഇടപെടലിലൂടെയാണ് കായല്‍ ലേലം ഇപ്പോള്‍ നടത്തുന്നത്. മത്സ്യസമ്പത്ത് കുറയുന്നതാണ് ഇതിന് കാരണം.

കായലിന്റെ ആഴക്കുറവും മത്സ്യസമ്പത്ത് കുറയാന്‍ കാരണമാണ്. കായലിന്റെ ആഴം വര്‍ദ്ധിപ്പിച്ചാല്‍ ഇതിലൂടെ വരുന്ന മണ്ണ് കായലിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് കായലിനരികില്‍ മനോഹരമായ നടപ്പാത ഒരുക്കാനും സാധിക്കും. ബാക്കിവരുന്ന മണ്ണ് വില്‍പ്പന നടത്തി പഞ്ചായത്തിന് പണം സമാഹരിക്കാനും കഴിയും.