വടക്കാഞ്ചേരി : വാഴാനി അണക്കെട്ടിൽനിന്ന് വെള്ളം വിട്ടതോടെ വടക്കാഞ്ചേരിപ്പുഴയിൽ ജലസമൃദ്ധി. ഇതിനിടയിൽ ചേമ്പ്ര ചിറ കെട്ടി മങ്കര പാടശേഖരത്തിലേക്ക്‌ വെള്ളം തിരിച്ചുവിട്ടവർക്കെതിരേ ജലസേചനവിഭാഗം പോലീസിനെ സമീപിച്ചു. വേനലിലെ ജലക്ഷാമം പരിഹരിക്കാനാണ് പുഴയിലേക്ക്‌ വെള്ളം തുറന്നുവിട്ടത്. അണക്കെട്ടിനു താഴെയുള്ള ചിറകൾ ഒന്നൊന്നായി ചൊവ്വാഴ്ച രാത്രി തുറന്നിരുന്നു. ഇതിൽ ചേമ്പ്ര ചിറ പിന്നീട് വീണ്ടും അടച്ച് പുഴയിൽനിന്നുള്ള ഓവുവഴി പാടത്തേക്ക്‌ വെള്ളം തിരിച്ചുവിടുകയായിരുന്നു.

വാഴാനിയിൽ കുടിവെള്ളത്തിനായുള്ള കരുതൽ 4.25 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. വടക്കാഞ്ചേരിപ്പുഴയിലേക്ക്‌ വിട്ട വെള്ളം പാറന്നൂർ ചിറ വരെ എത്തിക്കും. വ്യാഴാഴ്ച വൈകീട്ട് പെരിങ്ങിണി ചിറ വരെ വെള്ളം എത്തി. പുഴയിലൂടെ വെള്ളം എത്തുന്നതോടെ നഗരസഭയ്ക്കുപുറമേ തെക്കുംകര, എരുമപ്പെട്ടി, കടങ്ങോട്, വേലൂർ, ചൂണ്ടൽ പഞ്ചായത്തുകളിലും ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. പുഴയുടെ സമീപത്തുള്ള കിണറുകളിലും മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഉയരും.

വടക്കാഞ്ചേരിപ്പുഴയിൽ വാഴാനി വെള്ളമെത്തിയാൽ ഊറ്റൽ വ്യാപകമാണ്. കുടിവെള്ളത്തിനായി വിടുന്ന വെള്ളം പുഴയിൽ അനധികൃതമായി കിണർ നിർമിച്ച് തോട്ടങ്ങളിലേക്ക് പമ്പുചെയ്യുന്ന പ്രവണതയും കൂടുതലാണ്.

ഇരുനൂറ്റി അമ്പതിലധികം മോട്ടോറുകളാണ് പുഴയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. പുഴയിലൂടെ വിട്ട വെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് വാഴാനി ജലസേചനവിഭാഗം എൻജിനീയർ വ്യക്തമാക്കി.

Content Highlights: vadakkanchery river