മോനിപ്പള്ളി: രണ്ടുദിവസം 50 വീതം സന്നദ്ധ പ്രവര്‍ത്തകര്‍ നാലരക്കിലോമീറ്റര്‍ ദൂരത്തുനിന്ന് പെറുക്കി എടുത്തത് നാല് ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം. ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിലൂടെ എം.സി. റോഡ് കടന്നുപോകുന്ന മോനിപ്പള്ളി ചീങ്കല്ലേല്‍ മുതല്‍, ആച്ചിക്കല്‍വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യമാണ് പെറുക്കിയെടുത്തത്.

വഴിയോരത്തെ കാട് വെട്ടിത്തെളിച്ചാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചത്. വഴിയോരത്തും ഓടകളിലും കിടന്ന മാലിന്യവും ശേഖരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍മസേനാ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനവും തേടി. തോട് അടക്കം വൃത്തിയാക്കി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്തെന്ന് പ്രസിഡന്റ് ഷേര്‍ളി രാജുവും വൈസ് പ്രസിഡന്റ് വി.ടി.സുരേഷും പറഞ്ഞു.

മാലിന്യം കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് കൈമാറും. ബസിലും വാഹനത്തിലും ഇരുന്ന് യാത്രക്കാര്‍ വലിച്ചെറിയുന്ന കുപ്പികളടക്കമുള്ളവയും വ്യാപാരികളും വ്യക്തികളും തള്ളുന്ന മാലിന്യവുംവരെ എം.സി.റോഡരുകിലുണ്ട്.

Content Highlights: Two days, four and a half kilometres: collected four tonnes of plastic waste