ഹൈദരാബാദ്:  മത്സ്യങ്ങളുടെ ശവപ്പറമ്പാണ് ഇപ്പോള്‍ ഹൈദരാബാദിനടുത്തുള്ള ഗാന്‍ഡിഗുഡം തടാകം. തടാകത്തിലും കരയിലുമായി ലക്ഷക്കണക്കിനു മത്സ്യങ്ങളാണ് ചത്തു കിടക്കുന്നത്. തടാകക്കരയില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു കമ്പനികളില്‍നിന്നുള്ള രാസമാലിന്യങ്ങളാണ് മത്സ്യങ്ങളെ കൂട്ടത്തോടെ കൊന്നുതള്ളിയത്. തെലങ്കാന സര്‍ക്കാരും ആരോഗ്യ, ഫിഷറീസ് വകുപ്പുകളും അതീവ ആശങ്കയോടെയാണ് പുതിയ സാഹചര്യത്തെ കാണുന്നത്. 

മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഒക്ടോബര്‍ നാലിനാണ് അദ്യമായി കണ്ടെത്തിയതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഇത് വലിയ തോതില്‍ തുടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ ലക്ഷക്കണക്കിന് മത്സ്യങ്ങളാണ് ചത്ത് കരയ്ക്കടിഞ്ഞത്. ആദ്യത്തെ രണ്ടു ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷത്തോളം മത്സങ്ങള്‍ ചത്തുപൊങ്ങിയതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ഇപ്പോഴും തുടരുകയാണ്. മൊത്തം 20 ലക്ഷത്തോളം മത്സ്യങ്ങള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. ഒന്നര കോടിയോളം രൂപയുടെ മത്സ്യങ്ങള്‍ നശിച്ചതായാണ് ഇപ്പോഴത്തെ ഏകദേശ കണക്ക്. 

മത്സ്യവിഭവ വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും മത്സ്യഭാഗങ്ങള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇപ്പോള്‍ വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത് ഏതുതരത്തിലുള്ള രാസവസ്തുക്കളാണെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന നടത്തുന്നത്. തടാകത്തില്‍നിന്ന് വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ക്ലോറോമീഥെയ്ന്‍ എ്‌ന രാസവസ്തുവാണ് മത്സ്യങ്ങളുടെ നാശത്തിനിടയാക്കിയത്. 

Gandigudem lake
Image: Youtube

മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പരാതി പ്രകാരം അമീര്‍പുര്‍ പോലീസ് അഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതു ജലാശയങ്ങള്‍ മലിനമാക്കിയതിനും ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ പരിസ്ഥിതി നാശം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 

266 ഏക്കര്‍ സ്ഥലത്താണ് ഗാന്‍ഡിഗുഡം തടാകം വ്യാപിച്ചുകിടക്കുന്നത്. ഹൈദരാബാദിലെ കസിപ്പള്ളി വ്യവസായ മേഖലയും, വ്യവസായ വികസന മേഖല എന്നിവ സ്ഥിതിചെയ്യുന്നത് ഈ തടാകത്തിന്റെ സമീപത്താണ്. വ്യവസായശാലകളില്‍നിന്നുള്ള മാലിന്യങ്ങള്‍ കാലങ്ങളായി ഈ തടാകത്തിലേയ്ക്കാണ് തള്ളുന്നതെന്ന് സമീപവാസികള്‍ പറയുന്നു. മത്സ്യം പിടിച്ച് ഉപജീവനം കഴിക്കുന്ന നൂറുകണക്കിനു പേരാണ് ഈ തടാകത്തെ ആശ്രയിച്ച് ജീവിക്കുന്നത്. ഏറെക്കാലമായി തുടരുന്ന മലിനീകരണത്തിന്റെ പരിണിതഫലമായിരുന്നു തടാകത്തിലെ ജീവജാലങ്ങളുടെ കൂട്ടനാശത്തിലേയ്‌ക്കെത്തിച്ചത്. 

വ്യവസായശാലകള്‍ നിമിത്തം നിരവധി പ്രശ്‌നങ്ങളാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്. പ്രദേശവാസികള്‍ തങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പ് തടാകത്തിലെ വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. മലിനീകരണം കാരണം കുറെ കാലമായി കുടിക്കാന്‍ ഈ വെള്ളം ഉപയോഗിക്കാറില്ലായിരുന്നു. ഇപ്പോള്‍ കൃഷിയാവശ്യങ്ങള്‍ക്കു പോലും ഈ വെള്ളം ഉപയോഗിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. അത്രയേറെ മലിനമായിരിക്കുകയാണ് തടാകത്തിലെ ജലം. നിരവധി പേര്‍ തടാകത്തില്‍നിന്ന് മത്സ്യം പിടിച്ച് ജീവിക്കുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുമുണ്ടായിരുന്നു. എന്നാല്‍ വ്യവസായശാലകളില്‍നിന്നുള്ള മാരകമായ രാസമാലിന്യം എല്ലാം നശിപ്പിച്ചിരിക്കുകയാണ്.

Gandigudem lake
Image: Youtube

മലിനീകരണത്തിനെതിരെ പ്രദേശവാസികള്‍ മുന്‍പും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കമ്പനികള്‍ മനപ്പൂര്‍വ്വം മാലിന്യം തടാകത്തിലേയ്ക്ക് തള്ളുകയാണെന്ന് വ്യക്തമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉദാസീനതയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിഷ്‌ക്രിയതയുമാണ്‌ ഇതിന് ഇടയാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇപ്പോള്‍ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയിരിക്കുന്നതെങ്കില്‍ അടുത്തതായി തങ്ങളുടെ ജീവനാണ് നഷ്ടപ്പെടുകയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

ഹൈദരാബാദില്‍ മുന്‍പും മലിനീകരണത്തെ തുടര്‍ന്ന് തടാകങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പശുമാമല തടാകത്തില്‍ 60 ലക്ഷത്തോളം രൂപയുടെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. രാസമാലിന്യങ്ങള്‍ തടാകത്തില്‍ ഒഴുക്കിയതാണ് ഇതിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. രാംപള്ളി തടാകത്തിലും സമാനമായ സംഭവം നടന്നിരുന്നു.