മാലിന്യം കെട്ടിക്കിടന്നും ഒഴുക്കുവറ്റിയും നശിച്ചു കൊണ്ടിരിക്കുന്ന തെറ്റിയാറിനെ സംരക്ഷിക്കാൻ ടെക്കികൾ മുന്നിട്ടിറങ്ങുന്നു. ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ഏപ്രിൽ ഒന്നു മുതൽ പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്.

2012ൽ തിരുവനന്തപുരം കോർപ്പറേഷൻ നടത്തിയ പഠനപ്രകാരം തെറ്റിയാറിനെ തനതുരീതിയിൽ സംരക്ഷിച്ചാൽ മാത്രം ടെക്‌നോപാർക്കിലും സമീപപ്രദേശങ്ങളിലും മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. മലിനമായ തെറ്റിയാറിന്റെ ജൈവവൈവിധ്യം സംരക്ഷിച്ചു നിലനിർത്തി ടെക്‌നോപാർക്കിനെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കണമെന്നും പ്രതിധ്വനി പ്രവർത്തകർ ആവശ്യപ്പെടുന്നു.

ഒരുകാലത്ത് കഴക്കൂട്ടം, അണ്ടൂർക്കോണം, പോത്തൻകോട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് തെളിനീർ നൽകിയിരുന്നത്‌ തെറ്റിയാറാണ്. കുളിക്കാനും തുണികൾ കഴുകാനും കൃഷിക്കുമെല്ലാം ആയിരക്കണക്കിനുപേർ ആശ്രയിച്ചിരുന്നത് ഈ ശുദ്ധജല തോടിനെയാണ്. ഏക്കറ് കണക്കിന് നെൽപ്പാടങ്ങളിൽ കൃഷിയിറക്കിയിരുന്നത് തെറ്റിയാറിനെ ആശ്രയിച്ച് മാത്രമാണ്.
എന്നാൽ ഇപ്പോൾ ഇതിൽ അറിയാതെയെങ്ങാനും ഇറങ്ങിപ്പോയാൽ നിരവധി രോഗങ്ങളാവും പിടിപെടുക. മാംസാവശിഷ്ടം മുതൽ കക്കൂസ് മാലിന്യം വരെയാണ് ഇതിലേക്ക് തുറന്നുവിടുന്നത്.

thettiyarതെറ്റിയാർ മാത്രമല്ല ഇതിന് സമീപമുള്ള ജലസ്രോതസ്സുകളും ഇതുകാരണം മലിനമാവുകയാണ്. കഴക്കൂട്ടം, പോത്തൻകോട്, അണ്ടൂർക്കോണം തുടങ്ങിയ ജങ്ഷനുകളിൽ നിന്നുള്ള മാലിന്യങ്ങളും മലിനജലവും ഒഴുകിയെത്തുന്നത് തെറ്റിയാറിലേക്കാണ്. കൂടാതെ ഹോട്ടലുകൾ, ലോഡ്ജുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെയെല്ലാം കക്കൂസ് മാലിന്യം അടക്കം തെറ്റിയാറിലേക്ക് തുറന്നുവിടുന്നുണ്ട്. കഴക്കൂട്ടം ജങ്ഷനിൽ നിന്നുള്ള പ്രധാന ഓടയും ഇതിലാണ് അവസാനിക്കുന്നത്.

കൈയേറ്റങ്ങൾ കാരണം പലഭാഗത്തും തോടിന്റെ വീതി കുറഞ്ഞിട്ടുണ്ട്. മാലിന്യനിക്ഷേപം കാരണം ഒഴുക്കുനിലച്ച് കാട്ടുചെടികൾ വളർന്ന് തോടിന്റെ പലഭാഗവും തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്. വയലേലകൾ നികത്തി വീടും സ്ഥാപനങ്ങളും പണിതവർ തോടിന്റെ ഭാഗങ്ങളും കൈയേറിക്കഴിഞ്ഞു. കൂടാതെ കരകളിൽ റോഡുകൾ വന്നപ്പോഴും തോടിന്റെ ഭാഗങ്ങൾ നികത്തിക്കഴിഞ്ഞു.

ശുദ്ധജലമൊഴുകിയിരുന്ന തോട്ടിൽ ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും നിറഞ്ഞ നിലയിലാണ്. കൂടാതെ ടെക്‌നോപാർക്കിലെ സമീപ കെട്ടിടങ്ങളിൽ നിന്നു മലിനജലവും തെറ്റിയാറിലേക്ക് നിലവിൽ ഒഴുക്കിവിടുന്നുണ്ട്. പുഴ മലിനമായതോടെ തെറ്റിയാറിൽ കൊതുക് പെരുകുന്ന അവസ്ഥയാണുള്ളത്. ടെക്‌നോപാർക്ക് ജീവനക്കാരടക്കമുള്ളവർക്ക് മലേറിയയും ഡെങ്കിപ്പനിയും പോലുള്ള അസുഖങ്ങൾ പടരാനുള്ള സാധ്യതയും കൂടുതലാണ്.

thettiyar

ഇതിനു മുൻപും തെറ്റിയാറിനെ സംരക്ഷിക്കാൻ വിവിധ പരിപാടികൾ ടെക്‌നോപാർക്കിൽ നടന്നിരുന്നു. തെറ്റിയാറിനെ സംരക്ഷിക്കാൻ കോർപ്പറേഷന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായില്ലെങ്കിൽ ഈ ആറ് തന്നെ ഇല്ലാതാകും.

ടെക്‌നോപാർക്കിന്റെ രണ്ടാംഘട്ടത്തിൽ ഈ നദി നല്ല  രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ ഒന്നും, മൂന്നും ഘട്ടങ്ങളിൽ ആറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ടെക്‌നോപാർക്കിനുള്ളിലൂടെ ഒഴുകുന്ന ഈ ചെറു നദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിധ്വനി പ്രവർത്തകർ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനും കഴക്കൂട്ടം എം.എൽ.എ. കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി.

തെറ്റിയാറിന്റെ ടെക്‌നോപാർക്കിലൂടെ ഒഴുകുന്ന ഭാഗത്ത്  കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യുന്നതിനും, നദിയെ വീണ്ടും മലിനമാക്കുന്നതു തടയാനുള്ള ബോധ വത്കരണത്തിനും വേണ്ടി ഏപ്രിൽ ഒന്നിന് പ്രതിധ്വനിയുടെ നേതൃത്വത്തിൽ ക്ലീൻ തെറ്റിയാർ കാമ്പയിനു തുടക്കം കുറിക്കും.  താത്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ 9447455065(ജോഷി എ.കെ.), 9947006353(റനീഷ് എ.ആർ.).