ലസ്ഥാനമായ കൊളംബോയുടെ തീരത്ത് തീപിടിച്ച ചരക്ക് കപ്പല്‍ സമുദ്ര മേഖലയിലുണ്ടാക്കുന്ന പാരിസ്ഥിതിക മലിനീകരണത്തിന്റെ ഭീതിയിലാണ് ശ്രീലങ്ക. ഇന്ത്യന്‍ മഹാസമുദ്രത്തെത്തന്നെ വിഷമയമാക്കുന്ന മാലിന്യങ്ങളാണ് കപ്പലില്‍നിന്ന് കടലിലേയ്‌ക്കൊഴുകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തീപിടിച്ച് 12 ദിവസം പിന്നിടുമ്പോള്‍ കപ്പല്‍ മുങ്ങാന്‍ തുടങ്ങി. ആഴക്കടലിലേക്ക് കപ്പല്‍ തള്ളിനീക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല

കപ്പലില്‍നിന്ന് കടലിലേയ്‌ക്കൊഴുകിയ 350 മെട്രിക് ടണ്‍ വരുന്ന ഇന്ധനം ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ ദൂരംവരുന്ന തീരമേഖലയെ വളരെയേറെ വിഷമയമാക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കപ്പലിലെ തീ ഇപ്പോഴും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അതിനിടയില്‍ ഇന്ധന ചോര്‍ച്ച കൂടുതല്‍ രൂക്ഷമാകുന്നതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

കൊളംബോ തുറമുഖത്തിന് ഒമ്പത് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട 'എം.വി എക്‌സ്പ്രസ് പേള്‍'എന്ന സിംഗപുര്‍ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനാണ് മേയ് 21-നു തീപിടിച്ചത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട 186 മീറ്റര്‍ നീളമുള്ള കപ്പല്‍ കൊളംബോ തുറമുഖത്ത് അടുക്കുന്നതിനായി നങ്കൂരമിട്ട് കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. 1,486 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നത്.

മേഖലയിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം?

കപ്പലില്‍നിന്ന് ഉയര്‍ന്ന കനത്ത പുകയും സമുദ്രത്തില്‍ കലര്‍ന്ന ടണ്‍ കണക്കിന് ഇന്ധനവും മൈക്രോ പ്ലാസ്റ്റിക്കുമെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാക്കാനിടയുള്ള മലിനീകരണവും അത് സമുദ്ര ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കുന്ന വിനാശവും അതിമാരകമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ship
ശ്രീലങ്കന്‍ തീരത്ത് തീപിടിച്ച ചരക്കുക കപ്പല്‍ | ഫോട്ടോ: എ.എഫ്.പി

ശ്രീലങ്കയുടെ തീരമേഖലയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും ഇതെന്നും മത്സ്യങ്ങള്‍ അടക്കമുള്ള സമുദ്രജീവികള്‍ക്ക് ഗുരുതരമായ നാശമാണ് ഇതുമൂലം ഉണ്ടാവുകയെന്നും പരിസ്ഥിതി ഗവേഷകര്‍ പറയുന്നു. കൊച്ചി, ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ തീരസംരക്ഷണസേന നിര്‍ദേശിച്ചിട്ടുണ്ട്.

കപ്പലില്‍നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്‌സൈഡ് വാതകം പുറന്തള്ളപ്പെട്ടതിനാല്‍ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ശ്രീലങ്കയിലെ സമുദ്ര പാരിസ്ഥിതിക സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പലില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് വളരെ കൂടുതലാണ്.

ship
കത്തിയ ചരക്കുകപ്പലില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം തീരത്ത് അടിഞ്ഞപ്പോള്‍ | ഫോട്ടോ: എ.പി.

മഴക്കാലമായതിനാല്‍ ഇത് ആസിഡ് മഴയ്ക്ക് വഴിവെക്കുമെന്നാണ് ആശങ്കയെന്ന് അതോറിറ്റി ചെയര്‍പേഴ്സണ്‍ ധര്‍ഷാനി ലഹന്ദപുര പറഞ്ഞു. തീരദേശമേഖലയിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കുറച്ചുദിവസത്തേക്ക് മഴപെയ്യുമ്പോള്‍ പുറത്തിറങ്ങരുതെന്നും അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീരം മാലിന്യക്കൂമ്പാരമാകുന്നു

തലസ്ഥാനമായ കൊളംബോയുടെ തീരങ്ങളില്‍ വന്‍ തോതിലാണ് മാലിന്യം അടിഞ്ഞിട്ടുള്ളത്. മൈക്രോ പ്ലാസ്റ്റിക്കിന്റെ കൂമ്പാരങ്ങളാണ് തീരത്ത് വന്നടിഞ്ഞിരിക്കുന്നത്. കൂടാതെ രാസമാലിന്യങ്ങളും കത്തിയമര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളുമുണ്ട്. ടണ്‍ കണക്കിനുള്ള മാലിന്യം നീക്കംചെയ്യുന്നതിനുള്ള കഠിനശ്രമം ശ്രീലങ്കന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ഒരാഴ്ചയായി തുടരുകയാണ്. 

ship
കത്തിയ ചരക്കുകപ്പലില്‍നിന്നുള്ള മാലിന്യങ്ങള്‍ ശ്രീലങ്കന്‍ തീരത്ത് അടിഞ്ഞപ്പോള്‍ നീക്കംചെയ്യുന്നു | ഫോട്ടോ: എ.പി.

വളരെ ചെറിയ പ്ലാസ്റ്റിക് കണികകള്‍ ഭക്ഷ്യവസ്തുക്കളായി തെറ്റിദ്ധരിച്ച് പക്ഷികളും മത്സ്യങ്ങളും മറ്റു കടല്‍ജീവികളും ഭക്ഷണമാക്കും. അത് ജീവികളുടെ കൂട്ടമരണത്തിന് ഇടയാക്കും. മാത്രമല്ല, കാലവര്‍ഷത്തിന്റെ വരവോടെ ഈ പ്ലാസ്റ്റിക് മാലിന്യം കടലില്‍ കൂടുതല്‍ വ്യാപിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ദുരന്തം കൂടുതല്‍ പ്രഹരശേഷിയുള്ളതായി മാറും, ശ്രീലങ്കയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ മുദിത കടുവാവല പറയുന്നു.

ship
കത്തിയ ചരക്കുകപ്പലില്‍നിന്നുള്ള മാലിന്യങ്ങള്‍ ശ്രീലങ്കന്‍ തീരത്ത് അടിഞ്ഞപ്പോള്‍ നീക്കംചെയ്യുന്ന നാവികസേനാംഗങ്ങള്‍ | ഫോട്ടോ: എ.പി.

സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ നൂറുകണക്കിന് നാവികസേനാംഗങ്ങളാണ് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന് അധ്വാനിക്കുന്നത്. ഇന്ത്യന്‍ സേനയും മാലിന്യം നീക്കാന്‍ രംഗത്തുണ്ട്. അപകടകരമായ വിഷാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തീരത്തടിഞ്ഞ മാലിന്യത്തില്‍ സ്പര്‍ശിക്കരുതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധന മേഖലയും ആശങ്കയില്‍

മലിനീകരണം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല സാമൂഹ്യ-സാമ്പത്തിക പ്രശ്‌നമായി വളരുമെന്നുള്ള ആശങ്കയും ഉയരുന്നുണ്ട്. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരെ ഇത് രൂക്ഷമായി ബാധിച്ചേക്കും. കോവിഡ് പ്രതിസന്ധി മൂലം ഇപ്പോള്‍ത്തന്നെ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത ഇല്ലാതാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് ആശങ്ക. 

ship
ശ്രീലങ്കന്‍ തീരത്ത് തീപിടിച്ച ചരക്കുക കപ്പല്‍ | ഫോട്ടോ: എ.എഫ്.പി

കപ്പലിന് തീപിടിച്ച സമുദ്ര മേഖലയില്‍ ഇപ്പോള്‍ത്തന്നെ മത്സ്യബന്ധനം നിരോധിച്ചതായി ശ്രീലങ്കന്‍ മത്സ്യബന്ധന വകുപ്പ് മന്ത്രി വിജെസേകര വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ ഉള്ള കടല്‍ മേഖലയുടെ 50 കിലോമീറ്റര്‍ ചുറ്റളവിലാണ് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. 

നിലവില്‍ മാലിന്യം നീക്കുന്നതിനും തീരമേഖലയെ അപകടം കൂടാതെ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് വിജെസേകര മാധ്യമങ്ങളോട് പറഞ്ഞു. കപ്പല്‍ മുങ്ങിയില്ലെങ്കില്‍ത്തന്നെ മാലിന്യനീക്കം പൂര്‍ണമാകാന്‍ ആഴ്ചകള്‍ എടുക്കും. എന്നാല്‍ കപ്പല്‍ പൂര്‍ണമായും മുങ്ങിയാല്‍ ഇന്ധനവും മറ്റു വസ്തുക്കളും സമുദ്രത്തില്‍ കലരുന്നത് തടയാന്‍ വ്യാപകമായ ശ്രമം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ship
ശ്രീലങ്കന്‍ തീരത്ത് തീപിടിച്ച ചരക്കുക കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം | ഫോട്ടോ: എ.എഫ്.പി
ship
ഫോട്ടോ: എ.പി.
ship
ഫോട്ടോ: എ.പി.
ship
ഫോട്ടോ: എ.പി.
ship
ഫോട്ടോ: എ.പി
ship
ഫോട്ടോ: എ.എഫ്.പി

Content Highlights: Sri Lanka's burning cargo ship- worst environmental disaster