കോഴിക്കോട്: ''ഒരാഴ്ചമുമ്പുവരെ ഈ പുഴയില്‍ കാലു നനയാന്‍പോലും വെള്ളമില്ലായിരുന്നു. ഇപ്പോഴിതാ, അരയാള്‍പൊക്കത്തില്‍ വെള്ളം.ഒന്നോ രണ്ടോ മഴയാണ് അതിനിടയില്‍ കിട്ടിയത്. ആ വെള്ളം ഒഴുകിപ്പോകാന്‍ വിടാതെ നിര്‍ത്തിയതുകൊണ്ടാണ് ഇതു സാധിച്ചത്'' -പൂനൂര്‍ അങ്ങാടിയില്‍ കണ്ട ഷമീര്‍ എന്ന ചെറുപ്പക്കാരന്‍ പുഴയുടെ കഥ പറയുകയായിരുന്നു.

ഒഴുകിപ്പോകുന്ന വെള്ളത്തെ വെറുമൊരു തടയണ കെട്ടിക്കൊണ്ട് പിടിച്ചുനിര്‍ത്തിയതുമാത്രമല്ല ഇതിലെ കാര്യം. നൂറ്റിയെഴുപതോളം കുടുംബങ്ങള്‍ക്കു കുടിവെള്ളമെത്തുന്നതിന് കാരണമാകുന്നു ഈ തടയണയെന്നതാണ് പ്രധാനസംഗതി.

താമരശ്ശേരി പഞ്ചായത്തിലെ തെക്കെമണ്ണ്, ചാലക്കര അവേലം കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം നല്‍കുന്ന കിണര്‍ ഇവിടെയാണ്. ഇപ്പോള്‍ ദിവസവും മുട്ടില്ലാതെ വെള്ളം നല്‍കാനാവുന്നതിനുപിന്നില്‍ നാട്ടുകാരുടെ കൂട്ടായ്മയും ശ്രദ്ധയും ചെറിയൊരാസൂത്രണവുമാണ്. വെള്ളമില്ലായ്മയെപ്പറ്റി പരാതിയും വരള്‍ച്ചയെച്ചൊല്ലി ശാപവുമായി നടക്കുന്നവര്‍ക്ക് സ്വന്തം പുഴകളിലും പരീക്ഷിച്ചുനോക്കാവുന്നൊരു പാഠമാണിത്.
river

തെക്കെമണ്ണ് കുടിവെള്ള പദ്ധതിനടത്തിപ്പ് സമിതിയുടെ പ്രസിഡന്റ് യു.കെ.മുഹമ്മദ് (നാട്ടുകാരുടെ മുഹമ്മദ്ക്ക) ആ കഥ പറഞ്ഞു. പുഴയാകെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞിരുന്നു. വേണ്ടാത്തതെന്തും പുഴയിലേക്ക് എന്ന മട്ടിലായിരുന്നു പലരുടെയും സമീപനം. കരിങ്കല്ലുപയോഗിച്ച് വശങ്ങള്‍ കെട്ടിയതോടെ പുഴയില്‍ വെള്ളം തീരെ നില്‍ക്കാതായി. മഴ പെയ്തു വെള്ളം വന്നാലും നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുകിപ്പോകുന്ന സ്ഥിതി. വശങ്ങള്‍ കെട്ടിയുയര്‍ത്തിയതോടെ പുഴയുടെ ഭാഗമായിരുന്നിടമെല്ലാം കൈയേറുന്ന സ്ഥിതിയുമുണ്ടായി.

40മീറ്റര്‍ വീതിയുള്ള പുഴയില്‍ ഇപ്പോള്‍ 20 മീറ്ററോളമേ വെള്ളമുള്ളൂ.അതുതന്നെ പലയിടത്തും തോടുപോലെ മെലിഞ്ഞുപോവുകയും ചെയ്തു. പുഴയില്‍ ബണ്ട് കെട്ടാന്‍ 30 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും രാഷ്ട്രീയക്കാരുടെ തട്ടിക്കളിയില്‍ അതു നഷ്ടമായി.അധികൃതരെ കാത്തുനില്‍ക്കുന്നതില്‍ കാര്യമെല്ലെന്നു തോന്നിയ നാട്ടുകാര്‍തന്നെ ഒടുവില്‍ പുഴയെ രക്ഷിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

വലിച്ചെറിഞ്ഞ മാലിന്യങ്ങളില്‍നിന്ന് പുഴയെ രക്ഷിക്കുകയാണ് ആദ്യം ചെയ്തത്. ഇനിയാരും മാലിന്യങ്ങളെറിയാതിരിക്കാനുള്ള ജാഗ്രതയും നാട്ടുകാര്‍ കാണിക്കുന്നു. പിന്നാലെ, പൂഴിച്ചാക്കുകള്‍ നിറച്ച് ബണ്ടുകെട്ടി. അതിന്റെ ഫലമായാണ് ഇപ്പോള്‍ പുഴയില്‍ വെള്ളം നിലനില്‍ക്കുന്നത്. ഇതുകാരണം ഉറവുകള്‍ ഉണ്ടാവുകയും ചെയ്തു.

കുടിവെള്ളപദ്ധതിയുടെ കിണറിലേക്ക് പുഴയില്‍നിന്ന് വെള്ളം മോട്ടോറുപയോഗിച്ച് അടിച്ചുകയറ്റേണ്ട സ്ഥിതിയില്ല. പുഴയില്‍ വെള്ളം നിലനില്‍ക്കുന്നതിനാല്‍ കിണറില്‍ സ്വാഭാവികമായും വെള്ളമെത്തുന്നു. ചുറ്റുപാടുമുള്ള വീടുകളിലെ കിണറുകളിലും ഇതിന്റെ ഗുണഫലം കാണാനുണ്ട്.

ഇതേ പുഴയില്‍ കുറേദൂരം ചെല്ലുമ്പോള്‍ മറ്റൊരു കാഴ്ച കാണാം. വെണ്ണക്കാട് തൂക്കുപാലത്തിനടുത്താണീ കാഴ്ച. പുഴയില്‍ അത്യാവശ്യം നന്നായി വെള്ളമുണ്ട്. കുട്ടികള്‍ കുളിക്കുകയും വെള്ളത്തില്‍ കളിച്ചുതിമിര്‍ക്കുകയും ചെയ്യുന്നുണ്ട്.അതൊക്കെക്കണ്ട് സന്തോഷിക്കാന്‍വരട്ടെ.കുട്ടികള്‍ കളിക്കുന്ന ഇടമൊഴികെ, വെള്ളം ആകെ കുറുകിക്കിടക്കുന്നു.നിറഞ്ഞവെള്ളത്തില്‍ നിറയെ പ്ലാസ്റ്റിക് കുപ്പികള്‍, ചപ്പുചവറുകള്‍.പുറത്തുകാണാത്ത എന്തൊക്കെയോ മാലിന്യങ്ങള്‍ അടിത്തട്ടിലും...കുടിവെള്ളമില്ലാത്ത നാടിനെച്ചൊല്ലി ജലദിനച്ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ പാഠമാകുമോ ഈ കാഴ്ചകള്‍?