കണ്ണൂര്‍: കണ്ണൂരിന്റെ കണ്ണീരാണ് ഇന്ന് കാനാമ്പുഴ. കണ്ണൂരെന്ന പേരിനുപോലും കാരണക്കാരിയായി ഇരുകര തിങ്ങിയൊഴുകിയിരുന്ന പുഴ ഇന്ന് ആകുലയായ ഒരഴുക്കുചാലാണ്. അഴുക്കുചാലിനെ വീണ്ടും പുഴയാക്കിയൊഴുക്കാനൊരുങ്ങുകയാണ് 5,000 നാട്ടുകാര്‍. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിരിക്കും ഒരു പുഴയുടെ ഇത്തരം ജനകീയവീണ്ടെടുപ്പ്.

മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്‍മലയില്‍നിന്ന് ഉറവപൊട്ടി, പല കൈവഴികളിലൂടെ കാട്ടരുവിയായൊഴുകി, ആദികടലായിയിലൂടെയാണ് കാനാമ്പുഴ അറബിക്കടലില്‍ പതിച്ചിരുന്നത്. കാനാമ്പുഴയുടെ കരയായതിനാലാണ് കാനത്തൂരെന്നും പിന്നെ കാനനൂരെന്നും ഇപ്പോള്‍ കണ്ണൂരെന്നും ദേശത്തിന് പേരുവന്നതെന്നാണ് ചരിത്രം.

ഒരുകാലത്ത് ഒഴുകിയേടം മുഴുവന്‍ നെല്ലറയാക്കിയിരുന്നു കാനാമ്പുഴ. എന്നാല്‍, ഇന്ന് മാലിന്യംനിറഞ്ഞും അഴിമുഖത്ത് മണ്ണടിഞ്ഞും ഒഴുക്കുനിലച്ച് ചെറുതോടുകളായിമാറി ഈ ജീവസ്രോതസ്. തീരത്തെ കൃഷിയും പച്ചപ്പും നശിച്ചു. പുഴയ്ക്ക് ജീവന്‍നല്‍കാന്‍ പലപദ്ധതികള്‍ വന്നു. ഒന്നും ഫലപ്രദമായില്ല. ചെന്നൈ ഐ.ഐ.ടി.യും ജലസേചനവിഭാഗവും വിശദമായ പദ്ധതിരേഖ നല്‍കിയിട്ടുണ്ട്.

ഇതിന്റെ ആദ്യഘട്ടമെന്നനിലയിലാണ് 'ഹരിതകേരളം' പദ്ധതിയിലുള്‍പ്പെടുത്തി പുഴയിലെ മാലിന്യംനീക്കാന്‍ തീരുമാനിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്രപദ്ധതിലെ ആദ്യ ഇനമായി 5,000 പേര്‍ ഒരുമിച്ച് പുഴയിലെ മാലിന്യം നീക്കും. ഇതിന്റെ മുന്നോടിയായി ഞായറാഴ്ച പുഴയുടെ തീരത്തുകൂടി 10 കിലോ മീറ്റര്‍ ജനകീയയാത്ര നടത്തി.

കാല്‍നടയായി നടത്തിയ യാത്രയില്‍ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. യാത്രയ്ക്കിടയില്‍ പരിസരത്തെ കര്‍ഷകരില്‍നിന്നും പരിസ്ഥിതിപ്രവര്‍ത്തകരില്‍നിന്നുമെല്ലാം സംഘം പുഴസംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. 17-നാണ് 5,000 പേര്‍ അണിനിരക്കുന്ന ശുചീകരണയജ്ഞം നടക്കുന്നത്. 'കാനാമ്പുഴ വീണ്ടുമൊഴുകും, ഞങ്ങളൊഴുക്കും ഈ പതിനായിരം കൈകള്‍കൊണ്ട്'. നാട്ടുകാര്‍ ആത്മവിശ്വാസത്തിലാണ്.