വടക്കാഞ്ചേരി : വടക്കാഞ്ചേരി പ്പുഴ വീണ്ടെടുക്കുന്നതിനായി നാട് ഒന്നാകെ കൈകോർത്തു. പ്രളയത്തിൽ പുഴയിൽ വന്നടിഞ്ഞ മണ്ണും മണലും മറ്റ് അവശിഷ്ടങ്ങളും നീക്കി പുഴയുടെ ഒഴുക്ക് സുഗമമാക്കുകയാണ് ജനകീയ കൂട്ടായ്മയുടെ ലക്ഷ്യം. സന്നദ്ധ സംഘടനകൾക്കു പുറമേ രാഷ്ട്രീയ പാർട്ടികളും അവരുടെ തൊഴിലാളി യുവജന സംഘടനകളും വ്യാപാരികളും സാംസ്‌കാരിക പ്രവർത്തകരും കൂട്ടായ്മയുടെ ഭാഗമായി പുഴയിലെത്തി.

കഴിഞ്ഞ രണ്ടു പ്രളയത്തിലായി അടിഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്യുന്നതോടൊപ്പം പുഴയിലെത്തിയ മരങ്ങളും മുറിച്ചു നീക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയും വനംവകുപ്പിലെ വനം വാച്ചർമാരും കൂട്ടായ്മയോടൊപ്പം ഇതിനായി സഹകരിക്കുന്നു. ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലുള്ള ചിറകളിലെ പ്രളയാവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തിക്കും ഞായറാഴ്ച തുടക്കമാകും. നഗരസഭ, പുഴയിലെ പത്ത് ഏക്കർ കൈയേറ്റം അളന്നു തിട്ടപ്പെടുത്തി ഒഴിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സർവേക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

പുഴ വീണ്ടെടുക്കുന്ന പ്രവൃത്തികൾക്ക് നേതൃത്വം നൽകാനെത്തിയ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനച്ചടങ്ങുകളൊന്നും അനുവദിച്ചില്ല. അനിൽ അക്കര എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, സ്ഥിരം സമിതി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ്കുമാർ, നഗരസഭ പ്രതിപക്ഷനേതാവ് കെ. അജിത്കുമാർ, കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, സിന്ധു സുബ്രഹ്മണ്യൻ, ടി.വി. സണ്ണി, വി.പി. മധു, പ്രിൻസ് ചിറയത്ത് തുടങ്ങി വിവിധ സംഘടനാ ഭാരവാഹികളും വീണ്ടെടുക്കൽ പ്രവൃത്തിക്ക് നേതൃത്വം നൽകി. പ്രവൃത്തി ഞായറാഴ്ചയും തുടരും.

ജില്ലാ ദുരന്ത നിവാരണ സമിതി വടക്കാഞ്ചേരി പ്പുഴയിലെ പ്രളയാവശിഷ്ടങ്ങൾ നീക്കുന്നതിന് നഗരസഭയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. പുഴയിലേക്ക് ഒഴുകിവരുന്ന നീർച്ചാലുകളും തോടുകളും കൂടി സംരക്ഷിച്ച് വടക്കാഞ്ചേരി പ്പുഴ പുനരുജ്ജീവനത്തിനായി സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തികളുടെ രൂപരേഖ ജനകീയസമിതി ആസൂത്രണം ചെയ്യും.

Content Highlights: Recovering, the 'fallen' river- Vadakkanjeri river rejuvenation