തിരുവനന്തപുരം: അനധികൃതവും അനിയന്ത്രിതവുമായ പാറഖനനം സംസ്ഥാനത്ത് വ്യാപകമാകുന്നു. പാറയും മണ്ണെടുപ്പും അനധികൃതമായി തുടരുന്നത് കേരളത്തിന്റെ ഭൂസ്വഭാവത്തെതന്നെ മാറ്റിമറിക്കും. ലഭിക്കുന്ന ലൈസന്‍സുകളെക്കാളുപരി പാറമടകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പലയിടത്തും ഈ കൊള്ള. അനുമതിവാങ്ങിയ സ്ഥലത്തിനോടുചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി വെട്ടിക്കുഴിച്ച് നടത്തുന്ന അനധികൃതഖനനം വേറെ.

രാഷ്ട്രീയ, ഉദ്യോഗസ്ഥ സംഘം ക്വാറിമാഫിയയുടെ ഭാഗമായി പലയിടത്തും പ്രവര്‍ത്തിക്കുന്നു. അപൂര്‍വം ഉദ്യോഗസ്ഥര്‍ ഇതിനെതിരെ രംഗത്തുവന്നാല്‍ അവരെ നേരിട്ടും സ്ഥലംമാറ്റിയും മാഫിയാസംഘങ്ങളുടെ വഴികള്‍ സുരക്ഷിതമാക്കും.
 
മുക്കുന്നിമലയില്‍ നൂറേക്കര്‍ കൈയേറി ഖനനം നടത്തി

തിരുവനന്തപുരത്ത് മുക്കുന്നിമലയില്‍ നൂറേക്കറിലധികം സര്‍ക്കാര്‍ പുറമ്പോക്ക് മാഫിയ കൈയേറി ഖനനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ആറുമാസം മുമ്പ് വിജിലന്‍സ് ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചായിരുന്നു സര്‍വേ. ഇതിന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ എത്തി.

റിപ്പോര്‍ട്ടില്‍ രണ്ട് മുന്‍ ജില്ലാ കളക്ടര്‍മാര്‍ക്കെതിരെവരെ പരാമര്‍ശമുണ്ട്. റവന്യു, പഞ്ചായത്ത്, ജിയോളജി വകുപ്പുകളിലെ 40 ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്തുണ്ട്. ഖനന മാഫിയ- ഉദ്യോഗസ്ഥ ബന്ധത്തിന്റെ ആഴം ഇതില്‍നിന്ന് വ്യക്തം.

അപൂര്‍വ ജൈവസമ്പത്തുണ്ടായിരുന്ന മുക്കുന്നിമലയില്‍ ഇപ്പോള്‍ അഗാധഗര്‍ത്തങ്ങള്‍ മാത്രം. ഖനനം തുടങ്ങുംമുമ്പ് ഔഷധസസ്യങ്ങളുടെ നിലവറയായിരുന്ന ഈ പ്രദേശം ഇന്ന് അവയുടെ ശവപ്പറമ്പാണ്.
 
പത്തനംതിട്ടയില്‍ വിധിലംഘിച്ച് 50 ക്വാറികള്‍

പത്തനംതിട്ടയില്‍ പാരിസ്ഥിതികാനുമതിയുള്ള ക്വാറികള്‍ 35 എണ്ണം മാത്രം. 22 പേരുടെ ഉടമസ്ഥതയിലാണിത്. 50 ക്വാറികള്‍ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാഘാത പഠനം വേണമെന്ന സുപ്രീം കോടതി ഉത്തരവുനിലനില്‍ക്കെയാണിത്.

ഇത്തരം ക്വാറികള്‍ക്കെതിരെ പോലീസോ ജില്ലാഭരണകൂടമോ നടപടി സ്വീകരിച്ചിട്ടില്ല. കൃഷി മാത്രം ചെയ്യുന്നതിന് പട്ടയംകിട്ടിയ ഭൂമിയിലും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. കലഞ്ഞൂര്‍, കൂടല്‍, കുറിയന്നൂര്‍, ചിറ്റാര്‍, വടശ്ശേരിക്കര തെക്കുംമല, അടൂര്‍ കന്നിമല എന്നിവിടങ്ങളിലെല്ലാം ഈ നിയമലംഘനമുണ്ട്.

കോട്ടാങ്ങല്‍ പഞ്ചായത്തിലെ ക്വാറി പൊന്തന്‍പുഴ വനത്തിന് സമീപംവരെ പാറ പൊട്ടിക്കുന്നു. ഒരു കിലോമീറ്ററില്‍ താഴെയാണ് ക്വാറിയും വനവും തമ്മിലുള്ള അകലം. കുറിയന്നൂര്‍, തെക്കുംമല, തുടിയുരുളിപ്പാറ എന്നീ ക്വാറികള്‍ പുറമ്പോക്ക് കൈയേറി പാറപൊട്ടിച്ചത് പരിശോധനയില്‍ കണ്ടതാണ്. ഇവയെല്ലാം ഇപ്പോഴും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു.
 
അനുമതിയുള്ളത് ഏഴെണ്ണത്തിന്, ഖനനം നൂറിടത്ത്

പാലക്കാട് ജില്ലയില്‍ പാരിസ്ഥിതികാനുമതിയുള്ള ക്വാറികള്‍ ഏഴെണ്ണമാണ്. ഇതേസമയം നൂറോളം ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വടക്കഞ്ചേരി മണ്ണുത്തി പാതനിര്‍മാണത്തിന്റെ ഭാഗമായി കുതിരാനിലെ തുരങ്കനിര്‍മാണത്തില്‍ വേണ്ടത്ര സുരക്ഷിത്വംപാലിക്കാതെ പാറപൊട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പണി തടഞ്ഞിരുന്നു. ധോണിയും മുതലമടയും ഉള്‍പ്പെടെ പാരിസ്ഥിതികപ്രാധാന്യമുള്ള മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനെതിരെ പരാതി ഉയരുകയുണ്ടായി.