തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പാറമടകളില്‍ കോടിക്കണക്കിനുരൂപ പിഴയീടാക്കാവുന്ന വന്‍ ക്രമക്കേട് റവന്യൂ സംഘം കണ്ടെത്തി. നാലു പാറമടയില്‍മാത്രം അഞ്ചുമുതല്‍ 15 കോടി വരെ പിഴയീടാക്കാവുന്ന ക്രമക്കേടുകളുണ്ട്. പരിശോധന ജില്ല മുഴുവന്‍ വ്യാപിപ്പിച്ചാല്‍ കുറഞ്ഞത് 25 കോടിയെങ്കിലും പിഴയീടാക്കാന്‍ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇതിനുപിന്നാലെ, റവന്യൂ സംഘത്തിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാന്‍ പാറമടലോബി രംഗത്തിറങ്ങി. സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ സി.പി.എം. നേതൃത്വം രണ്ടാഴ്ചയിലേറെയായി പ്രത്യക്ഷസമരത്തിലാണ്. ഇതിനുപിന്നാലെയാണ് പാറമട ലോബിയും രഹസ്യനീക്കം നടത്തുന്നത്.

കൊന്നത്തടി പഞ്ചായത്തിലെ തിങ്കള്‍ക്കാട് ക്വാറി, ദേവികുളം താലൂക്കിലെ ഹൈറേഞ്ച് മെറ്റല്‍ ക്രഷര്‍, മാര്‍ ബേസില്‍ ഗ്രാനൈറ്റ്‌സ്, ശാന്തന്‍പാറ ഗ്രാനൈറ്റ്‌സ് എന്നീ ക്വാറികള്‍ റവന്യൂ സംഘം പരിശോധിച്ചു. ക്രമക്കേടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് 20-ന് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

ജില്ലയില്‍ 25 പാറമടകളുണ്ട്. ബാക്കി 21 പാറമടകള്‍ ഉടന്‍ പരിശോധിക്കും. വിജയിച്ചാല്‍ മറ്റുജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടിവരും. അതുകൊണ്ട് തുടക്കത്തില്‍ത്തന്നെ നീക്കം തടയാനാണ് ക്വാറി മാഫിയയുടെ ശ്രമം. മിക്ക ക്വാറികളുടെയും ലോറികളുടെയും ഉടമകള്‍ രാഷ്ട്രീയനേതാക്കളുടെയോ ഇവര്‍ക്ക് സ്വാധീനമുള്ള ചിലരുടെയോ ബിനാമികളാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
 
ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
  • തിങ്കള്‍ക്കാട് ക്വാറിയില്‍മാത്രം കുറഞ്ഞത് രണ്ടരക്കോടി രൂപ പിഴയീടാക്കാനുള്ള ക്രമക്കേട്.
  • ഒന്നോ രണ്ടോ ഏക്കര്‍ സ്ഥലത്തെ പാറപൊട്ടിക്കാന്‍ അനുമതിയുണ്ടായിരുന്ന ക്വാറി വലിയപ്രദേശത്ത് ഖനനം നടത്തി. 75,000 ഘനമീറ്റര്‍ പാറ അധികമായി പൊട്ടിച്ചു.
  • ഇത് പാറയായി വിറ്റാല്‍ 8.25 കോടി വില ലഭിക്കും. മെറ്റലാക്കിയാല്‍ 10 കോടിയിലധികവും.
  • വനപ്രദേശമായി കണക്കാക്കുന്ന കാര്‍ഡമം ഹില്‍ റിസര്‍വിലെ ഈ ക്വാറി പാരിസ്ഥിതികപ്രശ്‌നവുമുണ്ടാക്കുന്നു.
  • പാടം നികത്തി, രണ്ടുതോടുകള്‍ ദിശ മാറ്റി, സമീപ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും രൂക്ഷം.
  • മറ്റ് മൂന്നു ക്വാറികളില്‍ നാലുകോടിയോളം രൂപ പിഴയീടാക്കാവുന്ന ക്രമക്കേടുകള്‍.
ക്വാറികള്‍ക്ക് പിഴ പ്രശ്‌നമല്ല

പിഴയടയ്ക്കാന്‍ ക്വാറിയുടമകള്‍ തയ്യാറാണെന്നാണ് സൂചന. മിക്ക ക്വാറിയുടമകളും അടുത്ത പെര്‍മിറ്റിന് അപേക്ഷ കൊടുത്തിട്ടുണ്ട്. പിഴയും അതിന്റെ പത്തിരട്ടിയിലധികവും അടുത്ത പെര്‍മിറ്റ് കൊണ്ട് നേടിയെടുക്കാമെന്നതാണ് കാരണം.