പൊന്നക്കുടം ഭഗവതീക്ഷേത്രത്തോട് ചേർന്നുള്ള കാവ് ദേശാടനപ്പക്ഷികളുടെ ഇഷ്ടസങ്കേതവും ജൈവസമൃദ്ധവുമാണ്. എറണാകുളം ജില്ലയിൽ കളമശ്ശേരി നഗരസഭാ അതിർത്തിയിൽ തേവയ്ക്കലിൽ സ്ഥിതിചെയ്യുന്ന കാവിൽ, അറുപതോളം വിവിധയിനം പക്ഷികളെ പ്രമുഖ പക്ഷിനിരീക്ഷകൻ ‘മുകുന്ദൻ കിഴക്കേമഠം’ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയൊക്കെ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുമുണ്ട്.

മൂർഖനെ പ്രധാന ഭക്ഷണമാക്കിയിട്ടുള്ള ‘ചുട്ടിപ്പരുന്ത്’ ഈ കാവിലെ നിത്യസന്ദർശകനാണ്. കാട്ടുകോഴികളെ പിടിക്കാൻ മൂർഖനെത്തും. ഈ മൂർഖനെ ചുട്ടിപ്പരുന്ത് റാഞ്ചും. ഇവ ഇരപിടിയൻ പക്ഷികളുടെ ഗ്രൂപ്പിൽപ്പെടുന്നു. ഈ ഇനത്തിൽപ്പെടുന്ന ‘പ്രാപ്പിടിയ’ന്മാരും ഇവിടുണ്ട്‌. ചെറിയ പക്ഷികളെ തിന്നുന്നവയാണ് പ്രാപ്പിടിയന്മാർ.

നീർപ്പക്ഷികളുടെ ഗണത്തിലുള്ള ചൂളൻ, എരണ്ട, നീർക്കാക്കകൾ, നീർക്കാടകൾ, മീൻകൊത്തിച്ചാത്തൻ, ചെറിയ മീൻകൊത്തി എന്നിവകളും കാവിലുണ്ട്.

വയൽക്കോതി കത്രിക, വരയൻ കത്രിക എന്നിവ ആകാശത്ത് ഇരതേടുന്ന പക്ഷികളാണ്.

ബുൾബുളുകൾ, കുട്ടുറവൻമാർ, തത്തകൾ, വയൽക്കുരുവികൾ, മരംകൊത്തികൾ എന്നിവ മരങ്ങളിൽ ഇരതേടുന്ന വിഭാഗത്തിൽപ്പെടും.

നിലത്ത് ഇരതേടുന്ന പക്ഷികളുടെ കൂട്ടത്തിൽപ്പെട്ട ‘വാലുകുലുക്കി’കളും ‘മുനിയ’കളും ഈ സങ്കേതം ഏറെ ഇഷ്ടപ്പെടുന്നു. വിവിധ പക്ഷികളുടെ ശബ്ദം അനുകരിക്കുന്ന ‘കാടുമുഴക്കി’ പക്ഷികളുടെ താവളമാണിവിടം. ഇവയുടെ മുഴക്കമുള്ള ശബ്ദം കാവിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്.

വലിയ ഇനം പക്ഷികളിൽപ്പെട്ടവയാണ് കന്യാസ്ത്രീ കൊക്കും പെരുമുണ്ടിയും. ഇന്ത്യയിലെതന്നെ ഏറ്റവും ചെറിയ ഇനം പക്ഷിയായ ‘ചെങ്കൊക്കൻ ഇത്തിക്കണ്ണി’ കുരുവിയെയും കൊക്കുകൾ തമ്മിൽ ചേരാത്ത ‘ചേരാകൊക്കനെ’യും കാവിൽ കണ്ടിട്ടുണ്ട്.

ഏറ്റവും ഭംഗിയുള്ള സുന്ദരിപ്പക്ഷിയായ ‘കാവി’ (ഇന്ത്യൻ പിത്ത) ഈ കാവിനെ മനോഹരമാക്കുന്നു. ശരീരത്തിൽ ഒമ്പത് നിറങ്ങളുള്ള ഇവയെ ഹിന്ദിയിൽ ‘നവരംഗ്‌’ എന്നാണ് വിളിക്കുന്നത്. ഹിമാലയത്തിൽ നിന്നാണ് ഇവ വരുന്നത്.

ദേശാടനപ്പക്ഷികളായ ‘നാകമോഹൻ’, ‘തവിട്ടു പാറ്റപ്പിടിയൻ’ മുതലായ പക്ഷികളും ഇവിടുണ്ട്. നാകമോഹന്റെ വാലിന്റെ നീളം മുപ്പത് സെൻറിമീറ്ററോളം വരും.

കാക്കത്തമ്പുരാട്ടി, കുളക്കൊക്ക്, കുളക്കോഴി, കൊക്കൻ തേൻകിളി, കരിയിലക്കിളി, കാലൻകോഴി, കരിങ്കുയിൽ, കാലിമുണ്ടി, അരിപ്രാവ്, ആനറാഞ്ചി, ആറ്റക്കറുപ്പൻ, ആറ്റച്ചെമ്പൻ, ചിന്നമുണ്ടി, ചായമുണ്ടി, ചെറുമുണ്ടി, ചാരമുണ്ടി, നാട്ടുമൈന, നാട്ടുവേലിത്തത്ത, മണ്ണാത്തിപ്പുള്ള്, മഞ്ഞക്കറുപ്പൻ, മഞ്ഞത്തേൻ കിളി, മോതിരത്തത്ത തുടങ്ങിയവയും കാവിലെ സന്ദർശകരാണ്.

ചെങ്കണ്ണി തിത്തിരി, ചിന്നക്കട്ടുറവൻ, ഉപ്പൻ, പേക്കുയിൽ, ലളിതക്കാക്ക, ചെമ്പൻ നത്ത്, ഓലേഞ്ഞാലി, ഇരട്ടത്തലച്ചി ബുൾബുൾ, തവിടൻ നെല്ലിക്കോഴി, തുന്നാരൻ, വെള്ളരിവാൾ കൊക്കൻ, പുള്ളിമീൻ കൊത്തി, കതിർവാലൻ കുരുവി, ചുട്ടിയാറ്റ എന്നീ പക്ഷികളും കാവിലെ അന്തേവാസികളാണ്.

കാവിലെ തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും കുടിക്കാൻ ആവശ്യത്തിന് വെള്ളവും ഭക്ഷിക്കാൻ പഴങ്ങളുമാണ് പക്ഷികളെ ഇങ്ങോട്ട്‌ ആകർഷിക്കുന്നത്.

പക്ഷികൾക്ക് ഭക്ഷിക്കാൻവേണ്ട ചെറു മധുരഫലങ്ങൾ ഉണ്ടാകുന്ന വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കിളിഞാവൽ, ചൂരൽപ്പഴം, പഞ്ചസാരപ്പഴം, ചെത്തിപ്പഴം തുടങ്ങിയവ ഇവിടുണ്ട്.

വേനൽക്കാലത്ത് പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിന് ചട്ടികളിൽ ദാഹജലവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഈവർഷം ഭക്തജനങ്ങൾ നൂറോളം ചട്ടികളിൽ ദാഹജലം പക്ഷികൾക്കായി ഒരുക്കി. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് ഏറ്റവുമധികം പക്ഷികൾ കാവിലെത്തുന്നത്.

മൂന്നു വർഷമെടുത്താണ് മുകുന്ദൻ കിഴക്കേമഠം ഇത്രയും പക്ഷികളെ കണ്ടെത്തിയത്. എന്നാൽ, വനത്തിന്റെ പലഭാഗങ്ങളിലും ഇതേവരെ കയറാൻ സാധിച്ചിട്ടില്ല. ഇവിടെ ഇനിയും കൂടുതൽ പക്ഷികളെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് മുകുന്ദൻ.

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തുന്ന പക്ഷിശാസ്ത്രത്തെക്കുറിച്ചുള്ള കോഴ്സ് പാസായിട്ടുണ്ട് മുകുന്ദൻ. കൊച്ചി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യൻ ബാങ്കിൽനിന്ന്‌ അസിസ്റ്റൻറ് ജനറൽ മാനേജരായി റിട്ടയർ ചെയ്ത മുകുന്ദൻ, ദേവൻകുളങ്ങരയിലാണ് താമസം.

പൊന്നക്കുടം കുടുംബ ട്രസ്റ്റാണ് പൊന്നക്കുടം ക്ഷേത്രഭരണവും കാവ് സംരക്ഷണവും നടത്തുന്നത്. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ പി.കെ. രാമചന്ദ്രനാണ് കാവ് സംരക്ഷണ പദ്ധതികളുടെ കൃത്യനിർവഹണം നടത്തുന്നത്.

കാവിൽ അറുന്നൂറോളം വിവിധ തരത്തിലുള്ള സസ്യങ്ങളുണ്ട്. ഇവയിൽ 460 എണ്ണം തിരിച്ചറിഞ്ഞ് രജിസ്റ്റർ തയ്യാറാക്കിയിട്ടുണ്ട്. പേര്, ബൊട്ടാണിക്കൽ നാമം, സസ്യകുടുംബം എന്നിവ രജിസ്റ്ററിലുണ്ട്. സസ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാൻ ഉതകുംവിധമാണ് രജിസ്റ്റർ ഉണ്ടാക്കിയിട്ടുള്ളത്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ‘റെഡ് ഡേറ്റാ ബുക്കി’ൽ പ്രതിപാദിച്ചിട്ടുള്ള, ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 19 സസ്യ ഇനങ്ങൾ ഇവിടുണ്ട്.

വംശനാശഭീഷണി നേരിടുന്ന 19 ഇനങ്ങളിൽപ്പെട്ട പൊരിയൽ, നീറ്റംചേര്, പോങ്ങ്, പൈൻ, ഇലിപ്പ, കരിമരം, വേങ്ങ, ഞാവലിനങ്ങൾ തുടങ്ങിയവയും കാവിൽ കാണാം.

ആയുർവേദ വൈദ്യശാസ്ത്രത്തിൽ ഔഷധങ്ങളായി ഉപയോഗിക്കുന്ന സസ്യവർഗങ്ങൾ നട്ടുപിടിപ്പിച്ച് ഔഷധോദ്യാനം ഉണ്ടാക്കിയിട്ടുണ്ട്‌. ശിംശിപ, അംഗോലം, പലകപ്പയ്യാനി, കുടകപ്പാല, ഗുൽഗുലു, താന്നി, കടുക്ക, കരിനൊച്ചി, കരിങ്ങോട്ട, നീർമാതളം, വള്ളിമന്ദാരം തുടങ്ങിയ അപൂർവ ഔഷധ വൃക്ഷങ്ങളും കാവിൽ പരിപാലിക്കുന്നു.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ‘നവഗ്രഹോദ്യാനം’ സ്ഥിതിചെയ്യുന്നു. ‘നക്ഷത്രവൃക്ഷങ്ങളെ’പ്പോലെതന്നെ ഒമ്പത് ഗ്രഹങ്ങൾക്കും ഓരോ സസ്യവുമുണ്ട്.

ഇരുപത്തിയേഴ് നക്ഷത്രവൃക്ഷങ്ങളെയും ഒരു പ്രത്യേകസ്ഥലത്ത് നട്ടുപിടിപ്പിച്ച് പരിപാലിച്ച് ഇവിടെ ‘നക്ഷത്രവനം’ ഉണ്ടാക്കിയിട്ടുണ്ട്. പന്ത്രണ്ട് രാശികൾക്കും നിശ്ചയിച്ചിട്ടുള്ള വൃക്ഷങ്ങളും ഇവിടുണ്ട്.

Content Highlights: ponnakkudam kav, environment