മൂവാറ്റുപുഴ: മാറാ രോഗത്തിന്റെ ഭീഷണി നിലനില്‍ക്കെ വൃത്തിക്കും വെടിപ്പിനും പുല്ലുവില കല്പിച്ച് പേഴക്കാപ്പിള്ളിയില്‍ കക്കൂസ് മാലിന്യം വീണ്ടും ഓടയിലേക്ക്. മാലിന്യമൊഴുക്ക് കണ്ടെത്തിയതോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷവുമായി. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ കക്കൂസ് മാലിന്യത്തെച്ചൊല്ലിയുള്ള സംഘര്‍ഷം വീണ്ടും തലപൊക്കുന്നത്.

ചില സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം ഒഴുക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എരപ്പില്‍ തോട് സംരക്ഷണ സമിതി യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി ഓടയിലെ സ്ലാബ് നീക്കി പരിശോധന നടത്തി.

ഒരു മാസം മുമ്പ് പരിശോധന നടത്തിയതിനു സമീപമാണ് സ്ലാബ് നീക്കി പരിശോധന നടത്തിയത്. വലിയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നും നേരിട്ട് ഓടയിലേക്ക് മാലിന്യക്കുഴലുകള്‍ തുറന്നതായി കണ്ടെത്തി. ഇതിനു സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള കുഴലുകളും ഇങ്ങോട്ടാണ് തുറന്നിരിക്കുന്നത്.
 
ഇതോടെ ബഹളമായി. ടാങ്ക് പൊളിച്ച് ഓടയിലേക്കുള്ള മാലിന്യ ഒഴുക്ക് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. വിവരമറിഞ്ഞ് പോലീസെത്തി. സമിതിപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. കെട്ടിട ഉടമകളുമായി സംസാരിച്ച് പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് പോലീസ് ഉറപ്പു നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമായത്.

ഓടയിലേക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. പായിപ്ര കവലയില്‍നിന്നടക്കമുള്ള പല സ്ഥാപനങ്ങളുടെയും മാലിന്യക്കുഴലുകള്‍ തുറന്നിരിക്കുന്നത് ഓടയിലേക്കാണ്. ഈ ഓട സൂപ്പര്‍പടിയില്‍ വച്ച് തെളിനീരൊഴുകുന്ന എരപ്പില്‍ തോട്ടിലേക്ക് എത്തും. ഇതുമൂലം പള്ളിപ്പടി മുതല്‍ പുന്നോപ്പടി വരെയുള്ള ഭാഗങ്ങളിലെ നിരവധി കിണറുകളാണ് കഴിഞ്ഞ മാസങ്ങളില്‍ മലിനമായത്.
 
ഇതോടെയാണ് നാട്ടുകാര്‍ തോട് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭമാരംഭിച്ചത്. ഓടയിലേക്ക് തുറന്ന നിരവധി സ്ഥാപനങ്ങളുടെ മാലിന്യക്കുഴലുകള്‍ സമിതിയുടെ നേതൃത്വത്തില്‍ അടച്ചിരുന്നു. ഇത് സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും കക്കൂസ് മാലിന്യം നേരിട്ട് ഓടയിലേക്ക് തുറന്നത് കണ്ടത്തിയത്.