ന്യൂഡല്‍ഹി: രാജ്യത്തെ വായുമലിനീകരണതോത് ഭീതിദമാംവിധം ഉയരുന്നുവെന്ന അന്താരാഷ്ട്രറിപ്പോര്‍ട്ടുകള്‍ കേന്ദ്രം തള്ളി. ഇന്ത്യയില്‍ വായുമലിനീകരണം കൂടുകയാണെന്നും ഏറ്റവും കൂടുതല്‍ ഓസോണ്‍ മലിനീകരണം സംഭവിക്കുന്നത് ഇവിടെയാണെന്നും ഹെല്‍ത്ത് ഇഫക്ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

ശാസ്ത്രീയമായല്ല ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ പറഞ്ഞു. ഊഹാപോഹങ്ങള്‍ ഔദ്യോഗിക രേഖകളായി മാറ്റരുത്. ഇത് റോക്കറ്റ് സയന്‍സല്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം -മന്ത്രി പറഞ്ഞു.

''ദേശീയ വായുനിലവാര നിരീക്ഷണപരിപാടിയുടെ കീഴില്‍ 300 നഗരങ്ങളില്‍ വായുപരിശോധന ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇതിനുവേണ്ടി രാജ്യത്താകമാനം 680 സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണത്തിനിടയാക്കുന്ന സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് എന്നിവയുടെ തോത് മിക്ക നഗരങ്ങളിലും അനുവദനീയമായ പരിധിക്കുള്ളിലാണ്'' -മന്ത്രി പറഞ്ഞു.

മലിനീകരണത്തോത് ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര മലിനീകരണനിയന്ത്രണബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ 24 പരിശോധനാകേന്ദ്രങ്ങള്‍ 

ദേശീയ വായുനിലവാര നിരീക്ഷണപരിപാടിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളില്‍ ഇരുപത്തിനാല് സ്റ്റേഷനുകള്‍ പ്രവത്തിക്കുന്നതായി മന്ത്രി അറിയിച്ചു. കൊച്ചിയില്‍ ഏഴും തിരുവനന്തപുരത്ത് നാലും കോഴിക്കോട്, കോട്ടയം, ആലപ്പുഴ കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും വായുനിലവാര പരിശോധനാസ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് പത്തനംതിട്ട, സുല്‍ത്താന്‍ ബത്തേരി, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിലും സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.