കോട്ടയം: ഓരോവര്‍ഷവും കടലിലെത്തുന്നത് 800 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്ന്, ലണ്ടന്‍ ബ്രൂണല്‍ സര്‍വകലാശാലയിലെ പരിസ്ഥിതിശാസ്ത്രജ്ഞനും മലയാളിയുമായ ഡോ.അജി പീറ്റര്‍ പറഞ്ഞു. പ്ലാസ്റ്റിക്രഹിത ജീവനത്തെക്കുറിച്ച്, കോട്ടയം ജറുസലേം പള്ളി പാരിഷ്ഹാളില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ ഫ്രെട്ടേണിറ്റി, കോട്ടയം റെസിഡന്‍സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍, കോട്ടയം സെന്റിനീയല്‍ ലയണ്‍സ് ക്ലബ്ബ് എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

2014-ല്‍ എടുത്തതാണ് കടലിലെ പ്ലാസ്റ്റിക്കിന്റെ കണക്കെന്ന് അജി പീറ്റര്‍ പറഞ്ഞു. യഥാര്‍ഥകണക്ക് ഇതിലും കൂടുതലാണ്. കടലിലെത്തുന്ന പ്ലാസ്റ്റിക് വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക് രൂപപ്പെടും. മത്സ്യം ഉള്‍പ്പെടെയുള്ളവ ഇതു തിന്നും. കടല്‍ജീവികള്‍ അതിവേഗം ഇല്ലാതാകുന്നതിന് ഇത് ഒരു കാരണമാണ്. മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും മൈക്രോപ്ലാസ്റ്റിക് എത്തുന്നു. മനുഷ്യരില്‍ ഇവ വരുത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠനം നടക്കുന്നുണ്ട്.

24 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടിയ ചൂടില്‍ പ്ലാസ്റ്റിക്കില്‍നിന്നു രാസവസ്തുക്കള്‍ പുറത്തുവരും. പലവിധത്തിലുള്ള അര്‍ബുദത്തിന് ഇടയാക്കുന്നതാണിത്. അതിനാല്‍, ചൂടുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക്കില്‍ കൊണ്ടുപോകരുത്. കത്തിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി നിര്‍ത്താന്‍പറ്റില്ല. ഉപയോഗം കുറയ്ക്കുകയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം.
 
World's deep seas littered with plastic wasteനിത്യോപയോഗസാധനങ്ങള്‍ കൈകാര്യംചെയ്യാന്‍ പരിസ്ഥിതിസൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്കില്‍നിന്ന് ഡീസല്‍ ഉത്പാദിപ്പിക്കുന്ന വിദ്യ വ്യാപകമായിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനംചെയ്തു. ഗ്രീന്‍ ഫ്രെട്ടേണിറ്റി പ്രസിഡന്റ് ഡോ.ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ടംചിറ മോഡറേറ്ററായിരുന്നു.

ടി.ശശികുമാര്‍, റവ. ഡോ. എം.ടി.ജോസഫ്, റവ. കെ.വൈ.ജേക്കബ്, റവ.ജോസഫ് മാണി, പ്രൊഫ.വില്യം സഖറിയാസ്, ഡോ.വസുന്ധരാ മേനോന്‍, ഡോ.വിഷ്ണു ആര്‍.ഉണ്ണിത്താന്‍, ജോയി സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു.

പ്ലാസ്റ്റിക് ടാറില്‍ ചേര്‍ക്കുന്നതും പ്രശ്‌നം

പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ക്കുന്നത് താത്കാലികപ്രശ്‌നപരിഹാരം മാത്രമാണെന്ന് ഡോ.അജി പീറ്റര്‍. താലേറ്റ് ചേര്‍ത്താണ് പ്ലാസ്റ്റിക്കിന് ഉറപ്പുനല്‍കുന്നത്. ചൂടുകൂടുമ്പോള്‍ താലേറ്റ് പുറത്തുവരും. ഇത് ശ്വാസത്തിലൂടെപ്പോലും ജീവികളുടെ ഉള്ളില്‍ കടക്കും. താലേറ്റും അര്‍ബുദത്തിനു കാരണമാകും-അദ്ദേഹം പറഞ്ഞു.
 
Content Highlights: plastic waste in sea, sea pollution