പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകത്തെ മൂടിക്കൊണ്ടിരിക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് വേറിട്ട വഴിതേടുന്ന ഒരാളുണ്ട്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍. പുതിയ പ്ലാസ്റ്റിക് സംസ്‌കരണ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ഉല്‍പന്നങ്ങളാക്കി അവയെ മാറ്റുകയും ചെയ്യുന്ന, പുതിയ കണ്ടെത്തലുകള്‍ക്കായി നിരന്തരം ശ്രമം നടത്തുന്ന സുനില്‍ അഹമ്മദ്.

നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ കണ്ടെത്തലുകളാണ് സുനില്‍ അഹമ്മദിന്റെ വേണാട് അസോസിയേറ്റ്‌സിനെ വ്യത്യസ്തമാക്കുന്നത്. വേസ്റ്റ് മാനേജ്‌മെന്റാണ് വേണാട് റിസോഴ്‌സ് മാനേജ്‌മെന്റിന്റെ പ്രധാന പ്രവര്‍ത്തന മേഖല. സുനില്‍ അഹമ്മദും സുഹൃത്ത് സന്തോഷ് മേനോനും ചേര്‍ന്നാണ് സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നത്.  

പ്ലാസ്റ്റിക് റീ സൈക്ലിങ്, റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റ്, മാലിന്യ ശേഖരണത്തിനുള്ള ബയോ എന്‍വലപ്, കമ്പോസ്റ്റിങ്ങിനെ ത്വരിതപ്പെടുത്തുന്ന ചിലവുകുറഞ്ഞ ഇനോക്കുലം, സിന്‍ഗ്യാസ് തുടങ്ങിയവ ഇവരുടെ ഉല്‍പന്നങ്ങളില്‍ ചിലതാണ്. നിലവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏത് സാങ്കേതികവിദ്യയേക്കാളും മികച്ചതും കുറഞ്ഞ ചെലവിലുള്ളതുമാണ് തങ്ങളുടെ കണ്ടെത്തലുകള്‍ എന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ പ്ലാസ്റ്റിക് മാലിന്യം വലിയൊരളവോളം സംസ്കരിക്കാനുള്ള സംവിധാനമൊരുക്കാന്‍ തങ്ങള്‍ക്കാവുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നു മാത്രം.

sunil ahammed
സുനില്‍ അഹമ്മദ്

1993മുതല്‍ പ്ലാസ്റ്റിക് റീസൈക്ലിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു സുനില്‍ അഹമ്മദ്. സൗദിയിലായിരുന്നു തുടക്കം. ഗള്‍ഫില്‍ ആരംഭിച്ച കമ്പനിക്ക് ഒന്നിലേറെ ബ്രാഞ്ചുകളുണ്ടായിരുന്നു. പിന്നീട് 1997ല്‍ അത് സഹോദരനെ ഏല്‍പിച്ച് ഗള്‍ഫില്‍നിന്ന് തിരിച്ചുപോന്നു. പിന്നീട് ബോംബെയിലായിരുന്നു പ്രവര്‍ത്തനം. ഏഴു വര്‍ഷം മുന്‍പാണ് കേരളത്തില്‍ വന്ന് യൂണിറ്റ് തുടങ്ങിയത്. ഒപ്പം, പ്ലാസ്റ്റിക് റീസൈക്ലിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠിച്ചു. പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചു. അങ്ങനെയാണ് പുതിയ ഉല്‍പന്നങ്ങളിലേയ്‌ക്കെത്തുന്നത്.

മാലിന്യങ്ങളില്‍നിന്ന് പുത്തനുല്‍പ്പന്നങ്ങള്‍

റീസൈക്കിള്‍ ചെയ്യാവുന്ന ബയോഗ്യാസ് പ്ലാന്റ് ആണ് സുനില്‍ അഹമ്മദ് രൂപപ്പെടുത്തിയ ഒരു ഉല്‍പ്പന്നം. നൂറുശതമാനം റീസൈക്കിള്‍ ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. സാധാരണഗതിയില്‍ ഉപയോഗം കഴിഞ്ഞ ബയോഗ്യാസ് പ്ലാന്റുകളുടെ അവശിഷ്ടങ്ങള്‍ പിന്നീട് ബാധ്യതയായി മാറുകയാണ് പതിവ്. അതിനുള്ള പരിഹാരമാണ് ഈ പിവിസി ബയോഗ്യാസ് പ്ലാന്റുകള്‍. ഇവയിലുപയോഗിക്കുന്ന വസ്തുക്കളെല്ലാം റീസൈക്കിള്‍ ചെയ്യാവുന്നവയാണ്. ഈ പ്ലാന്റില്‍ പ്ലാസ്റ്റിക് ബാഗിലാണ് ഗ്യാസ് വന്നു നിറയുന്നത്. പാരച്യൂട്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയല്‍ ആണ് ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് പ്ലാന്റുകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ഇവയ്ക്കില്ല. 

മാലിന്യം നിക്ഷേപിക്കുന്നതിനും സ്ലറി പുറത്തേക്കെടുക്കുന്നതിനും ലളിതമായ മാര്‍ഗ്ഗമാണ് ഈ പ്ലാന്റിലുള്ളത്. പുഴു, കൊതുക് തുടങ്ങിയവ ബാധിക്കില്ല എന്നതും പ്രത്യേകതയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ വീടുകളില്‍ സ്ഥാപിക്കുന്ന പ്ലാന്റിന്റെ കുറഞ്ഞ ചിലവ് എണ്ണായിരം മുതല്‍ പതിനായിരം രൂപവരെയാണ്. എന്നാല്‍ ഇവര്‍ പുറത്തിറക്കുന്ന പ്രകൃതി സൗഹാദ്ദ ബയോഗ്യാസ് പ്ലാന്റിന് ഏഴായിരം രൂപയേ ചിലവു വരൂ.

ബയോ എന്‍വലപ് ആണ് മറ്റൊരു ഉല്‍പന്നം. ബയോഗ്യാസ് പ്ലാന്റുകള്‍ ഇല്ലാത്ത വീടുകളില്‍ സ്ഥാപിക്കാനാകുന്ന ചെലവുകുറഞ്ഞ മാലിന്യസംസ്‌കരണ മാര്‍ഗമാണിത്. ചണം ഉപയോഗിച്ചുള്ള ഒരു സഞ്ചിയാണിത്. മാലിന്യങ്ങള്‍ ഈ സഞ്ചിയില്‍ നിക്ഷേപിക്കാം. അവിടെത്തന്നെ അത് അഴുകി ഇല്ലാതാകും. ഇതിന്റെ കമ്പോസ്റ്റ് നല്ല ബയോ ഫീഡായാണ് മാറുന്നത്. ഇത് ബയോ ഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ഗ്യാസ് ലഭിക്കുമെന്ന് സുനില്‍ അഹമ്മദ് പറയുന്നു. 

sunil ahammed
സുനില്‍ അഹമ്മദിന്റെ മാലിന്യ സംസ്കരണ പ്ലാന്റ്

കമ്പോസ്റ്റിങ്ങിനെ ത്വരിതപ്പെടുത്തുന്ന ഇനോക്കുലവും ഇവര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ദുര്‍ഗന്ധം ഇല്ലാതിരിക്കാനും കമ്പോസ്റ്റിങ് വേഗത്തില്‍ നടക്കാനും ഉപയോഗിക്കുന്ന ഈ ദ്രാവകത്തിന് വിപണിയില്‍ ലിറ്ററിന് 60 രൂപ വിലയുണ്ട്. ഇവരുടെ ഇനോക്കുലത്തിന് 100 മില്ലിക്ക് 30 രൂപയാണ് വില. 250 ലിറ്ററായി നേര്‍പ്പിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ് ഇത്. അതായത് 250 ലിറ്ററിന് 30 രൂപയേ വിലവരൂ.

പ്ലാസ്റ്റിക് റീ സൈക്ലിങ് മേഖലയിലാണ് സുനില്‍ അഹമ്മദ് പ്രധാനമായി ശ്രദ്ധവയ്ക്കുന്നത്. പ്ലാസ്റ്റിക് പുനരുപയോഗിക്കാനാവുന്ന വിധത്തില്‍ കുറഞ്ഞ ചിലവില്‍ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് അദ്ദേഹം തേടുന്നത്. എന്നാല്‍ പ്ലാസ്റ്റിക് സംസ്‌കരണം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ശേഖരിച്ചു കൊണ്ടുവരുന്ന പ്ലാസ്റ്റിക്കില്‍ റിസൈക്കിള്‍ ചെയ്യാനാവുന്നവയും അല്ലാത്തയുമുണ്ടാകും. തെര്‍മോകോള്‍, റബ്ബര്‍ തുടങ്ങിയവയൊക്കെ ലോഡ് കണക്കിനുള്ള പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് വേര്‍തിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഈ വസ്തുക്കള്‍ ഉള്‍പ്പെട്ടുപോയാല്‍ ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കും. 

പ്ലാസ്റ്റിക്ക് മാലിന്യത്തിനൊപ്പമുള്ള ഇതര വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കാന്‍ നിരവധി ഘട്ടങ്ങളുള്ള പ്രക്രിയ ആവശ്യമായിവരും. കൂടുതല്‍ അധ്വാനവും വേണം. ഈ പ്രശ്‌നത്തിനുള്ള ലളിതമായ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിനൊടുവിലാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നുള്ള ടൈലുകള്‍ വികസിപ്പിച്ചെടുത്തത്. പ്ലാസ്റ്റിക് ഉരുക്കാതെ പ്രത്യേക രീതിയില്‍ സംസ്‌കരിച്ച് നിര്‍മിച്ചെടുക്കുന്ന വസ്തുവാണിത്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ പെടുന്ന മറ്റു വസ്തുക്കള്‍ ഉള്‍പ്പെട്ടാലും പ്രശ്‌നങ്ങളില്ല. ഗ്ലാസ് ഒഴികെ ബാക്കിയുള്ള എതു വസ്തുക്കളും അപാകതകളില്ലാതെ സംസ്‌കരിച്ചെടുക്കാന്‍ ഈ രീതിയിലൂടെ സാധിക്കും. ഈ തറയോടുകള്‍ പോലെ ഉപയോഗിക്കാവുന്ന ഉല്‍പന്നമാണിതെന്ന് സുനില്‍ അഹമ്മദ് പറയുന്നു.

കേരളത്തിലെ എഴുപതിനായിരത്തോളം സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്ലാസ്റ്റിക് സംസ്‌കരണ പരിപാടിയാണ് സുനില്‍ അഹമ്മദിന്റേത്. അതിന്റെ ഭാഗമായി പാലാരിവട്ടത്തെ സ്‌നേഹനിലയം എന്ന സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. 

ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്നതിനുള്ള പുതിയൊരു സാങ്കേതികതയാണ് സിന്‍ഗ്യാസ് (സിന്തറ്റിക് ഗ്യാസ്). ഇതിലൂടെ രണ്ട് കിലോ വേസ്റ്റില്‍നിന്ന് അഞ്ച് മണിക്കൂര്‍ ഗ്യാസ് ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സാങ്കേതികതയാണ് ഇതിന്റേത്. ഈ ഗ്യാസ് കത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് താരതമ്യേന കുറച്ചുമാത്രമേ പുറന്തള്ളപ്പെടൂ എന്നും കൂടിയ കാര്യക്ഷമതയുള്ള ഗ്യാസാണിതെന്നും അദ്ദേഹം പറയുന്നു. 

മാലിന്യങ്ങള്‍ക്കെതിരെ പരിസ്ഥിതിക്കൊപ്പം

കേരളത്തിലെ എഴുപതിനായിരത്തോളം സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്ലാസ്റ്റിക് സംസ്‌കരണ പരിപാടിയാണ് സുനില്‍ അഹമ്മദിന്റേത്. അതിന്റെ ഭാഗമായി പാലാരിവട്ടത്തെ സ്‌നേഹനിലയം എന്ന സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ബയോ എന്‍വലപ് എന്ന മാലിന്യ സംസ്‌കരണ സഞ്ചി ഈ വിദ്യാര്‍ഥികളാണ് ഉണ്ടാക്കുന്നത്. ഇനോക്കുലവും കുട്ടികളാണ് നിര്‍മിക്കുന്നത്. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് തൊഴില്‍ നല്‍കാനും ഇത് സഹായിക്കുമെന്ന് സുനില്‍ പറയുന്നു.

കൊല്ലത്ത് കരുനാഗപ്പള്ളിയിലും എറണാകുളത്തുമാണ് സംസ്‌കരണ പ്ലാന്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്ലാസ്റ്റിക് മാലിന്യം മുഴുവനായും സംസ്‌കരിച്ച് പുതിയ ഉല്‍പന്നമാക്കി മാറ്റാനുള്ള സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്ലാസ്റ്റിക് സംസ്‌കരണം സംബന്ധിച്ച് സുനില്‍ അഹമ്മദ് ക്ലാസുകളും പരിശീലനങ്ങളും നല്‍കാറുണ്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ നിയമിച്ച 250 ഗ്രീന്‍ ടെക്‌നീഷ്യന്‍സിന് പരിശീലനം കൊടുത്തതും സുനില്‍ അഹമ്മദാണ്. കൊല്ലം ആശ്രാമം മൈതാനത്തിന്റെ നവീകരണത്തിന് മാതൃഭൂമിയുമായി ചേര്‍ന്ന് വേണാട് അസോസിയേറ്റ്‌സ് മാലിന്യനിവാരണത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇവിടെനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേണാട് റിസോഴ്‌സ് മാനേജ്‌മെന്റ് സംസ്‌കരണം നടത്തി. 

സര്‍ക്കാര്‍ മുഖംതിരിക്കുന്നു

മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുമ്പോഴും അര്‍ഹമായ പരിഗണനയും പിന്തുണയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. നാഷണല്‍ ഗെയിംസിന്റെ നടത്തിപ്പില്‍ മാലിന്യസംസ്‌കരണത്തിനുള്ള സഹായങ്ങള്‍ ഏര്‍പ്പെടുത്തിയത് വേണാട് റിസോഴ്‌സ് മാനേജ്‌മെന്റ് ആയിരുന്നു. ഇതിന്റെ പേരില്‍ സുനില്‍ അഹമ്മദിന് ആദരം ലഭിച്ചതല്ലാതെ ഒരുവിധ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ഇതിനായെടുത്ത ലോണ്‍ അടച്ചുതീര്‍ക്കാനാകാതെ വീടും സ്ഥലവും ബാങ്ക് ജപ്തിചെയ്യുന്ന സ്ഥിതിയുണ്ടായി. ശുചിത്വ മിഷന്റെ അക്രഡിറ്റേഷന് അപേക്ഷിച്ചെങ്കിലും അതിലും അനുകൂലമായ നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു.