മെല്ലെമെല്ലെ രോഗാവസ്ഥയിലേക്ക് തള്ളിവിടുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുടെ നിരന്തരോപയോഗത്തിന്റെ അപകടത്തെക്കുറിച്ച് അധികമാർക്കുമറിയില്ല. അതിലേക്ക് ശ്രദ്ധതിരിച്ചുവിടുന്ന ഒരു
അന്വേഷണ പരമ്പര

രണ്ടുവർഷംമുമ്പാണ്. നവിമുംബൈയിലെ എം.ജി.എം. ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂറോളജിസ്റ്റ് ഡോ. എ.കെ. സിംഗാളിന്റെ മുറിയിലേക്ക് രണ്ടുമാസം മാത്രം പ്രായമായ ഒരു കുഞ്ഞിനെയും കൊണ്ട് ഒരു കുടുംബമെത്തി. കുട്ടിയുടെ മൂത്രദ്വാരം ലിംഗാഗ്രത്തിലായിരുന്നില്ല എന്നതാണ് പ്രശ്നം. ഇതേക്കുറിച്ച് വിദേശത്ത് ഡോക്ടർമാർ നേരത്തേതന്നെ ചില പഠനങ്ങൾ നടത്തിയിരുന്നു. സ്വീഡനിൽ നടത്തിയ ഒരു പഠനത്തിലാണ് ഇതിന്റെ യഥാർഥകാരണം വെളിവായത്. കുട്ടി ഗർഭപാത്രത്തിൽ വളരുന്ന ഘട്ടത്തിൽ രാസപദാർഥങ്ങളുമായുള്ള അമ്മയുടെ അമിതബന്ധമാണ് (കെമിക്കൽ എക്സ്‌പോഷർ) ഈ രോഗത്തിനുകാരണം.  

ഒരു മാസത്തിനുള്ളിൽത്തന്നെ ഇത്തരത്തിൽ രണ്ടുകേസുകൾ വന്നപ്പോഴാണ് മുംബൈയിലും ഈ പ്രശ്നം ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായത്. ഇതേക്കുറിച്ച് അദ്ദേഹം ഒരു പഠനം നടത്തിയപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്പത്രിയിൽ പ്രസവിച്ച 1100 ആൺകുട്ടികളെ പരിശോധിച്ചപ്പോൾ ആറുപേർക്ക് ഈ രോഗം കണ്ടെത്തി. 126 പേരിൽ ഒരാൾക്ക് എന്ന തോതിൽ. ഇത്തരത്തിൽ ഒരു പഠനം ഇന്ത്യയിൽ ആദ്യമായിരുന്നു. എങ്ങനെയാണ് അമ്മമാരുടെ ശരീരത്തിൽ രാസപദാർഥങ്ങൾ കൂടിയ അളവിലെത്തുന്നത് എന്നന്വേഷിച്ചപ്പോൾ അതിന്റെ പ്രധാനകാരണവും കണ്ടെത്താൻ കഴിഞ്ഞു. പ്രധാനമായും പ്ലാസ്റ്റിക് വസ്തുക്കളുടെ അമിതമായ ഉപയോഗം. പ്രധാനമായും ഭക്ഷണപദാർഥങ്ങളിലൂടെ പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെത്തുന്നു. ഏറ്റവും മോശമായ പ്ലാസ്റ്റിക് ഏറ്റവും അപകടകാരിയാകുന്നു എന്നത് വേറെ കാര്യം. ഇവിടെ നല്ല പ്ലാസ്റ്റിക് ഏത്, മോശമേത് എന്നു തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഇല്ല. എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നമുക്കൊരു പോലെ. 

 
മുംബൈയിൽ നിന്നുതന്നെ മറ്റൊരുസംഭവം. രണ്ടു വയസ്സുകാരനായ കുട്ടിക്ക്‌ കലശലായ ശ്വാസംമുട്ട്. പല ചികിത്സകളും നടത്തി. മരുന്നുകഴിക്കുമ്പോൾ മാത്രം ആശ്വാസം കിട്ടും. മാസങ്ങൾക്കുള്ളിൽ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. സ്പെഷ്യലിസ്റ്റുകളെ പലരെയും കാണിച്ചു. ഇടയ്ക്ക് ഹോമിയോ ചികിത്സയും ആയുർവേദവും പരീക്ഷിച്ചു. കാര്യങ്ങൾ പഴയ പടി തന്നെ. ചികിത്സിക്കുമ്പോൾ മാത്രം ഭേദമുണ്ടാകും. ഡോക്ടറുടെ നർദേശപ്രകാരം വീടുമാറിത്താമസിക്കൽവരെ നടത്തി. എന്നിട്ടും ഫലമുണ്ടായില്ല. പുതുതായി മാറിയ ഫ്ളാറ്റിന്റെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഒരു ഡോക്ടറാണ് അവസാനം മാറാത്ത രോഗത്തിന്റെ കാരണം കണ്ടെത്തിയത്. കുട്ടിയുടെ കളിപ്പാട്ടങ്ങളിൽ വലിയൊരു വിഭാഗവും ചൈനീസ് പ്ലാസ്റ്റിക് ഉത്‌പന്നങ്ങളായിരുന്നു. ഇവയെല്ലാം വീട്ടിൽ നിന്ന്‌ പുറത്തുപോയതോടെ കുട്ടിയുടെ അസുഖവും മാറി.  ചൈനയിൽ നിന്നുമെത്തുന്ന വിലകുറഞ്ഞ ഭംഗിയുള്ള കളിപ്പാട്ടങ്ങൾ മാരകമായി രാസപദാർഥങ്ങൾ അടങ്ങിയതാണെന്ന് പലർക്കുമറിയില്ല. കുട്ടികളുടെ ശ്വാസകോശത്തെ ഇത് നേരിട്ട് ബാധിക്കുന്നു 
 
കേരളത്തിലെ അറിയപ്പെടുന്ന അർബുദ ചികിത്സാ വിദഗ്ധൻ ഡോ. ഗംഗാധരൻ അടുത്തിടെ ഒരുകാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക അത്യന്തം അപകടകരമാണെന്ന്. അർബുദം ഉണ്ടാകുന്നതിന് ഇതൊരു പ്രധാന കാരണമാണ്. അറിഞ്ഞോ അറിയാതെയോ ഈ പുക നമ്മൾ ശ്വസിക്കുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങളാണ് നമ്മുടെ ശ്വാസകോശത്തിലൂടെ ശരീരത്തിലെത്തുന്നത്. അർബുദത്തിന്റെ ഒരു പ്രധാന കാരണക്കാരനായിട്ട്‌ പ്ലാസ്റ്റിക്കിനെ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ വലിയൊരു വിഭാഗം തന്നെ കാർസിനോജൻ(അർബുദമുണ്ടാക്കാൻ കാരണക്കാരൻ) ആണെന്ന് ഡോക്ടർമാർ മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്, റബ്ബർ മാലിന്യങ്ങൾ കത്തിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചതിനു കാരണവും മറ്റൊന്നല്ല. പ്ലാസ്റ്റിക് കത്തുമ്പോൾ ഡയോക്സിൻ, ഫുറാൻസ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങി നിരവധി മാരകമായ വിഷവാതകങ്ങളാണ് പുറംതള്ളപ്പെടുന്നത്. 
 
ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവാണ് നമുക്കിന്ന് പ്ലാസ്റ്റിക്. തുണിസഞ്ചികളും മരക്കസേരകളും എന്തിന് സ്റ്റീൽപാത്രങ്ങൾ വരെ മാറുകയാണ്. പകരം എല്ലാം പ്ലാസ്റ്റിക് മയം. സാധനങ്ങൾ വാങ്ങാൻ എപ്പോഴും കൈയിൽ കരുതുന്നത് പ്ലാസ്റ്റിക് ബാഗ്. ഭാരക്കുറവ്, വിലക്കുറവ്, സൗകര്യം എന്നിവ പ്ലാസ്റ്റിക് വസ്തുക്കളെ എല്ലായിടത്തേക്കുമെത്തിക്കുന്നു.   ഇതുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് കാര്യമായി ആർക്കും അറിയില്ല. അറിയുന്നവർതന്നെ കാര്യമാക്കാറില്ല. കാരണം പ്ലാസ്റ്റിക് വരുത്തുന്ന ദോഷം പെട്ടെന്ന് അറിയാൻ കഴിയില്ലെന്നതുതന്നെ കാരണം.    മനുഷ്യനെ സാവധാനം കൊല്ലുന്ന വസ്തുവാണ് പല പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും എന്നത് ലോകം തിരിച്ചറിയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അതുകൊണ്ടുതന്നെ പല വിദേശരാജ്യങ്ങളും ഇതിന്റെ ഉപയോഗത്തിൽ പലതരത്തിലുള്ള നിയന്ത്രണങ്ങളും നേരത്തേതന്നെ നടപ്പാക്കിക്കഴിഞ്ഞു. ചിലർ അതിന്റെ വഴിയെയാണ്. എന്നാൽ, നമ്മുടെ രാജ്യം ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നുമാത്രം.

എല്ലാം പ്ലാസ്റ്റിക് കവറിൽ

ഭക്ഷണപദാർഥങ്ങളിൽ ഏറെയും ഇന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് നമുക്ക് ലഭിക്കുന്നത്. പ്രത്യേകിച്ച് ഉടൻ കഴിക്കാനുള്ളതെന്തും(ഫാസ്റ്റ് ഫുഡ്). മുമ്പ് പേപ്പർ കവറുകളിൽ വന്നിരുന്ന ബിസ്കറ്റുകളും ഗ്ലാസ് കുപ്പികളിൽ എത്തിയിരുന്ന ശീതളപാനീയങ്ങൾപോലും പ്ലാസ്റ്റിക് കുപ്പികളിലേക്ക് മാറിക്കഴിഞ്ഞു. മരുന്ന് അലോപ്പതിയായാലും ആയുർവേദമായാലും പ്ലാസ്റ്റിക് കുപ്പിയിൽത്തന്നെ. ഇതിലൊന്നും ഒരു പ്രശ്നവും സാധാരണക്കാരായ നമ്മളോ ഇത് നിയന്ത്രിക്കേണ്ടവരോ കാണുന്നില്ല. 
  ''സർക്കാർ ഇതൊന്നും കാണുന്നില്ലെങ്കിൽ വലിയ വിപത്താണ് രാജ്യത്തെ കാത്തിരിക്കുന്നത്. വിവിധതരം പ്ലാസ്റ്റിക്കുത്‌പന്നങ്ങൾ ഉണ്ടാക്കുന്ന വിപത്ത് ചെറുതല്ല. പ്രത്യേകിച്ച് പ്ലാസ്റ്റിക് ബോട്ടിലുകളിൽ എത്തുന്ന മരുന്നുകൾ. ഒരു തവണ ഉപയോഗിച്ച് ഒഴിവാക്കുക എന്നതാണ് പ്ലാസ്റ്റിക്കിന്റെ ഗുണം. എന്നാൽ, അത് ശരിക്കും ഗുണമല്ല ഉണ്ടാക്കുന്നത്. അത് തടയാനുള്ള പ്രചാരണ പരിപാടികളാണ് തങ്ങൾ നടത്തുന്നത്'' -‘ആക്ട് ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഡോ. മമത എസ്.ജെയിൻ പറയുന്നു.

പ്രകൃതിയെ നശിപ്പിക്കുന്നവൻ

കല്ല്, മണ്ണ്, മരം, ലോഹം, പേപ്പർ എന്നിവയുടെ കൂട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോൾ പ്ലാസ്റ്റിക് എന്ന വസ്തുവും. എന്നാൽ, ഇവൻ പരിസ്ഥിതി മലിനീകരണത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രകൃതിയുടെ ജൈവരാസ പ്രക്രിയയ്ക്ക് പ്ലാസ്റ്റിക് വിധേയമാകുന്നില്ല എന്നതുതന്നെയാണ് ഇതിനുകാരണം. ആദ്യകാല പ്ലാസ്റ്റിക്കുകൾ പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നായിരുന്നു വികസിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൃത്രിമമായ രാസവസ്തുക്കളിൽ നിന്നാണ് അവയിപ്പോൾ പലതും നിർമിക്കുന്നത്. പോളിമറാണ് ഇതിലെ പ്രധാന ഘടകം. പ്ലാസ്റ്റിസൈസർ, ആന്റി ഓക്സിഡന്റ്, സ്റ്റെബിലൈസർ, ഫില്ലർ, കളർ എന്നിവ വേണ്ട പാകത്തിന് കൂട്ടിച്ചേർക്കുന്നു. പല രാസവസ്തുക്കൾ ചേരുന്നതിനാൽ ഇത് പ്രകൃതിയിൽ അലിഞ്ഞുചേരില്ല. ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്ലാസ്റ്റിക് ശുദ്ധ പോളിമർ കൊണ്ടുള്ളതാവണം എന്നാണ് നിഷ്കർഷ. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. 

(തുടരും)