വടക്കാഞ്ചേരി: വടക്കാഞ്ചേരിപ്പുഴ വീണ്ടെടുക്കാനുള്ള ജനകീയ കൂട്ടായ്മയ്ക്ക് ആവേശം പകര്‍ന്ന് മന്ത്രി എ.സി. മൊയ്തീനും. നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, സന്നദ്ധസംഘടനകള്‍, വ്യാപാരികള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, ടിപ്പര്‍ അസോസിയേഷന്‍, അഗ്‌നിരക്ഷാസേന, വനപാലകര്‍ തുടങ്ങിയവര്‍ ഒന്നിച്ച് കൈകോര്‍ത്താണ് പുഴ വീണ്ടെടുക്കുന്നത്. സാധ്യമായവിധം ഓരോരുത്തരും ജെ.സി.ബിക്ക് ഡീസല്‍ അടിച്ചും ജോലിക്കാര്‍ക്ക് ഭക്ഷണം നല്‍കിയും കൂട്ടായ്മയുടെ ഭാഗമായി.

പുഴയില്‍ അടിഞ്ഞുകൂടിയ നൂറുകണക്കിന് ലോഡ് മണ്ണും മണലുമാണ് രണ്ടുദിവസമായി നീക്കിയത്. ഇനിയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരും. ജില്ലാ കളക്ടര്‍ എസ്. ഷാനവാസും ഞായറാഴ്ച വൈകീട്ട് പുഴവീണ്ടെടുപ്പു കാണാനെത്തി. മന്ത്രി എ.സി. മൊയ്തീനോടൊപ്പം പുഴയുടെ വീണ്ടെടുപ്പുപ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. മണ്ണുനീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുമതി നടപടികള്‍ വേഗത്തിലാക്കുമെന്ന് നഗരസഭാ അധികൃതരോട് കളക്ടര്‍ വ്യക്തമാക്കി. അളന്നുതിട്ടപ്പെടുത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് അടുത്ത വര്‍ഷത്തില്‍ ഒഴുക്കു സുഗമമാക്കി വെള്ളക്കെട്ടൊഴിവാക്കാനുള്ള നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

2018-ലെ മഹാപ്രളയത്തിനുശേഷം പുഴ പുനരുജ്ജീവനം ലക്ഷ്യമാക്കി മന്ത്രി എ.സി. മൊയ്തീന്‍ സജീവ ഇടപെടലുകള്‍ നടത്തി. ഇതിന്റെ ഭാഗമായി കിഫ്ബിയില്‍ ആദ്യം 25 കോടിരൂപ കാഞ്ഞിരക്കോടുമുതല്‍ പന്ത്രണ്ടുകിലോമീറ്റര്‍ പുഴ സംരക്ഷിക്കുന്നതിനായി വകയിരുത്തി. കഴിഞ്ഞ ബജറ്റില്‍ വടക്കാഞ്ചേരി നഗരസഭാ പരിധിയിലേയ്ക്കും പത്തുകോടിരൂപ അനുവദിപ്പിച്ചു.

വീണ്ടെടുക്കുന്നു, 'വീണുപോയ' പുഴയെ
വടക്കാഞ്ചേരി പ്പുഴ വീണ്ടെടുപ്പ് പ്രവൃത്തി ആരംഭിച്ചപ്പോൾ

സര്‍ക്കാര്‍ അനുവദിച്ച പത്തുകോടിരൂപയുടെ ജോലികള്‍ വരുന്ന വര്‍ഷകാലത്തിനുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി തുടങ്ങാനാവില്ലെന്ന തിരിച്ചറിവിലാണ് ജനകീയ കൂട്ടായ്മ ലക്ഷ്യമാക്കി മന്ത്രി മുന്നിട്ടിറങ്ങിയത്.

സ്ഥലം എം.എല്‍.എയായ അനില്‍ അക്കര ഉള്‍പ്പെടെ കക്ഷിഭേദമെന്യേ എല്ലാവരും കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു.

അയ്യങ്കാളി തൊഴിലുറപ്പ് സേനയുമെത്തും

വടക്കാഞ്ചേരി : അയ്യങ്കാളി തൊഴിലുറപ്പ് വിദഗ്ധതൊഴിലാളികളുടെ സേവനംകൂടി വടക്കാഞ്ചേരിപ്പുഴ പുനരുജ്ജീവനത്തിന് പ്രയോജനപ്പെടുത്തും. നഗരസഭയിൽ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. പുഴയിലേക്ക്‌ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് തീരുമാനിച്ചു.

വടക്കാഞ്ചേരി നഗരസഭാ പരിധിയിലുള്ള, വിരമിച്ച എൻജിനീയർമാരുടെ സേവനവും വടക്കാഞ്ചേരിപ്പുഴ പുനരുജ്ജീവനപ്രവർത്തനങ്ങളിൽ നഗരസഭ ഉറപ്പാക്കി. അടിഞ്ഞുകൂടിയ എക്കലിന്റെയും മണ്ണിന്റെയും ലേലനടപടികൾ വേഗത്തിലാക്കാനാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.നഗരസഭാ സെക്രട്ടറി കൺവീനറായ ഉദ്യോഗസ്ഥസമിതി ലേലനടപടികൾക്കായി കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരം ജിയോളജി, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവർക്കാണ് നിർദേശം.

പുഴ പുനരുജ്ജീവനപ്രവൃത്തികൾ മാർച്ച് 20 വരെ തുടരാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യയോഗം തീരുമാനിച്ചു.

Content Highlights: People flocked for rejuvenation of Wadakkancheripuzha