മാഡ്രിഡ്: ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തമായ മനോഹര തടാകമാണ് സ്‌പെയിനിലെ മോണ്‍ഡേ നീമി. നീലനിറത്തില്‍ സ്ഫടികസമാനമായ ജലം. പശ്ചാത്തലത്തില്‍ മനോഹരമായ ഭൂഭാഗദൃശ്യങ്ങള്‍. തടാകം പശ്ചാത്തലമാക്കിയും വെള്ളം തെറിപ്പിച്ചും വെള്ളത്തിലിറങ്ങി നിന്നുമെല്ലാം ചിത്രങ്ങളെടുക്കാന്‍ സഞ്ചാരികളുടെ തിരക്കാണിവിടെ. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയും കൂടുതല്‍ ആളുകള്‍ തടാകം തേടി എത്തുകയും ചെയ്യുന്നു.

എന്നാല്‍ ഈ തടാകത്തെക്കുറിച്ച് കൂടുതലൊന്നും അറിയാതെ എത്തുന്ന സഞ്ചാരികള്‍ പലരും പുലിവാലു പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. തടാകത്തിലെ വെള്ളത്തിലറങ്ങിയവരില്‍ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് തടാകത്തിന്റെ മനോഹാരിതയ്ക്കു പിന്നില്‍ ചില അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്ന് പലരും മനസ്സിലാക്കിയത്. 

തടാകത്തിലെ വെള്ളത്തിലിറങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ ശരീരത്തില്‍ രൂക്ഷമായ ചൊറിച്ചിലും തിണര്‍പ്പും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലായത് കഴിഞ്ഞ ആഴ്ചയാണ്. മറ്റു നിരവധി പേര്‍ക്കും സമാനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. വെള്ളത്തിലിറങ്ങി കുളിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ദേഹമാസകലം തടിപ്പും അനുഭവപ്പെട്ടു. തടാകത്തിലെ വിഷാംശം കലര്‍ന്ന വെള്ളമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുന്‍പ് ടങ്സ്റ്റെന്‍ ലോഹം ഖനനം ചെയ്തിരുന്ന ഖനിയായിരുന്നു ഈ തടാകം ഉള്‍പ്പെടുന്ന പ്രദേശം. ചില രാസഘടകങ്ങള്‍ കലര്‍ന്ന വെള്ളമാണ് ഈ തടാകത്തിലേത്. ഇതാണ് വെള്ളത്തിന് പ്രത്യേക നീല നിറം നല്‍കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാരണംകൊണ്ടുതന്നെ ഈ സ്ഥലം പ്രാദേശികമായി അറിയപ്പെടുന്നത് 'ഗാലിഷ്യന്‍ ചെര്‍ണോബില്‍' എന്നാണ്.

വെള്ളത്തിലടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍ മൂലമാണ് വെള്ളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരുടെ ത്വക്കില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നത്. വെള്ളം അകത്തുചെന്നാല്‍ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാനിടയുണ്ടെന്ന് കൊറൂണ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ മാനുവല്‍ ഫെറൈറോ പറയുന്നു. അതുകൊണ്ടുതന്നെ തടാകത്തിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായെത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.

Content Highlights: Swimming In Monte Neme Lake,Toxic water