ന്തരീക്ഷമലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍പോലുമാകാതെ ശ്വാസംമുട്ടുകയാണ്. രാജ്യത്തെ മറ്റു പല നഗരങ്ങളുടെയും സ്ഥിതി മെച്ചമല്ല. മലിനീകരണത്തിന്റെ രൂക്ഷത നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ത്തന്നെയാണ് ഡിസംബര്‍ രണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനം കടന്നുവരുന്നത്.

ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ സ്മരണയാണ് 1984 ഡിസംബര്‍ 2ന് ഉണ്ടായ ഭോപ്പാല്‍ വാതകദുരന്തം. ഈ ദുരന്തത്തെ സ്മരിച്ചുകൊണ്ടാണ് ഡിസംബര്‍ രണ്ട് മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്. ഒപ്പം, ദിനംപ്രതി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഓര്‍മിപ്പിക്കുകകൂടിയാണ് ഈ ദിനം. മലിനീകരണ നിയന്ത്രണ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്-

  • മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ പ്രാധാന്യവും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെയും വ്യവസായലോകത്തെയും ബോധ്യപ്പെടുത്തുക.
  • വ്യാവസായിക ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും കൈകാര്യംചെയ്യുന്നതിനുമുള്ള അവബോധം വളര്‍ത്തുക.
  • മലിനീകരണങ്ങള്‍ സംബന്ധിച്ച അശ്രദ്ധയും അവഗണനയും മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുക.

delhi air pollution

ലോകത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ മലീനീകരണത്തിന്റെ ഏറ്റവും വലിയ ഘടകം അന്തരീക്ഷവായുവാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളൊക്കെ കടുത്ത വായു മലിനീകരണത്തിന്റെ പിടിയിലാണ്. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാരോഗ്യസംഘടന 2014ല്‍ കണ്ടെത്തിയത് തലസ്ഥാന നഗരമായ ഡല്‍ഹിയെ ആയിരുന്നു. അതിനു ശേഷം ഡല്‍ഹിയുടെ സ്ഥിതി എത്രമാത്രം വഷളായി എന്നത് നമുക്കറിയാം.

നിത്യേന 80-ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലം മാത്രം മരിക്കുന്നതെന്നാണ് കണക്ക്. അനുവദനീയമായ അളവിന്റെ നിരവധി ഇരട്ടിയാണ് ഡല്‍ഹിയടക്കം പല നഗരങ്ങളിലെയും മലിനീകരണത്തോത്. പുകവലിക്കാത്ത ഒരാള്‍ ഒരു ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മാംഗനീസ്, ലെഡ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ അളവുകള്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ ഏറെ കൂടുതലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

pollution

വായു മലീനീകരണം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയും നവജാത ശിശുക്കളെയുമാണ്. മലിനവായു കുട്ടികളുടെ മസ്തിഷ്‌ക വികാസത്തെ ബാധിക്കുമെന്നും ഭാവിയില്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിക്കാന്‍ ഇടയാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്. വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂട്ടാനാകുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് അന്തരീക്ഷ വായുവിന്റെ കാര്യത്തില്‍ കേരളം ഭേദപ്പെട്ട നിലയിലാണെങ്കിലും വളരെവേഗത്തില്‍ നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ നമ്മുടെ ഭാവിയും സുരക്ഷിതമല്ല. വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മലിനീകരണത്തിന് ആക്കംകൂട്ടുന്നു. കൊച്ചി, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലക.ളില്‍ വായു മലിനീകരണ തോത് കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

Air pollution

ശ്വാസകോശ സംബന്ധമായിട്ടുള്ള അസുഖങ്ങളും കാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നത് അന്തരീക്ഷ മലിനീകരണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വേണം കാണാന്‍. മോട്ടോര്‍ വാഹനങ്ങളുടെ വര്‍ധന കഴിഞ്ഞ ഒരു ദശകത്തില്‍ ഇരുനൂറുശതമാനത്തിനും മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ സംസ്ഥാനമെമ്പാടും കാണാം. ഇതൊക്കെ കേരളത്തിന്റെ അന്തരീക്ഷത്തെ ത്വരിതഗതിയില്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഡല്‍ഹിയടക്കമുള്ള നഗരങ്ങളുടെ അനുഭവങ്ങളില്‍നിന്ന് നമ്മളും പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന് സാരം.

Content Highlights: National Pollution Control Day 2019, air pollution