കോട്ടയം: ക്വാറികൾക്ക് ഒരു വർഷത്തേക്ക് കൂടി സംസ്ഥാന സർക്കാർ ലൈസൻസ് നീട്ടിയതോടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകൾ സൂത്രത്തിൽ മറികടന്നു. ലോക്ഡൗൺകാലത്ത് പ്രവൃത്തി നടന്നിെല്ലന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകൾ നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് അനുമതികൾ നീട്ടിക്കൊടുത്തത്. പഴയ അനുമതികൾ നീട്ടിനൽകിയതിലൂടെ ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും. പരിസ്ഥിതി അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തിന്റെ നടപടി.

ജനവാസകേന്ദ്രങ്ങളിൽനിന്നുള്ള ക്വാറികളുടെ ദൂരം 200 മീറ്ററാകണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ഉടമകളും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കി സർക്കാർ നിശ്ചയിച്ചത് അംഗീകരിക്കുകയും ലൈസൻസ് പുതുക്കുന്ന സമയത്ത് 200 മീറ്റർ അകലം എന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനെ മറികടക്കാനാണ് കോവിഡ് കാരണം പറഞ്ഞ് ലൈസൻസ് പുതുക്കുന്നതിനു പകരം സമയം നീട്ടിക്കൊടുത്തത്.

2020 ജൂലായിലാണ് ജനവാസമേഖലയിൽനിന്ന് 200 മീറ്റർ അകലെയാകണം ക്വാറികളെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി. നിലവിലെ 50 മീറ്റർ പരിധി അന്തിമവിധി വരുംവരെ തുടരാനും നിർദേശിച്ചു. അതേസമയം അനുമതികൾ പുതുക്കുകയോ പുതിയ ക്വാറി തുടങ്ങുകയോ ചെയ്യുമ്പോൾ ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച 200 മീറ്റർ പരിധി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയിലെ കേസിൽ സർക്കാർ സ്വീകരിച്ച നിലപാടും ക്വാറികൾക്ക് അനുകൂലമായിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ 200 മീറ്റർ പരിധി എന്ന നിർദേശത്തെ സർക്കാർ എതിർക്കുകയായിരുന്നു.

നിയമനടപടിക്ക്

ജനവാസമേഖലകളിൽനിന്ന് 200 മീറ്റർ അകലെയാകണം ക്വാറികളെന്ന ഹരിത ട്രിബ്യൂണൽ നിബന്ധന പെർമിറ്റ് പുതുക്കുമ്പോൾ പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പരിസ്ഥിതി സംഘടനകൾ. 200 മീറ്റർ പരിധി പാലിക്കാനാകാത്ത 1500 ക്വാറികളെങ്കിലും അടച്ച് പോകുമെന്നും പ്രതീക്ഷിച്ചിരുന്നു. കോടതിനിർദേശം മറികടന്നത് കോടതിക്ക്‌ മുമ്പാകെ എത്തിക്കുമെന്ന് ജൈവവൈവിധ്യ ബോർഡ് പുരസ്കാരജേതാവ് കോട്ടാങ്ങൽ ഗോപിനാഥപിള്ള പറഞ്ഞു. നിയമം ക്വാറികൾക്ക് വേണ്ടി വഴിമാറ്റുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

Content highlight: Minimum distance for quarries to remain 50 m