കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൌണ്‍ നിലവില്‍ വരുകയും അതനുസരിച്ച് രാജ്യത്തെ പ്രമുഖ വ്യവസായ ശാലകളെല്ലാം താല്‍ക്കാലികമായി അടച്ചിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കയാണല്ലോ. വ്യവസായ ശാലകള്‍ ഏറെ നാള്‍ അടച്ചിട്ട ശേഷം തുറന്ന് ഉല്‍പാദനം ആരംഭിക്കാന്‍ ശ്രമിക്കുന്ന ഘട്ടങ്ങളില്‍ അപകടം ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. 
 
വിശാഖപട്ടണത്ത് അടുത്തയിടെ ഒരു വ്യവസായശാലയില്‍ സ്‌റ്റൈറീന്‍ എന്ന വാതകം ചോര്‍ന്ന്  ഉണ്ടായ ദുരന്തം നമ്മുടെ നാടിനെ നടുക്കിയതാണ്. അത് കൂടാതെ തമിഴ് നാട്ടില്‍ ഉണ്ടായ ബോയിലര്‍ അപകടം, ഛത്തീസ്ഗഢ് പേപ്പര്‍ ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ച എന്നീ അപകടങ്ങളെല്ലാം ലോക്ക്‌ഡൌണിനു ശേഷം പ്ലാന്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭിവിച്ചത്. വരുംനാളുകളില്‍ ലോക്ക്ഡൌണിന് കൂടുതല്‍ ഇളവുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വ്യവസായശാലകള്‍ തുറക്കുവാനും ഇതുപോലുള്ള അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണണം.
 
പല പഠനങ്ങളും തെളിയിക്കുന്നത്, പ്രോസസ്സ് സേഫ്റ്റി അപകടങ്ങളില്‍ ഏകദേശം 50% നടക്കുന്നത് പ്ലാന്റ് ആരംഭിക്കുന്ന ഘട്ടത്തിലോ ഷട്ട് ഡൌണ്‍ ചെയ്യുന്ന ഘട്ടത്തിലോ ആണ് എന്നതാണ്. സ്റ്റാര്‍ട്ട് അപ്പ്/ഷട്ട് ഡൗണ്‍ ഘട്ടങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തന രീതികള്‍  എല്ലാം തന്നെ സ്ഥിരമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തവും കൂടുതല്‍ അപകട സാദ്ധ്യതയുളളതുമാണ് എന്നതാണ് ഇതിനു കാരണം.
 
എന്നാല്‍ ശരിയായ സ്റ്റാര്‍ട്ട് അപ്പ് പ്ലാനിങ്ങും പരിചയ സമ്പന്നരായ തൊഴിലാളികളും ആവശ്യമായ സുരക്ഷ മുന്‍കരുതലുകളുമുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഴിവാക്കുവാന്‍ സാധിക്കും. കൂടാതെ, അനിശ്ചിതകാലത്തേക്ക് പ്ലാന്റുകള്‍ അടച്ചിട്ടുമ്പോള്‍ത്തന്നെ ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നത് സ്റ്റാര്‍ട്ട് അപ്പ് ഘട്ടത്തിലെ അപകട സാദ്ധ്യതകള്‍ കുറക്കും.
 
മുന്‍പുനടന്ന അപകടങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ കേരളത്തിലെ വ്യാവസായ സ്ഥാപനങ്ങള്‍ കൈക്കൊണ്ടാല്‍, മേല്‍ പറഞ്ഞ രീതിയിലുള്ള അപകടങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ സാധിക്കും.
 
സ്റ്റാര്‍ട്ട് അപ്പ് സമയത്തെ അപകട സാധ്യതകള്‍ എന്തെല്ലാം?
 
വളരെ നാള്‍ പ്രവര്‍ത്തനരഹിതമായ വ്യവസായശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ പലതരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, വിഷവാതക ദുരന്തങ്ങള്‍, രാസവസ്തുക്കളുടെ പുറന്തള്ളല്‍, അനിയന്ത്രിതമായ മലിനജല പ്രവാഹം, രാസവസ്തു അടങ്ങിയ ടാങ്കര്‍ അപകടങ്ങള്‍, വൈദ്യുത- മെക്കാനിക്കല്‍- ഹെവി എക്യുപ്‌മെന്റ് മുതലായ യന്ത്ര സാമിഗ്രികളുടെ അപകടങ്ങള്‍ തുടങ്ങിയവയെല്ലാം പ്ലാന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് സംഭവിക്കാറുള്ളത്.
 
പ്രവര്‍ത്തനം നിര്‍ത്തുന്ന പ്ലാന്റുകളിലെ പൈപ്പ് ലൈനുകള്‍, റിയാക്ടറുകള്‍, സംഭരണികള്‍ എന്നിവയിലെല്ലാംതന്നെ പല തരത്തിലുള്ള രാസവസ്തുക്കള്‍ ഭാഗികമായി ഉണ്ടായിരിക്കാം. ഇവ ശരിയായ സുരക്ഷാ സംവിധാനങ്ങളനുസരിച്ച് കൈകാര്യംചെയ്തില്ലെങ്കില്‍ വാതകച്ചോര്‍ച്ച പോലുള്ള അപകടങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഏറെ സാധ്യതയുണ്ട്.
 
വ്യവസായശാലകളിലെ ഹെവി എക്യുപ്‌മെന്റ്‌സ്, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ നിഷ്‌ക്രിയമായി ഇരിക്കുമ്പോള്‍ ശരിയായ മെയ്‌ന്റെനന്‍സ് പോട്ടോക്കോള്‍ പാലിക്കണം. അല്ലാത്തപക്ഷം ഹെവി ലിഫ്റ്റിംങ്ങ് പോലുള്ള പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് ഇത് കാരണമാകാം. ഡ്രെയ്നേജു പോലുള്ള ഇടുങ്ങിയ സ്ഥലങ്ങളില്‍ (Confined space) ജൈവ വസ്തുക്കള്‍ അഴുകി ഹൈഡ്രജന്‍ സള്‍ഫൈഡു പോലുള്ള മാരകമായ വിഷവാതകങ്ങള്‍ ഉണ്ടാകുന്നത് പലപ്പോഴും മരണകാരണമാകാറുണ്ട്. 
 
മേല്‍ പറഞ്ഞ അപകടസാധ്യതകള്‍ കൂടാതെ പ്ലാന്റുകളും പല വെയര്‍ ഹൌസുകളുംപാമ്പ്, മറ്റ് വിഷ ജീവികള്‍, തേനീച്ച, കടന്നല്‍ എന്നിവയുടെ ആവാസ സ്ഥലമായി മാറാം. എന്നാല്‍ ആവശ്യത്തിന് വെന്റിലേഷന്‍, വായു സഞ്ചാരം, നല്ല ഹൌസ് കീപ്പിംങ്ങ് മുതലായ മുന്‍കരുതലുകള്‍ എടുത്താല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് ഇവയെല്ലാം.
 
എങ്ങിനെ സുരക്ഷിതമായി പ്ലാന്റ് ആരംഭിക്കാം?
 
ദീര്‍ഘകാലത്തെ ലോക്ക്ഡൌണിനു ശേഷം ഒരു പ്ലാന്റ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ മേല്‍പറഞ്ഞ അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ പല തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം. അപകടങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടാകുന്നതാണ് അപകട സാധ്യത കുറയ്ക്കുാന്‍ ഏറ്റവും ആദ്യം  ചെയ്യേണ്ട രീതി. ഓരോ അപകട സാധ്യതകളും പ്രത്യേകം പഠിച്ച് അവ ഇല്ലാതാക്കാനുള്ള ഏറ്റവും അനുയോജ്യമായ രീതികള്‍ നിയമാനുസൃതമായി നടപ്പാക്കായിരിക്കണം. ഒരു പ്ലാന്റ് സുരക്ഷിതമായി ഷട്ട്‌ഡൌണ്‍ ചെയ്യുന്നതിനും സ്റ്റാര്‍ട്ട് ചെയ്യുന്നതിനും എല്ലാ വ്യവസായ ശാലകളിലും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീഡിയുര്‍ (SOP) ഉണ്ടായിരിക്കണം. ഇതിനായി എല്ലാ വ്യവസായ ശാലകളിലും ശക്തമായ ഒരു പോളിസി, HSE Management System എന്നിവ നടപ്പാക്കായിട്ടുണ്ട് എന്ന് മാനേജ്‌മെന്റ് ഉറപ്പാക്കിയിരിക്കണം. 
 
ലോക്ക്‌ഡൌണ്‍ കഴിഞ്ഞ് പ്ലാന്റ് തുറക്കുമ്പോള്‍ പലതരത്തിലുള്ള കേടുപാടുകള്‍ അവിടുത്തെ യന്ത്രസാമിഗ്രികള്‍ക്കോ, സംഭരണികള്‍ക്കോ, സേഫ്റ്റി ക്രിട്ടിക്കല്‍ ഉപകരണങ്ങള്‍ക്കോ സംഭവിച്ചിരിക്കാം. ഈ വ്യതിയാനങ്ങള്‍ യഥാ സമയം കണ്ടു പിടിച്ച് അവയെല്ലാം പൂര്‍വസ്ഥിതിയിലേക്ക് മാറ്റി എടുക്കുക എന്നതാണ് വലിയ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഏറ്റവും സുപ്രധാന നടപടി.
 
എനര്‍ജി സോര്‍സുകള്‍ ശരിയായ രീതിയില്‍ വേര്‍പെടുത്തി സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള  ലോക്ക് ഔട്ട് ടാഗ് ഔട്ട് സിസ്റ്റം ഉണ്ടെന്ന് ഉറപ്പാക്കണം. പൈപ്പ് ലൈനുകളിലോ മറ്റോ രാസവസ്തുക്കള്‍, വാതകങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവ ഷട്ട് ഡൌണ്‍ സമയത്തുതന്നെ മര്‍ദ്ദം കുറച്ച്, കാലിയാക്കി, നൈട്രജന്‍ കയറ്റി സംരക്ഷിക്കുക എന്നത് അപകടങ്ങള്‍ കുറക്കുവാന്‍ ഉപകരിക്കും.
 
ഇത് കൂടാതെ പ്ലാന്റില്‍ ഏതെങ്കിലും തരത്തിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവ പ്രത്യേകം വിശകലനം ചെയ്ത് ആവശ്യമായ അംഗീകാരം എല്ലാ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വാങ്ങിയിരിക്കണം. 
 
യന്ത്രസാമഗ്രികളുടെ പ്രാധ്യാന്യത്തിനൊപ്പം  പരിചയ സമ്പന്നരായ വിദഗ്ദ്ധ തൊഴിലാളികളുടെ പ്രാതിനിധ്യം ഏതൊരു പ്ലാന്റിന്റെയും സുരക്ഷിതമായ പ്രവര്‍ത്തനത്തെ വളരെയധികം ബാധിക്കുന്നതാണ്. പ്രത്യേകിച്ച് സ്റ്റ്ര്‍ട്ട് അപ്, ഷട്ട് ഡൌണ്‍ ഘട്ടങ്ങളില്‍ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും കാലാകാലങ്ങളില്‍ അവര്‍ക്ക് വേണ്ടത്ര പരിശീലനം അതാതു രംഗത്ത് കൊടുക്കുന്നു എന്ന് മാനേജ്‌മെന്റ് ഉറപ്പാക്കുകയും ചെയ്യണം.
 
ഇതു കൂടാതെ അപകടകരമായ രാസവസ്തുക്കളുടെ (HAZMAT) കയറ്റിറക്കല്‍, റോഡില്‍കൂടെയോ, ബാര്‍ജ് മുഖാന്തിരമോ ഉള്ള ഗതാഗതം ഇവയെല്ലാം ഗുരുതരമായ കെമിക്കല്‍ അപകടങ്ങള്‍ വരുത്തിവെയ്ക്കാന്‍ സാദ്ധ്യത ഉള്ളതാണ്. ഉദാഹരണത്തിന് LPG, അമോണിയ,ക്ലോറിന്‍ മുതലായ അപകടകരമായ  രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗങ്ങള്‍, ഈ വാഹനങ്ങളുടെ കാര്യക്ഷമത, ആവശ്യമായ ലൈസന്‍സ്, ഡ്രൈവര്‍ക്ക് വേണ്ട വിദഗ്ദ്ധ പരിശീലനം, അപകടഘട്ടത്തില്‍ വാഹനത്തില്‍ ഉണ്ടായിരിക്കേണ്ട എമര്‍ജന്‍സി കിറ്റുകള്‍ ഇവയെല്ലാം ചുമതലപ്പെട്ടവര്‍ ഉറപ്പാക്കിയിരിക്കണം.
അപ്രതീക്ഷിതമായ എമര്‍ജന്‍സി ഉണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഓണ്‍സൈറ്റ്- ഓഫ് സൈറ്റ് എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാനും പരിശീലനം സിദ്ധിച്ച എമര്‍ജന്‍സി ടീമും എല്ലാ വ്യവസായശാലകളിലും ഉണ്ട് എന്ന് ഉറപ്പാക്കണം.  
 
ലോക്ക്‌ഡൌണിനു ശേഷം മേല്‍ പറഞ്ഞ എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കിയതിനുശേഷം മാത്രമേ ഒരു വ്യവസായശാല തുറക്കുവാന്‍ മാനേജ്‌മെന്റ് അനുവാദം കൊടുക്കുവാന്‍ പാടുള്ളതുള്ളു.
 
എന്താണ് സ്റ്റാര്‍ട്ട് അപ്പ് സേഫ്റ്റി ഓഡിറ്റ്?
 
ഒരു വ്യവസായശാലയിലെ എല്ലാ സംവിധാനങ്ങളും ഡിസൈന്‍ അനുശാസിക്കുംവിധം സുസജ്ജമാണെന്ന് ഉറപ്പാക്കുന്നതിന് നിര്‍ബന്ധമായും സ്റ്റാര്‍ട്ട് അപ്പ് ഘട്ടത്തില്‍ ചെയ്തിരിക്കേണ്ട ഒരു അന്താരാഷ്ട്ര സുരക്ഷ ഓഡിറ്റ് രീതിയാണ് PSSR അഥവാ Pre Start up Safety Review. 
ഈ ഓഡിറ്റു മുഖേന, നമ്മുടെ വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു എടുത്തിരിക്കുന്ന തയ്യാറെടുപ്പുകള്‍  എന്ത് മാത്രം  സുരക്ഷിതമാണെന്ന് കമ്പനി മാനേജ്‌മെന്റിനും, റഗുലേറ്ററി അധികൃതര്‍ക്കും, തൊഴിലാളികള്‍ക്കും വിലയിരുത്താവുന്നതാണ്. 
 
അതാതു വ്യവസായ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ ഒരു ടീം ആയിട്ടാണ് ഈ സേഫ്റ്റി ഓഡിറ്റ് നടപ്പിലാക്കേണ്ടത്. ഒരു ടീ ലീഡറുടെ നേതൃത്തത്തില്‍ ഒരു ചെക്ക് ലിസ്റ്റിന്റെ സഹായത്തോടു കൂടി വ്യവസായശാലയിലെ എല്ലാ നിര്‍ണ്ണായകമായ പ്ലാന്റുകളും അതിനോടു ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും വളരെ കര്‍ക്കശമായി പരിശോധിക്കണം. ഉദാഹരണത്തിന് പ്രധാന യന്ത്ര സാമിഗ്രികള്‍, രാസവസ്തുക്കളുടെ സ്റ്റോറേജ്, പൈപ്പ് ലൈനുകള്‍, ഇലക്ട്രോണിക്‌സ് സംവിധാനങ്ങര്‍, സേഫ്റ്റി ഇന്റര്‍ ലോക്കുകള്‍,ബോയിലര്‍, മലിനീകരണ നിയന്ത്രണ ഉപാധികള്‍, മലിന ജല ശുദ്ധീകരണ സംവിധാനങ്ങള്‍, ഡ്രൈനേജ്, എന്നിവ എല്ലാം തന്നെ PSSRനു വിധേയം ആക്കിയിരിക്കണം. ഓഡിറ്റില്‍ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പേരായ്മകള്‍ വിദഗ്ദ്ധ സംഘം കണ്ടെത്തിയാല്‍ അതെല്ലാം തന്നെ പ്രത്യേകം രേഖപ്പെടുത്തുകയും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തി കേടുപാടുകള്‍ ഉടന്‍ അടി പരിഹരിക്കുകയും ചെയ്തിരിക്കണം. ഈ സേഫ്റ്റി ഓഡിറ്റ് ടീമിന്റെ കണ്ടെത്തലുകള്‍ എല്ലാംതന്നെ സമയബന്ധിതമായി നടപ്പാക്കി എന്ന ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രമേ പ്ലാന്റുകള്‍ സ്റ്റാര്‍ട് ചെയ്യാനുള്ള അനുമതി രേഖാമൂലം നല്‍കാന്‍ പാടുള്ളു. 
 
കേരളം എങ്ങനെ തയ്യാറാകണം?
 
1. എല്ലാ വ്യവസായശാലകളും നിര്‍ബന്ധമായും എച്ച്എസ്ഇ പ്ലാനും പോളിസിയും നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്തണം.
2. സുരക്ഷിതമായി പ്ലാന്റ് ഷട്ട്‌ഡൌണ്‍ & സ്റ്റാര്‍ട്ട് അപ്പ് ചെയ്യുന്നതിനുള്ള SOP എന്ന Standard Operating എഴുതി തയ്യാറാക്കായിരിക്കണം
3. വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്തത്തില്‍ ഒരു ചെക്ക് ലിസ്റ്റിന്റെ സഹായത്തോടു കൂടി പ്ലാന്റിലെ സമസ്ത മേഖലയും സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കണം
4. ലോക്ക് ഡൌണിനു ശേഷം പ്ലാന്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന ഘട്ടത്തില്‍ പരിചയ സമ്പന്നരും വിദഗ്ദ്ധരും ആയ തൊഴിലാളികളുടെ സേവനം ഉറപ്പാക്കിയിരിക്കണം
5. അതാത് മേഘലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം മാനേജ്‌മെന്റ് ഉറപ്പാക്കിയിരിക്കണം.
6. ഏതൊരു ആപല്‍ ഘട്ടത്തേയും നേരിടുന്നതിനാവശ്യമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാന്‍ തയ്യാറാക്കിയിരിക്കണം
7. എമര്‍ജന്‍സി ടീം ന്റെ തയ്യാറെടുപ്പുകള്‍ ചിലയിരുത്താനായി സ്ഥിരമായ മോക്ക് ഡ്രില്ലുകള്‍ നടത്തിയിരിക്കണം
8. ദേശീയപാത വഴിയോ, ജല മാര്‍ഗത്തിലൂടെയോ ഉള്ള അപകടകരമായ രാസവസ്തുക്കളുടെ ട്രാന്‍സ്‌പ്രോട്ടേഷനു മുന്‍പ് എല്ലാ സുരക്ഷ സംവിധാനങ്ങളും ചെക്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി, വേണ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പിട്ട് കൈമാറിയിരിക്കണം. ഡ്രൈവര്‍ പരിശീലനം സിദ്ധിച്ചതാണെന്ന് ഉപ്പു വരുത്തണം. 
9. കോവിഡ് 19 മൂലമുള്ള ലോക്ക് ഡൌണിനുശേഷം തുറന്നു പ്രവര്‍ത്തിക്കേണ്ട എല്ലാ വന്‍കിട വ്യവസായലാലകളും നിലവിലുള്ള നിയമം പാലിക്കുന്നതിനോടൊപ്പം ഇന്റര്‍നാഷണല്‍ ബെസ്റ്റ് പ്രാക്ടീസ് നടപ്പിലാക്കി സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണം
10. സേഫ്റ്റി എന്ന വിഷയം സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തി ഒരു പഠന വിഷയം ആക്കുക.
 
(പരിസ്ഥിതി രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള എന്‍ജിനീയര്‍ ആണ് ലേഖകന്‍. ഇപ്പോള്‍ സൗദി അറേബ്യയില്‍ ഫെര്‍ട്ടിലൈസര്‍ & മൈനിംഗ് മേഖലയില്‍ പരിസ്ഥിതി വിഭാഗം തലവനായി ജോലി ചെയ്യുന്നു)
 
Content Highlights: lockdown and hazards in industrial sector