രു പ്രദേശത്തെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യവും ഒത്തൊരുമയും ഒരു നദിയെ പുനര്‍ജനിപ്പിച്ച കഥയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂരിന് പറയാനുള്ളത്. തങ്ങളുടെ സാമൂഹ്യ ജീവിതത്തില്‍ ഒരു പുഴയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന തിരിച്ചറിവാണ് 'മരിച്ചു മണ്ണടിഞ്ഞു'തുടങ്ങിയ പുഴയെ ജീവിതത്തിലേയ്ക്കു തിരിച്ചൊഴുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

ബുധനൂര്‍ പഞ്ചായത്തിലെ എഴുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസങ്ങള്‍ നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവിലാണ് ഒരു പ്രദേശത്തിന്റെ ജീവനാഡിയായിരുന്ന കുട്ടമ്പേരൂര്‍ ആറ് പുനര്‍ജ്ജനിച്ചത്. സ്ത്രീ തൊഴിലാളികളായിരുന്നു ഈ തീവ്രയത്‌നത്തിന്റെ ശക്തി. കാടുമൂടി, ഒഴുക്ക് നിലച്ച് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടന്ന നദി ഇപ്പോള്‍ തെളിഞ്ഞ വെള്ളം ഒഴുകുന്ന വെടിപ്പുള്ള നദിയായി മാറിയിരിക്കുന്നു. 

പമ്പ-അച്ചന്‍കോവില്‍ നദികളുടെ കൈവഴിയാണ് 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുട്ടമ്പേരൂര്‍ ആറ്. നവീകരിച്ച ആറിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കനെത്തിയ  മന്ത്രി ജി. സുധാകരന്‍ കുട്ടമ്പേരൂര്‍ ആറ്റിലൂടെ ഒരു കിലോമീറ്ററോളം വളളത്തില്‍ സഞ്ചരിച്ച ശേഷം പറഞ്ഞു,' ഇതൊരു ചരിത്ര സംഭവമാണ്, കേരളത്തിന് മാതൃകയാണ്'.

Kuttamperoor river
പുഴയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ സംഘം

 

രാജഭരണകാലത്ത് വെട്ടിയുണ്ടാക്കിയതാണ് കുട്ടമ്പേരൂര്‍ ആറ്. 70 മുതല്‍ 120 വരെ മീറ്റര്‍ വീതിയുണ്ടായിരുന്ന ഈ നദി, ഒരു കാലത്ത് ബുധനൂര്‍ പഞ്ചായത്തിന്റെയും മാന്നാറിന്റെ കിഴക്കന്‍ മേഖലയുടെയും കാര്‍ഷികാഭിവൃദ്ധിയുടെ അടിസ്ഥാനമായിരുന്നു. നദിയുടെ ഇരുകരകളിലും നിറഞ്ഞുനിന്ന കാര്‍ഷിക വിളകള്‍ നാടിന്റെ പ്രൗഢി വിളിച്ചറിയിച്ചിരുന്നു. 

പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കാന്‍ ചെന്നിത്തല പള്ളിയോടം പോകുന്നത് ഈ നദിയിലൂടെയാണ്. കാടുകയറി കിടന്ന നദിയുടെ പള്ളിയോടത്തിന്റെ യാത്രയും ദുഷ്‌കരമായിരുന്നു. എന്നാല്‍ ഈ നദി പൂര്‍ണ്ണമായും ഇല്ലാതാകാതിരുന്നത് ചെന്നിത്തല പളളിയോടത്തിന്റെ പ്രാതിനിധ്യമാണന്ന് നിസംശയം പറയാം. ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കാന്‍ ഏറ്റവും കൂടുതല്‍ ദൂരത്തുനിന്നും വരുന്നത് ചെന്നിത്തല പള്ളിയാടമായിരുന്നു. ഓരോ വര്‍ഷവും ജലോത്സവകാലത്ത് പളളിയോടം പോകാനുളള വഴി തെളിക്കുന്നത് കുട്ടമ്പേരൂര്‍ നദിയായിരുന്നു. ഇപ്പോള്‍ നദി നവീകരിച്ചതോടെ പളളിയോടത്തിന് തടസങ്ങളില്ലാതെ ആറന്‍മുളയിലെത്താം.

പമ്പയിലെ ജലനിരപ്പ് ഉയരുമ്പോള്‍ തെക്കോട്ടും അച്ചന്‍കോവിലാറ്റിലെ ജലനിരപ്പുയരുമ്പോള്‍ വടക്കോട്ടും-അങ്ങനെ രണ്ടുവശത്തേക്കും ഒഴുകിയിരുന്ന നദിയെ കായംകുളം വാള്‍, ഇരുതലമൂരി എന്നിങ്ങനെയും വിളിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. കയ്യേറ്റത്തോടൊപ്പം  അശാസ്ത്രീയമായ നാല് പാലങ്ങള്‍ കൂടി വന്നതോടെ ഒഴുക്ക് നിലച്ചു. ജലനിരപ്പ് താഴ്ന്ന് കാടുമൂടുകയും ചെയ്തു.  നദിയുടെ ഈ അവസ്ഥ മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ പോലും വെള്ളം കിട്ടാതായി.  നിരവധി ക്ഷേത്രങ്ങളുടെ ആറാട്ട് നടക്കുന്നത് ഈ നദിയിലായിരുന്നു. നദി നശിച്ചതോടെ ആറാട്ടിനും ബുദ്ധിമുട്ടായി.

ഇരുകരകളില്‍ നിന്നുമുണ്ടായ കയ്യേറ്റം നദിയെ നാശത്തിലേക്ക് തളളിവിട്ടു. മണ്ണെടുപ്പും മണ്ണിടിച്ചിലും കയ്യേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആറിനെ ഇല്ലാതെയാക്കി. ചെടികളും മരങ്ങളും വളര്‍ന്ന് പുഴ കാണാനില്ലാതായി. ഒരു തോടുപോലെ അല്‍പം ജലമൊഴുകുന്ന അവസ്ഥവന്നു. ആറിന്റെ നാശത്തോടൊപ്പം പ്രദേശത്ത് കുടിവെള്ള ക്ഷാമവും ഏറിവന്നു. ഈ ആറിനെ ആശ്രയിച്ച് ചെയ്തുവന്ന കൃഷികളെയെല്ലാം അത് ബാധിച്ചു. ഈ സാഹചര്യത്തിലാണ് പുഴയെ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്ക ബോധ്യപ്പെട്ടത്.

2012ല്‍ നദിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും സര്‍വ്വേ പോലും പൂര്‍ത്തീകരിക്കാനാവാതെ നിര്‍ത്തിവെച്ചു. തുടര്‍ന്ന് ബുധനൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നദി വൃത്തിയാക്കിയെങ്കിലും അല്‍പ്പകാലംകൊണ്ട് വീണ്ടും പഴയപടിയായി.

Kuttamperoor river
നവീകരിച്ച ആറിന്റെ സമര്‍പ്പണം നിര്‍വ്വഹിക്കനെത്തിയ  മന്ത്രി ജി. സുധാകരന്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കൊപ്പം പുഴയില്‍ സഞ്ചരിക്കുന്നു

 

മാന്നാര്‍ ശ്രീഭുവനേശ്വരി ഹൈസ്‌കൂള്‍, കുട്ടമ്പേരൂര്‍ എസ്.കെ.വി. സ്‌കൂള്‍, ചെന്നിത്തല മോഡല്‍ യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ മാതൃഭുമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ഈ നദിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് തോഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി പുഴയെ നവീകരിക്കുന്ന പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചത്.

വളരെ സാഹസികമായാണ് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 700 പേര്‍ ചേര്‍ന്ന് 40ല്‍ അധികം ദിവസങ്ങള്‍ ജോലിചെയ്തു. 30000ഓളം തൊഴില്‍ദിനങ്ങളാണ് വേണ്ടിവന്നത്. പുഴയിലെ പുല്ലും ചെടികളും വെട്ടിമാറ്റുകയും മാലിന്യങ്ങള്‍ നക്കംചെയ്യുകയും ചെയ്തു. പലപ്പോഴും മലിനമായ ജലത്തില്‍ ഇറങ്ങിനിന്ന് ജോലി ചെയ്യേണ്ടിവന്നു.

സ്ത്രീകളുടെ അത്യധ്വാനം ഫലംകണ്ടു. നദിയിലെ നിലച്ചുപോയ ഒഴുക്ക് പുനരാരംഭിച്ചു. മത്സ്യങ്ങള്‍ തിരികെ വന്നു. പുഴയോടനുബന്ധിച്ച ചെറിയ തോടുകളിലും വെള്ളമൊഴുക്ക് തുടങ്ങി. ഒപ്പം, പ്രദേശത്തെ കിണറുകളിലും വെള്ളം ലഭ്യമായിത്തുടങ്ങി. 

അതീവ ദുര്‍ഘടം പിടിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ക്ലേശം സഹിച്ചാണ് തൊഴിലാളികള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ത്തതെന്ന് ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപണിക്കര്‍ പറഞ്ഞു. ഈ നദിയെ തുടര്‍ന്നുളള കാലങ്ങളിലും സംരക്ഷിക്കാന്‍ നാട് പ്രതിജ്ഞാബദ്ധമാണന്നും അതിനുള്ള പദ്ധതികളാണ് ഇനി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. നദികള്‍ നാടിന്റെ നാഡീഞരമ്പുകളാണന്ന തിരിച്ചറിവ് ഉണ്ടാക്കിയ ബുധനൂരിന്റെ മാതൃക മറ്റ് പ്രദേശങ്ങള്‍ക്കും പിന്തുടരാം.