കുന്നംകുളമെന്നാല്‍ മാലിന്യം കുന്നുകൂടുന്ന ഒരു സ്ഥലമല്ല ഇപ്പോള്‍. നഗരമാലിന്യം സംസ്കരിക്കുന്നതിന് ഇന്ന് കുന്നംകുളത്തുകാര്‍ക്ക് ഒരു സ്ഥിരം സംവിധാനമുണ്ട്. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഒരു ഉത്തമ മാതൃക... പാലക്കാട് പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സി.യുടെ സാങ്കേതിക വിദ്യ, ഇതിന്റെ പ്രതിനിധി വി. മനോജ്കുമാര്‍, പിന്നെ കുറുക്കന്‍പാറയിലെ സമത ഗ്രീന്‍ കുടുംബശ്രീയിലെ ആറ് സ്ത്രീകളും- കുന്നംകുളം നഗരത്തെ മാലിന്യമുക്തമാക്കുന്ന പ്രധാന ഘടകങ്ങളാണിവ. രണ്ടുവര്‍ഷം മുന്‍പ് ഇവര്‍ ഒത്തൊരുമിച്ചതോടെ കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടിന്റെയും നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന്റെയും മുഖം മാറി. രണ്ടുവര്‍ഷത്തിനിടെ നഗരത്തില്‍ നിന്നുള്ള 900 ടണ്ണിലേറെ മാലിന്യം ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 700 ടണ്‍ വളം ഉത്പാദിപ്പിച്ചു. 400 ടണ്ണിലേറെ വളം വില്‍ക്കുകയും ചെയ്തു. 

കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മാണത്തിന് വേണ്ടി കോടികളാണ് ഓരോ കോര്‍പ്പറേഷനുകളും നഗരസഭകളും ചെലവഴിക്കുന്നത്. പലതും വിജയിക്കാതെ പരാജയപ്പെടുകയും ചെയ്യുന്നു. കെട്ടിടവും യന്ത്രങ്ങളും ഉള്‍പ്പെടെ കുറുക്കന്‍പാറയിലെ മാലിന്യ സംസ്‌കരണത്തിന് ചെലവഴിക്കേണ്ടി വന്നത് 50 ലക്ഷം രൂപ മാത്രം. ഇതില്‍ നിന്നുണ്ടായത് സമതഗ്രീന്‍ എന്ന പുതിയ കുടുംബശ്രീ യൂണിറ്റും. ദുര്‍ഗന്ധവും ചീഞ്ഞളിയലും മലിനജലം ഒലിച്ചിറങ്ങലും ഇല്ലാതായതോടെ ട്രഞ്ചിങ് ഗ്രൗണ്ട് സുന്ദരമായി, ഗ്രീന്‍പാര്‍ക്കെന്ന പേരുമായി.  

ജൈവഖരമാലിന്യ സംസ്‌കരണത്തിലെ കുന്നംകുളം മാതൃകയ്ക്ക് ഒക്ടോബറില്‍ രണ്ട് വര്‍ഷം തികഞ്ഞു. പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന് 2016-ലാണ് എയ്റോബിക് സംവിധാനത്തില്‍ മാലിന്യ സംസ്‌കരണം തുടങ്ങിയത്. ഇപ്പോഴിത് ഐ.ആര്‍.ടി.സി.യുടെ സഹകരണത്തോടെയുള്ള മികച്ച ജൈവവള ഉത്പാദന കേന്ദ്രമാണ്. ജൈവമാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ സംസ്‌കരിക്കാമെന്നതിന് കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്ക് ഉത്തരം നല്‍കും. 

കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ട് എന്ന് കേള്‍ക്കുമ്പോഴേക്കും മൂക്കുപൊത്തിയിരുന്ന കാലം മാറി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും നാട്ടുകാര്‍ക്ക് പ്രതിഷേധത്തിന്റെ നേരിയ സ്വരം പോലും ഉയര്‍ത്തേണ്ടി വന്നിട്ടില്ല. ചെറുപ്പം മുതല്‍ ഇതിന്റെ ദോഷങ്ങളെല്ലാം അനുഭവിച്ച മിനി വര്‍ഗ്ഗീസ്, ഷീബ ഷാജന്‍, എമിലി ബേബി, രമ പ്രമോദ്, ഷേര്‍ളി ഗീവര്‍, ഷിബ സുബ്രഹ്മണ്യന്‍ എന്നിവരാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാര്‍. വീടിന് അടുത്ത് ജോലി ചെയ്ത് വരുമാനമുണ്ടാക്കാന്‍ കഴിയുന്നതിന്റെ അഭിമാനത്തിലാണിവര്‍. ജീവിക്കാനുള്ള വരുമാനം ഇവിടെ നിന്ന് ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. 

മാലിന്യക്കൂമ്പാരത്തില്‍നില്‍ നിന്ന് ഗ്രീന്‍ പാര്‍ക്കിലേക്ക്

അഞ്ചേക്കര്‍ വിസ്തൃതിയുള്ള കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്ന രീതിയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ എപ്പോഴാണ് സംഘടിച്ചെത്തുക എന്ന ഭീതിയിലായിരുന്നു അക്കാലത്ത് നഗരസഭയും ആരോഗ്യ വിഭാഗവുമെല്ലാം. ഇവിടെ മാലിന്യ വണ്ടിയെത്തിയാല്‍ നാട്ടുകാര്‍ തടയുന്നതും വണ്ടി നഗരസഭ പരിസരത്തേക്ക് തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം പതിവായിരുന്നു. അവിടെക്കിടന്ന് മാലിന്യങ്ങള്‍ ചീഞ്ഞളിയും. 

green park

കുന്നംകുളം കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌കരണ കേന്ദ്രം ധനമന്ത്രി തോമസ് ഐസക് സന്ദര്‍ശിക്കുന്നു.

 

കുന്നംകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓരോ ദിവസവും മൂന്ന് ടണ്ണോളം മാലിന്യമാണ് കുഴികളിലിടാന്‍ എത്തിയിരുന്നത്. അഞ്ചേക്കര്‍ സ്ഥലത്താണ് കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ട്. 20 അടി താഴ്ചയുള്ള നാല് വലിയ ട്രഞ്ചുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു ട്രഞ്ചില്‍ മാലിന്യം നിറയുമ്പോള്‍ അത് മണ്ണിട്ട് മൂടും. മാലിന്യം തള്ളുന്നത് അടുത്ത ട്രഞ്ചിലേക്ക് മാറ്റും. ജൈവം, അജൈവം എന്ന വേര്‍തിരിവൊന്നുമില്ലാതെയാണ് കുഴികളിലേക്ക് തള്ളിയിരുന്നത്. ഇതില്‍ നിന്നുള്ള മലിനജലം ഭൂര്‍ഗര്‍ഭ സ്രോതസുകളിലേക്കും ഒഴുകിയിറങ്ങി സമീപത്തെ കിണറുകള്‍ മലിനമായി. എന്നാല്‍ ഇതെല്ലാം മാറി. 

നഗരത്തില്‍ നിന്ന് എത്തുന്ന ടണ്‍ കണക്കിന് മാലിന്യം ഒരു മാസത്തിനുള്ളിലാണ് വളമായി മാറുന്നത്. മൂന്ന് ടണ്‍ മാലിന്യത്തില്‍ നിന്ന് ഒന്നേകാല്‍ ടണ്ണോളം വളം ലഭിക്കും. സമത എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പാലക്കാട്ടെ ഐ.ആര്‍.ടി.സി.യുടെ പ്രതിനിധികളായ ഡോ. ജോഷി ചെറിയാന്‍, വി.ജി. ഗോപിനാഥ്, എം.പി. പരമേശ്വരന്‍ തുടങ്ങിയവര്‍ സാങ്കേതിക നിര്‍ദേശങ്ങളും സഹായവുമായി ഒപ്പമുണ്ട്.

'' മാലിന്യത്തിന്റെ ദുരന്തം അനുഭവിച്ചവരാണ് ഇവിടെ ഒരു മടിയുമില്ലാതെ പണിയെടുക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും അറിവ് സമൂഹത്തിന് പ്രയോജനപ്പെടുത്തി ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഐ.ആര്‍.ടി.സി.യുടെ ലക്ഷ്യം. മാലിന്യം വിഭവമാണ്. അത് സമ്പത്താണ്. മണ്ണില്‍ നഷ്ടപ്പെടുന്ന ജൈവാംശത്തെ മാലിന്യം വളമാക്കി മാറ്റിയെടുക്കുന്നതിലൂടെ തിരിച്ച് കൊണ്ടുവരാനാകും.  ഇവിടെ നടക്കുന്ന പ്രക്രിയയും ഇതാണ്.''- സംസ്‌കരണ യൂണിറ്റിന്റെ അണിയറ പ്രവര്‍ത്തകനും ഐ.ആര്‍.ടി.സി. പ്രതിനിധിയുമായ വി. മനോജ്കുമാര്‍ പറഞ്ഞു.  

മുടന്തി നീങ്ങിയ തുടക്കം 

ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ നാട്ടുകാരുടെ എതിര്‍പ്പുകള്‍ വര്‍ധിച്ചതോടെയാണ് 2010-ല്‍ സംസ്‌കരണ കേന്ദ്രത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. 6000 ചതുരശ്ര അടിയില്‍ ഷെഡ്ഡ് നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ആറ് വര്‍ഷമെടുത്തു. പ്രാദേശികമായും ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും ഒട്ടേറെ എതിര്‍പ്പുകളുമുണ്ടായി. പദ്ധതി വിജയിക്കുമോയെന്നായിരുന്നു എല്ലാവരുടെയും ആശങ്ക. പ്രവര്‍ത്തനം തുടങ്ങാതെ കിടന്നിരുന്ന ഷെഡ്ഡിലേക്ക് മാലിന്യം എത്തിച്ചപ്പോഴും എതിര്‍പ്പുകളുമായി നാട്ടുകാരെത്തി. മുന്‍പുണ്ടായ കയ്പുനിറഞ്ഞ അനുഭവങ്ങളാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. 

green park
കുന്നംകുളം കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം സംസ്‌കരിക്കുന്നതിന് കൂട്ടിയിട്ടിരിക്കുന്നു

 

ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്റെ വാക്കുകളാണ് ഐ.ആര്‍.ടി.സി.ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും തുണയായത്. മാലിന്യം തള്ളുന്നതിന് പ്രക്ഷോഭവുമായി എത്തുന്നവര്‍ സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കണമെന്ന ചെയര്‍പേഴ്സണിന്റെ താക്കീതിനുമുന്നില്‍ നാട്ടുകാര്‍ തത്കാലം അടങ്ങി. പരീക്ഷണം വിജയിക്കുമെന്ന് ഐ.ആര്‍.ടി.സി. പ്രതിനിധികള്‍ക്ക് ഉറപ്പുണ്ടായിരുന്നു. 

എയ്റോബിക് സംവിധാനത്തിന്റെ വിജയം 

ഇന്ന് നിലവിലുള്ളതില്‍ ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനം എയ്റോബിക് രീതിയാണെന്ന് ഐ.ആര്‍.ടി.സി. അവകാശപ്പെടുന്നു. കുന്നംകുളത്തെയാണ് മാലിന്യ സംസ്‌കരണത്തെ ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജൈവമാലിന്യത്തില്‍ ബാക്ടീരിയ ഇനോക്കുലം കലര്‍ത്തിയ ചകിരിച്ചോറും ചേര്‍ത്താണ് സംസ്‌കരണം. 

യന്ത്രസഹായത്തില്‍ ചെറുതാക്കിയ മാലിന്യത്തില്‍ ബാക്ടീരിയ ഇനോക്കുലമുള്ള ചകിരിച്ചോര്‍ കൂട്ടിചേര്‍ത്ത് 60 സെന്റീമീറ്റര്‍ ഉയരത്തില്‍ കൂട്ടിയിടും. വായു സഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാണിത് ചെയ്യുക. ബാക്ടീരിയ, ഫംഗസ് എന്നിവയെ നിലനിര്‍ത്തുന്നതിന് ചെറിയ രീതിയില്‍ വെള്ളം നനച്ചുകൊടുക്കും. ജൈവമാലിന്യങ്ങള്‍ ഓരോ സമയവും അഴുകികൊണ്ടിരിക്കും. ഇതില്‍ നിന്നുള്ള മലിനജലം ചകിരിച്ചോര്‍ വലിച്ചെടുക്കും. പത്ത് ദിവസം കഴിഞ്ഞാല്‍ ഇളക്കി മറിച്ചിടും. 20 ദിവസത്തിന് ശേഷം ഒന്നുകൂടി മറിച്ചിടും. 30 ദിവസം കഴിയുമ്പോള്‍ മാലിന്യ സംസ്‌കരണം പൂര്‍ണമാകും. ഇത് യന്ത്രത്തില്‍ അരിച്ചെടുത്താല്‍ വളമായി ഉപയോഗിക്കാം. 

കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാലിന്യത്തില്‍ നിന്ന് കിട്ടുന്ന വളത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ കൂടി ചേര്‍ത്താണ് കുറുക്കന്‍പാറയിലെ ഗ്രീന്‍പാര്‍ക്കില്‍ നിന്ന് വളം നല്‍കുന്നത്. സമതഗ്രീന്‍ എന്ന് പേരിട്ട വളത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഇവിടെ നിന്നുണ്ടാക്കിയ ജൈവവളമാണ് കുന്നംകുളം നഗരസഭ കഴിഞ്ഞ വര്‍ഷം കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്‍കിയത്.  

മാലിന്യ സംസ്‌കരണത്തിന്റെ പഠനകേന്ദ്രം 

ജൈവമാലിന്യങ്ങളുടെ സംസ്‌കരണ രംഗത്തെ പഠനവും പരിശീലനവും നല്‍കുന്ന കേന്ദ്രമായി മാറുകയാണ് ഗ്രീന്‍പാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ ഏറാമല, തിരുവനന്തപുരത്തെ പോത്തന്‍കോട്, തൃശ്ശൂരിലെ പഴയന്നൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ ഇവിടെ നിന്ന് പരിശീലനം നേടി. സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടറും കിലയില്‍ നിന്നുള്ള പ്രതിനിധികളും ഇവിടെയെത്തി. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ ഈ മാതൃക പകര്‍ത്താനാകുമോയെന്നതായിരുന്നു ലക്ഷ്യം.

green park
കുന്നംകുളം കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ അമേരിക്കയില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍

 

സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ ഈ യൂണിറ്റ് മാതൃകയായിട്ടുണ്ട്. കല്‍പ്പറ്റ, ആലപ്പുഴ, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും ഈ മാതൃക പകര്‍ത്താനുള്ള ശ്രമത്തിലാണ്. ജൈവമാലിന്യത്തില്‍ ചകിരിച്ചോര്‍ ചേര്‍ക്കുന്നതോടെ ദുര്‍ഗന്ധം ഇല്ലാതാകും. കൈകാര്യം ചെയ്യാനും എളുപ്പമാകും. മാംസാവശിഷ്ടങ്ങളും ഇത്തരത്തില്‍ സംസ്‌കരിച്ചെടുക്കാന്‍ കഴിയുമെന്ന് ഇവര്‍ തെളിയിച്ചിട്ടുണ്ട്. 

ഭാവി പദ്ധതികള്‍

കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌കരണം വിജയകരമായതോടെ പുതിയ പരീക്ഷണങ്ങള്‍ക്ക് നഗരസഭയും ഐ.ആര്‍.ടി.സി.യും തയ്യാറെടുക്കുകയാണ്. പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റാണ് ഇതില്‍ പ്രധാനം. ഇതിന് ആവശ്യമായ യന്ത്രങ്ങളെല്ലാം എത്തി. ഹരിതകര്‍മസേനയുടെ സഹായത്തോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് പൊടിച്ച് പ്ലാസ്റ്റിക് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാനാണ് ശ്രമം. 

ചകിരിയില്‍ നിന്ന് നാര് വേര്‍തിരിക്കാനുള്ള യൂണിറ്റിന് ധനമന്ത്രി തോമസ് ഐസക് അനുമതിയും ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നഗരസഭയുടെ നേതൃത്വത്തില്‍ ഗ്രീന്‍പാര്‍ക്കിനെ അക്ഷരാര്‍ത്ഥത്തില്‍ പച്ചപ്പണിയിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. നേരത്തെ മാലിന്യം തള്ളിയിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ വാഴകൃഷിക്കായുള്ള സ്ഥലങ്ങളായി മാറിയിട്ടുണ്ട്. വീടുകള്‍ തോറും ബയോബിന്നുകള്‍ സ്ഥാപിച്ച് മാലിന്യം ഉറവിടങ്ങളില്‍ സംസ്‌കരിക്കുക എന്ന ആശയവും നടപ്പാക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: kunnamkulam, samata green park, waste management