മാന്പുഴയ്ക്ക് ഇത് പുതുജന്മമാണ്. മാലിന്യത്തിൽനിന്ന് മുക്തി നേടി മാമ്പുഴ വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. കേരള സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജലായനം ടൂറിസവും ഒളവണ്ണ പഞ്ചായത്തും ചേർന്നാണ് മാമ്പുഴ ഫാം ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് കൃഷിക്കും പ്രാദേശിക ടൂറിസത്തിനും പ്രാധാന്യം നൽകുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഏകദേശം അറുപത് ലക്ഷം രൂപയാണ് കണക്കാക്കുന്നത്.

ജനകീയ പങ്കാളിത്തത്തോടെ മാമ്പുഴ സംരക്ഷണവും പരിപാലനവുമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതോടെ ഒളവണ്ണ പഞ്ചായത്ത് സ്വയം പര്യാപ്ത പഞ്ചായത്ത് ആക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു. കമ്യൂണിറ്റി റിസർവ്, വനം, കൃഷി, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നാണ് ടൂറിസം വികസനപദ്ധതിക്ക് രൂപം നൽകിയത്.

തോണി യാത്ര, ഹൗസ് ബോട്ടുകൾ, പുഴ-കടൽ മത്സ്യ വിഭവങ്ങൾ അടങ്ങിയ ഗ്രാമീണ ഭക്ഷണം, അക്വാകൾച്ചർ പാർക്ക്, ഹോംസ്റ്റേ, ആയുർവേദ സുഖചികിത്സ, ചിൽഡ്രൻസ് പാർക്ക്, നീന്തൽക്കുളം, ജൈവവൈവിദ്യപാർക്ക്, പാരമ്പര്യ ഉത്‌പന്നങ്ങളുടെ ഉത്‌പാദനം, കരകൗശല വസ്തുക്കളുടെ മ്യൂസിയം, അക്വാടിക് ബയോപാർക്ക് തുടങ്ങി പരിസ്ഥിതിസൗഹൃദമായ ടൂറിസം വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.

ജലയാത്രയും, ഫാം ഹൗസും ആരംഭിക്കും
മാമ്പുഴ ടൂറിസം പദ്ധതി നടപ്പാക്കുന്നതിലൂടെ ഗ്രാമങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനും അത് വഴി പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സാധിക്കുമെന്നും പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അക്വാ-ഗ്രീൻ ഓർഗാനിക് ഫാം എം.ഡി. സുമി വള്ളിക്കുന്ന് പറഞ്ഞു. മാമ്പുഴയിലെ തിരുത്തിൻമേൽത്താഴം മുതൽ കടുപ്പിനി വരെ ആദ്യ ഘട്ടത്തിൽ വിനോദ സഞ്ചാരികൾക്ക് ബോട്ട്, തോണി, ചങ്ങാടം എന്നിവ ഉപയോഗിച്ച് ജലയാത്ര ഒരുക്കും. പുഴയുടെ തീരങ്ങളിൽ സഞ്ചാരികൾക്കായി നാടൻ ഭക്ഷണവും പുഴമീനും ലഭ്യമാക്കുന്ന ഭക്ഷണശാലകൾ, കോഫി ഷോപ്പുകൾ എന്നിവ ആരംഭിക്കും.

ഇതിനായി പുഴയുടെ തീരത്ത് സർവേ നടത്തി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പറഞ്ഞു. ഇത് കൂടാതെ ഇവിടെ ഇരുപത് അക്വാ-ഗ്രീൻ ഓർഗാനിക്ക് ഫാം ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കമ്പിളിപ്പറമ്പിൽ  അക്വാ-ഗ്രീൻ ഓർഗാനിക് ഫാം ആരംഭിച്ചു.  

പാരമ്പര്യത്തിലേക്കൊരു തിരിച്ചുനടത്തം
നമ്മുടെ ഗ്രാമങ്ങളിൽനിന്ന്‌ അന്യംനിന്നു പോയ പരമ്പരാഗത തൊഴിലുകളെയും കലാരൂപങ്ങളെയും തിരിച്ചുപിടിക്കാനും അവസരമൊരുക്കുകയാണ് ഈ പദ്ധതി. പദ്ധതി പ്രകാരം പരമ്പരാഗത തൊഴിലുകളായ കയർ, ഓട്, വെങ്കലം, കളിമൺപാത്രങ്ങൾ തുടങ്ങിയവ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായി അവയുെട ലൈവ് നിർമാണ ശാലകൾ ആരംഭിക്കും. ഇവിടെനിന്ന് സഞ്ചാരികൾക്ക് തത്സമയം നിർമാണം കാണാനും ഉത്പന്നങ്ങൾ വാങ്ങാനും സാധിക്കും. സമൂഹത്തിൽനിന്ന്‌ മറഞ്ഞ് കൊണ്ടിരിക്കുന്ന തെയ്യം, തിറ എന്നീ കലാരൂപങ്ങൾ സഞ്ചാരികൾക്കായി പ്രദർശിപ്പിക്കും.

ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളായ കാവുകളാണ് ഒളവണ്ണയിൽ ഉള്ളത്. നിത്യഹരിതവനങ്ങളുടെ ഭാഗമായ ഈ കാവുകളിലെ പ്രകൃതിയെയും വൃക്ഷങ്ങളെയും നവീകരണവും സംരക്ഷണവും പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് സാംസ്കാരിക പൈതൃകത്തോടെ നിലനിർത്തും. പണ്ടുകാലം മുതലേ ജനങ്ങൾ പുണ്യസ്ഥലമായി പരിപാലിക്കുന്ന കാവുകൾക്ക് ഇത് വഴി പുതുജീവൻ നൽകാനാകും.
ഇതിനു പുറമേ പദ്ധതി പ്രഖ്യാപനത്തിന്റെ മുന്നോടിയായി  ‘ഒരു മുറം പയറും ഒരു കൊട്ട മീനും’ എന്ന പദ്ധതിയും ആരംഭിച്ചു. കൃത്രിമമായ കുളങ്ങൾ നിർമിച്ച് അതിൽ മത്സ്യക്കൃഷിയും കരയിൽ പച്ചക്കറിക്കൃഷിയും നടത്തുന്നതാണ് പദ്ധതി.  പഞ്ചായത്ത് കൃഷി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഒളവണ്ണ പള്ളിപ്പുറത്ത് ആദ്യത്തെ കുളം നിർമിച്ച് മത്സ്യക്കൃഷി ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്കുമാർ ചെയർമാനായുള്ള ടൂറിസം ഡെവലപ്പ്‌മെന്റ് പാനലിനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല. ടൂറിസം വകുപ്പിനൊപ്പം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ, മലബാർ ബോട്ടാണിക്കൽ ഗാർഡൻ, ബേപ്പൂർ പോർട്ട്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതായിരുന്നു മാന്പുഴ
വർഷങ്ങളായി മലിനപ്പെട്ടു കിടക്കുന്ന ജില്ലയിലെ പ്രധാന പുഴകളിൽ ഒന്നാണ് മാമ്പുഴ. കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്ന പുഴയുടെ പല ഭാഗങ്ങളും ചെളിനിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലായിരുന്നു.

പുഴയുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിലായിരുന്നു. പല തവണ പുഴ സംരക്ഷണത്തിന്റെ ഭാഗമായി സർവേകളും റീസർവേകളും നടത്തിയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനും മാമ്പുഴയുടെ ആഴം വർധിപ്പിക്കാനുമായി സർക്കാർ ഹരിതകേരളം മിഷന്റെ ഭാഗമായി പുഴ നവീകരണത്തിന് ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായും, മാമ്പുഴ സംരക്ഷണ സമിതി തുടങ്ങിയവരുടെ നേതൃത്വത്തിൽ മാമ്പുഴ നവീകരികരണം പുരോഗമിക്കുകയാണ്. മാലിന്യം തള്ളാതിരിക്കാൻ ഇവിടെ ഏതു സമയവും മാന്പുഴ സംരക്ഷണ സേനയും സന്നദ്ധരാണ്.