കൊച്ചി: കേരളത്തിലെ 44 നദികളും മലിനീകരിക്കപ്പെട്ടതാണെന്നും അതില്‍ ആറെണ്ണത്തിന്റെ സ്ഥിതി ഗുരുതരമാണെന്നുമുള്ള ജലവിഭവ വിനിയോഗകേന്ദ്രത്തിന്റെ (സി.ഡബ്ല്യു. ആര്‍.ഡി.എം.) റിപ്പോര്‍ട്ട് വന്നിട്ട് മൂന്നുമാസമായെങ്കിലും നദികളെ രക്ഷിക്കാന്‍ നടപടിയില്ല. ചില നദികളെ മാലിന്യങ്ങളില്‍നിന്നു മോചിപ്പിക്കാന്‍ അവിടവിടെ ശ്രമങ്ങള്‍ നടക്കുന്നുവെന്നല്ലാതെ ഗൗരവമുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞിട്ടില്ല. 2009 മുതല്‍ 2017 വരെ നദികളില്‍ നടത്തിയ പരിശോധനകളിലെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

പമ്പ, പെരിയാര്‍, കരമന, വളപട്ടണം, കല്ലായി, മീനച്ചില്‍ എന്നീ നദികളിലാണ് മലിനീകരണം കൂടുതല്‍. ജനവാസമേഖലകളിലൂടെ ഒഴുകുന്നതും ജനങ്ങളുടെ ഇടപെടല്‍ കൂടുന്നതുമാണ് ഈ പുഴകളുടെ ദുര്യോഗത്തിനു കാരണം. ശബരിമല തീര്‍ഥാടനമുണ്ടാക്കുന്ന മാലിന്യമാണ് പമ്പയ്ക്ക് വിനയായതെങ്കില്‍ നൂറുകണക്കിനു ഫാക്ടറികളാണ് പെരിയാറിനെ മലിനപ്പെടുത്തിയത്.

ഉദ്ഭവസ്ഥലത്തെ വനശോഷണം കൊണ്ട് നദികളിലെ നീരൊഴുക്ക് വളരെക്കുറഞ്ഞു. മണ്ണും കല്ലും വാരിയെടുത്ത് കുഴിയായി മാറിയ നദിയില്‍ കറുത്തിരുണ്ട വെള്ളമാണ്. വേണ്ടാത്തതെല്ലാം പുഴയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് ജനങ്ങള്‍. വീടുകള്‍, കടകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി എവിടെയുമുണ്ടാകുന്ന മാലിന്യം എളുപ്പത്തില്‍ കളയാനുള്ള സ്ഥലം തൊട്ടടുത്ത പുഴയായി.

ബോധവത്കരണയത്‌നങ്ങള്‍ പലയിടത്തും നടക്കുമ്പോഴും നദികളിലെ മലിനീകരണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് നദീപരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ സി.ഡബ്ല്യു ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. പി.എസ്. ഹരികുമാര്‍ പറഞ്ഞു. ജൈവമാലിന്യങ്ങളെ വിഘടിപ്പിക്കാന്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നതിനാല്‍ മാലിന്യത്തിന്റെ അളവു കൂടുന്തോറും നദിയിലെ ഓക്‌സിജന്റെ അളവു കുറയും. ഇത് അവിടത്തെ ജൈവസാന്നിധ്യത്തെ ബാധിക്കുന്നുണ്ട്.

വേഗത്തില്‍ നടക്കുന്ന നഗരവത്കരണവും മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സംവിധാനമില്ലാത്തതുമാണ് നദികളെ കൊല്ലുന്നത്. എല്ലാ നദികളിലും കക്കൂസ് മാലിന്യമൊഴുക്കുന്നതായും ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായും അറവുശാലകളിലെ അവശിഷ്ടങ്ങള്‍ തള്ളുന്നതായും പരിശോധനയില്‍ കണ്ടെത്തി.

ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നദികളെ മാലിന്യമുക്തമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. മാമ്പുഴ, മീനച്ചിലാര്‍, ഭാരതപ്പുഴ, കരമനയാര്‍, അച്ചന്‍കോലിലാര്‍, പമ്പ തുടങ്ങിയ നദികളെ ശുദ്ധീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും പരിസ്ഥിതി സംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്.