മ്മുടെ ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി ഏതെന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരങ്ങളിലൊന്ന് പ്ലാസ്റ്റിക് എന്നതായിരിക്കും. ഇതു തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും പുനരുപയോഗം അടക്കമുള്ള മാര്‍ഗങ്ങളിലൂടെ പാരിസ്ഥിതിക പ്രതിസന്ധികളെ മറികടക്കാനുമുള്ള ഊര്‍ജിത ശ്രമത്തിലാണിന്ന് ലോകം. ആ ശ്രമത്തില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള ധീരമായ ഒരു തീരുമാനം 2020 ജനുവരി ഒന്നു മുതല്‍ നാം നടപ്പാക്കുകയാണ്.

പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഒറ്റ മനസ്സോടെയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. പ്ലാസ്റ്റിക്കിന്‍റെ ഭീഷണിയില്‍നിന്ന് ലോകത്തെ മോചിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിനായുള്ള, ചെറുതെങ്കിലും മികച്ച ചുവടുവെപ്പാണ് ഇതെന്ന കാര്യത്തില്‍ തർക്കമില്ല.

പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണി- ചില കണക്കുകള്‍

 • ഓരോ വര്‍ഷവും ലോകത്ത് ഉപയോഗിക്കപ്പെടുന്നത് അഞ്ച് ലക്ഷം കോടി (അഞ്ച് ട്രില്യണ്‍) പ്ലാസ്റ്റിക് സഞ്ചികള്‍. 
 • മനുഷ്യന്‍ ഉപയോഗിച്ച ശേഷം കടലില്‍ തള്ളുന്നത് പ്രതിവര്‍ഷം 130 ലക്ഷം ടണ്‍. അതായത്, ഓരോ മിനിറ്റിലും ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് കടലില്‍ എത്തുന്നു. 
 • ഓരോ മിനിറ്റിലും ലോകത്ത് വില്‍ക്കപ്പെടുന്നത് 10 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍.
 • കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായതില്‍ അധികം പ്ലാസ്റ്റിക് ആണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടത്. 
 • പകുതിയിലധികവും ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിഞ്ഞവ
 • ലോകത്തെ മൊത്തം മാലിന്യങ്ങളില്‍ 10 ശതമാനമാണ് പ്ലാസ്റ്റിക് മാലിന്യം

plastic

ലോകത്തിലേയ്ക്കുള്ള പ്ലാസ്റ്റിക്കിന്റെ സംഭാവനയില്‍ കേരളം ഒട്ടും പിന്നിലല്ല. ഒരുവര്‍ഷം സംസ്ഥാനത്തുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം 44382.85 ടണ്‍ ആണെന്നാണ് കണക്ക്. 805 പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് പുനരുപയോഗ യൂണിറ്റുകള്‍ 214 എണ്ണം മാത്രമാണ് സംസ്ഥാനത്തുള്ളത്. ക്ലീന്‍ കേരള കമ്പനി വിവിധ ആവശ്യങ്ങള്‍ക്കായി വിതരണംചെയ്ത പൊടിഞ്ഞ പ്ലാസ്റ്റിക് 574.379 മെട്രിക് ടണ്ണോളം വരും. ക്ലീന്‍ കേരള കമ്പനി അംഗീകാരം നല്‍കിയ പ്ലാസ്റ്റിക് പൊടിക്കല്‍ യൂണിറ്റുകള്‍ 219 എണ്ണമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഉത്പാദനം തുടങ്ങിയവ 56 എണ്ണം മാത്രം.

ഇന്ത്യന്‍ നഗരങ്ങള്‍ ദിവസം 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പുനരുപയോഗിക്കാനാവുന്നത് 9000 ടണ്‍ മാത്രം. ബാക്കി 6000 ടണ്‍ റോഡിലും പറമ്പിലും ഓടകളിലും ജലാശയങ്ങളിലുമൊക്കെയാണ്. കേരളത്തിലെ മെട്രോ നഗരമായ കൊച്ചിയില്‍ മാത്രം ദിവസം 9.43 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ടന്നാണ് കണക്ക്. അന്തരീക്ഷമലിനീകരണവും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും മാത്രമല്ല, ആഗോളതാപനത്തിന്റെ തോത് വര്‍ധിപ്പിക്കാനും പ്ലാസ്റ്റിക് ഇടയാക്കുന്നു.

plastic waste

ഒരുവട്ടം മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ കാരിബാഗും മറ്റും ഒന്നോ രണ്ടോ ശതമാനമേ വരൂ. സിംഹഭാഗവും നിത്യോപയോഗ സാധനങ്ങളുടെയും ഉപകരണങ്ങളുടെയുമൊക്കെ പാക്കറ്റുകളാണ്. പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണം കൊണ്ടുമാത്രം പ്ലാസ്റ്റിക്മാലിന്യം ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ഘട്ടംഘട്ടമായി പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി വേണം സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തെ കാണാന്‍.

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഏതൊക്കെ?

 • കടകളില്‍നിന്ന് പഴവും പച്ചക്കറിയും പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത്
 • പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
 • അരലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ (അരലിറ്ററിന് മുകളിലുള്ള കുടിവെള്ള കുപ്പികളും പെറ്റ് ബോട്ടിലുകളും ഉത്പാദകര്‍ തിരിച്ചെടുക്കണം.)
 • ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകളില്‍ ഉള്‍പ്പെട്ട ടംബ്ലറുകള്‍, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍

നിരോധനത്തില്‍നിന്ന് ഒഴിവാക്കിയവ

 • മുന്‍കൂട്ടി അളന്നുവെച്ച ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍
 • ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പായ്ക്കറ്റുകള്‍ (ഇവ ഉത്പാദകരും വിതരണക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കാന്‍ പദ്ധതി തയ്യാറാക്കണം.)
 • ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റുകള്‍. പാക്കറ്റുകള്‍ ഉത്പാദകര്‍ ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കണം
 • ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാന്‍ ഉപയോഗിക്കുന്ന ക്ലിങ്ഫിലിം
 • കയറ്റുമതി ചെയ്യാന്‍ നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്

plastic

എങ്ങനെ നടപ്പാക്കും?

പുതുവര്‍ഷംമുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ സംസ്ഥാനത്തിന്റെ പ്ലാസ്റ്റിക് മാലിന്യ തലവേദനയ്ക്ക് ചെറിയൊരളവിലെങ്കിലും ആശ്വാസമുണ്ടായേക്കുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഇത് എങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്‍ എത്തുന്ന പായ്ക്കറ്റുകള്‍ നിരോധനപ്പട്ടികയില്‍ ഇല്ല. അതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഒഴിവാക്കപ്പെടില്ലെന്നതാണ് സത്യം.

സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളെത്തുന്ന വന്‍കിട കമ്പനികളുടെ പാക്കറ്റുകളെല്ലാം മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ളവയാണ്. കേരള ബിവറേജസ് കോര്‍പ്പറേഷന്‍, മില്‍മ, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരികെവാങ്ങി പണംനല്‍കാന്‍ ബാധ്യസ്ഥരാണെന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസേഴ്സ് റെസ്പോണ്‍സിബിലിറ്റി നയപ്രകാരമാണിത്.

മറ്റ് വന്‍കിട ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഇങ്ങനെ എത്തുന്നുണ്ട്. എന്നാല്‍, ഈ നയത്തിന്റെ പരിധി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥലത്തായിരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ വന്‍കിട ഉത്പന്നങ്ങളുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാര്‍ക്കാകും ഇതു നടപ്പാക്കാനുള്ള ബാധ്യത. ഇത് എത്രത്തോളം സാധ്യമാകും, നിര്‍ബന്ധബുദ്ധ്യാ നടപ്പാക്കും എന്നതനുസരിച്ചായിരിക്കും പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാവി.

ബദലുണ്ട്, ധാരാളം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധനം വരുമ്പോഴും അവയ്ക്ക് ബദലായി ഉപയോഗിക്കാവുന്നവ വിപണികളില്‍ ഇപ്പോള്‍തന്നെ സുലഭമാണ്. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണി, പേപ്പര്‍ സഞ്ചികള്‍ ഇപ്പോള്‍തന്നെ പ്രചാരത്തിലുണ്ട്. കൂടാതെ പ്ലാസ്റ്റിക് കാരിബാഗുകള്‍പോലെ തോന്നുന്ന സഞ്ചികളും വിപണിയിലുണ്ട്. തിളച്ച വെള്ളത്തില്‍ ലയിച്ചുപോകുന്നതും മണ്ണില്‍ അലിഞ്ഞുചേരുന്നതുമാണ് ഇവ.

പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരമായി പേപ്പറിലും പാള, ഇല എന്നിവയില്‍ തീര്‍ത്ത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കു പകരം പേപ്പറില്‍ നിര്‍മിച്ച സ്‌ട്രോയിലേയ്ക്ക് കൂള്‍ബാറുകളും ഹോട്ടലുകളുമൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്.

Content Highlights: Kerala govt bans single use plastic from January one