സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തി മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നത് അന്തരീക്ഷത്തിലെ ഓസോണ്‍പാളിയാണ്. മനുഷ്യനിര്‍മിതമായ രാസവസ്തുക്കളും മറ്റ് പ്രകൃതിക്ക് ദോഷകരമായ അവസ്ഥകളുമെല്ലാം ഓസോണ്‍പാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഓസോണ്‍ ദിനം ആചരിക്കുന്നത്.

ഓസോണ്‍ ദിനാചരണം എന്നുമുതല്‍?

ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16- ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്. മോണ്‍ട്രിയല്‍ ഉടമ്പടി എന്നാണത് അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഉടമ്പടി 1987- ല്‍ നിലവില്‍വന്നെങ്കിലും 1994-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷം 1995- മുതല്‍ക്കാണ് ലോകവ്യാപകമായി ഓസോണ്‍ദിനം ആചരിച്ചുവരുന്നത്.

എന്താണ് ഓസോണ്‍?

ഭൂമിയുടെ അന്തരീക്ഷത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു വാതകമാണ് ഓസോണ്‍. 1839-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ഷോണ്‍ ബെയിന്‍ ആണ് ഓസോണിനെ വേര്‍തിരിച്ചെടുത്തത്. ഓസോണ്‍ എന്ന് പേര് നല്‍കിയതും അദ്ദേഹം തന്നെ. ഓസോണ്‍ ഓക്‌സിജന്റെ ഒരു രൂപാന്തരമാണ് . ഓക്‌സിജന്‍ തന്മാത്രയില്‍ രണ്ട് ആറ്റങ്ങള്‍ ഉള്ളപ്പോള്‍ ഓസോണ്‍ തന്മാത്രയില്‍ മൂന്ന് ആറ്റങ്ങളാണുള്ളത്. ഉന്നത ഊര്‍ജമുള്ള സൂര്യരശ്മികള്‍ ഓക്‌സിജന്‍ തന്മാത്രയില്‍ പതിച്ച് അതിനെ ഓക്‌സിജന്‍ ആറ്റങ്ങളാക്കി മാറ്റുന്നു. ഈ പ്രക്രിയയെ പ്രകാശവിശ്ലേഷണം (ുവീീേഹ്യശെ)െ എന്നു വിളിക്കുന്നു. വേര്‍പ്പെട്ട ഓക്‌സിജന്‍ ആറ്റങ്ങള്‍ ഓരോന്നും ഓക്‌സിജന്‍ തന്മാത്രയുമായി സംയോജിച്ച് ഓസോണ്‍ തന്മാത്ര ഉണ്ടാകുന്നു. അതേസമയം അന്തരീക്ഷത്തിലെ നൈട്രജന്‍, ഹൈഡ്രജന്‍, ക്ലോറിന്‍ എന്നീ വാതകങ്ങള്‍ ഓസോണുമായി പ്രതിപ്രവര്‍ത്തിച്ച് അതിനെ ഓക്‌സിജനാക്കി മാറ്റുകയും ചെയ്യുന്നു. ഓസോണിന്റെ സൃഷ്ടിയും സംഹാരവും ഒരു നിശ്ചിതഅളവ് ഓസോണിനെ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് നടക്കുന്ന ഒരു ചാക്രിക പ്രക്രിയയാണ്.

ഓസോണ്‍ കാണപ്പെടുന്നതെവിടെ?

ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 15-60 കി. മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മേഖലയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്ന ഈ മേഖലയിലാണ് ഓസോണ്‍പാളി. താഴ്ന്ന അന്തരീക്ഷ മേഖലയായ ട്രോപ്പോസ്ഫിയറിലും ചെറിയതോതില്‍ ഓസോണ്‍ കാണപ്പെടുന്നു. മറ്റുവാതകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസോണിന്റെ അളവ് വളരെ കുറവാണ്. 10 ലക്ഷം വായുതന്മാത്രകളില്‍ 10 ഓസോണ്‍ തന്മാത്രകളേ കാണൂ. എങ്കില്‍പ്പോലും അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിര്‍ത്തുന്നതില്‍ അത് വലിയ പങ്കുവഹിക്കുന്നു.

ഓസോണ്‍പാളി രക്ഷാകവചമാകുന്നതെങ്ങനെ?

സൂര്യനില്‍നിന്ന് ദൃശ്യപ്രകാശത്തോടൊപ്പം പ്രസരിക്കുന്ന അദൃശ്യവികിരണങ്ങളാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ . ഇവയിലുള്ള ഊര്‍ജം വളരെ ഉയര്‍ന്ന അളവില്‍ ആയതിനാല്‍ അവ നേരിട്ട് ഭൂമിയില്‍ പതിച്ചാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. 280 മുതല്‍ 315 നാനോമീറ്റര്‍ വരെ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ് കൂടുതല്‍ അപകടകാരികള്‍. ഈ വികിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ധര്‍മമാണ് ഓസോണ്‍പാളി നിര്‍വഹിക്കുന്നത്. ഓസോണ്‍പാളിക്ക് തടയാനാവാത്ത അള്‍ട്രാവയലറ്റ് രശ്മികള്‍ (315400) ഭൂമിയിലെത്തുന്നുണ്ടെങ്കിലും അവ അപകടകാരികളല്ല. സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവില്‍ ഒരുശതമാനം കുറവു വന്നാല്‍ ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ അളവില്‍ രണ്ടുശതമാനം വര്‍ധനയുണ്ടാകും.

സി.എഫ്.സി.കളും ഹാലോണുകളും

ഓസോണ്‍പാളിയുടെ ശോഷണത്തിന്റെ മുഖ്യകാരണം സി.എഫ്.സി.കളും ഹാലോണുകളുമാണ്. കാര്‍ബണ്‍, ഫ്‌ളൂറിന്‍, ക്ലോറിന്‍ എന്നീ മൂലകങ്ങളടങ്ങിയ ദ്രാവക രൂപത്തിലോ വാതകരൂപത്തിലോ ഉള്ള മനുഷ്യ നിര്‍മിതമായ രാസസംയുക്തങ്ങളാണ് സി.എഫ്.സി.കള്‍ അഥവാ ക്‌ളോറോഫ്‌ളൂറോ കാര്‍ബണുകള്‍. ഫ്രിയോണുകള്‍ എന്ന പേരിലാണ് ഇവ വില്‍ക്കപ്പെടുന്നത്. ഹാലോണുകളില്‍ ക്‌ളോറിനുപകരം ബ്രോമിനാണുള്ളത്. നിറമോ മണമോ വിഷപ്രഭാവമോ സ്‌ഫോടനസാധ്യതയോ ഇല്ലാത്ത രാസപദാര്‍ഥങ്ങളാണ് സി. എഫ്.സി.കള്‍. അതുകൊണ്ട് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷനറുകളിലും എയറോസോള്‍ സ്‌പ്രേകളിലും ഇവ ധാരാളമായി ഉപയോഗിക്കുന്നു. കംപ്യൂട്ടറുകളിലേയും ഫോണുകളിലേയും ഇലക്ട്രോണിക് സര്‍ക്യൂട്ട്ബോര്‍ഡുകള്‍ ക്ലീന്‍ ചെയ്യുന്നതിനും സി.എഫ്.സി.കള്‍ ഉപയോഗിക്കുന്നുണ്ട്. ഉപകരണങ്ങളില്‍നിന്നും മറ്റും പുറത്തുവരുന്ന സി. എഫ്. സി.കളും ഹാലോണുകളും സാവധാനം സ്ട്രാറ്റോസ്ഫിയറില്‍ എത്തുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റ് ഇവയില്‍നിന്ന് ക്ലോറിന്‍ ആറ്റങ്ങള്‍ സ്വതന്ത്രമാകുന്നു. ക്ലോറിന്‍ ആറ്റങ്ങള്‍ ഓസോണിനെ വിഘടിപ്പിച്ച് ഓക്‌സിജനാക്കിമാറ്റുന്നു. ഒരു ക്ലോറിന്‍ ആറ്റത്തിനുതന്നെ ഒരു ലക്ഷത്തോളം ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കാനാകും.

ഓസോണ്‍ശോഷണം നമ്മളെ എങ്ങനെ ബാധിക്കും?

ഓസോണ്‍ പാളിയുടെ ശോഷണം അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ ധാരാളമായി ഭൂമിയിലെത്താന്‍ കാരണമാകും.

മനുഷ്യരില്‍ ചര്‍മാര്‍ബുദത്തിന്റെ തോത് വര്‍ധിപ്പിക്കും. ചര്‍മം ചുക്കിച്ചുളിഞ്ഞ് വാര്‍ധക്യലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും . നേത്രരോഗങ്ങള്‍ വര്‍ധിക്കുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും.

സസ്യങ്ങളുടെ ഇലകള്‍ ചെറുതാകും. അതുവഴി വിത്തുണ്ടാകാന്‍ സമയമെടുക്കുകയും വിളവുകുറയുകയും ചെയ്യും.

ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറയായ സസ്യപ്ലവകങ്ങള്‍ നാശമടയും. അതുവഴി അവിടത്തെ ഭക്ഷ്യശൃംഖല മൊത്തത്തില്‍ അപകടത്തിലാകും.

അള്‍ട്രാവയലറ്റ് രശ്മികള്‍ വലിയതോതില്‍ പതിച്ച് പെയിന്റുകളുടെയും വസ്ത്രങ്ങളുടെയും നിറം മങ്ങും. പ്ലാസ്റ്റിക് ഉപകരണങ്ങളും പൈപ്പുകളും വളരെ വേഗത്തില്‍ കേടുവരും.