ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം 42 കോടി കോടി രൂപ ചിലവിട്ട് ചാണകം വാങ്ങുമെന്ന്‌ റിപ്പോര്‍ട്ട്‌. ട്രെയിനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബയോ ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന്‌ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നതിനായാണ് ട്രക്കിന്‌ 3,350 ലോഡ് ചാണകം വിലകൊടുത്തുവാങ്ങാന്‍ റെയില്‍വേ ഉദ്ദേശിക്കുന്നതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബയോ ടോയ്‌ലറ്റുകളില്‍നിന്നുള്ള മാലിന്യം വിഘടിപ്പിക്കുന്നതിനുള്ള ബാക്ടീരിയകളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള 'ഇനോക്കുലം' നിര്‍മിക്കുന്നതിനാണ് ചാണകം ഉപയോഗിക്കുന്നത്. ബയോ ടോയ്‌ലറ്റുകളാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ 45 ശതമാനത്തോളം ട്രെയിനുകളിലും സ്ഥാപിച്ചിട്ടുള്ളത്. ഈ വര്‍ഷത്തോടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതോടെയാണ് വലിയ തോതില്‍ ഇനോക്കുലം ആവശ്യമായി വരുന്നത്. ഇതിനായി 3,350 ലോഡ് ചാണകം ആവശ്യമായി വരുമെന്ന് സിഎജി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ട്രെയിനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടോയ്‌ലറ്റുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സിഎജി പഠനം നടത്തിയത്. ബയോ ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കടുത്ത വിമര്‍ശനമാണ് സിഎജിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, യാത്രക്കാര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് ടോയ്‌ലറ്റുകള്‍ തകരാറിലാവാന്‍ കാരണമെന്നാണ് റെയില്‍വേയുടെ നിലപാട്.

മനുഷ്യ മാലിന്യം വിഘടിപ്പിച്ച് മീഥൈനും ജലവുമാക്കി മാറ്റുന്നത് ഓരോ ടോയ്‌ലറ്റുകളോടും അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ചെറിയ ടാങ്കുകളിലാണ്. ബാക്ടീരിയകളാണ് ഈ പ്രവൃത്തി നടക്കുന്നതിന് സഹായിക്കുന്നത്. ഈ ടാങ്കുകളുടെ പ്രവര്‍ത്തനം സുഗമാമായി നടക്കുന്നതിന് ബാക്ടീരിയകളെ നിക്ഷേപിക്കേണ്ടതുണ്ട്. ഒരു ടോയ്‌ലറ്റിന് 60 ലിറ്റര്‍ വീതം ഇനോക്കുലം ആവശ്യമുണ്ട്. ചാണകവും വെള്ളവും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. 

2016 ല്‍ 3,600 ലിറ്റര്‍ ഇനോക്കുലമാണ് 68,400 രൂപയ്ക്ക് റെയില്‍വേ വാങ്ങിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കു പ്രകാരം നിലവില്‍ റെയില്‍വേ സ്ഥാപിച്ചിട്ടുള്ള 97,761 ബയോ ടോയ്‌ലറ്റുകളില്‍ ഉപയോഗിക്കുന്നതിന് 234.6 ലക്ഷം ലിറ്റര്‍ ഇനോക്കുലം വേണം. ഇതിന് 3,350 ലോഡ് ചാണകമാണ് ആവശ്യമായി വരിക. പുതിയ വര്‍ഷം കൂടുതല്‍ ട്രെയിനുകളില്‍ക്കൂടി ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നതോടെ 42 കോടി രൂപയുടെ ചാണകം ആവശ്യമായിവരുമെന്നാണ് കണക്കാക്കുന്നത്.

പ്രതിമാസം 30,000 ലിറ്റര്‍ ബാക്ടീരിയ ലഭ്യമാക്കുന്ന വിധത്തില്‍ ചാണകം ലഭ്യമാക്കുന്നതിന് റെയില്‍വേയുടെ പ്രത്യേക ഇനോക്കുലം നിര്‍മാണശാല നാഗ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം രണ്ടു കേന്ദ്രങ്ങള്‍കൂടി കപുര്‍ത്തല, പേരാമ്പൂര്‍ എന്നിവടങ്ങളില്‍ സ്ഥാപിക്കുന്നതിന് 2011ല്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിട്ടില്ല.