ന്യൂഡല്‍ഹി: മൗറീഷ്യസ് തീരത്ത് കപ്പലില്‍നിന്നുണ്ടായ വലിയ എണ്ണ ചോര്‍ച്ച തടയുന്നതിന് സഹായവുമായി ഇന്ത്യ. വിദഗ്ധരെയും ഉപകരണങ്ങളും മൗറീഷ്യസിലേയ്ക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

30 ടണ്ണിലധികം ഉപകരണങ്ങളും മറ്റുവസ്തുക്കളും ഇന്ത്യ വ്യോമസേനാ വിമാനത്തില്‍ മൗറീഷ്യസിലേയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പത്തുപേരടങ്ങുന്ന സാങ്കേതിക വിദഗ്ധരെയും എണ്ണ ചോര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജാപ്പനീസ് എണ്ണക്കപ്പലായ എംവി വക്കാഷിയോ ജൂലായ് 25ന് ആണ് മൗറീഷ്യസ് തീരത്തിനു സമീപം അപകടത്തില്‍പ്പെട്ടത്. 1000 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. പവിഴപ്പുറ്റുകളില്‍ തട്ടി കപ്പല്‍ തകര്‍ന്നതോടെ ഇന്ധന ചോര്‍ച്ച ആരംഭിച്ചു. ശനിയാഴ്ചയോടെ ചോര്‍ച്ച അതിരൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വന്‍തോതിലുള്ള ഇന്ധന ചോര്‍ച്ച മത്സ്യങ്ങള്‍ അടക്കമുള്ള കടല്‍ ജീവികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. രാജ്യത്തുണ്ടായതില്‍വെച്ച് ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് മൗറീഷ്യസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: India sends equipment, personnel to Mauritius to contain oil spill