കൊളംബോ: ശ്രീലങ്കന്‍ തീരത്തിനടുത്ത് കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ചുണ്ടായ സമുദ്ര മലിനീകരണത്തെ തുടര്‍ന്ന് നൂറുകണക്കിന് കടലാമകള്‍ ചത്തടിയുന്നതായി റിപ്പോര്‍ട്ട്. രാസമലിനീകരണം മൂലം 176 ആമകളും 20 ഡോള്‍ഫിനുകളും നാല് തിമിംഗലങ്ങളുമാണ് ഇതുവരെ ചത്ത് തീരത്തടിഞ്ഞത്. കൊളംബോയിലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഡെപ്യൂട്ടി  സോളിസിറ്റര്‍ ജനറല്‍ മഡാവ തെന്നക്കൂണ്‍ ആണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സാധാരണ ഗതിയില്‍ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തില്‍ കടല്‍ ജീവികള്‍ ചത്തടിയുന്ന പതിവില്ലെന്ന് ഗവേഷകര്‍ പറയുന്നു. കപ്പലില്‍നിന്ന് പെട്രോളിയം ചോര്‍ച്ചയുണ്ടായ മേഖലയില്‍ത്തന്നെയാണ് ജീവികള്‍ ചത്തുപൊങ്ങിയത്. അതുകൊണ്ടുതന്നെ വിഷമാലിന്യങ്ങള്‍ തന്നെയാണ് ഇതിനു കാരണമെന്ന് ഉറപ്പിക്കാമെന്നും ഗവേഷകര്‍ കരുതുന്നു. രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ മനുഷ്യനിര്‍മിത പ്രകൃതി ദുരന്തമായാണ് കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ പരിസ്ഥിതി ഗവേഷകര്‍ കാണുന്നത്.

turtles
തീരത്ത് ചത്തടിഞ്ഞ കടലാമ | ഫോട്ടോ: എ.എഫ്.പി.

ഈ വര്‍ഷം മേയ് 21ന് ആണ് കൊളംബോ തുറമുഖത്തിന് ഒമ്പത് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട 'എം.വി എക്സ്പ്രസ് പേള്‍'എന്ന സിംഗപുര്‍ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് തീപിടിച്ചത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട 186 മീറ്റര്‍ നീളമുള്ള കപ്പല്‍ കൊളംബോ തുറമുഖത്ത് അടുക്കുന്നതിനായി നങ്കൂരമിട്ട് കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. 1,486 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നത്.

കപ്പലില്‍നിന്ന് കടലിലേയ്ക്കൊഴുകിയ 350 മെട്രിക് ടണ്‍ വരുന്ന ഇന്ധനം ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ ദൂരംവരുന്ന തീരമേഖലയെ വളരെയേറെ വിഷമയമാക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കപ്പലില്‍നിന്ന് ഉയര്‍ന്ന കനത്ത പുകയും സമുദ്രത്തില്‍ കലര്‍ന്ന ടണ്‍ കണക്കിന് ഇന്ധനവും മൈക്രോ പ്ലാസ്റ്റിക്കുമെല്ലാം കടലില്‍ കലര്‍ന്നു. പിന്നീട് ഇവ തലസ്ഥാനമായ കൊളംബോയുടെ തീരങ്ങളില്‍ വന്‍ തോതില്‍ അടിയുകയും ചെയ്തിരുന്നു. 

വളരെ ചെറിയ പ്ലാസ്റ്റിക് കണികകള്‍ ഭക്ഷ്യവസ്തുക്കളായി തെറ്റിദ്ധരിച്ച് പക്ഷികളും മത്സ്യങ്ങളും മറ്റു കടല്‍ജീവികളും ഭക്ഷണമാക്കുന്നതാവാം ജീവികളുടെ കൂട്ടമരണത്തിന് ഇടയാക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. കാലവര്‍ഷത്തിന്റെ വരവോടെ പ്ലാസ്റ്റിക് മാലിന്യം കടലില്‍ കൂടുതല്‍ വ്യാപിക്കാനും ദുരന്തം രൂക്ഷമാകാനും ഇടയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനായ ത്യുട്കലോ വിറ്റാലി അടക്കം 15 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlights: Hundreds of dead turtles wash ashore in Sri Lanka after cargo ship wreck