സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടം ശ്രദ്ധേയമാകുന്നത് അതിന്റെ പ്രകൃതി സൗഹാര്‍ദ്ദപരമായ നിര്‍മിതികൊണ്ടാണ്. വെള്ളം പുനചംക്രമണം ചെയ്ത് ശുദ്ധീകരിക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള നിര്‍മിതിയാണ് ഈ കെട്ടിടത്തിന്റെ പ്രധാന പ്രത്യേകത. 

ഫേസ്ബുക്കിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് എംപികെ 21 എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം നിര്‍മിച്ചതെങ്കിലും സാധാരണ ഒരു ഓഫീസിന്റെ കെട്ടും മട്ടുമല്ല ഇതിനുള്ളത്. ചിലപ്പോള്‍ ഒരു പാര്‍ക്ക് പോലെയും ചിലപ്പോളൊരു റസ്‌റ്റോറന്റു പോലെയുമെല്ലാം തോന്നും ഈ ഓഫീസ് കണ്ടാല്‍.

ഫെസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് ആണ് മെന്‍ലോ പാര്‍ക്കിലുള്ള പുതിയ കെട്ടിടത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ലോകപ്രശസ്ത ആര്‍ക്കിടെക്ട് ആയ ഫ്രാങ്ക് ഗെഹ്റിയാണ് ഫെയ്സ്ബുക്കിനുവേണ്ടി ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. ജലം, ഊര്‍ജ്ജം എന്നിവയുടെ വിനിയോഗത്തില്‍ സവിശേഷമായ മാതൃകയാണ് ഈ കെട്ടിടം. ഏറ്റവും കുറഞ്ഞ മാലിന്യം മാത്രം പുറന്തള്ളുന്ന വിധത്തിലാണ് രൂപകല്‍പന. 

Facebook
Photo:Sheryl Sandberg/Instagram

 

ജലം പുനരുപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം ആറര കോടി ലിറ്റര്‍ വെള്ളം ലാഭിക്കാനാകുമെന്ന് ഷറില്‍ സാന്‍ഡ്ബര്‍ഗ് വ്യക്തമാക്കി. മേല്‍ക്കൂരകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പാനലുകളിലൂടെ പ്രതിവര്‍ഷം 20 ലക്ഷം കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. കെട്ടിടത്തിന്റെ അത്രയും നീളത്തില്‍ ഒരു നടപ്പാതയുണ്ട്. ഈ പാതയില്‍ അഞ്ച് വ്യത്യസ്ത തരത്തിലുള്ള ഭക്ഷണ ശാലകളുണ്ട്. 15 ഇന്‍സ്റ്റലേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.

വിശാലമായ പ്രദേശത്ത് 523,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്ന ഒറ്റ നില കെട്ടിടമാണ് എംപികെ 21. വിശ്രമ സ്ഥലങ്ങള്‍, പരിപാടികള്‍ സംഘടിപ്പിക്കാനുള്ള രണ്ടായിരം പേര്‍ക്കിരിക്കാവുന്ന സ്ഥലം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് 22.7 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ കെട്ടിടസമുച്ചയം. വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം ഭൂമിക്കടിയിലാണ് ഒരുക്കിയിരിക്കുന്നത്. 18 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

facebook
Photo:Sheryl Sandberg/Instagram

 

ബഹുവര്‍ണങ്ങള്‍ പൂശിയ ചുവരുകളും സൈക്കിളുകള്‍ വെക്കുന്നതിന് ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന സൈക്കിള്‍ സ്റ്റാന്‍ഡുമെല്ലാം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ കാണാം. ചില ഭാഗങ്ങളില്‍ ചുവരുകള്‍ ചില്ലു പതിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉള്ളിലും പുറത്തുമെല്ലാം വ്യത്യസ്തങ്ങളായ മരങ്ങളും ചെടികളും വെച്ച് മനോഹരമാക്കിയിരിക്കുന്നു. പ്രകൃതി സൗഹാര്‍ദപരമായ നിര്‍മിതിയായിരിക്കുമ്പോള്‍ത്തന്നെ ആധുനിക സൗകര്യങ്ങളെല്ലാം ചേര്‍ന്നതാണ് ഈ കെട്ടിടം.

Content Highlights: Facebook's new building, MPK 21, environment friendly building, Sheryl Sandberg