ലയുയർത്തി നിൽക്കുന്ന വമ്പൻ കെട്ടിടങ്ങൾക്കിടയിലൂടെയുള്ള വഴിയെ നടന്നെത്തുമ്പോൾ ചെറിയ ചെടികളും വരകളും നിറഞ്ഞ മതിൽക്കെട്ടിനകത്താണ് കൊച്ചിയുടെ ശ്വാസം തങ്ങിനിൽക്കുന്നത്... ചുവന്ന പൂക്കളും മഞ്ഞ ഇലകളും കൊഴിച്ച് നിൽക്കുന്ന ഗുൽമോഹർ തണലിൽ ധ്യാനിക്കുന്ന ബുദ്ധശില്പം... ചതുപ്പിൽ അതിജീവിക്കുന്ന കണ്ടലുകളും അവയെ കടന്നൊഴുകുന്ന കായൽ കൈവഴിയും... കൊച്ചിയെ കാണാനെന്നവണ്ണം തല ഉയർത്തി നിൽക്കുന്ന ഏറുമാടവും മുളകൊണ്ട് കെട്ടി ഉണ്ടാക്കിയ ചെറിയൊരു വിശ്രമസ്ഥലവും... രാവിലെ മുതൽ വന്നുപോകുന്ന വിരുന്നുകാരെ ശ്രദ്ധിക്കാതെ വലിയ മരത്തിൽ തലകീഴായി തൂങ്ങിയാടുന്ന വവ്വാൽക്കൂട്ടവുമാണ് ‘മംഗളവന’ത്തിന്റെ കാവൽക്കാർ...

വരൂ പ്രകൃതിയെ പഠിക്കാം

വെറുതെ സമയംകളയാനുള്ള ഇടമായി കണക്കാക്കി മാത്രമല്ല ഇവിടേക്ക് വരേണ്ടത്. പ്രകൃതിയെ അടുത്തറിയുന്നതിനൊപ്പം പഠിക്കാനുള്ള ഒരു കേന്ദ്രം കൂടിയാണ് മംഗളവനം എന്നത് പലപ്പോഴും ഓർമിക്കപ്പെടാറില്ല. പ്രകൃതിയെക്കാളുപരിയായി പക്ഷിനിരീക്ഷണത്തിനുള്ള സൗകര്യങ്ങളും മംഗളവനത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, പക്ഷികളെക്കുറിച്ച് കൃത്യമായ പഠനത്തിനായി ഒരു പ്രകൃതിപഠന കേന്ദ്രവും ഇവിടെയുണ്ട്.

വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർഥികൾ വിവിധ പഠനക്യാമ്പുകളും ഇവിടെ നടത്താറുണ്ട്. പ്രകൃതിക്ക് ഒട്ടും വേദനിക്കാതിരിക്കാനായി മുളകൊണ്ടുള്ള ഒരു കുടിലിന്റെ മാതൃകയിലാണ് പഠനകേന്ദ്രം നിർമിച്ചത്. സ്കൂളുകൾക്കും പഠനക്യാമ്പിനും വേണ്ട സഹായം വനംവകുപ്പ് തന്നെ ചെയ്യുന്നുണ്ട്. പൂർണമായും സൗജന്യമായാണ് ഈ സൗകര്യങ്ങൾ വനം വകുപ്പ് ചെയ്തു നൽകുന്നത്.

മംഗളവനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറുവരെയാണ് സമയം. പക്ഷിനിരീക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി എത്തുന്നവർക്കായി ആവശ്യമുള്ള സമയത്തെല്ലാം മംഗളവനത്തിന്റെ വാതിലുകൾ തുറക്കും.

നെഞ്ചിടപ്പോടെ കാഴ്ചകാണാം

മംഗളവനത്തിന്റെ കാഴ്ചകളെല്ലാം ഉയരെയാണ്. മരത്തണലിൽ വിശ്രമിക്കുന്നതിനൊപ്പം തടികൊണ്ട് നിർമിച്ചിട്ടുള്ള വാച്ച്ടവറിന് മുകളിൽ കയറി നഗരത്തെ മുഴുവൻ കാണാം. കണ്ടൽക്കാടിനോട് ചേർന്ന് മംഗളവനത്തിന്റെ നടുക്കായി നിർമിച്ചിരിക്കുന്ന വാച്ച്ടവറിൽ ഒരേസമയം അഞ്ച് പേർക്ക് കയറാൻ സാധിക്കും. പക്ഷികളെയും പച്ചപ്പ് നിറഞ്ഞ കണ്ടൽക്കാടിനെയും വൃക്ഷങ്ങളെയും നടുവിലെ ജലാശയത്തെയും കാണാൻ കഴിയുമെന്നതിനാൽ സന്ദർശകരുടെ ഇഷ്ടകേന്ദ്രമാണ് വാച്ച്ടവർ. ഒരു സമയം അഞ്ചുപേർ മാത്രം കയറാവൂ എന്ന വാച്ച്ടവറിന് ചുവട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂട്ടമായി വരുന്ന പലരും ഇത് മുഖവിലയ്ക്കെടുക്കാറില്ല. ഇവിടെയെത്തുന്ന സന്ദർശകർ കൃത്യമായി എല്ലാ നിർദേശങ്ങളും പാലിക്കുമെന്ന വിശ്വാസത്തിൽ, പലപ്പോഴും അധികൃതരും ഇത് ശ്രദ്ധിക്കാറില്ല. ദിവസേന നൂറിലധികം പേർ കയറിയിറങ്ങുന്ന ഈ വാച്ച്ടവർ ഏത് സമയവും നിലംപതിക്കാവുന്ന നിലയിലാണ്. പനയോലകൊണ്ട് നിർമിച്ചിരിക്കുന്ന മേൽക്കൂര തകർന്ന അവസ്ഥയിലുമാണ്.

ദേശാടനക്കിളികളെ തുരത്തി കെട്ടിടങ്ങൾ

നഗരത്തിൽ പ്രതിവർഷം ഉയരുന്ന ബഹുനില കെട്ടിടങ്ങൾ മംഗളവനത്തിലേക്ക് എത്തുന്ന ദേശാടനപ്പക്ഷികൾക്ക്‌ പ്രതിസന്ധി സൃഷ്ടിച്ച്‌ നിലകൊള്ളുകയാണ്. ഉയരത്തിൽ നിൽക്കുന്ന കെട്ടിടങ്ങൾ ദേശാടനക്കിളികളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. ഇതിനു പുറമെ, ബഹുനിലക്കെട്ടിടങ്ങളുടെ ജനൽച്ചില്ലുകളിൽ നിന്ന് സൂര്യപ്രകാശം പ്രതിഫലിക്കുന്നത് മംഗളവനത്തിലെത്തുന്ന ദേശാടനക്കിളികൾക്ക് കൂട് ഒരുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നു. ജനാലകളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം പക്ഷികളെ ഭയപ്പെടുത്തും. ഇതേ തുടർന്നാണ് ദേശാടനക്കിളികൾ മംഗളവനത്തിലേക്ക് എത്താൻ മടിക്കുന്നത്. മംഗളവനത്തിന് സമീപത്ത് ഇനിയും കെട്ടിടങ്ങൾ ഉയർന്നാൽ പക്ഷികളുടെ എണ്ണം 40 ശതമാനം കൂടി കുറയാൻ സാധ്യതയുണ്ട്.

ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ഇവിടെ ദേശാടനപ്പക്ഷികളെ കൂടുതലായി കണ്ടുവരുന്നത്. പക്ഷികളുടെ എണ്ണത്തിൽ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് വനംവകുപ്പ് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പാർക്കിങ്ങും പ്ലാസ്റ്റിക്കും

മംഗളവനത്തിലേക്കുള്ള വഴി ഹൈക്കോടതിയിലെത്തുന്നവരുടെയും മറ്റ് സ്ഥാപനങ്ങളുടെയും അനധികൃത കാർ പാർക്കിങ് ഏരിയായി മാറിയിരിക്കുകയാണ്. വഴിയുടെ ഇരുവശങ്ങളിലും മറ്റൊരു വാഹനത്തിന് കടന്നുപോകാൻ ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. വാഹനത്തിലിരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ജൈവ-അജൈവ മാലിന്യങ്ങൾ ഇവിടെത്തന്നെ കളഞ്ഞിട്ട് പോകുന്നതായും കാണാൻ കഴിയും. ഇതിൽത്തന്നെ പ്രധാന വില്ലനാണ് പ്ലാസ്റ്റിക് മാലിന്യം. ഇവ മംഗളവനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു.

മംഗളവനത്തിലെ കണ്ടൽക്കാടുകളിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്.ആർ.ഐ.) ഗവേഷകർ നടത്തിയ പഠനത്തിൽ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടൽവനങ്ങളുടെ നിലനിൽപ്പിനെയും കണ്ടൽവനത്തെ ആശ്രയിച്ച് പ്രജനനം നടത്തുന്ന മത്സ്യങ്ങളെയും ബാധിക്കും.

മംഗളവനത്തിലെ ജലാശയത്തിലെ എക്കലും മാലിന്യവും നീക്കംചെയ്ത് അതിന്റെ ആഴം കൂട്ടാനായി നഗരസഭ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പിലാക്കാനായില്ല. കണ്ടൽച്ചെടികളും മറ്റും നശിച്ചുപോകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരസഭ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

മംഗളവനത്തിനായി സലിം അലി പക്ഷിസങ്കേത ഗവേഷണ വിഭാഗത്തിന്റെ നിർദേശങ്ങൾ:

* വികസന പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കണം. നിയന്ത്രിത ശബ്ദത്തിലുള്ള നിർമാണരീതികൾ പ്രോത്സാഹിപ്പിക്കണം.

* ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും കാനവഴിയും മറ്റും വരുന്നത് നിയന്ത്രിക്കണം.

* ഇവിടത്തെ കണ്ടൽവനങ്ങളെ സംരക്ഷിക്കണം.

* ചുറ്റുമുള്ള സ്ഥാപനങ്ങൾക്ക് സ്വന്തമായി പാർക്കിങ് സൗകര്യം ഏർപ്പെടുത്തണം.

* പുതുതായി പണിയുന്ന കെട്ടിടങ്ങൾ മൂന്ന്‌-നാല് നിലകളിലായി പരിമിതപ്പെടുത്തണം.

* കെട്ടിടങ്ങളിൽ കടുംനിറത്തിലുള്ള ചായങ്ങൾ ഒഴിവാക്കണം

* പ്രകൃതിസംരക്ഷണത്തിനായി പുതിയ നിർദേശങ്ങൾ കൊണ്ടുവന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം.

* മംഗളവനത്തെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച്, അതിന്‌ ചുറ്റിലുമുള്ള കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണം.