കോഴിക്കോട്: മലയാളിയുടെ മാറുന്ന ജീവിതശൈലിയുടെയും പ്ലാസ്റ്റിക് വിതയ്ക്കുന്ന വിപത്തിന്റെയും നേര്‍ക്കാഴ്ചയാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ എടക്കാട് എന്ന പ്രദേശം.

11,020 പേരുള്ള 2200 കുടുംബങ്ങള്‍ മൂന്നുമാസംകൊണ്ട് ഉപേക്ഷിച്ചു തള്ളിയത് ആറു ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്... ഇതാണ് എടക്കാടിന്റെ കഥ. തൊട്ടടുത്ത വെസ്റ്റ്ഹില്ലിലെ ഗോഡൗണില്‍ എത്തിയാല്‍ ഇവിടെനിന്ന് സ്വരൂപിച്ച പ്ലാസ്റ്റിക് കൂട്ടിയിട്ട ശ്മശാനഭൂമി കാണാം.ശീതള പാനീയങ്ങളുടെ കുപ്പികള്‍, ഫാസ്റ്റ് ഫുഡ് കവറുകള്‍, സോപ്പുപ്പൊടി കവറുകള്‍, പ്ലാസ്റ്റിക് പേനകള്‍, മിഠായികവറുകള്‍ എന്നിങ്ങനെ പോവുന്നു അവ. കോര്‍പ്പറേഷനിലെ 73 -ാം വാര്‍ഡായ എടക്കാടില്‍ മാതൃഭൂമിയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 'എന്റെ എടക്കാട്' എന്ന പദ്ധതി ആരംഭിക്കുമ്പോള്‍ പ്ലാസ്റ്റിക് എന്ന ഭീകരന്‍ ഇത്രയ്ക്കധികം മലയാളിയുടെ ജീവിതത്തില്‍ കടന്നുകൂടിയിട്ടുണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ല.

ente edakkaduഎന്റെ എടക്കാട് പുത്തൻപാഠം

ചുറ്റും നിറയുന്ന മാലിന്യക്കൂമ്പാരത്തിന്റെ ഒരു പങ്ക് നമ്മുടേത് കൂടിയാണെന്ന ബോധത്തോടെയുള്ള ഇടപെടലാണ് 'എന്റെ എടക്കാടിലൂടെ' യാഥാര്‍ഥ്യമാക്കുന്നത്. വീടുകളില്‍ നിന്ന് വൊളന്റിയര്‍മാര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഗോഡൗണില്‍ പതിനൊന്ന് പേരുടെ ഒരുദിവസം എട്ടുമണിക്കൂര്‍ പ്രയത്നം. ഭക്ഷ്യവസ്തുകളുടെ അവശിഷ്ടവും പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം കയറ്റി അയക്കുന്ന ചില വിരുതരും ഉണ്ടായിരുന്നു എടക്കാടില്‍. ഇത്തരക്കാരെ കണ്ടെത്തി ഭക്ഷ്യവസ്തുകളുടെ മാലിന്യം തിരിച്ച് വീടുകളില്‍ തന്നെ എത്തിച്ചപ്പോള്‍ ഈ 'ശീലം' ഉപേക്ഷിച്ചു. ഫുഡ് കണ്ടെയിനറുകള്‍ കഴുകി വൃത്തിയാക്കിയാണ് ഗോഡൗണില്‍ എത്തിച്ചത്. മാലിന്യം വേര്‍തിരിക്കുന്നവര്‍ക്ക് ഭാരിച്ച പണിയായിരുന്നു.

'വീടുകളില്‍ നിന്ന് ഒഴിവാക്കിയാല്‍ മതിയെന്നാണ് പലരും വിചാരിക്കുന്നത്. അതുകൊണ്ട് ചിലതൊക്കെ പറയാന്‍ പോലും പറ്റാത്ത രീതിയിലായിരുന്ന മാലിന്യം ഗോഡൗണില്‍ എത്തിച്ചതെന്ന് മാലിന്യം തിരിച്ച കല്ലായ് സ്വദേശി അലി പുളിക്കല്‍ അകത്ത് പറഞ്ഞു. ഭക്ഷ്യോപയോഗവസ്തുകളുടെയും നിത്യോപയോഗസാധനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി. ഏകദേശം 200 സാധനങ്ങളുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. വേര്‍തിരിക്കുന്ന മാലിന്യം പുനഃചംക്രമണത്തിന് വിധേയമാക്കും.

ഓരോ മാലിന്യങ്ങളും വിവിധ ബ്രാന്‍ഡുകള്‍ക്ക്് അനുസരിച്ച് തരംതിരിച്ചു. മൂന്നുമാസത്തെ മാലിന്യം വേര്‍തിരിക്കാന്‍ മാത്രം രണ്ടരമാസം വേണ്ടിവന്നു. ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് വേര്‍തിരിക്കല്‍ വളരെ പ്രയാസം പിടിച്ച പണിയായിരുന്നുവെന്ന് ശാന്തിനഗര്‍ കോളനി സ്വദേശിനി വി.കെ.ശൈലജയും പറയുന്നു. കോര്‍പ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് ഗ്രീന്‍് വേംസിന്റെ സാങ്കേതിക പിന്തുണയുമുണ്ട്.

content highlights: Ente Edakkadu waste management mission