കോഴിക്കോട്: പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് 73-ാം വാര്‍ഡില്‍ ആരംഭിച്ച തുണിസഞ്ചി നിര്‍മാണ പദ്ധതിയ്ക്ക് മികച്ച ജനപിന്തുണ. മാതൃഭൂമിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'എന്റെ എടക്കാട്' പദ്ധതിയുടെ ഭാഗമായാണ് വീടുകളിലും സ്ഥാപനങ്ങളിലും തുണി സഞ്ചികള്‍ ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതി. 

ഒരു ബഡ്ഷീറ്റും അറുപത് രൂപയും നല്‍കിയാല്‍ എട്ട് തുണിസഞ്ചികള്‍ നിര്‍മിച്ച് നല്‍കുന്നതാണ് ഈ പദ്ധതി. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇപ്രകാരം ബഡ്ഷീറ്റുകള്‍ നല്‍കി തുണിസഞ്ചികള്‍ തിരികെ വാങ്ങാം. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിരോധിക്കുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം തുണിസഞ്ചികള്‍ എന്ന ലക്ഷ്യത്തോടെ ഇത് നടപ്പാക്കുന്നത്.

മാതൃഭൂമി സംഭാവന ചെയ്ത തയ്യല്‍ മെഷീനുകള്‍ ഉപയോഗിച്ചാണ് തുണിസഞ്ചി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. എടക്കാട് വാര്‍ഡില്‍ത്തന്നെയുള്ള ഷീജ, പവിത, നിഷ, ഷീന എന്നിവരാണ് തുണിസഞ്ചികള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ തുണിസഞ്ചി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 18 മുതലാണ് ബഡ്ഷീറ്റിനു പകരം തുണിസഞ്ചി നല്‍കുന്ന പദ്ധതി ആരംഭിച്ചത്. 

ente edakkad

കേരളത്തിലെ വിവിധയിടങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. കോഴിക്കോട് സെന്റ്. മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തുണിസഞ്ചി നിര്‍മിക്കുന്നതിനായി 400 ബെഡ്ഷീറ്റുകള്‍ എത്തിച്ചുകഴിഞ്ഞു. തൃശ്ശൂരില്‍നിന്ന് 100 തുണിസഞ്ചികള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. വീടുകളില്‍ അധികമുള്ള ബെഡ്ഷീറ്റ് തുണിസഞ്ചിയാക്കി മാറ്റുന്നതിലൂടെ പുനരുപയോഗം സാധ്യമാകും എന്നതും ഇതിന്റെ സവിശേഷതയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷമായി എടക്കാട് വാര്‍ഡില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സഹകരിച്ച് മാതൃഭൂമി 'എന്റെ എടക്കാട്' പദ്ധതി നടപ്പാക്കിവരുന്നുണ്ട്. എടക്കാട് വാര്‍ഡിലെ ഓരോ വീട്ടിലുമുണ്ടാവുന്ന മാലിന്യം അതിന്റെ സ്വഭാവത്തിനനുസരിച്ച് സംസ്‌കരിച്ച് പ്രദേശം മുഴുവന്‍ മാലിന്യമുക്തമാക്കുന്ന പദ്ധതിയാണിത്. ബയോടെക്നീഷ്യനും പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരും ഓരോ വീട്ടിലെത്തുമെത്തി പഠനം നടത്തിയാണ് മാലിന്യ സംസ്‌കരണത്തിനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നത്. രണ്ടായിരം വീടുകള്‍ ഒരുമിക്കുന്ന 'ശുചിക്കൂട്ടം' സംഘടന വഴി ബോധവത്കരണവും നടത്തുന്നുണ്ട്.

Content Highlights: ente edakkad initiative: donate a bed sheet get a bag