രിക്കൽ രക്ഷകനായി അവതരിച്ച് മനുഷ്യശരീരത്തിൽ രോഗാണുക്കളെ കൊല്ലുകയെന്ന ദൗത്യം വിജയകരമായി നിർവഹിച്ച ആന്റിബയോട്ടിക് മരുന്നുകൾക്ക് ഇപ്പോഴെന്തുപറ്റി! ശക്തി ക്ഷയിക്കുകയാണോ. അതെ, ആന്റിബയോട്ടിക്കുകളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കയാണ്. മരുന്നുമാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കാനാവാത്ത നമ്മുടെ പോരായ്മ ഈ ശക്തിക്ഷയത്തിന് ആക്കംകൂട്ടുകയും ചെയ്യുന്നു.

ദൗത്യം പൂർത്തിയാക്കിയശേഷം ഈ മരുന്നുകളെല്ലാം എത്തിപ്പെടുന്നത് എവിടേക്കാണെന്നറിയാമോ? സ്വാഭാവികമായും പരിസ്ഥിതിയിലേക്കുതന്നെ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മരുന്നുകൾക്കെതിരേ പ്രതിരോധശേഷിയാർജിക്കാൻ രോഗാണുക്കൾക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്ന തരത്തിൽ പൊതുവിടങ്ങളിലും നദികളിലും നമ്മൾ ഈ മരുന്നുമാലിന്യങ്ങൾ തള്ളുന്നു. നേരെ കൊണ്ടിടുന്നില്ലെങ്കിലും എല്ലായിടത്തെയും മാലിന്യങ്ങളുടെ കൂട്ടത്തിൽ മരുന്നുകൾ ഏറ്റവും ഒടുവിൽ ഒഴുകിയെത്തുന്നത് നദികളിലും സമുദ്രങ്ങളിലുമൊക്കെയാണല്ലോ!

നദികൾ മരുന്നുമാലിന്യമയം

നദികളിൽ ആന്റിബയോട്ടിക്കുകളുടെ അംശമുണ്ടോയെന്നറിയാൻ അടുത്തിടെ ബ്രിട്ടനിൽ ഒരു പഠനം നടന്നു. യോർക്ക് സർവകലാശാല മുൻകൈയെടുത്ത്‌ നടത്തിയ പഠനത്തിൽ അന്റാർട്ടിക്കയൊഴികെയുള്ള എല്ലാ വൻകരയിൽനിന്നുമുള്ള 91 നദികളെയാണ് ഉൾപ്പെടുത്തിയത്.

ബ്രിട്ടനിലെ തെംസ് മുതൽ ഏഷ്യയിലെ ടൈഗ്രിസ്‌വരെയുള്ള നദികളിൽനിന്ന് ശേഖരിച്ച വെള്ളം പരിശോധനയ്ക്ക്‌ വിധേയമാക്കുകയായിരുന്നു. പഠനവിധേയമാക്കിയ മൂന്നിൽ രണ്ട്‌ നദിയിലും വൻതോതിൽ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തി.

72 നദികളിൽനിന്നുള്ള സാമ്പിളിൽനിന്ന് വളരെ സാധാരണയായി ഉപയോഗിക്കാറുള്ള 14 തരത്തിലുള്ള ആന്റിബയോട്ടിക്കുകളാണ് പ്രധാനമായും കണ്ടെത്തിയത്. 65 ശതമാനം സാമ്പിളിലും കുറഞ്ഞത് ഒമ്പത്‌ മരുന്നെങ്കിലുമുണ്ട്. ഒരു വൻകരയും മരുന്നുവിമുക്തമല്ല. പ്രശ്നം ആഗോളതലത്തിൽ ഗുരുതരമാണെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു.

ബംഗ്ലാദേശിലെ നദികളിൽനിന്ന് ഏറ്റവുമധികം കണ്ടെത്തിയത് മെട്രോനൈഡസോൾ എന്ന മരുന്നിന്റെ സാന്നിധ്യമാണ്. തൊലിപ്പുറത്തെയും വായിലെയും അണുബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണിത്.

പരിസ്ഥിതിക്ക് താങ്ങാനാവുന്നതിനേക്കാൾ മുന്നൂറിരട്ടി അധികമാണ് ബംഗ്ലാദേശിലെ നദികളിലെ മരുന്നുസാന്നിധ്യം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഡാന്യൂബിൽ ഏഴുതരത്തിലുള്ള മരുന്നുകളാണ് കണ്ടെത്തിയത്. നമ്മുടെ നാട്ടിലെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തം.

വളരുന്ന രോഗാണുക്കൾ

ദശലക്ഷക്കണക്കിന്‌ ആളുകൾക്ക് വർഷംതോറും ആന്റിബയോട്ടിക്കുകൾ ജീവാമൃതമാകുന്നുണ്ട്. ചികിത്സാരംഗത്ത് ഒരുതരിപോലും ഇന്ന് ആന്റിബയോട്ടിക്കുകളെ മാറ്റിനിർത്താനാവില്ല. ആന്റിബയോട്ടിക്കില്ലായിരുന്നെങ്കിൽ മൂത്രത്തിലെ അണുബാധപോലും മൂർച്ഛിച്ച് ആളുകളെ മരണത്തിലേക്ക്‌ നയിക്കുമായിരുന്നെന്ന് നിസ്സംശയം പറയാം.

എന്നാൽ, ഓരോ മരുന്നിനോടും രോഗകാരികളായ ബാക്ടീരിയ പതിയെപ്പതിയെ പ്രതിരോധശേഷിയാർജിക്കുകയാണ്. മരുന്നുകളുമായി സ്ഥിരമായി സമ്പർക്കത്തിലേർപ്പെടുന്നതാണ് രോഗാണുക്കൾ ഉഗ്രരൂപികളാകാൻ കാരണം. ജലാശയങ്ങളും പരിസ്ഥിതിയും എപ്പോഴും ആന്റിബയോട്ടിക്ക് മയമാണെങ്കിൽ അവിടെയെല്ലാമുള്ള രോഗാണുക്കൾ അത്രകണ്ട് പ്രതിരോധം നേടിയെടുക്കും.

കൂടുതൽ കരുത്തരായ ഈ രോഗാണുക്കൾ ശരീരത്തിൽ കയറിയാൽ ചികിത്സപോലും ലഭ്യമല്ലാതാവും. ഇതോടെ മരുന്നുകളൊന്നും ഏൽക്കാതെയും വരുമെന്ന് ബ്രിട്ടനിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ഡെയിം സല്ലി ഡേവീസ് പറയുന്നു.

നദികളിലെ നല്ല ബാക്ടീരിയയും ഭീഷണിയിൽ

ജൈവസന്തുലിതാവസ്ഥയെയാണ് മരുന്നുകളുടെ സാന്നിധ്യം ഏറ്റവും ഭീഷണിയിലാക്കുന്നത്. ജൈവസന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരുപാട്‌ നല്ല ബാക്ടീരിയ നദികളിലുണ്ട്. നദികളിലെത്തുന്ന ആന്റിബയോട്ടിക്കുകൾ ഈ നല്ല ബാക്ടീരിയയെ കൂട്ടത്തോടെ നശിപ്പിക്കും.

മുന്നറിയിപ്പ്

ഓരോ വർഷവും ഏഴുലക്ഷത്തോളം ആളുകൾ, ആന്റിബയോട്ടിക്കുകളോട്‌ പ്രതിരോധശേഷി നേടിയ രോഗാണുക്കൾ ബാധിച്ച് ചികിത്സിക്കാനാവാതെ മരിക്കുന്നുണ്ടെന്നാണ് 2016-ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2050-ഓടെ ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണകാരികളായി ഈ രോഗാണുക്കൾ മാറുമെന്നും വിദഗ്ധർ പറഞ്ഞുകഴിഞ്ഞു.

ആന്റിബയോട്ടിക്കുകൾ നദികളിലെത്താതെ എങ്ങനെയെല്ലാം തടഞ്ഞുനിർത്താം എന്നതിനെക്കുറിച്ചാണ് ഇനിയുള്ള കാലം നമ്മൾ ആലോചിക്കേണ്ടത്. ഏറ്റവുമധികം ഗവേഷണങ്ങൾ നടക്കേണ്ടതും ഈ മേഖലയിലാണ്.

Content Highlights: dangerous levels of antibiotics in rivers, river pollution, water pollution