റോഡപകടങ്ങളുടെ വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ല. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചും വര്‍ധിച്ചുവരുന്ന ഗതാഗത തടസ്സത്തെക്കുറിച്ചുമെല്ലാം നാം നിരന്തരം ചര്‍ച്ചചെയ്യുന്നു. റോഡുകളുടെ വികസനം സമൂഹത്തിന്റെ എല്ലാത്തരത്തിലുമുള്ള വികസനങ്ങള്‍ക്ക് അനിവാര്യമാണെന്ന് നാം ഇടയ്ക്കിടെ സ്വയം ഓര്‍മിപ്പിക്കുന്നു. 

മികച്ച റോഡുകള്‍ എങ്ങനെയായിരിക്കണമെന്ന് വിഭാവനം ചെയ്യുമ്പോള്‍ റോഡുകളുടെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുകൊണ്ടുതന്നെ തുടങ്ങണം. നല്ല റോഡുകള്‍ മനുഷ്യന് എങ്ങനെയെല്ലാം പ്രയോജനകരമാണ് എന്നതിനൊപ്പം മോശമായ റോഡുകള്‍ എത്രമാത്രം ഹാനികരമാണ് എന്നുകൂടി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ഇന്ന് നാം ഉപയോഗിക്കുന്ന പല റോഡുകളും നാം ജനിക്കുന്നതിന് മുമ്പ് നിര്‍മിക്കപ്പെട്ടവയാണ്. ഈ റോഡുകളും പുതുതായി പണിയുന്ന റോഡുകളും നമുക്ക് ശേഷവും ഈ ഭൂമിയില്‍തന്നെ നിലനില്‍ക്കും. അതുകൊണ്ടുതന്നെ റോഡുകള്‍ വിഭാവനം ചെയ്യുമ്പോള്‍ അത് നൂറ്റാണ്ടുകളോളം നിലനില്‍ക്കേണ്ടതാണെന്ന കാര്യം ഓര്‍ക്കണം. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഈ റോഡുകളിലും പ്രതിഫലിക്കും എന്നുകൂടി മുന്‍കൂട്ടി കാണാന്‍ കഴിയണം. 

ഈ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൃത്യമായ പഠനത്തിലൂടെയും ആസൂത്രണത്തോടെയും ചെയ്യേണ്ടതാണ് റോഡ് നവീകരണവും റോഡ് നിര്‍മാണവും. അമ്പതുവര്‍ഷം മുമ്പത്തെ വാഹനങ്ങള്‍ (എണ്ണത്തിലും വലുപ്പത്തിലും) അല്ല ഇന്ന് റോഡുകളില്‍ക്കൂടി ഒഴുകുന്നത്. അമ്പത് വര്‍ഷത്തിനുശേഷമുള്ള സ്ഥിതി എന്തായിരിക്കുമെന്ന് ഇന്നു തന്നെ ഭാവനചെയ്തുകൊണ്ടുവേണം മുന്നോട്ടുപോകാന്‍.

പല റോഡുകളും അവയുണ്ടാക്കി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ വാഹനങ്ങള്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായി മാറുന്നത് അതിന്റെ പ്ലാനിങ്ങിലെ പോരായ്മ കൊണ്ടാണ്. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഇന്ന് ഒരു സുപ്രധാന ഗവേഷണ രംഗം തന്നെയാണ്. 

റോഡ് നവീകരണവും പ്രകൃതി സംരക്ഷണവും

റോഡുകള്‍ എന്തിന് എങ്ങിനെ എന്നെല്ലാം സങ്കല്‍പിക്കല്‍ തുടങ്ങുമ്പോള്‍ നമ്മുടെ ചിന്തയിലേക്ക് എത്തേണ്ടത് നമ്മുടെ ശരീരം തന്നെയാണ്. ശരീരത്തിലെ രക്തം ധമനികളുടെ ജോലിയാണ് സമൂഹത്തില്‍ റോഡുകള്‍ നിര്‍വഹിക്കുന്നത്. പ്രാണവായുവും വെള്ളവും പോഷകങ്ങളും മറ്റു ഘടകങ്ങളും കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് എത്തിക്കുന്ന രക്തത്തിന് സമാനമാണ് വാഹനങ്ങള്‍. ഈ രക്ത ചംക്രമണത്തിന് എവിയെങ്കിലും എന്തെങ്കിലും തടസ്സം വന്നാല്‍ നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും പുരോഗമനവും നമ്മുടെ ജീവന്‍ തന്നെയും ഇല്ലാതാകും എന്ന് നമുക്കറിയാം. ബൈപാസ്സും ബ്ലോക്കും ഒന്നും ഇക്കാര്യത്തില്‍ നമുക്ക് പുതിയ വാക്കുകളല്ല.

air pollution

നമ്മുടെ ദേശത്തിന്റെ/രാജ്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗമനത്തിനും നിലനില്‍പിനു തന്നെയും ആവശ്യമായ മനുഷ്യരെയും വസ്തുക്കളെയും അതാതിടങ്ങളില്‍ സുഗമവും സുരചിതമായും എത്തികുക എന്നതു തന്നെയാണ് റോഡുകളുടെ ദൗത്യം. അതുകൊണ്ടുതന്നെ ബ്ലോക്കും ബൈപ്പാസും ഇവിടെയും അത്രത്തോളം തന്നെ പ്രസ്‌കതമാണുതാനും.

ബ്ലോക്ക് ഒഴിവാക്കാനും ബൈപ്പാസിനുമൊക്കെയായി സൈറനടിച്ച് റോഡിലൂടെ പായുന്ന  ആംബുലന്‍സുകളുടെ യാത്ര സുഗമമാക്കാന്‍ നാം ശ്രമിക്കുന്നു. എന്നാല്‍ നമ്മുടെ റോഡുകളിലെ ബ്ലോക്കുകള്‍ ഒഴിവാക്കുന്നതിനോ ബൈപ്പാസ് നിര്‍മിക്കുന്നതിനോ ആരെങ്കിലും ശ്രമിക്കുമ്പോള്‍ അവയെ സഹായിക്കുന്നതിനുപകരം പല കാരണങ്ങള്‍ നിരത്തി ബ്ലോക്കുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ ഇടക്കെങ്കിലും സ്ഥലം പിടിക്കുന്നുണ്ട്.

റോഡിലെ ബ്ലോക്കുകളും വളവ് തിരുവുകളും ഒഴിവാക്കാനും ബൈപ്പാസുകള്‍ നിര്‍മിക്കാനുമൊക്കെയായി റോഡുകള്‍ നവീകരിക്കാന്‍ മരങ്ങള്‍ മുറിക്കലും വയലുകള്‍ നികത്തലുമൊക്കെ വേണ്ടിവരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എതിര്‍പ്പുകളും സമരങ്ങളുമൊക്കെ ഉയര്‍ന്നുവരുന്നതും പതിവാണ്. ഇത്തരം സംഭവങ്ങളെ ചിലപ്പോഴെങ്കിലും പരിസ്ഥിതിയുമായി കൂട്ടിയിണക്കുന്നുമുണ്ട്. എന്നാല്‍ റോഡ് സുഗമമാക്കുന്നതിനുവേണ്ടി അഞ്ചോ പത്തോ മരങ്ങള്‍ മുറിക്കുന്നതോ കുറച്ചു വയല്‍ നികത്തുന്നതോ പ്രകൃതിയെ നശിപ്പിക്കുകയല്ല. മറിച്ച് പ്രകൃതിയെ കൂടുതല്‍ സംരക്ഷിക്കുകയാണ്. മരം മുറിച്ചാല്‍, വയല്‍ നികത്തിയാല്‍, പ്രകൃതി നശിക്കും എന്ന മുദ്രാവാക്യത്തിനപ്പുറത്തേക്ക് പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്നവര്‍ ചിന്തിച്ചേ മതിയാകൂ.

മലിനീകരണത്തിന്റെ ഇരകള്‍

റോഡിലോ റോഡരികിലോ സമയം ചിലവഴിക്കേണ്ടി വരുന്നവര്‍ തന്നെയാണ് മലിനീകരണത്തിന്റെ ഇരകള്‍. കാല്‍നടക്കാരും ബസ്സ് കാത്തുനില്‍ക്കുന്നവരും വാഹനങ്ങളിലെ യാത്രക്കാരും ജീവനക്കാരും റോഡരികിലെ കച്ചവടക്കാരും റോഡരികില്‍ താമസിക്കുന്നവരും എല്ലാം ഇതില്‍പെടുന്നു. ഇവരെല്ലാം ഓരോ ദിവസവും ശ്വസിച്ചുകൊണ്ടിരിക്കുന്നത് വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങള്‍ തന്നെയാണ്.

Air pollution

വായുമലിനീകരണം വലിയ ആരോഗ്യ പ്രശ്നമാണെന്നും ഇതിനായി ഭാവിയില്‍ ഭീമമായ സംഖ്യ ചിലവിടേണ്ടിവരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അനവധിയാണ്. വാഹനങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തിന്റെയും പ്രശ്നങ്ങള്‍ വേറെയും! പെട്രോളിയം ഉത്പന്നങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന മലിനീകരണത്തിനു പുറമെ ബ്രേക്ക് ഉരഞ്ഞുണ്ടാകുന്ന ലോഹത്തരികളും വാഹനത്തില്‍ ഒഴിക്കുന്ന ഓയിലില്‍ നിന്നുണ്ടാകുന്ന മലിനീകരണങ്ങളും റോഡില്‍ തന്നെയാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതില്‍ പലതും പിന്നീട് റോഡിലൂടെ ഒലിച്ചുപോകുന്ന മഴവെള്ളത്തിന്റെ ഭാഗമായി ചെന്നെത്തുന്നത് നമ്മുടെ പാടശേഖരങ്ങളിലും ജലസ്രോതസ്സുകളിലും ഒടുവില്‍ നമ്മുടെ ശരീരത്തിലും തന്നെയാണെന്നും ഓര്‍ക്കുക.

വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളുടെ ഒട്ടുമുക്കാല്‍ ഘടകങ്ങള്‍ക്കും ശുദ്ധവായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്. അതുകൊണ്ടുതന്നെ അതിന് റോഡില്‍ നിന്നോ റോഡരികില്‍ നിന്നോ തെന്നി മാറണമെങ്കില്‍ വര്‍ദ്ധിച്ച വായു സഞ്ചാരത്തിന്റെ ആവശ്യമുണ്ട്. റോഡരികില്‍ നിരനിരയായി നീണ്ടുകിടുക്കുന്ന വ്യാപാര സൗധങ്ങളും വീടുകളും വായുസഞ്ചാരത്തെ തടസ്സപ്പെടുത്തി ഈ വിഷവാതകം കൂടുതല്‍ സമയം അവിടെത്തന്നെ തുടരാന്‍ ഇടയാക്കുന്നു. കൂടാതെ ഈ വിഷവായു അരികിലുള്ള കെട്ടിടങ്ങളിലേക്കും വ്യാപിക്കുന്നു. തന്‍മൂലം നഗരങ്ങളിലും കവലകളിലും റോഡരികിലെ വീടുകളിലും ജീവിക്കുന്നവര്‍ ഈ വിഷവായു ദിവസം മുഴുവന്‍ ശ്വസിച്ചുകൊണ്ടിരിക്കും. ഡല്‍ഹിയിലെ നിവാസികളില്‍ അന്‍പത്തഞ്ചു ശതമാനവും റോഡരികില്‍ നിന്ന് അരകിലോമീറ്ററിനുള്ളിലാണ് താമസിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവര്‍ വായു മലിനീകരണത്തിന്റെ വലിയ ഇരകളാണെന്നും അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു.

കേരളം ഉയര്‍ച്ച താഴ്ചകളുള്ള പ്രദേശമായതിനാല്‍ പലയിടങ്ങളിലും പ്രതലത്തിലെ വായു സഞ്ചാരം കുറവാണ്. അതുപോലെ പല ഫ്ളാറ്റ് സമുച്ചയങ്ങളിലും കാര്‍പാര്‍ക്കുകള്‍ ഭൂമിക്കടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലിന വായു ഇത്തരം ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുവാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നു. ഇത്തരം കാര്‍പാര്‍ക്കുകളില്‍ കൂടുതല്‍ സമയം ചിലവിടുന്നത് ഒഴിവാക്കുക. കുട്ടികള്‍ അവിടങ്ങളില്‍ കളിക്കാന്‍ പോകുന്നത് പ്രോത്സാഹിപ്പിക്കരുത്.

വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍

വായു മലിനീകരണം മൂലം ലോകത്ത് ഒരു വര്‍ഷം എഴുപത് ലക്ഷത്തോളം മനുഷ്യര്‍ മരണമടയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്വാസകോശരോഗങ്ങള്‍, ആസ്തമ, അലര്‍ജി, പക്ഷാഘാതം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുവാനും വായു മലിനീകരണം ഇടയാക്കുന്നു. ബാംഗളൂരില്‍ അമ്പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളിലും ആസ്തമ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

Traffic

ഇന്ത്യയില്‍ ജീവിക്കുന്നവരില്‍ മുക്കാല്‍ പേരും വിഷമയമായ വായു ശ്വസിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇവിടെ മരിക്കുന്നവരുടെ പട്ടികയില്‍ വായു മലിനീകരണം കൊണ്ട് മരണം സംഭവിക്കുന്നവരുടെ സ്ഥാനം മൂന്നാമതാണ്. പുകവലിക്കുന്നവരെക്കാള്‍ കൂടുതല്‍! ഓരോ സിഗററ്റ് പെട്ടിക്കും പുറത്ത് പുകവലിയുടെ ദോഷവശത്തെക്കുറിച്ച് വലിയ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ വായു മലിനീകരണത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് നാം ഇപ്പോഴും വേണ്ടത്ര ബോധവാന്മാരായിട്ടില്ല എന്നതാണ് സത്യം. വായുമലിനീകരണം കൊണ്ട് മരിക്കുന്നവരുടെ സംഖ്യയില്‍ മൂന്നില്‍ രണ്ടും വാഹനങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാരമകമായ പുക ശ്വസിച്ചുണ്ടാക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വായു മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മരണം മാത്രമല്ല സംഭവിക്കുന്നത്. രാജ്യത്തിന് എത്രയോ തൊഴില്‍ ദിനങ്ങളും നഷ്ടപ്പെടുന്നു. വായു മലിനീകരണം മൂലം മുംബൈയിലും ഡല്‍ഹിയിലും മാത്രം എഴുപതിനായിരം കോടി രൂപയുടെ നഷ്ടം ഒരു കൊല്ലം സംഭവിക്കുന്നു എന്നാണ് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്.

വര്‍ധിച്ചുവരുന്ന വായു മലിനീകരണം ഇന്ത്യയില്‍ മഴയുടെ ക്രമത്തെ മാറ്റി മറിക്കുമെന്നും അതില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടം തീവ്രമായിരിക്കുമെന്നും യുനൈറ്റഡ് നേഷന്‍സ് ഈ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.

വാഹനങ്ങളുടെ വേഗതയും മലിനീകരണവും

വാഹനയാത്രയെ മന്ദഗതിയിലാക്കുന്ന നിരവധി ഘടകങ്ങളാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വാഹനപ്പെരുപ്പവും മുതല്‍ റോഡ് കൈയ്യേറിയുള്ള ഘോഷയാത്രകള്‍ വരെ ഇതില്‍പ്പെടും. വാഹനങ്ങളുടെ വേഗതക്കുറവ് നമുക്ക് എത്ര ഹാനികരമാണെന്ന് നാം അറിയുന്നില്ല.

road

ഉദാഹരണത്തിന്, ശരാശരി 80 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുവാന്‍ കഴിയുന്ന ഒരു വാഹനം, പൊട്ടിപ്പൊളിഞ്ഞ റോഡു മൂലമോ ട്രാഫിക്ക് കുരുക്കുമൂലമോ 40 കിലോമീറ്റര്‍ വേഗതയിലേ ഓടിക്കുവാന്‍ കഴിയുള്ളൂ എങ്കില്‍, ആ വാഹനം ഒരു കിലോമീറ്റര്‍ ഓടിക്കുവാന്‍ നാം കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടിവരും. എന്നുവെച്ചാല്‍, ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വാഹനം പുറംതള്ളുന്ന മാലിന്യത്തേക്കാള്‍ കൂടുതലായിരിക്കും അതേ വാഹനം 40 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുമ്പോള്‍ ഉണ്ടാകുക. വാഹനത്തിന്റെ വേഗത വീണ്ടും കുറയുമ്പോള്‍ എത്രയോ അധികം- രണ്ടോ നാലോ അതില്‍ കൂടുതലോ ഇരട്ടി- അന്തരീക്ഷ മലിനീകരണം ഒരു വാഹനത്തില്‍ നിന്ന് ഉണ്ടാകും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അന്തരീക്ഷ മലിനീകരണത്തെ സംബന്ധിച്ചിടത്തോളം സുഗമമായ റോഡില്‍ ഒരു വാഹനം സഞ്ചരിക്കുന്നത് ഇത്തരം റോഡുകളില്‍ രണ്ടോ നാലോ അതില്‍ കൂടുതലോ വാഹനങ്ങള്‍ ഒരേ സമയം ഓടിക്കുന്നതിന് സമാനമായിരിക്കും.

റോഡുകളുടെ അവസ്ഥ മോശമാവുകയോ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ അത് വാഹനങ്ങളുടെ ശരാശരി വേഗതയില്‍ പ്രതിഫലിക്കും. ഇത് ഒരു അളവില്‍ കുറയാന്‍ തുടങ്ങിയാല്‍, ആ റോഡിനെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി എന്ന് കണക്കാക്കണം. എത്ര വേഗത്തില്‍ യാത്രാവേഗത കുറയുന്നു എന്നതിനനുസരിച്ച് മുന്‍ഗണനയില്‍ മാറ്റം വരുത്തണം. ഇത് കണക്കാക്കേണ്ടത് രാവിലെയും വൈകുന്നേരവും തിരക്ക് കൂടുന്ന ഓഫീസ് സമയങ്ങളിലാണ്. ഇതെല്ലാം അനായാസേന ചെയ്യുവാന്‍ ഇന്ന് ധാരാളം സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാണ്. 

നമ്മുടെ റോഡുകള്‍ നല്ല നിലവാരമുള്ള സുഗമമായ റോഡുകളാക്കി മാറ്റിയാല്‍ വാഹനങ്ങളുടെ ശരാശരി വേഗത കൂട്ടുന്നതിന് ഒപ്പം അന്തരീക്ഷ മലിനീകരണം കുറയുകയും ചെയ്യും. അതിനാല്‍ റോഡുകള്‍ സുഗമമാക്കുന്നതിന് എതിരു നില്‍ക്കുന്ന എന്തും മനുഷ്യരടങ്ങുന്ന നമ്മുടെ പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. 
 
മലിനീകരണം കുറയ്ക്കാന്‍

വാഹനഗതാഗതം സുഗമമാക്കുന്നതിന് വീതിയുള്ളതും നല്ല നിലവാരമുള്ളതുമായ റോഡുകള്‍ നിര്‍മ്മിക്കുകതന്നെയാണ് ചെയ്യേണ്ടത്. കേരളത്തെക്കാള്‍ ജനസാന്ദ്രതയുള്ള, സ്ഥലത്തിന് കൂടിയ വിലയുള്ള ഇടങ്ങളില്‍ വീതിയുള്ള റോഡുകള്‍ നിര്‍മിക്കുന്നുണ്ട് എന്നു നാം ഓര്‍ക്കണം. പൊതുജനാരോഗ്യത്തിനായി ഭാവിയില്‍ നാം കൊടുക്കേണ്ടി വരുന്ന വിലയുടെ ഒരു ചെറിയ അംശമേ ഇന്നിതിന് വേണ്ടിവരുന്നുള്ളൂ.

Road

സിറ്റികളും ടൗണുകളും ഒഴിവാക്കി യാത്രചെയ്യുവാന്‍ കഴിയുന്ന വാഹനങ്ങള്‍ക്ക്, പ്രത്യേകിച്ച് ട്രക്കുകള്‍ക്ക്, അത്യാവശ്യമായി ബൈപ്പാസുകള്‍ നിര്‍മ്മിക്കേണ്ടതാണ്. പല രാജ്യങ്ങളും റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കുറയ്ക്കുവാന്‍ പല പരിശ്രമങ്ങളും നടത്തുന്നുണ്ട്. കാറുകളുടെ ഉപയോഗം കുറക്കുക എന്നതാണ് അതില്‍ പ്രധാനം. ഇതിനായി ആദ്യം ചെയ്യേണ്ടത് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മെച്ചപ്പെടുത്തുക എന്നതാണ്. ബസ്സ്, റെയില്‍, മെട്രോ തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.

പ്രധാന പോംവഴി വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നതാണ്. ഓഫീസ് സമയങ്ങളില്‍ ബസ്സുകള്‍ക്ക് യാത്രചെയ്യുവാന്‍ മാത്രമായി റോഡിലെ ഒരു വരി മുഴുവന്‍ ഒഴിച്ചിടുന്ന പതിവുമുണ്ട്. ഒറ്റ, ഇരട്ട അക്കങ്ങളിലെ രജിസ്ട്രേഷനിലുള്ള കാറുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം അനുവദിക്കുക എന്ന സംവിധാനം ചൈനയിലെ ബെയ്്്ജിങ്ങില്‍ വര്‍ഷങ്ങളായി നടപ്പാക്കിയിട്ടുണ്ട്. ഇച്ഛാശക്തിയില്ലെങ്കില്‍ ഇതെല്ലാം വെറും കടലാസ്സില്‍ ഒതുങ്ങും എന്നു മാത്രം. 

(സിങ്കപ്പൂര്‍ യൂണിവേഴ്സിറ്റിക്കു കീഴിലെ സോളാര്‍ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് വിരമിച്ച സീനിയര്‍ ഫെലോ ആണ് മേഴത്തൂര്‍ സ്വദേശിയായ ലേഖകന്‍)

Content Highlights: better roads reduce air pollution, traffic pollution