വില്ലനാകുന്ന പ്ലാസ്റ്റിക്: 3

തട്ടുകടയിലെ ചെറിയ പ്ലാസ്റ്റിക് ചായക്കപ്പ് ഇപ്പോൾ സുലഭമാണ്.  50-100 മില്ലി ചായ കൊടുക്കാൻ പറ്റിയ കപ്പ്. കഴുകി വൃത്തിയാക്കേണ്ട ആവശ്യമില്ല. കുടിക്കുക, കളയുക. ഈ കപ്പിൽ ചൂടുചായ കുടിക്കുന്നതിന്റെ അത്യാപത്ത് പലർക്കുമറിയില്ല. ഗുണമേന്മയുള്ള പ്ലാസ്റ്റിക് അല്ല ഈ കപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നതെന്നതാണ് ഏറ്റവും അപകടകരം. ചൂടുകൂടുന്നതനുസരിച്ച് കലരുന്ന രാസപദാർഥങ്ങളുടെ അളവും കൂടും. 60 ഡിഗ്രി സെൽഷ്യസിനുമേൽ ചൂടുള്ള ചായ ഈ പാത്രത്തിൽ ഒഴിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ.

  അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ നടത്തിയ  പഠനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നവരെയാണ് പരിശോധനയ്ക്കുവിധേയമാക്കിയത്.  2517 പേരെ പരിശോധിച്ചപ്പോൾ 93 ശതമാനം പേരുടെയും മൂത്രത്തിൽ ബി.പി.എ.(ബിസ്ഥിനോൾ-എ)യുടെ അംശം കണ്ടെത്താൻ കഴിഞ്ഞു. എത്ര അളവുവരെ ബി.പി.എ. ആകാം എന്ന് ഇതുവരെ ഒരു പഠനവും കൃത്യമായി പറഞ്ഞിട്ടില്ല. അതുവരെ ഇതിന് അപകടരേഖയ്ക്കു മുകളിൽത്തന്നെ സ്ഥാനം. ചുരുങ്ങിയത് ‘ബി.പി.എ. ഫ്രീ’ എന്ന ലേബൽ ഒട്ടിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതാവും നല്ലത്. അത്തരത്തിലുള്ള പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിലും വന്നുതുടങ്ങിയിട്ടുണ്ട്.

പല വികസിതരാജ്യങ്ങളിലും നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ടെസ്റ്റിക്കിൾ കാൻസറുമായുള്ള ബന്ധത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്. പുരുഷവന്ധ്യതയുടെ  അളവുകൂടുന്നു എന്നുമാത്രമല്ല ടെസ്റ്റികുലർ കാൻസർ ഉള്ള ആളുകളുടെ എണ്ണം പതിന്മടങ്ങ് വർധിക്കുന്നതും കണ്ടെത്തി.

ആയുസ്സ് മൂന്നുമാസം
പെറ്റ് (പൊളിതലൈൻ ടെറഫ്തലേറ്റ്) ബോട്ടിൽ എന്നറിയപ്പെടുന്ന ഏറ്റവും നല്ല പ്ലാസ്റ്റിക്കിനുപോലും 120 ദിവസമാണ് ആയുസ്സ്. അതുകഴിഞ്ഞാൽ അതു നിർമിക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ ഇളകി മറ്റുവസ്തുക്കളുമായി കലരാൻതുടങ്ങും. ചുരുക്കത്തിൽ പ്ലാസ്റ്റിക് കുപ്പിയിലുള്ളത് മരുന്നാണെങ്കിലും വെള്ളമാണെങ്കിലും മൂന്നുമാസം കഴിഞ്ഞാൽ കളയണം. എന്നാൽ, സാധാരണ ഇത്തരത്തിലുള്ള മരുന്നുകൾപോലും നമ്മൾ ഉപയോഗിക്കുന്നത് കുപ്പിക്കുപുറത്ത് രേഖപ്പെടുത്തിയ തീയതി നോക്കിയാണ്.  ഒരു കുപ്പി മരുന്നുവാങ്ങിയാൽ രണ്ടോ മൂന്നോ വർഷം അതുപയോഗിക്കുന്നു. അപ്പോഴേക്കും പ്ലാസ്റ്റിക്കിലെ മാരകമായ വിഷാംശങ്ങൾ ഈ മരുന്നിനെ എത്രമാത്രം അപകടകരമാക്കിയിരിക്കും എന്നുപോലും നമ്മൾ അറിയുന്നില്ല.

  ഇനി മറ്റൊരുകാര്യം. പ്ലാസ്റ്റിക് കുപ്പിക്കകത്തെ വസ്തുക്കൾ കേടാകാത്ത അവസ്ഥയിൽ സൂക്ഷിക്കാനുള്ള പരമാവധി ചൂട് 20 ഡിഗ്രി സെൽഷ്യസാണ്. അതിൽ കൂടിയ ചൂട് പ്ലാസ്റ്റിക്കിലെ രാസപദാർഥങ്ങളെ ഇളക്കിമാറ്റും. എന്നാൽ, മരുന്നുകളും മറ്റുമടങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത് ഇതൊന്നും പാലിച്ചല്ല. ടെമ്പോകളിലും മറ്റു വാഹനങ്ങളിലും ഇത് ദിവസങ്ങളോളം കിടക്കുന്നത് 40 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനിലയുള്ള അന്തരീക്ഷത്തിലാണ്. സാധാരണ അന്തരീക്ഷ ചൂടുതന്നെ പലപ്പോഴും 30 ഡിഗ്രിക്കുമേലാണെന്ന കാര്യം മറക്കരുത്. വീട്ടിൽ അലമാരയിലോ ജനലിന് മുകളിലോവെയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലുള്ള മരുന്ന് സുരക്ഷിതമല്ലെന്നർഥം. ചൂടുകൂടുന്നതനുസരിച്ച് മരുന്ന് മോശമായിക്കൊണ്ടിരിക്കും. ശീതളപാനീയങ്ങളൊക്കെതന്നെ കണ്ടെയിനറിൽ ദിവസങ്ങളോളം കിടന്നാണ് അടുത്തുള്ള കടകളിലെ കൂളറിൽ സ്ഥാനംപിടിക്കുന്നത്. മരുന്നുകുപ്പികളും മറ്റും സ്ഥിരമായി വെയിലുകൊള്ളുന്ന ജനലുകളിൽ സൂക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  

ഒന്നും ചെയ്യാനാവാതെ സർക്കാർ
  2014 സെപ്റ്റംബർ 29-ന് കേന്ദ്രസർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമേറിയവർക്കുമുള്ള അകത്തുകഴിക്കുന്ന മരുന്നുകൾ പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട്. ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോഡിയുടെ ശുപാർശ സ്വീകരിച്ചുകൊണ്ടായിരുന്നു നടപടി.  

   എന്നാൽ, സമ്മർദം കാരണം നിരോധനം നടപ്പാക്കുന്നത് സർക്കാരിന് തത്‌കാലം നിർത്തിവെയ്ക്കേണ്ടിവന്നു. മേൽപ്പറഞ്ഞ വസ്തുതകൾക്കൊന്നും വേണ്ടത്ര തെളിവില്ലെന്നായിരുന്നു വിശദീകരണം. അതേസമയം ഭക്ഷ്യവസ്തുക്കളുടെ പ്ലാസ്റ്റിക് പാക്കേജിങ് നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു സന്നദ്ധസംഘടന നാഷണൽ ഗ്രീൻ ട്രിബ്യൂണലിനുമുന്നിൽ പരാതിയുമായെത്തി. സാധാരണ അന്തരീക്ഷ ഊഷ്മാവിൽപ്പോലും പെറ്റ് ബോട്ടിലിൽനിന്ന്‌ രാസപദാർഥങ്ങൾ ഭക്ഷ്യവസ്തുക്കളിൽ കലരും എന്ന് ആർ.എച്ച്‌. ഖ്വാജ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസും ഇതിനെ അനുകൂലിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര പൊലൂഷൻ കൺട്രോൾ ബോർഡും എത്തി.  എന്നാൽ, സമ്മർദം എല്ലാറ്റിനെയും മാറ്റിമറിച്ചു. ഇതിനൊരു പുതിയ നയം വേണമെന്നും പുതിയ ലാബ് പരിശോധനകൾക്ക് ശേഷം മതി നിരോധനം എന്നുമായിരുന്നു സർക്കാർ തീരുമാനം. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയും അണിനിരത്തിയാണ് പ്ലാസ്റ്റിക് പാക്കേജിങ് തീരുമാനം അട്ടിമറിക്കപ്പെട്ടത്. ദി ഇന്ത്യൻ ബ്യൂട്ടി ആൻഡ്‌ ഹൈജീൻ അസോസിയേഷൻ, ഓർഗനൈസേഷൻ ഓഫ് പ്ലാസ്റ്റിക് പ്രോസസേഴ്‌സ് ഓഫ് ഇന്ത്യ, പെറ്റ് കണ്ടെയ്‌നർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ, കൺഫെക്‌ഷനറി അസോസിയേഷൻ, ബിവറേജസ് അസോസിയേഷൻ, ഓൾ ഇന്ത്യ ആയുർവേദിക് അസോസിയേഷൻ എന്നിവയെല്ലാം പ്ലാസ്റ്റിക് പാക്കേജിങ് നിരോധന തീരുമാനത്തെ എതിർത്തു. സർക്കാരിന്റെ വിവിധ വകുപ്പുകളും ഇതിനെതിരേ തിരിഞ്ഞതോടെ സർക്കാരിന് പിൻവാങ്ങേണ്ടിവന്നു.

   പ്ലാസ്റ്റിക് പാക്കേജുകൾ നിരോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കെമിക്കൽ വകുപ്പിന്റെ നിർദേശം. പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ നൽകിയ ഒരു സാമ്പിൾ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനീയറിങ്‌ ആൻഡ്‌ ടെക്‌നോളജിയിൽ പരിശോധിച്ചിട്ട് ഹാനികരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന റിപ്പോർട്ടും അവർ നൽകി. എന്നാൽ, ഇതിനിടയിൽത്തന്നെ മറ്റൊരു സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കുപ്പിയിലെ മരുന്നിൽ രാസപദാർഥങ്ങൾ കലരുന്നുണ്ടെന്ന റിപ്പോർട്ടും കിട്ടി. അവസാനം പുതിയ പഠനത്തിന് മറ്റൊരു കമ്മിറ്റി രൂപവത്‌കരിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പ്രശ്നക്കാരല്ലെന്നും ഉപയോഗിക്കാമെന്നുമായിരുന്നു ഈ കമ്മിറ്റിയുടെ (എം.കെ. ഭാൻ കമ്മിറ്റി) കണ്ടെത്തൽ. അതേസമയം ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോഡിയാകട്ടെ മരുന്നുകൾക്ക് പ്ലാസ്റ്റിക് കുപ്പികൾ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. മരുന്നുകളുടെ കാര്യത്തിൽ ഇത്തരത്തിൽ ഒരു ചർച്ചയെങ്കിലും നടക്കുന്നുണ്ടെങ്കിലും ശീതളപാനീയങ്ങൾ, എണ്ണ, മദ്യം തുടങ്ങിയവ പ്ലാസ്റ്റിക് ബോട്ടിലുകളിലാകാമോ എന്നകാര്യത്തിൽ സർക്കാർ ചിന്തിക്കാൻ തുടങ്ങിയിട്ടുപോലുമില്ല.

(തുടരും)