കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്ത് കാലഹരണപ്പെട്ട കപ്പലുകള്‍ പൊളിക്കുന്നത് പാരിസ്ഥിതികപ്രശ്‌നത്തിനിടയാക്കുമെന്ന് ആശങ്ക. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും നാശംവിതയ്ക്കുന്ന മാരക രാസമാലിന്യ സാന്നിധ്യമാണ് ഭീഷണിയാകുന്നത്.

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് (സില്‍ക്ക്) അഴീക്കലിലെ മീന്‍പിടിത്ത തുറമുഖത്തോടുചേര്‍ന്നുള്ള സ്ഥലത്ത് കപ്പല്‍ പൊളിക്കുന്നത്. ഇതുവരെ ഇവിടെ 30 കപ്പലുകള്‍ പൊളിച്ചു. ഇതില്‍ മൂന്നെണ്ണം മാത്രമാണ് സ്ഥാപനം നേരിട്ട് കരാറെടുത്ത് പൊളിച്ചത്. അന്താരാഷ്ട്രബന്ധങ്ങളുള്ള വന്‍കിട കരാറുകാരാണ് ഇപ്പോള്‍ കപ്പല്‍ പൊളിക്കാന്‍ കൊണ്ടുവരുന്നത്. കാലഹരണപ്പെട്ട കപ്പലുകള്‍ ആഴക്കടലില്‍ മുക്കുന്നത് യു.എന്‍. നിരോധിച്ചതോടെയാണ് അന്താരാഷ്ട്ര കരാറുകാര്‍ ഇതിനായി രംഗത്തിറങ്ങിയത്.

രാസമാലിന്യമുള്ളതിനാല്‍ യു.എസ്. അടക്കം മിക്ക വിദേശരാജ്യങ്ങളും കപ്പല്‍ പൊളിക്കുന്നത് നിരോധിച്ചിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍മാത്രമാണ് ഇപ്പോള്‍ കപ്പല്‍ പൊളിക്കുന്നത്. ഇന്ത്യയില്‍ ഗുജറാത്തും കേരളവും മാത്രമേ ഇതിന് അനുമതി നല്‍കുന്നുള്ളൂ. ഗുജറാത്തിലും ഇതില്‍ സമരം ശക്തമാണ്.

മാലിദ്വീപിന്റെ ഗേറ്റ്വേ പ്രസ്റ്റീജ് എന്ന കപ്പലാണ് ഇപ്പോള്‍ പൊളിക്കാനായി അഴീക്കലിലെത്തിച്ചിട്ടുള്ളത്. രണ്ടുവര്‍ഷംമുമ്പ് ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് ഇവിടെ കപ്പല്‍പൊളി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ബേപ്പൂരില്‍ തുടങ്ങിയെങ്കിലും ജനരോഷത്തെത്തുടര്‍ന്ന് നിര്‍ത്തി.

കപ്പല്‍നിര്‍മാണശാലയായ സില്‍ക്ക് യൂണിറ്റിനെ കപ്പല്‍പൊളിശാലയെന്ന് പേരുമാറ്റി പഞ്ചായത്തില്‍നിന്ന് ലൈസന്‍സ് നേടുകയായിരുന്നു. രാസമാലിന്യം കൈകാര്യം ചെയ്യുന്നതിനോ സംസ്‌കരിക്കുന്നതിനോ സംവിധാനമില്ല. കപ്പല്‍പൊളിക്കുന്നതിന് കേന്ദ്രാനുമതിയും ലഭിച്ചിട്ടില്ല.
 
ചെമ്മീന്‍കയറ്റുമതിക്ക് തിരിച്ചടി

ഏറ്റവും കൂടുതല്‍ ചെമ്മീന്‍ കിട്ടുന്ന തുറമുഖങ്ങളിലൊന്നാണ് അഴീക്കല്‍. ഇതില്‍ കൂടുതലും കയറ്റുമതിചെയ്യുകയാണ്. കപ്പല്‍പൊളിക്കുന്നതിനടുത്താണ് തുറമുഖമെന്നറിഞ്ഞാല്‍ വിദേശരാജ്യങ്ങള്‍ ഇറക്കുമതി നിര്‍ത്തുമെന്ന ആശങ്ക ശക്തമാണ്.
 
കപ്പലില്‍ മാരക രാസവസ്തുക്കള്‍

സ്റ്റീലിനുവേണ്ടിയാണ് കപ്പലുകള്‍ പൊളിക്കുന്നത്. ഇതിനൊപ്പമുള്ള കേബിളുകള്‍, ആസ്ബസ്റ്റോസ്, കാഡ്മിയം, ആഴ്‌സനിക്, ലെഡ്, ലെഡ്‌പെയിന്റ് ക്രോമിയം, സിങ്ക്, എന്‍ജിന്‍ ഓയില്‍, കരി ഓയില്‍, ഗ്രീസ് തുടങ്ങിയവയാണ് മലിനീകരണത്തിന് കാരണമാകുന്നത്. ഇതിലെ രാസമാലിന്യം വെള്ളത്തില്‍ കലര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും.
 
പൊളിക്കുന്നത് അനുമതി കിട്ടിയശേഷം -സില്‍ക്ക് എം.ഡി.

അഴീക്കലില്‍ സില്‍ക്കിന്റെ യൂണിറ്റില്‍ കപ്പല്‍ പൊളിക്കുന്നത് മലിനീകരണ നിയന്ത്രണ അനുമതികള്‍ കിട്ടിയശേഷമാണെന്ന് സില്‍ക്ക് മാനേജിങ് ഡയറക്ടര്‍ ചന്ദ്രബോസ് 'മാതൃഭൂമി'യോട് പറഞ്ഞു. മലിനീകരണം തടയാന്‍ ചില സംവിധാനങ്ങളൊരുക്കേണ്ടതുണ്ട്. വ്യാഴാഴ്ച അഴീക്കലിലെത്തി കാര്യങ്ങള്‍ നേരിട്ടുമനസ്സിലാക്കും. അതിനുശേഷമേ തുടര്‍നടപടിയുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.