ന്യൂഡല്‍ഹി: ഹിമാലയത്തിലെ ഉയരമേറിയ പ്രദേശങ്ങളിലൊന്നായ സിയാച്ചിനിലെ മഞ്ഞുമൂടിയ മേഖലയില്‍നിന്ന് സൈന്യം നീക്കംചെയ്തത് 130 ടണ്‍ മാലിന്യം. ഇന്ത്യ-പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ സ്ഥിതിചെയ്യുന്ന ഈ മേഖലയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ നടപടി. 

സിയാച്ചിനിലെ മഞ്ഞു മേഖലയില്‍ മൊത്തം 236 ടണ്‍ മാലിന്യമാണ് നിക്ഷേപിക്കപ്പെട്ടിക്കുന്നതെന്നാണ് കണക്ക്. ഒന്നര വര്‍ഷത്തോളം മുന്‍പാണ് മാലിന്യം നീക്കല്‍ ആരംഭിച്ചത്. നിരവധി സൈനികരെ നിയോഗിച്ചാണ് ഇതില്‍ 130 ടണ്ണോളം മാലിന്യങ്ങള്‍ നീക്കംചെയ്തത്.  ഇവിടെ ശുചീകരണം തുടരുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി. 

നീക്കംചെയ്ത മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സിയാച്ചിനിലെ സൈനിക ക്യാമ്പിന് സമീപം പര്‍ത്താപുരിലും ലേയിലെ ബുക്ഡാങ്ങിലും മാലിന്യ സംസ്‌കരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെവെച്ച് ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നു. ലേയില്‍ കാര്‍ബോര്‍ഡ് റീസൈക്ലിങ് യന്ത്രങ്ങളും സൈന്യം സ്ഥാപിച്ചിട്ടുണ്ട്. 

മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണപരിപാടികളും സൈന്യം നടത്തുന്നുണ്ട്. 

കാരക്കോറം മലനിരയില്‍ 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ വലിയതോതില്‍ സൈനിക സാന്നിധ്യമുള്ള മേഖലയാണ്. കനത്ത മഞ്ഞും ശീതക്കാറ്റും അതിജീവിച്ചാണ് ഇവിടെ സൈനികര്‍ കഴിയുന്നത്. ശൈത്യകാലങ്ങളില്‍ മൈനസ് 60 ഡിഗ്രി വരെ ഇവിടെ അന്തരീക്ഷോഷ്മാവ് താഴാറുണ്ട്.

Content Highlights: Army Removes 130 Tonnes Of Solid Waste From Siachen Glacier