ന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി വായുമലിനീകരണത്താല്‍ വട്ടംചുറ്റുകയാണല്ലോ. ഓരോ തണുപ്പുകാലവും ഡല്‍ഹിയിലെ താമസക്കാര്‍ക്ക് ദുരിതകാലമാണ്, പ്രത്യേകിച്ചും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആസ്തമ ഒക്കെ ഉള്ളവര്‍ക്ക്. ലോകത്തെ ഏറ്റവും മലിനീകരണമുളള നഗരം എന്ന നിലയിലേക്ക് ഡല്‍ഹി മാറുന്നു. ഡല്‍ഹിയിലേക്ക് വരാന്‍ ടൂറിസ്റ്റുകളും തൊഴില്‍ അന്വേഷിക്കുന്നവരും മടിക്കുന്നു. ഉത്തരവാദപ്പെട്ടവര്‍ പരസ്പരം കുറ്റംപറയുന്നു. ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും നട്ടം തിരിയുന്നു. ഈ സാഹചര്യത്തിലാണ് ഈ കുറിപ്പ്.

എന്താണ് മലിനീകരണം?

മനുഷ്യനും ജീവജാലങ്ങള്‍ക്കും ഹാനികരമായേക്കവുന്ന പൊടിപടലങ്ങള്‍, രാസവസ്തുക്കള്‍, വാതകങ്ങള്‍ എന്നിവ സാധാരണ അളവിലും കൂടുതലായി നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ കടന്നുകൂടി വായുവിന്റെ സ്വാഭാവിക ഗുണം നഷ്ടപ്പെടുത്തുന്നതിനേയാണ് അന്തരീക്ഷമലിനീകരണം എന്നു പൊതുവേ പറയുന്നത്. എല്ലാ രാജ്യങ്ങളിലുമെന്നപോലെ ഭാരതത്തിലും അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒരു സ്റ്റാന്‍ഡേര്‍ഡ് NAAQS (National Ambient Air Quality Standard) നിജപ്പെടുത്തിയിട്ടുണ്ട്. ഈ സ്റ്റാന്‍ഡേര്‍ഡുമായി താരതമ്യം ചെയ്താണ് പ്രധാനമായും ഒരു സ്ഥലത്തെ അന്തരീക്ഷമലിനീകരണത്തിന്റെ തീവ്രത രേഖപ്പെടുത്തുന്നത്.

ഡല്‍ഹിയിലെ വായുമലിനീകരണം എന്തുകൊണ്ട്?

ഡല്‍ഹിയിലെ ഇപ്പോഴത്തെ വായുമലിനീകരണത്തെക്കുറിച്ച് ആധികാരികമായ ധാരാളം പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ പലതരത്തിലുള്ള വ്യവസായശാലകളില്‍ നിന്നുമുള്ള മലിനീകരണം കൂടാതെ മോട്ടോര്‍ വാഹനങ്ങള്‍, അശാസ്ത്രീയമായ രീതിയില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പൊതുനിരത്ത്, ഖരമാലിന്യ ശേഖരങ്ങളില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന അഗ്‌നിബാധ, ആഘോഷവേളയിലെ പടക്കം പൊട്ടിക്കല്‍ ഇവയെല്ലാം ഡല്‍ഹിയിലെ ഇന്നുകാണുന്ന വായുമലിനീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇതുകൂടാതെ ഡല്‍ഹിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷത, ചുറ്റപ്പെട്ടുകിടക്കുന്ന മലനിരകള്‍, ശീത കാലത്തെ കാറ്റിന്റെ ഗതി, കാറ്റിന്റെ വേഗതക്കുറവ് എന്നിവയെല്ലാം വായുവിന്‍റെ ചലനത്തെ (Air Dispersion) പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ അന്തരീക്ഷത്തില്‍ വന്നുചേരുന്ന പൊടി, വാതകങ്ങള്‍ എന്നിവ അവിടെ കൂടുതല്‍സമയം തങ്ങിനില്‍ക്കാന്‍ ഇടയാവുകയും ഗ്രൗണ്ട് ലെവല്‍ കോണ്‍സന്‍ട്രേഷന്‍ (Ground Level Concentration) ക്രമാതീതമായി കൂടുകയും ചെയ്യുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് വായുവിന്‍റെ ചലനം കൂടുതല്‍ കാര്യക്ഷമമായി നടക്കുകയും ഗ്രൗണ്ട് ലെവല്‍ കോണ്‍സന്‍ട്രേഷന്‍ കുറഞ്ഞിരിക്കുകയും ചെയ്യും. മുകളില്‍പറഞ്ഞ മനുഷ്യനിര്‍മിതമായ കാരണങ്ങള്‍ കൂടാതെ ഡല്‍ഹിക്കു പുറത്തുനിന്നും പ്രധാനമായും താര്‍ മരുഭൂമിയില്‍ നിന്നും വരുന്ന പ്രകൃതിദത്തമായ പൊടിക്കാറ്റും ഇവിടുത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തി കൂട്ടുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്.

Delhi Air Pollution

ഡല്‍ഹിക്ക് പുറത്തുളള കര്‍ഷകഗ്രാമങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത കൃഷിയിറക്കുന്നതിന് മുന്‍പുതന്നെ കര്‍ഷകര്‍ പാടത്തുള്ള വയ്‌ക്കോല്‍ കട്ടികള്‍ക്ക് തീയിടുന്ന ഒരു പാരമ്പര്യ രീതി ഉണ്ട്. ഇതുകൊണ്ടാണ് ഡല്‍ഹിയിലെ വായുമലിനീകരണം പെട്ടെന്ന് വഷളാക്കുന്നത് എന്നൊരു സിദ്ധാന്തം ഉണ്ട്. പതിവുപോലെ വര്‍ഷങ്ങള്‍ ഇത്ര ആയിട്ടും ഈ വിഷയത്തില്‍ വേണ്ടത്ര ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ശീതകാലത്ത് നാഗരാധികൃതര്‍ സമീപത്തുള്ള സംസ്ഥാനങ്ങളെയും കര്‍ഷകരെയും കുറ്റം പറയും എന്നല്ലാതെ ഈ വിഷയത്തില്‍ എന്തെങ്കിലും പഠനമോ പരിഹാരമോ ഇല്ല. 

മലിനവായുവിലെ പ്രധാനഘടകങ്ങള്‍

വായുമലിനീകരണത്തിന്റെ ഘടകങ്ങളെ പ്രധാനമായും പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (Particulate Matter-PM) അഥവാ പൊടിപടലങ്ങള്‍, വാതകങ്ങള്‍, നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകള്‍ ( NOx,SOx) കാര്‍ബണ്‍ മോണോക്‌സൈഡ്‌ (CO), വോളട്ടയില്‍ ഓര്‍ഗാനിക് കാര്‍ബണ്‍ (VOC) എന്നിങ്ങനെ പൊതുവേ തരംതിരിക്കാം.

വായുമലിനീകരണത്തിന്റെ ഘടകങ്ങളില്‍ പ്രധാനമായും നാം കേള്‍ക്കാറുള്ളതാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ വിഭാഗത്തില്‍പ്പെടുന്ന PM10, PM2.5 എന്നിവ. അന്തരീക്ഷത്തില്‍കാണുന്ന സൂക്ഷമമായ പൊടി കണങ്ങളെ അവയുടെ വലിപ്പം അനുസരിച്ച് തരംതിരിക്കുകയും, യഥാക്രമം 10,2.5 മൈക്രോണ്‍ വലിപ്പംഉള്ള പര്‍ട്ടിക്കുലേറ്റ് മാറ്ററിനെ PM10 ,PM2.5 എന്ന് നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്.

അന്തരീക്ഷത്തിലെ പൊടി കണത്തിന്റെ വലുപ്പം കുറയുന്തോറും അവ ശ്വാസകോശത്തിലേക്ക് കയറി കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ളസാധ്യതയും കൂടുതലായതിനാല്‍ PM 2.5 നെ കൂടുതല്‍ അപകടകാരിയായി കണക്കാക്കുന്നു. ഏകദേശം ഒരു തലമുടിയുടെ 30 ല്‍ ഒന്ന് വലിപ്പത്തെയാണ് 2.5 മൈക്രോണ്‍ കൊണ്ട് നാം മനസ്സിലാക്കേണ്ടത്. ഒരു ഇലക്ട്രേണ്‍ മൈക്രോ സ്‌കോപ്പ് ഉപയോഗിച്ച് മാത്രമേ നമുക്ക് ഈ സൂക്ഷ്മമായ കണങ്ങളെ കാണുവാന്‍ സാധിക്കൂ.

ആഘാതങ്ങള്‍

വായു മലിനീകരണം കൊണ്ട് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനോടൊപ്പം ഒരു സാമൂഹിക വിപത്തുകൂടി യായി നാം ഇതിനെ കാണേണ്ടതുണ്ട്. 

വായുമലിനീകരണംമൂലമുണ്ടാകുന്ന പൊടി ശ്വസിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും. മലിനീകരണത്തിന്റെ അളവ്, പിന്നെ ചിലവഴിക്കുന്ന സമയം (exposure time). ശാസ്ത്രീയമായിഇതിനെ Time weighted Average അഥവാ TWA എന്ന് പറയും. ഉദാഹരണത്തിന് ഡല്‍ഹിയില്‍ മലിനീകരണം കൂടിയസ്ഥലത്ത് സ്ഥിരം താമസിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നംങ്ങള്‍, ഒരു ദിവസം മാത്രം അവിടെതങ്ങുന്ന ഒരു ടൂറിസ്റ്റിനേക്കാളും വളരെ കൂടുതലായിരിക്കാന്‍ സാധ്യത ഉണ്ട്. അന്തരീക്ഷത്തിലെ പൊടികണങ്ങളില്‍ ഹാനികരമല്ലാത്തവ മുതല്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളവാക്കുന്ന രാസവസ്തുക്കള്‍ വരെ ഉണ്ടാകാം. ഇവയുടെ അളവ് അറിയുന്നതിന് കൂടുതല്‍ സങ്കീര്‍ണ്ണമായ രാസപരിശോധനകള്‍ ആവശ്യമാണ്.

ഗതാഗത സുരക്ഷ

വായു മലിനീകരണം മൂലം ഉണ്ടാകുന്ന മറ്റ് ഒരു പ്രധാന പ്രശ്‌നം എന്നു പറയുന്നത് കണ്ണിനു കാണാവുന്ന ദൂരത്തെ അത് കുറക്കുന്നു എന്നതാണ്( poor visibility). ഇത് പ്രധാനമായും റോഡ് ട്രാഫിക്ക് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. എറ്റവും മോശമായ അവസരത്തില്‍ ദൂരക്കാഴ്ച പൂജ്യം ആകുകയും ഗതാഗതം പൂര്‍ണമായും നിശ്ചല മാവുകയും ചെയ്യാം.

Delhi Air Pollution

ഗള്‍ഫ്‌നാടുകളില്‍ ഇതിനു സമാനമായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് മണല്‍ കാറ്റുകള്‍ (Sand Storm) മൂലം ഉണ്ടാകുന്നത്. പൊതുവേ ചൂടുകാലത്തുനിന്നും ശൈത്യകാലത്തേക്ക് കാലാവസ്ഥ മാറിവരുന്ന സാഹചര്യത്തിലാണ് മണല്‍ക്കാറ്റുകള്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇത്തരം സാഹചര്യം വരുമ്പോള്‍, ഒരു സേഫ്റ്റി കമൂണിക്കേഷന്‍ പ്രോട്ടോകോളിന്റെ ഭാഗമായി SMS അലേര്‍ട്ടുകള്‍ അയച്ച് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുവാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം കൊടുക്കുന്ന രീതി പല ഇന്റര്‍നാഷണല്‍ പ്രോജക്ടുകളിലും വളരെ ഫലപ്രദമായി നടപ്പിലാക്കിവരുന്നുണ്ട്.

പരിഹാരമെന്ത്?

ഏതൊരു അപകs സാധ്യത (hazard) യേയും നേരിട്ടുന്നതിന് അവലംബിക്കുന്ന രീതി തന്നെ ഇവിടേയും നമുക്ക് സ്വീകരിക്കാവുന്നതാണ്. അപകടം ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക എന്നതില്‍ തുടങ്ങി ഡസ്റ്റ് മാസ്‌ക്ക് മുതലായ സുരക്ഷാ സംവിധാനങള്‍ ഉപയോഗിച്ച് നേരിടുക എന്നതാണ് സാമാന്യ രീതി.

  • മലിനീകരണം കൂടുതല്‍ കാണപ്പെടുന്ന സമയങ്ങളില്‍ പുറത്തിറങ്ങുന്നത് (Exposure) കഴിയുന്നതും കുറക്കുക, പ്രധാനമായും അതിരാവിലെ. 
  • പൊതുഗതാഗതസൗകര്യം കൂടുതല്‍ ഉപയോഗിക്കുക
  • ആഘോഷങ്ങളില്‍ പടക്കം ഒഴിവാക്കുക
  • അശാസ്ത്രീയമായി വിറക്, കടലാസ്, പ്ലാസ്റ്റിക് മുതലായവയുടെ കത്തിക്കല്‍ തടയുക, 
  • പാചകത്തിന് കുക്കിംഗ് ഗ്യാസ് , ഇലക്ട്രിസിറ്റി എന്നിവ ഉപയോഗിക്കുക
  • പുറത്തുള്ള വ്യായാമം കഴിയുന്നതും ഒഴിവാക്കുക
  • അടിയന്തിര ഘട്ടങ്ങളില്‍ ഡസ്റ്റ് മാസ്‌ക്ക് ഉപയോഗിക്കുക

ഡസ്റ്റ് മാസ്‌ക് എങ്ങനെ തിരഞ്ഞെടുക്കാം

അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി ഉപയോഗിക്കുന്നതാണ് ഡസ്റ്റ് മാസ്‌കുകള്‍. പലതരത്തിലുള്ള ഡസ്റ്റ് മാസ്‌ക്കുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. NIOSH (National Institute for Occupational Satety and Health) അംഗീകാരമുള്ള N 95, N 100 എന്നീ മാസ്‌ക്കുകള്‍ പൊടി നിറഞ്ഞ അന്തരീക്ഷത്തിന് ഏറ്റവും യോജിച്ചതാണ്. എന്നാല്‍ വാതകങ്ങള്‍ക്ക് ഇവ ഒരിക്കലും ഉപയോഗപ്രദമല്ല. 95/100 എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് യഥാക്രമം 95/100 % പൊടി പടലങ്ങളെ നീക്കം ചെയ്യുവാനുള്ള കാര്യക്ഷമത എന്നതാണ്. N എന്നത് Not oil Resistant എന്നതാണ് സുചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മാസ്‌ക്കുകള്‍ PM10 /PM2.5 എന്നിവയെ തടയുന്നതില്‍ വളരെ ഫലപ്രദമാണ്.

Delhi_ Air Pollution

N സീരീസ് കൂടാതെ P, R എന്നീ സീരീസിലും ഡസ്റ്റ് മാസ്‌ക്കുകള്‍ ലഭ്യമാണ്. ഇതില്‍ N95 സീരീസ് ആണ് കൂടുതലും ഉപയോഗിച്ചുവരുന്നത്. മാസ്‌കിന് ഡാമേജ് സംഭവിച്ചാലാ ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാലോ യഥാസമയം മാറ്റി പുതിയത് ഉപയോഗിക്കേണ്ടതാണ്. സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ യാതോരുകാരണവശാലും ഈ ഒരാവശ്യത്തിന് ഉപയോഗിക്കുവാന്‍ പാടില്ല. കാരണം അവ ഒരിക്കലും മേല്‍ പറഞ്ഞ സൂക്ഷ്മകണങ്ങളെ തടഞ്ഞു നിര്‍ത്തുവാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതല്ല.

സര്‍ക്കാരുകളുടെ പങ്ക്

ഡല്‍ഹിപോലുള്ള നഗരങ്ങളിലെ വായുമലിനീകരണത്തിന് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരണമെങ്കില്‍ അതില്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ സഹകരണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ബോധവല്‍കരണം മുതല്‍ ശക്തമായ നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതായിട്ടുണ്ട്. വ്യവസായശാലകളില്‍ വായുമലിനീകരണം നിയന്ത്രിക്കുന്നതിനും അത് യഥാസമയം നിരീക്ഷിക്കുന്നതിനും ആവശ്യമായ ആധുനിക സംവിധാനങ്ങള്‍ അഥവാ Best availabe Technologies (BAT), Emission Monitoring Systems എന്നിവ ഉറപ്പാക്കണം.

ശൈത്യകാലത്തെ ഡല്‍ഹിയിലെ അന്തരീക്ഷത്തിന്റെ സ്വഭാവം കണക്കിലെടുത്ത് എല്ലാ വ്യവസായശാലകളിലും പ്രത്യേക കണ്‍ഡിജന്‍സി പ്ലാന്‍, Standard Operating Procedures (SOP) എന്നിവ നടപ്പിലാക്കണം. അല്ലാത്തപക്ഷം ഗ്യാസ്‌ചോര്‍ച്ച മുതലായവ ഉണ്ടായാല്‍ മാരകമായ വിഷവാതകങ്ങള്‍ ഭൂമി നിരപ്പില്‍ കേന്ദ്രികരിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യും.

Delhi air pollution

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പൊടിശല്ല്യം കുറക്കുന്നതിനായി റീ സൈക്കിള്‍ഡ് വാട്ടര്‍ ഉപയോഗിച്ച് ഡസ്റ്റ് സപ്രഷന്‍ ചെയ്യുന്ന രീതി പലരാജ്യങ്ങളിലും സര്‍വ സാധാരണവും നിയമപരമായ ആവശ്യവും ആണ്. റോഡില്‍ അടിഞ്ഞുകൂടുന്ന മണ്ണ് മണല്‍ എന്നിവ വാക്വം ക്ലീന്‍ ചെയ്യുന്ന രീതിയും ഒരു പരിധിവരെ വായുമലിനീകരണത്തെ ലഘൂകരിക്കുന്നതിനു് സഹായകമാണ്.

ഡല്‍ഹി നല്‍കുന്ന പാഠം

കേരളത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും കാറ്റിന്റെ സ്വഭാവവും ഡല്‍ഹിയിലേതില്‍ നിന്നും വളരെ വ്യത്യസ്തമായതിനാലാണ് സമാനമായ ഒരു അവസ്ഥ ഇവിടെ നമുക്ക് അനുഭവപ്പെടാത്തത്. എന്നാലും കേരളത്തിന്റെ അന്തരീക്ഷ ഗുണനിലവാരം ഇനിയും മെച്ചപ്പെടുത്താന്‍ ഡല്‍ഹി നമുക്ക് ഒരു പാഠം ആകേണ്ടതാണ്.

(പരിസ്ഥിതി രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള എന്‍ജിനീയര്‍ ആണ് ലേഖകന്‍. ഇപ്പോള്‍ സൗദി അറേബ്യയില്‍ ഫെര്‍ട്ടിലൈസര്‍ & മൈനിംഗ് മേഘലയില്‍ പരിസ്ഥിതി വിഭാഗം തലവനായി ജോലി ചെയ്യുന്നു)

Content Highlights: air pollution in delhi, Air quality, toxic smog